Contact About Mitra Change Language to മലയാളം

ആത്മീയതയുടെ രാജസ്ഥാനം ‘ !!!! (പുഷ്കർ/അജ്‌മീർ)

 

രാജഭരണ അവശേഷിപ്പുകളായ കോട്ടകളും കൊട്ടാരങ്ങളും മാത്രമല്ല പ്രശസ്തമായ പല തീർത്ഥാടന കേന്ദ്രങ്ങൾ കൂടിയുണ്ട് രാജസ്ഥാനിൽ . അതിൽ ഏറ്റവും അറിയപ്പെടുന്ന രണ്ടു കേന്ദ്രങ്ങളാണ് പുഷ്കറും അജ്‌മീറും. സ്വദേശികളും വിദേശികളുമായ ലക്ഷോപലക്ഷം തീർത്ഥാടകരാണ് ഓരോ വർഷവും ഇവിടെയെത്തുന്നത്.

ഞങ്ങൾ താമസിച്ച ജയ്പൂരിൽ നിന്നും
ഏതാണ്ട് 145 കിലോമീറ്റർ യാത്രയുണ്ട് അജ്മീറിലേക്ക്. തലേ ദിവസം തന്നെ ബസ് ടിക്കറ്റ് റിസർവ് ചെയ്യുകയും യാത്രക്ക് അവശ്യം വേണ്ട വെള്ളവും ,ഓറഞ്ചും മറ്റും വാങ്ങുകയും ചെയ്തു.

അൽപം വൈകിയാണ് കിടന്നതെങ്കിലും രാവിലെ ബസ് പുറപ്പെടുന്ന 6.45 ന് മുമ്പായി ബസ് ബേയിൽ എത്തി. ട്രാഫിക് ജാമുകളൊന്നും ഇല്ലാതിരുന്നതുകൊണ്ട്
2 മണിക്കൂർ കൊണ്ട് തന്നെ അജ്മീറിലെത്തി.

ആദ്യം , 10 കിലോമീറ്റർ അകലെയുള്ള പുഷ്കർ സന്ദർശിച്ച് വരാമെന്ന തീരുമാനത്തിൽ, ബസ് നിർത്തുന്ന സ്ഥലത്തേക്ക് പോയി.

‘ തേടിയ വള്ളി കാലിൽ ചുറ്റി’… എന്നു പറഞ്ഞ പോലെ ദാ വരുന്നു പുഷ്കർ ബോർഡ് വെച്ച , ചുവപ്പും വെള്ളയും കലർന്ന ഡിസൈനോടു കൂടിയ ബസ്.
അന്ന്യനാട്ടിൽ ചെന്ന് അബദ്ധം പറ്റരുതല്ലോ എന്ന് കരുതി ;ബസിൽ നിന്നുമിറങ്ങി ചായകുടിക്കാനായി നടന്നു പോകുന്ന ഡ്രൈവറുടെ പിന്നാലെ ചെന്ന് പുഷ്കറിലേക്കുള്ള ബസ് ഇത് തന്നെയല്ലെ
എന്ന് ചോദിച്ചു.

ഈ ബസ് അര മണിക്കൂർ കഴിഞ്ഞേ എടുക്കു , ഇതിനു മുന്നേ പോകുന്ന ബസ് ഇപ്പൊ വരുമെന്ന് സൗമ്യമായി മറുപടി പറഞ്ഞു . ഞാൻ ഹാപ്പിയായി .പുള്ളിയോട് ചോദിയ്ക്കാൻ തോന്നിയ എന്നോട്, എനിക്ക്തന്നെ അഭിമാനം തോന്നി.

ഞങ്ങൾ ഡ്രൈവർ പറഞ്ഞ ‘ആദ്യംപോകുന്ന’ ബസ്സിന്‌ കാത്തിരിക്കുമ്പോൾ തന്നെ , നിർത്തിയിട്ടിരിക്കുന്ന ബസിൽ ആളുകൾ നിറയാൻ തുടങ്ങി. അതിൽ കയറി ഗമയോടെ ഇരിക്കുന്നവരോട് എനിക്ക് സഹതാപം തോന്നി. നിങ്ങളെക്കാൾ മുന്നേ ഞങ്ങൾ പുഷ്കറിലെത്തും എന്ന അഹങ്കാരവും. പത്തു മിനിറ്റ് കൊണ്ട് ആ ബസ്സിൽ നിറയെ ആളായി.

ഞങ്ങൾ നോക്കി നിൽക്കെ , ഞാൻ ചോദിച്ച ഡ്രൈവർ കൂളായി ബസ്സിൽ കയറി വണ്ടിയും എടുത്തു പോയി. ഞാൻ അന്തം വിട്ട് നോക്കി നിൽക്കുന്നതിനിടയിൽ ഡ്രൈവർ എന്നെ ഇടംകണ്ണിട്ട് ഒന്ന് നോക്കിയോ എന്നൊരു സംശയം . ഇങ്ങനെയും ഡ്രൈവർമാർ പറഞ്ഞു പറ്റിക്കുമോ? എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.

പിന്നെയും അര മണിക്കൂർ കഴിഞ്ഞാണ് അടുത്ത ബസ് വന്നത് . അപ്പോഴേക്കും ബസ്സിൽ കയറാൻ വലിയ ജനാവലി തന്നെയുണ്ടായിരുന്നു. സീറ്റെന്ന ലക്ഷ്യത്തിലേക്കുള്ള ‘മത്സരത്തിൽ ‘ ഞാൻ വിജയിച്ചു ,കൂടാതെ സഹയാത്രികയായ ആശ ചേച്ചിക്കും സീറ്റു പിടിച്ചു . നിമിഷ നേരം കൊണ്ട് ബസ്സ് സ്ത്രീകളെക്കൊണ്ട് നിറഞ്ഞു.

ഈ തിരക്കു കണ്ട്
ഞാൻ അടുത്തിരുന്ന സ്ത്രീയോട് ചോദിച്ചപ്പോഴാണ് അന്ന് പുഷ്കർ അമ്പലത്തിലെ വിശേഷ ദിവസമാണെന്ന് മനസിലായത് .

ലോക പ്രശസ്തമായ പുഷ്കർ മേള നടക്കുന്ന കാർത്തിക മാസത്തിലെ ഏകാദശി സമയത്തു പോകാൻ പലരും ഉപദേശിച്ചെങ്കിലും, തിരക്ക് ഒഴിവാക്കാനാണ് ഞങ്ങൾ ആഗസ്റ്റ് മാസം തന്നെ പോകാൻ തീരുമാനിച്ചത്. ഏതായാലും10.15 ആയപ്പോൾ പുഷ്ക്കറിൽ എത്തി .

ആ സ്ത്രീ ,അവരുടെ സുഹൃത്തുക്കൾക്കൊപ്പം സാവിത്രി ക്ഷേത്രത്തിൽ പോകാൻ ഞങ്ങളെയും ക്ഷണിച്ചു. അവിടെ ആദ്യം ദർശനം നടത്തിയിട്ടു വേണം പോലും ബ്രഹ്മ ക്ഷേത്രം സന്ദർശിക്കാൻ. ക്ഷേത്ര ദർശന കാര്യത്തിൽ ‘ലേഡീസ് ഫസ്റ്റ് ‘ നിയമം ആദ്യമായാണ് കേൾക്കുന്നത്.

സമയക്കുറവു കാരണം
ആ നിയമം ഞങ്ങൾക്ക് ലംഘിക്കേണ്ടി വന്നു .ചേച്ചിയോട് കാര്യം പറഞ്ഞപ്പോൾ അവർ , അമ്പലത്തിൽ പോകുന്നതിനു മുന്നേ എതിരെയുള്ള പുഷ്കർ തടാകത്തിൽ പ്രാർത്ഥിച്ചിട്ടു വേണം പോകാനെന്ന് ഓർമ്മിപ്പിച്ചു.

ക്ഷേത്രത്തിലേക്ക് ഒരു കിലോമീറ്റർ ദൂരമേയുള്ളു എങ്കിലും വെയിലിന്റെ തീഷ്ണത കാരണം ഞങ്ങൾ ഓട്ടോയെ ശരണം പ്രാപിച്ചു. അങ്ങനെ ബ്രഹ്മ ക്ഷേത്രത്തിന്റെ അടുത്ത് വരെ എത്തി. വീഥികളിൽ ഇരുവശത്തും തീർത്ഥാടകരെ ആകർഷിക്കും വിധത്തിൽ കടകൾ , എല്ലായിടത്തും നല്ല തിരക്കുണ്ട്. വണ്ടി മുന്നോട്ട് പോകാൻ പറ്റാത്ത തിരക്കായപ്പോൾ ഞങ്ങൾ ഇറങ്ങി നടന്നു. അമ്പലത്തിന്റെ നേരെ എതിർ വശമുള്ള പുഷ്കർ തടാകത്തിന്റെ കടവിലേക്കാണ് ആദ്യം പോയത് .

ഹിന്ദുക്കളുടേയും സിഖുകാരുടേയും തീർത്ഥാടന കേന്ദ്രമായ പുഷ്കർ ക്ഷേത്രത്തിനെ കുറിച്ചും തടാകത്തിനെ കുറിച്ചുമൊക്കെ ധാരാളം ഐതിഹ്യങ്ങൾ നിലവിലുണ്ട്.

പണ്ട് ഈ പ്രദേശത്തുണ്ടായിരുന്ന വജ്രനാഭൻ എന്ന രാക്ഷസനെ ബ്രഹ്മാവ് വധിക്കുകയുണ്ടായെന്നും, ആ സമയത്ത് കൈയിലുണ്ടായിരുന്ന താമരയുടെ ഇതൾ പൊഴിഞ്ഞു വീഴുകയും, അവിടെ പുഷ്കർ തടാകം രൂപപ്പെടുകയും ചെയ്തു എന്നുമാണ് ഐതിഹ്യം .

കയ്യിൽ നിന്നും വീണ പൂവ് ( പുഷ്പ കർ ) എന്നർത്ഥത്തിലാണ് പുഷ്കർ എന്ന പേരുണ്ടായത്. ബ്രഹ്മ ക്ഷേത്രം പണിയാനുള്ള സ്ഥലം തീരുമാനിച്ചത് ബ്രഹ്‌മാവ്‌ തന്നെയാണെന്നാണ് വിശ്വാസം.
വിശ്വാമിത്ര മഹർഷി 2000 കൊല്ലങ്ങൾക്കു മൂന്നേ ക്ഷേത്രം പണിയാൻ മുൻകൈ എടുത്തു എന്നും, എട്ടാം നൂറ്റാണ്ടിൽ മലയാളികളുടെ സ്വന്തം ആദി ശങ്കരൻ ഈ ക്ഷേത്രം പുതുക്കി പണിയുകയുണ്ടായി എന്നും പറയപ്പെടുന്നു.

സ്നാനഘട്ടിൽ ചെന്നപ്പോൾ അവിടെ, വെള്ളവസ്ത്രം ധരിച്ച മേലാളൻമാരും അവരുടെ ഏജന്റമാരും കൂടി തീർത്ഥാടകരെ, ആത്മാക്കളുടെ ശല്യമുണ്ടാകുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി പൂജാധികർമ്മങ്ങൾക്ക് നിർബന്ധിക്കുന്നുണ്ടായിരുന്നു.
കുറേ പേർ ഞങ്ങളെയും പൊതിഞ്ഞു .
അവിടെ പൂജ ചെയ്തില്ലേൽ ആത്മാക്കൾ നമ്മുടെ പിറകെ കൂടും എന്നൊക്കെ പറഞ്ഞു. കൂടെ പോരുന്നവരൊക്കെ പോരട്ടേ ചേട്ടാ , ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ് അവർക്ക് പിടി കൊടുക്കാതെ ഞാൻ കടവിൽ എത്തി കൈയും കാലും കഴുകി. അവരുടെ വലയിൽ വീണ ചില വിദേശികളെ കടവിൽ ഇരുത്തി എന്തൊക്കെയ ചെയ്യിക്കുന്നുണ്ടായിരുന്നു.

മറ്റൊരിടത്ത് ഒരു വിദേശ വനിതയെ വെള്ള വസ്ത്രധാരിയും ഏജന്റും കൂടി എന്തൊക്കെയോ പറഞ്ഞ് ഡോളർ കൈക്കലാക്കുന്നത് കണ്ട് അമർഷം തോന്നി. ആത്മീയത തേടി എത്തുന്നവരെ ചൂഷണം ചെയ്തു ജീവിക്കുന്നവരോട് വല്ലാത്ത പുച്ഛവും , ഇതൊക്കെ കാണാൻ ഇവിടെ എത്തിയല്ലോ എന്നോർത്ത് നിരാശയും അനുഭവപ്പെട്ടു.

അവിടെ നിന്നിറങ്ങി റോഡ്‌ മുറിച്ചു കടന്നാൽ ബ്രഹ്മ ക്ഷേത്രമായി.
നീല വർണ്ണത്തിലുള്ള ക്ഷേത്രത്തിന്റെ മകുടം മാത്രം കാവി നിറത്തിൽ അലങ്കരിച്ചിരിക്കുന്നു. ഇവിടെ ബ്രഹ്‌മാവിനൊപ്പം പ്രതിഷ്ടിച്ചിരിക്കുന്നത് ഗായത്രി ദേവിയെയാണ് ഭാര്യയായ സാവിത്രി ദേവി അഥവാ സരസ്വതി ദേവിയെയല്ല.

ഇതിനു പിന്നിലും ഒരു കഥ നിലവിലുണ്ട്. രാക്ഷസനെ വധിച്ച ശേഷം ബ്രഹ്‌മാവ്‌ ഇവിടെ ഒരു യജ്ഞം നടത്തി. യജ്ഞം പൂർത്തിയാക്കാൻ ഭാര്യയായ സാവിത്രി ദേവി അവിടെ ഇല്ലാതിരുന്നതുകൊണ്ട് , ഗായത്രി എന്ന ഒരു ഗുജ്ജർ (പാൽക്കാരി ) പെൺകുട്ടിയെ ഭാര്യയായി സ്വീകരിച്ച് യജ്ഞം പൂർത്തിയാക്കി.

ഇതറിഞ്ഞ സാവിത്രി ദേവി , ബ്രഹ്‌മാവിനെ ‘ആരാലും ആരാധിക്കപെടാതെ പോകട്ടേ ‘എന്ന് ശപിച്ചു പോലും.

ഗായത്രി ദേവി , മാപ്പാക്കാനായി കേണപേക്ഷിച്ചപ്പോൾ, സാവിത്രി ദേവി ശാപത്തിന് ചെറിയ ഭേദഗതി വരുത്തി . ‘പുഷ്കറിൽ മാത്രം ബ്രാഹ്മാവിനെ ആളുകൾ ആരാധിക്കും’ എന്ന് . സാവിത്രി ദേവിയെ പ്രത്യേ അമ്പലത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

അമ്പലത്തിൽ നല്ല തിരക്കായിരുന്നു. ഫോട്ടോ എടുക്കാനൊന്നും അനുവാദമില്ല . എല്ലാവരും ഒളിച്ചും പാത്തും ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ ഞാനും ഒന്ന് രണ്ടു പടം പിടിച്ചു. അവിടെ ഒരു ചെറിയ വൃക്ഷത്തിൽ ധാരാളം വളകൾ കെട്ടി തൂക്കിയിട്ടിട്ടുണ്ടായിരുന്നു ,ആരുടേയൊക്കെയോ പ്രാർത്ഥനകളും വഴിപാടുകളുമാകാം. സ്ത്രീകൾ അവിടെ നിന്ന് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു .

ബ്രഹ്മാവിന്റെ വലിയ ചുവർ ചിത്രത്തിനരികിൽ പടം പിടിക്കുന്ന സ്ത്രീകളുടെ നീണ്ട നിര തന്നെ കാണാനായി.

അവിടന്നിറങ്ങി ഞങ്ങൾ പുഷ്കർ ബസാറിലൂടെ നടന്നു. കമ്പിളി കൊണ്ടുണ്ടാക്കിയ കയ്യുറ, വിരി തുടങ്ങിയവയുടെയും ആത്മീയമായി ബന്ധപ്പെട്ടതും ഷോകേയ്സ് ഐറ്റങ്ങളുടേയും ധാരാളം ഷോപ്പുകൾ .. ജോധ്പൂരിൽ നിന്നും, ഉദൈപൂരിൽ നിന്നുമൊക്കെ വാങ്ങിയ സാധനങ്ങൾ ഇവിടെ മൂന്നിലൊന്നു വിലക്ക് ലഭിക്കുമെന്നറിഞ്ഞപ്പോൾ ഞങ്ങൾ ആശ്ചര്യപ്പെട്ടു .
പുഷ്കറിലെ സന്ദർശകരിൽ കൂടുതലും അവിടെ താമസമുള്ള സാധാരണക്കാരും , മാസങ്ങളോളം അവിടെ താമസിച്ച് ആത്മീയ ഉന്നമനത്തിനു ശ്രമിക്കുന്ന വിദേശികളുമായതുകൊണ്ട്, ഇരു വിഭാഗകങ്ങളുടെ കൈവശവും പണം കുറവാകുമെന്നതിനാലായിരിക്കാം വലിയ കച്ചവട ചൂഷണങ്ങൾ ഇവിടെയില്ലാത്തത്തിനുള്ള കാരണമെന്ന് ഞാനൂഹിച്ചു.

ഏതൊക്കെയോ കൊച്ചു വഴികളിലൂടെ കറങ്ങി കാഴ്ചകൾ കണ്ട് നടന്ന് സമയം പോയതറിഞ്ഞില്ല. ഇടക്ക് വാച്ച് നോക്കിയപ്പോഴാണ്
12 . 30 ആയി എന്ന് മനസിലായത്. പിന്നെ ഒരു ഓട്ടമായിരുന്നു.
കാരണം 3 .30 നാണ് അജ്‌മീർ നിന്നും തിരികെ പോകാനുള്ള ബസ്സിന്റെ സമയം. എങ്ങനെയൊക്കെയോ പൊരി വെയിലത്ത് ഓടി പിടച്ച് ബസ്സ്റ്റാൻഡ് എത്തുകയും , അജ്‌മീറിലേക്ക് പുറപ്പെടാൻ നിന്ന ബസ്സിൽ കയറുകയും ചെയ്തു. അജ്‌മീർ എത്തിയപ്പോൾ 1.15 ആയി.

ആരവല്ലി മലനിരകളാൽ ചുറ്റപ്പെട്ട അജ്‌മീർ ചൗഹാൻ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. ‘അജയ മേരു’ വിൽ നിന്നാണ് അജ്‌മീർ എന്ന പേര് വന്നത്.

ഓട്ടോ ചേട്ടനോട് ലക്ഷ്യസ്ഥാനമായ ദർഗയിലേക്ക് വണ്ടി വിടാൻ പറഞ്ഞു. വിശേഷ ദിവസമായതിനാൽ ദർഗക്ക് ഒരു കിലോമീറ്റർ ഇപ്പുറം വരെ മാത്രമേ ഓട്ടോ പോകു എന്ന ഡ്രൈവറുടെ മറുപടി കേട്ടതും കത്തിജ്വലിക്കുന്ന സൂര്യൻ മനസിൽ ജ്വലിച്ചതും ഒപ്പമായിരുന്നു.

പുള്ളി വണ്ടി നിർത്തിയ സ്ഥലത്തു നിന്ന് നോക്കിയപ്പോൾ ജനസാഗരമാണ് കാണാൻ കഴിഞ്ഞത്. പുഷ്കറിലെ പട പേടിച്ച് അജ്‌മീറിൽ എത്തിയപ്പോൾ അവിടെ പന്തവും കൊളുത്തി പട എന്ന അവസ്ഥയായി. ദർഗ്ഗയിലേക്കു പോകുന്ന ആളുകളുടെ കൂട്ടത്തിൽ നിന്നത് മാത്രമേ ഓർമയുള്ളു. ആളുകൾ ചുരുങ്ങിയ നിമിഷം കൊണ്ട്, ഒരു യന്ത്രം കണക്കെ എന്നെ ഉന്തി ദർഗക്ക് അടുത്തെത്തിച്ചു.

അപ്പോൾ വഴിയോരത്തുള്ള കടയിൽ നിന്നും ഒരാൾ എന്നെ വലിച്ച് കടയിൽ കയറ്റി . ദർഗയിൽ കയറണമെങ്കിൽ പൂത്താലവും , ചാധരും (പുതപ്പു ) കൊണ്ട് പോകണമെന്ന്. ദർഗ്ഗ സന്ദർശിക്കുന്നത് ആദ്യമായതു കൊണ്ടും ചെയ്യേണ്ട ആചാരങ്ങളെ കുറിച്ചു നിശ്ചയമില്ലാത്തതു കൊണ്ടും ഞങ്ങൾ താലവും , പുതപ്പും വാങ്ങി, ഞങ്ങളുടെ ബാഗും ചെരിപ്പും വെക്കാനുള്ള സൗകര്യം കടയിൽ ഒരുക്കി തന്നു. തല ഷാൾ കൊണ്ട് മൂടിയാണ് ദർഗ്ഗയിലേക്ക് കയറിയത്.

ഏറെ നാളത്തെ ആഗ്രഹമായിരുന്നു അജ്‌മീർ ദർഗ്ഗ സന്ദർശിക്കണമെന്നുള്ളത്. പ്രശസ്ത സൂഫിവര്യനും തത്വചിന്തകനുമായ ഖ്വാജാ മൊയ്‌നുദീന് ചിസ്തിയുടെ മക്ബറ (കബറിടം) ആണ് അജ്‌മീർ ശരീഫ് ദർഗ എന്ന് പറയുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്റെ ലളിതമായ ചിന്തകളും, ഇമ്പമാർന്ന സൂഫി സംഗീതവും കൊണ്ട് ആളുകളെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ആത്‌മീയ പാതയിലേക്ക് കൂട്ടി കൊണ്ട് പോയ ഖ്വാജയുടെ അനുഗ്രഹം തേടി ആയിരങ്ങളാണ് ഓരോ ദിവസവും ദർഗ്ഗ സന്ദർശിക്കുന്നത്. ജാതി മത ഭേദമന്യേ പാവങ്ങൾക്കും, അശരണർക്കും ആലംബമായി തീർന്ന ഖ്വാജയെ ആളുകൾ സ്നേഹപൂർവ്വം ഗരീബ് നവാസ് (പാവങ്ങളുടെ രാജകുമാരൻ ) എന്നാണ് വിളിക്കുന്നത്.

പൂത്താലവും കയ്യിലേന്തി ഞങ്ങൾ ആദ്യം എത്തിയത് ഏഴാമത്തെ ഹൈദരാബാദ് നിസ്സാം ആയ ഉസ്മാൻ അലി ഖാൻ പണി കഴിപ്പിച്ച, മിനാരങ്ങളോട് കൂടിയ നിസ്സാം ഗേറ്റിനരികിലാണ്. പോക്കറ്റടിക്കാരെ സൂക്ഷിക്കുക എന്ന് അവിടെ നിന്നൊരാൾ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. കഴുത്തിൽ ടാഗ് ധരിച്ചിരുന്നതു കൊണ്ട് അവിടത്തെ കാര്യവാഹിയാണെന്നു മനസിലാക്കിയ ഞാൻ പുള്ളിയോട് , എന്താണ് ഈ താലം ചെയ്യേണ്ടത് എന്ന് അന്വേഷിച്ചു . എല്ലാം പറഞ്ഞു തരാമെന്നു പറഞ്ഞ് പുള്ളി ഞങ്ങളുടെ കൂടെക്കൂടി. ഞങ്ങൾ സന്തോഷത്തോടെ ദർഗയുടെ അങ്കണത്തിൽ പ്രവേശിച്ചു. ഇടതുവശത്ത് ഒരു വലിയ ഉരുളി വെച്ചിരിക്കുന്നു. പടിയിൽ കയറി നിന്നെങ്കിൽ മാത്രമേ ഉൾവശം കാണാൻ പറ്റു. അങ്ങനെ മുകളിലത്തെ പടിയിൽ നിന്നും നോക്കിയപ്പോൾ നേർച്ചയായി ആളുകൾ പൈസയും, അരിയും , അണ്ടിപരിപ്പും ഒക്കെ നിക്ഷേപിച്ചിരിക്കുന്നത് കാണാൻ പറ്റി.

കൂടെ വന്ന പുള്ളിയാണ് അവിടത്തെ നേർച്ചയെ കുറിച്ച് വിശദീകരിച്ചത്. ഖ്വാജായുടെ കാലം മുതൽക്കെ എല്ലാ ദിവസവും തബറുക് (സൗജന്യ ഭക്ഷണം) വിതരണം ചെയ്തു വരുന്നു. വിശക്കുന്നവനു ആഹാരം കൊടുക്കുന്ന കൈകളിലാണ് ദൈവം വസിക്കുന്നത് എന്നാണു ഖ്വാജാ പ്രചരിപ്പിച്ചിരുന്നത്. ഇവിടത്തെ ബാരി ദേഗ് എന്ന വലിയ ഉരുളി അക്ബർ ചക്രവർത്തിയും, ചോട്ടി ദേഗ് എന്ന ചെറിയ ഉരുളി ജഹാന്ഗീർ ചക്രവർത്തിയും സമ്മാനിച്ചതാണ്. വലിയ ഉരുളിയിൽ 4480 കിലോയും, ചെറിയ ഉരുളിയിൽ 2240 കിലോയും നിയാസ്സാണ് (അരിയും, കുംകുമപ്പൂവും, പഞ്ചസാരയും, അണ്ടിപരിപ്പും നെയും ഒക്കെ ചേർത്ത് തയ്യാറാക്കുന്ന പ്രസാദം) വേവിക്കാൻ സാധിക്കുന്നത്. നേർച്ചയായി ഒന്നര ലക്ഷം രൂപ അടച്ചാൽ വലിയ ഉരുളിയിലും , എഴുപത്തിഅയ്യായിരം അടച്ചാൽ ചെറിയ ഉരുളിയിലും പ്രസാദം ഉണ്ടാക്കി പാവങ്ങൾക്ക് വിതരണം ചെയ്യാൻ ഭക്തർക്ക് അവസരമുണ്ട് .

അക്ബർ ചക്രവർത്തിയെയും ദർഗയെയും ചുറ്റിപ്പറ്റി ധാരാളം കഥകൾ പ്രചാരത്തിലുണ്ട്. തനിക്കു മകൻ ഉണ്ടായതിന്റെ നേർച്ച നിറവേറ്റാൻ ആഗ്രയിൽ നിന്നും അജ്‌മീർ വരെയുള്ള 265 കിലോമീറ്റർ അക്ബർ ചക്രവർത്തിയും രാഞ്ജിയും കാൽ നടയായി എത്തി എന്നും ഇത് കൂടാതെ 13 തവണ കൂടി ചക്രവർത്തി ഇവിടെ എത്തിയതായും പറയപ്പെടുന്നു.
ഇന്ത്യ ഭരിച്ച മിക്ക പ്രധാന മന്ത്രിമാരും ദർഗ്ഗ സന്ദർശിച്ച് , ചാധർ സമർപ്പിച്ചിട്ടുണ്ട്. അക്ബർ ചക്രവർത്തി പണികഴിപ്പിച്ച അക്ബറി മസ്ജിദും അവിടെ അടുത്താണ്.

പിന്നെ കണ്ടത് ഷാജഹാൻ ചക്രവർത്തി നിർമിച്ച ഷാജഹാൻ ഗേറ്റ് ആണ്. അവിടെ എത്തുമ്പോൾ –
ഖ്വാജയെ പ്രകീർത്തിച്ചു പാടുന്ന ഖവാലികളും , സാംബ്രാണിയുടെയും അത്തറിന്റെയും സുഗന്ധവുമെല്ലാം നമ്മെ ആത്‌മീയ ലോകത്തേക്ക് കൂട്ടി കൊണ്ട് പോകും. വൻ തിരക്കിനിടയിലും കൂടെ വന്ന പുള്ളിക്കാരൻ ഞങ്ങളെ നിഷ്പ്രയാസം ദർഗയുള്ള അങ്കണത്തിൽ എത്തിച്ചു. എന്നിട്ട് അവിടെ അടുത്തായി തുറസ്സായ സ്ഥലത്തു ഖുറാൻ വായ്ച്ചിരിക്കുന്ന ഒരാളുടെ അടുത്തു കൊണ്ടാക്കി . ഇത് ഇവിടത്തെ പുരോഹിതനാണെന്നും, ഞങ്ങളുടെ പൂത്താലം ഓതി തരുമെന്നും പറഞ്ഞു. ഞങ്ങൾ അവിടെ ഇരിപ്പായി.

ആദ്യം തന്നെ 100 രൂപ ദക്ഷിണ വെക്കാൻ കൂടെ വന്ന ആൾ നിർദേശിച്ചു. അത് വെച്ചപ്പോൾ എന്തൊക്കെയോ പ്രാർത്ഥനകൾ ഉരുവിട്ട് കൈയിൽ ഉണ്ടായിരുന്ന മയിൽപ്പീലി കൊണ്ട് ഞങ്ങളുടെ തലയിൽ സ്പർശിച്ചു. അപ്പോൾ അടുത്തു നിന്നയാൾ വീണ്ടും അഞ്ഞൂറ് രൂപ വെക്കാൻ പറഞ്ഞു. അതോടെ ഞങ്ങളുടെ തലയിൽ അപകട സൂചകമായ ചുമന്ന ബൾബ് കത്തി തുടങ്ങി. ഇത് എന്തോ ഉടായിപ്പാണെന്ന് മണത്തു. ഞാൻ 50 രൂപയുടെ നോട്ടു വെച്ചു . അപ്പോൾ ‘പുരോഹിതൻ’ ഞങ്ങളുടെ കൂടെ വന്ന ആളോട് അറബിയിൽ എന്തൊക്കെയോ പറഞ്ഞു. കൂടെ വന്ന ആൾ ഞങ്ങളോട് വീണ്ടും നിർബന്ധിച്ചു രണ്ടാളും കൂടി അഞ്ഞൂറ് രൂപ വെച്ചാൽ മതി, കുടുംബത്തിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥനകൾ ചൊല്ലും പോലും. അതോടെ ഞങ്ങൾ കബളിക്കപെടുകയാണെന്നു മനസിലാക്കി ചാടി എഴുന്നേറ്റു. ആത്മീയത തേടി എത്തുന്നവരെ കബളിപ്പിക്കാൻ എല്ലായിടത്തും ആളുകൾ കച്ച കെട്ടി ഇറങ്ങിയത് ശ്രദ്ധിക്കാതെ ,അവർക്ക് കുട പിടിച്ച് നിന്നുകൊടുത്ത എന്നോട് തന്നെ എനിക്ക് ദേഷ്യം തോന്നുകയും ,കൂടുതൽ ചൂഷണം ചെയ്യാൻ അവസരം കൊടുക്കാത്തതിൽ സന്തോഷം തോന്നുകയും ചെയ്തു.

പിന്നെയുള്ള ഓരോ നീക്കങ്ങളും ശ്രദ്ധയോടെയായിരുന്നെങ്കിലും , ഇത്തരം ചൂഷകരെ കുറിച്ചുള്ള ചിന്ത മനസിനെ ആകുലപ്പെടുത്തി. ഞങ്ങൾ അധികം താമസിയാതെ തന്നെ ദർഗ സ്ഥിതിചെയ്യുന്നിടത്തേക്ക് പോയി . ശവകുടീരം മാർബിൾ ഭിത്തികളാലും , വെള്ളി അഴികളാലും സംരക്ഷിച്ചു വെച്ചിരിക്കുകയാണ്.
അവിടെ പ്രാർത്ഥിച്ച് പുറത്തോട്ടിറങ്ങി. അപ്പോഴേക്കും സമയം 2.45 ആയി.
തിരിച്ചു നടക്കുന്ന വഴിയുടെ ഇരുവശത്തുമുള്ള കടകളിൽ കയറാൻ മനസ്സ് വെമ്പിയിരുന്നെങ്കിലും സമയക്കുറവ് കാരണം ഞങ്ങൾ പദ്ധതിയെല്ലാം ഉപേക്ഷിച്ചു.3.10 ന് ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് രസം. അവിടെയുള്ള ആർക്കും ബസ് എവിടെ വരുമെന്ന് പറഞ്ഞു തരാൻ അറിയില്ല. ഞങ്ങളുടെ ടിക്കറ്റിൽ ബസിന്റെ നമ്പറുണ്ട്‌. ഓരോ ബസ്സും വരുമ്പോഴും സ്കൂൾ കുട്ടികളെപ്പോലെ ഓടി , നമ്പർ നോക്കും. പത്തു മിനിറ്റ് ശ്രമത്തിനൊടുവിൽ ബസ് കണ്ടെത്തി.
കയറിയതും ബസ്സ് എടുത്തതും ഒന്നിച്ചായിരുന്നു. സമയം 3.20 ആയിട്ടേയുള്ളു. 3.30 ആണ് പുറപ്പെടേണ്ട സമയം . ബസ് സ്റ്റാൻഡിൽ നിന്നും കുറേ മാറി ഒരു സ്ഥലത്ത് പത്തു മിനിട്ട് നിർത്തിയിട്ടാണ് യാത്ര ആരംഭിച്ചത്.
അജ്മീറിൽ നിന്നും , ബസ് സംബന്ധിച്ച് രണ്ട് തിരിച്ചടികൾ കിട്ടിയതോടെ, നമ്മുടെ ആന വണ്ടിയോട് വല്ലാത്ത ബഹുമാനം തോന്നി.
തിരിച്ചുള്ള യാത്ര, വൈകുന്നേരമായതുകൊണ്ടുതന്നെ അൽപം ട്രാഫിക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു .

തീഷ്ണമായ
രാജസ്ഥാൻ ചൂടും ആൾക്കൂട്ടം തീർത്ത വിങ്ങലുമെല്ലാം കൂടിയായപ്പോൾ, യാത്രക്കിടയിൽ പലപ്പോഴും അറിയാതെ
ഉറക്കം തൂങ്ങിയിരുന്നു.

ഓരോ സ്ഥലത്തിന്റെയും ചരിത്രവും ,ഐതിഹ്യങ്ങളും സംസ്കാരവുമെല്ലാം എത്ര വായ്ച്ചു മനസിലാക്കിയാലും,
നാം നേരിൽ കണ്ട് അനുഭവിച്ചറിയുമ്പോഴാണ്, ചില പൊരുത്തക്കേടുകൾ നമുക്ക് മനസിലാക്കാൻ കഴിയുന്നത് .

സന്ദർശിച്ച രണ്ട്
വ്യത്യസ്ത വിഭാഗങ്ങളുടെ ആത്മീയ കേന്ദങ്ങളായ പുഷ്കറും അജ്മീറും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ തന്നെയാണ്.

എന്നാൽ, മനുഷ്യന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും,
ചൂഷണം ചെയ്യുകയും ചെയ്യുന്ന തരത്തിലുള്ള പല
കച്ചവട തന്ത്രങ്ങളും
രൂപപ്പെടുത്തി ,അതൊരു ആത്മീയ സംസ്കാരമാക്കി അഥവാ ആചാരത്തിന്റെ ഭാഗമാക്കി മാറ്റുന്ന പ്രവണത എന്നിൽ വിഷമമുണ്ടാക്കി
എന്ന് പറയാതെ വയ്യ.

ആത്മീയതയെ ചൂഷണവസ്തുവാക്കി മാറ്റുന്ന ഇത്തരം പ്രവണതകൾ കൂടി മാറുമ്പോൾ മാത്രമാണ്
ഓരോ ആത്മീയ കേന്ദ്രങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം നമ്മിലേക്ക് എത്തപ്പെടുമെന്ന അടിയുറച്ച വിശ്വാസം ഓരോ തീർത്ഥാടകർക്കും ഉണ്ടാകു എന്നാണ് എനിക്ക് തോന്നുന്നത് .

Pushkar temple

Leave a Reply

Your email address will not be published. Required fields are marked *