Contact About Mitra Change Language to മലയാളം

*അഗ്നിപർവതത്തിന്റെ മുകളിൽ നിന്നൊരു സൂര്യോദയക്കാഴ്ച്ച* 🌄 (Mt. Batur sunrise trekking)

 

ബാലിയിലെ സൂര്യാസ്തമയ കാഴ്ചകൾ ജലഛായ ചിത്രങ്ങളെ പോലും വെല്ലുന്നവയാണ്.

അതുകൊണ്ട് തന്നെ ദിവസം ഒന്ന് വീതം എന്ന കണക്കിൽ, ബാലിയിൽ പോയ ദിവസങ്ങളിൽ പല സ്ഥലങ്ങളിൽ നിന്നും സൂര്യൻ അസ്ത്മിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ ശ്രദ്ധിച്ചിരുന്നു.അങ്ങനെയിരിക്കെയാണ്അഗ്നിപർവ്വതത്തിന് മുകളിൽ നിന്ന് കാണാവുന്ന ഒരു മനോഹര സൂര്യോദയത്തെ കുറിച്ച് അറിയുന്നത്.

*മൗണ്ട്* *ബട്ടൂർ* എന്ന അഗ്നിപർവ്വതം അവസാനമായി 2000 ലാണ് പൊട്ടിത്തെറിച്ചത്. മൗണ്ട് ബട്ടൂറിനുമുകളിൽ നിന്നാൽ *അഗുങ്ങ്* എന്ന പർവതത്തിന്റെ പിന്നിൽ നിന്നും ഉദിച്ചു പൊങ്ങുന്ന സൂര്യനെ നന്നായിട്ട് ആസ്വദിക്കാൻ പറ്റും.

ഞാൻ കുത്തിയിരുന്ന് അതിനെക്കുറിച്ച് ഗൂഗിൾ തപ്പുന്നത് കണ്ട് കൂടേ വന്ന സുഹൃത്തുക്കൾ അപ്രത്യക്ഷരായി. കാരണം എല്ലാവർക്കും പുലർച്ചെ എഴുന്നേൽക്കാൻ മടിയായിരുന്നു. ഞാൻ പക്ഷേ പിന്തിരിഞ്ഞില്ല. _നിന്നു_ വിനെ ഓടിച്ചിട്ട് പിടിച്ച് കണ്ണുരുട്ടി കാണിച്ച് കൂടേ വരാൻ സമ്മതിപ്പിച്ചൂ. ഒരു പുനർവിചിന്തനത്തിന് അവസരം കൊടുക്കാതെ _നിന്നു_ വിനെ കൂട്ടി വേഗം പോയി അടുത്തുള്ള ട്രാവൽസിൽ പൈസയും അടച്ചു.

രാത്രിയിൽ ശെരിക്കു ഉറങ്ങാൻ പറ്റിയില്ല.
ആകെ ഒരു വേവലാതിയായിരുന്നു. കാരണം മൂന്ന് വർഷം മുമ്പ് മുട്ടിന് ഏറ്റ ഒരു പരുക്ക് കാരണം ട്രക്കിങ്ങ് എല്ലാം ഉപേക്ഷിച്ചിരുന്നു. രണ്ടു വർഷത്തോളം കോളേജിലെ പടി
കയറിയിറങ്ങാൻ പോലും ബുദ്ധിമുട്ടി. 5 മിനിറ്റ് കൂടുതൽ കാർ ഓടിച്ചാൽ മുട്ട് വേദന തുടങ്ങും. അങ്ങിനെ ഒരു അവസ്ഥയിൽ നിന്നും ചിട്ടയായ വ്യായാമവും മരുന്നും ഒരു വർഷത്തോളം ചെയ്ത് വളരെ കഷ്ടപ്പെട്ടാണ് കരകയറിയത്. *വീണ്ടും പണി കിട്ടുമോ* എന്ന് നല്ല പേടിയുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ 2.30 ആയപ്പോൾ വണ്ടി വന്നു. ബാക്കി യുള്ളവരെ കൂടി അവരുടെ താമസസ്ഥലത്ത് നിന്ന് പിക്ക്‌ ചെയ്ത് 3.30 ആയപ്പോൾ *ടോയഭുംഘ* എന്ന ഗ്രാമത്തിൽ എത്തി. അവിടെ നിന്നാണ് ട്രക്കിങ്ങ് ആരംഭിക്കുന്നത്. എന്നാൽ, ഞങ്ങളുടെ കായികക്ഷമതയിൽ സംശയം തോന്നിയത് കൊണ്ടാവാം ഡ്രൈവർ ഞങ്ങളെ വണ്ടിയിൽ കുറച്ചു ദൂരം കൂടി കൊണ്ട് പോയിട്ടാണ് ഇറക്കി വിട്ടത്.

ഞങ്ങളുടെ കൂടെ പല രാജ്യങ്ങളിൽ നിന്നും വന്ന വേറേ അഞ്ച് പേര് കൂടി ഉണ്ടായിരുന്നു. എഡ്ഡി എന്ന ചെറുപ്പക്കാരൻ ഗൈഡ് ഞങ്ങൾക്ക് എല്ലാവർക്കും ഒരോ ടോർച്ചും , ഭക്ഷണ പൊതിയും തന്നു. ഞങ്ങൾ 4 മണി അടുപ്പിച്ച് നടത്തം തുടങ്ങി.

ചുറ്റും കുറ്റാകൂരിരുട്ട്‌ ആയിരുന്നു. നമ്മുടെ ടോർച്ച് വെട്ടത്തിലുള്ള മുന്നിലെ ചെറിയ ദൂരം മാത്രമേ കാണാൻ പറ്റൂ. തല ഉയർത്തി നോക്കിയാൽ ടോർച്ചുകളുടെ നീണ്ട നിര മെല്ലേ നടന്നു പോകുന്നത് കാണാമായിരുന്നു….

ഇരുട്ട് ഒരു അനുഗ്രഹമാണ് എന്ന് പിന്നീട് തിരിച്ചറിഞ്ഞു. കാരണം വെട്ടത്ത് ഞാൻ ആ പർവതം കണ്ടിരുന്നേൽ മുന്നോട്ട് ഒരടി പോകാൻ ധൈര്യം കാണിക്കില്ലായിരുന്നൂ.🧐

വളരെ ചെറിയ നടപ്പാതയിലൂടെ വേണം മുന്നോട്ട് പോകാൻ. നല്ല കുത്തനെയുള്ള കയറ്റമായിരുന്നൂ പല സ്ഥലങ്ങളിലും. അഗ്നിപർവ്വതം പൊട്ടി ലാവ ഒഴുകിയ വഴിയിലൂടെയാണ് നടക്കുന്നത് എന്നറിഞ്ഞപ്പോൾ ചെറിയൊരു ഉൾക്കിടിലം തോന്നി. നടപ്പാത നിറയെ ഉരുളൻ കല്ലുകളായിരുന്നു …

ട്രക്കിങ്ങ് പോകുമെന്ന് സ്വപ്നത്തിൽ പോലും കരുതാത്തതു കൊണ്ട് അതിനു പറ്റിയ ഷൂ എടുത്തില്ലയിരുന്നൂ. സാധാരണ ഷൂ ധരിച്ച് നടക്കുന്നതിനാൽ പല സ്ഥലങ്ങളിലും ഗ്രിപ്‌ കിട്ടാതെ കഷ്ടപ്പെട്ടു.ആകെ ഒരാശ്വാസം വശത്ത് നിന്ന കുറ്റിച്ചെ ടികളായിരുന്നു. അതിൽ മുറുക്കിപ്പിടിച്ചാണ് മുകളിലോട്ട് നടന്നത്. ചില ഇടങ്ങളിൽ ഞാൻ നാൽകാലി ആയി പരിണമിച്ചു. കാരണം രണ്ടു കൈയ്യും രണ്ടു കാലും നിലത്ത് കുത്തിയാലെ കുത്തനെയുള്ള ചില ഭാഗം കയറിപ്പറ്റാൻ സാധിക്കൂ.

കായിക ക്ഷമത നന്നായിട്ടുള്ളതു കൊണ്ട് പത്തടി നടന്നാൽ 5 മിനിറ്റ് വിശ്രമിക്കും. എനിക്ക് പറ്റിയ കൂട്ടായിരുന്നു കൂടെ ഉണ്ടായിരുന്ന കാലിഫോർണിയ ചേച്ചി. ഞങ്ങളുടെ മെല്ലേ പോക്ക് കാരണം ബാക്കിയുള്ളവർ മുന്നേ പോയി.
_നിന്നു_ വിനും guide _എഡിക്കും_ വേറെ option ഇല്ലാത്തതിനാൽ ഞങ്ങൾക്ക് കൂട്ട് നിന്നു.

5 മണിയായപ്പോൾ ശെരിക്കും ക്ഷീണിച്ചു. ദൂരം അധികം നടന്നില്ലെങ്കിലും ചെങ്കുത്തായ കയറ്റം ഞങ്ങളെ വെള്ളം കുടിപ്പിച്ചു. ഒരടി നടക്കാൻ കെല്പില്ലാതെ നിന്നപ്പോഴാണ് എഡ്ഡി പറയുന്നത് സൂര്യൻ ഉദിക്കാറായി.
മിക്കവാറും ഞങ്ങൾക്ക് കാണാൻ സാധിക്കില്ല എന്ന്.

സൂര്യോദയം കാണാൻ പറ്റിയില്ലെങ്കിൽ
വരാത്ത സുഹൃത്തുക്കൾ കളിയാക്കി കൊല്ലും, കൂടേ വന്ന _നിന്നു_ പഞ്ഞിക്കിടും.. രണ്ടും ഓർത്തപ്പോൾ എവിടുന്നോ ഒരു ഊർജം കിട്ടി. പിന്നെ വിശ്രമിക്കാതെ ഒറ്റ നടത്തം. ആമ നടത്തത്തിൽ നിന്നും മുയലിന്റെ ഓട്ടത്തിലേക്കുള്ള എന്റെ സ്ഥാനക്കയറ്റം കണ്ട് എഡ്ഡി പോലും ഞെട്ടി.

5.30 ആയപ്പോൾ മുകളിൽ എത്തി. സൂര്യോദയത്തിനു തയ്യാറായി ആകാശത്ത് ഓറഞ്ച് നിറത്തിൽ ഒരു layer നിൽക്കുന്ന കാഴ്ചയാണ് ഞങ്ങളെ വരവേറ്റത്.

നീണ്ട ഇടവേളക്ക് ശേഷം, ഒരു ട്രക്കിങ് പൂർത്തിയാക്കാൻ പറ്റിയതിൽ വർണ്ണിക്കാൻ പറ്റാത്തത്ര സന്തോഷവും അഭിമാനവും തോന്നി. ആ പ്രദേശം നിറയെ സൂര്യോദയം കാണാനുള്ള ആൾക്കാരുടെ തിക്കും തിരക്കുമായിരുന്നു. ഞാൻ കുറച്ച് മാറി നല്ല ഒരു സ്ഥലം കണ്ടുപിടിച്ച് ഇരിപ്പായി.

5.45 ആയതോടെ സൂര്യൻ ഉദിക്കാൻ തുടങ്ങി. അപ്പോഴാണ് വില്ലനായി മേഘങ്ങൾ സൂര്യനെ പൊതിഞ്ഞത്. എന്തായാലും ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലമായി സൂര്യൻ മേഘങ്ങളുടെ ഇടയിൽ നിന്നും ചാടി പുറത്ത് വന്നു.

കണ്ണിനും മനസ്സിനും കുളിർമയും ഉന്മേഷവുമേകിയ കാഴ്ച. കുറേ നേരം അവിടെ ഇരുന്ന് കാഴ്ചകൾ ആസ്വദിച്ചു. നല്ല വെളിച്ചം വന്നപ്പോൾ ചുറ്റും നടന്നു കണ്ടൂ.

200 മീറ്റർ മാറി അഗ്നിപർവതത്തിന്റെ ക്രേറ്റർ കാണാൻ പറ്റി. അതിൽ നിന്നും അപ്പോഴും ചെറിയതോതിൽ പുക വരുന്നുണ്ടായിരുന്നു. അതിന്റെ അടുത്ത് *സമുദ്രനിരപ്പിൽ നിന്നും 1717 മീറ്റർ മുകളിലാണ്* എന്ന് ഒരു ശില സ്ഥാപിച്ചിട്ടുണ്ട്.

ചുറ്റും നടന്നു ക്ഷീണിച്ചപ്പോഴാണ് ഭക്ഷണ പൊതി ഓർമ വന്നത്. വെച്ചസ്ഥലത്ത് നോക്കിയപ്പോൾ ,പഴയ പാൽപ്പൊടി പരസ്യം പോലെ ‘പൊടി പോലുമില്ല കണ്ടു പിടിക്കാൻ ‘ എന്ന അവസ്ഥയായിരുന്നു
ആരോ അത് മാറി എടുത്തിട്ടുണ്ടാകും.
നേരെ _നിന്നു_ വിന്റെ ഭക്ഷണ പൊതി ആക്രമിച്ചു. രണ്ടു പീസ് ബ്രെഡും ഒരു മുട്ടയും ഞങ്ങൾ പകുത്ത് കഴിച്ചു.

7.20 ആയപ്പോൾ തിരികെ നടന്നു. കയറുന്നതിനെക്കാൾ പാടായിരുന്നു ഇറങ്ങാൻ. ഷൂ വിന് വീൽ വെച്ച പോലെ ,പല തവണ ഞാൻ താഴോട്ട് ഉരുണ്ടു പോയി.
_നിന്നു_ വും എഡിയും ഉള്ളതുകൊണ്ട് പരുക്കുകൾ ഒന്നുമില്ലാതെ രക്ഷപെട്ടു.
8.30 ന് ഞങ്ങൾ തിരികെ വാഹനത്തിന്റെ അടുത്ത് എത്തി.

ഇൗ യാത്ര എനിക്ക് അവിസ്മരണീയമായത് ഒരു പ്രത്യേക കാരണം കൊണ്ടാണ്.ഇൗ യാത്രയിലാണ് ഞാൻ ആദ്യമായിട്ട് _സോളോ ട്രാവൽ_ എന്ന പദം കേൾക്കുന്നത്. കൂടെ വന്ന കാലിഫോർണിയ ചേച്ചി *സോളോ ട്രാവലർ* എന്ന് പരിചയപ്പെടുത്തിയ പ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി.

ഒറ്റക്ക് ഒരു യാത്ര ചിന്തിക്കാൻ പോലും പറ്റില്ല. ഒരു നൂറു ചോദ്യം മനസ്സിലൂടെ പോയി. ഇവർക്കെന്താണ് ആരും കൂടേ ഇല്ലേ.. കുടുംബക്കാർ എങ്ങനെ വിട്ടു..
ഒരു കൂട്ടുകാരി പോലും ഇല്ലേ കൂടേ കൂട്ടാൻ.. വഴിയിൽ വയ്യായ്ക വന്നാൽ എന്ത് ചെയ്യും..
കുട്ടികളെ ഇവർ ആരെ ഏല്പിച്ചു.. ആരെങ്കിലും ഇവരെ പിടിച്ച് കൊണ്ട് പോയാലോ.. ⁉
അങ്ങനെ അങ്ങനെ…

ഇൗ സംശയങ്ങൾക്കിടയിലും സോളോ ട്രാവലെന്ന ‘മോഹവിത്ത്’ എന്റെ മനസ്സിൽ ചേച്ചിയാണ് പാകിയതെന്നുള്ളത് പിന്നീട് മനസ്സിലായി. *5 മാസങ്ങൾക്ക് ശേഷം ഒറ്റക്ക് ഭൂട്ടാൻ യാത്ര നടത്തിയത് ഇൗ യാത്രയിൽ നിന്നും, കാലിഫോർണിയ ചേച്ചിയിൽ നിന്നും എല്ലാം പ്രചോദനം ഉൾക്കൊണ്ടാണ്* .

അതുകൊണ്ടുതന്നെ,മൗണ്ട് ബട്ടൂർ മുകളിൽ നിന്നും കണ്ട സൂര്യോദയം വെളിച്ചം വീശിയത് എന്റെ ആത്മാവിലായിരുന്നു എന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു…!

 

Normal 0 false false false EN-US X-NONE X-NONE MicrosoftInternetExplorer4

 


For more photos related to my trip please visit https://www.facebook.com/Wind-in-my-hair-308490250040609/

Please follow me in instagram for more information and photos :
windin_my_hair

 

Subscribe channel for vlogs : https://www.youtube.com/channel/UCRX80bDsbIW6mm8m4xdUwCw

Likes:
0 0
Views:
154
Article Categories:
BhutanNatureTravelogues

Leave a Reply

Your email address will not be published. Required fields are marked *