Contact About Mitra Change Language to മലയാളം

കൂർഗിൽ വിലസുന്ന പുട്ടിന്റെ അപരന്മാർ !!!

 

 

‘എന്റെ ഭാര്യ നിങ്ങള്ക്ക് വേണ്ടി പാപ്പുട്ടും കടമ്പുട്ടും  ഉണ്ടാക്കി വെച്ചിട്ടുണ്ട്.  എന്തായാലും വീട്ടിൽ വന്നു ഭക്ഷണം കഴിക്കണം ‘ ഫോണിന്റെ അങ്ങേ തലക്കൽ എനിക്ക് നേരിട്ട് പരിചയമില്ലാത്ത പൂവണ്ണയുടെ ശബ്ദമായിരുന്നു.

അരിപ്പുട്ടും ഗോതമ്പു പുട്ടും മാത്രം കേട്ടിട്ടുള്ള എനിക്ക് കൂർഗിലെ പുട്ടിനെ പറ്റി അറിയാൻ തിടുക്കമായി.

കൂർഗിലൂടെയുള്ള യാത്രയിൽ ഞാൻ കാണാൻ ഏറ്റവും ആഗ്രഹിച്ചത് അവിടത്തെ കൊടവരുടെ ജീവിതമായിരുന്നൂ. വായനയിൽ നിന്നും കൊടവരുടെ ആതിഥ്യമര്യാദയെ പറ്റിയും മനസ്സിലാക്കി .

ഒരു പരിചയക്കാരനായിരുന്നു കൊടവ സംസ്കാരത്തെ പറ്റി നേരിട്ടറിയാൻ പൂവണ്ണയെ പോയി കാണാൻ പറഞ്ഞത്.

പൂവണ്ണയുടെ വീട്ടിലെത്തിയപ്പോൾ ചിരപരിചിതരെ പോലെ എന്നെ അവർ സ്വീകരിച്ചു. പൂവണ്ണയും, അച്ഛനും, ഭാര്യയും , മകളും എല്ലാം എന്നേ സ്വീകരിക്കാൻ വീടിന്റെ പുറത്തിറങ്ങി നിൽക്കുന്നു.

ഒരു നിമിഷം സ്വയം വിമർശനാത്മകമായി ചിന്തിച്ചു പോയി. പലപ്പോഴും അതിഥികൾ വീട്ടിൽ ബെൽ അടിക്കുമ്പോൾ ആയിരിക്കും നമ്മൾ വാതിൽ പോലും തുറക്കുക.

പൂവണ്ണയുടെ വയ്യാത്ത അമ്മയും, നിറ  പുഞ്ചിരിയോട് കൂടി സ്വീകരണ മുറിയിലെ കസേരയിൽ ഇരുന്നു. സ്ട്രോക്ക് വന്നതിനു ശേഷം ആ അമ്മക്ക് പരസഹായം കൂടാതെ എഴുന്നേൽക്കാൻ പ്രയാസമായിരുന്നു.

പൂവണ്ണയുടെ അച്ഛൻ ദിലീപ് അങ്കിൾ ഒരുപാട് നേരം അവരുടെ സംസ്കാരത്തെ പറ്റി  സംസാരിച്ചു. കൊടവർക്ക് കേരളത്തിലെ പയ്യാവൂരുമായി അഭേദ്യമായ ബന്ധമുണ്ട്. വർഷങ്ങൾക്കു മുമ്പ് പയ്യാവൂരെ ഈശ്വര ക്ഷേത്രത്തിൽ , ഭഗവാന് നിവേദ്യത്തിന് വക ഇല്ല എന്ന് മനസിലാക്കിയ കൊടവർ ദുർഘടമായ വനപാതയിലൂടെ കുതിരപ്പുറത്തു അരിച്ചാക്കുമായി സഞ്ചരിച്ചു ഭഗവാന് അരി എത്തിച്ചു.

ഇപ്പോഴും എല്ലാ വർഷവും നാൽപ്പതോളം കൊടവ കുടുംബങ്ങൾ അരിച്ചാക്കുമായി പയ്യാവൂർ സന്ദർശിക്കുന്നു. പണ്ട് അരിച്ചാക്കു കുതിരപ്പുറത്തു വെക്കാൻ ഉപയോഗിച്ചിരുന്ന ചാക്ക് കൊണ്ടുണ്ടാക്കിയ പ്രത്യേക മെത്തയും ദിലീപ്പ് അങ്കിൾ കാണിച്ചു. ഇന്നിപ്പോൾ കാറിലാണ് അരി എത്തിക്കുന്നത് എങ്കിലും ഗതകാല സ്മരണക്കായി അങ്കിൾ ഇപ്പോഴും അത്  സൂക്ഷിക്കുന്നു.

പൂവണ്ണയുടെ ഭാര്യ പ്രിൻസി ഞങ്ങളെ ഊണ് കഴിക്കാൻ വിളിച്ചു.

തീന്മേശയിൽ ഇരിന്നപ്പോൾ , ഒരു പ്ലെയ്റ്റിൽ വെള്ളയപ്പം പോലെ ഒരു സാധനം കഷ്ണങ്ങളാക്കി മുറിച്ചത് എന്റെ മുന്നിൽ വെച്ച്. അതായിരുന്നു പാപ്പൂട്ടു!

കൂർഗ്ഗിൽ  റവയുടെ തരി പോലെ അരിത്തരി കിട്ടും. അത് പാലിൽ കുതിർത്തു വെച്ച് പുഴുങ്ങിയെടുക്കുന്നതാണ് പാപ്പുട്ട് . വേറൊരു പ്ലേറ്റിൽ അരിപ്പിടിയും വെച്ച് തന്നു. അതാണ് കടമ്പുട്ടു.

ഊണിന്റെ സമയമായിട്ടു കൂടി പ്രിൻസി എനിക്ക് വേണ്ടി പ്രത്ത്യേകം തയ്യാറാക്കിയതായിരുന്നു അത്. കൊടമ്പുളി സത്തിട്ടു തയ്യാറുക്കുന്ന രുചികരമായ കൊടവ മുട്ടകറിയും ചേർത്ത് ഞാൻ കഴിച്ചു.

അതിനു ശേഷം അവരെല്ലാവരും കൂടി എന്നെ അവരുടെ ഐൻമനെ എന്ന് വിളിക്കുന്ന കുടുംബ വീട്ടിൽ കൊണ്ട് പോയി അവിടത്തെ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. ഒരു പരിചയവുമില്ലാത്ത എന്നെ അവരുടെ വീട്ടിൽ വിളിക്കുകയും , അവരുടെ തനതു ഭക്ഷണം തയ്യാറാക്കുകയും ചെയ്തത് അക്ഷരാർത്ഥത്തിൽ എന്നേ ഞെട്ടിച്ചു. അതിലും വലിയ ഞെട്ടൽ ആയിരുന്നു  വിട പറഞ്ഞിറങ്ങാൻ നേരത്തു ദിലീപ് അങ്കിൾ കാപ്പിപൊടിയുടെ ഒരു പാക്കറ്റ് എന്റെ കൈയ്യിൽ വെച്ച് തന്നപ്പോൾ. കൊടവരുടെ ആതിഥ്യ മര്യാദ അനുഭവിച്ചറിയേണ്ട ഒന്ന് തന്നെ.

തിരിച്ചു ഞാൻ താമസിക്കുന്ന ഹോം സ്റ്റേയിൽ എത്തി. അവിടത്തെ മീന ആന്റിയോട്‌ നമ്മുടെ പുട്ടിൽ നിന്നും അജഗജാന്തരമുള്ള പാപ്പുട്ടിനെയും കടമ്പുട്ടിനെയും പറ്റി പറഞ്ഞപ്പോൾ ആന്റി പറഞ്ഞു വേറെയും പുട്ടുകൾ ഞങ്ങൾ ഉണ്ടാക്കാറുണ്ടെന്നു!

in

അതിലെ ഏറ്റവും വിശേഷപ്പെട്ട തമ്പുട്ടു ആന്റി എനിക്ക് ഉണ്ടാക്കി കാണിച്ചു തന്നു. ചുമന്ന അരിയും , ഉലുവയും  വറുത്തു പൊടിച്ചതിന്റെ കൂടെ പഴുത്ത പഴവും ഏലക്കായും, തേങ്ങ ചിരവിയതും ഒക്കെ ചേർത്ത് ആണ് തംബുട്ടു ഉണ്ടാക്കിയത്.

ഇതു കൂടാതെ അരിത്തരി വെച്ചുണ്ടാകുന്ന നുച്ചുപ്പുട്ട്,ശർക്കര വെച്ചുണ്ടാകുന്ന ബേരം പുട്ടു ,  പഴുത്ത ചക്ക ചേർത്തുണ്ടാക്കുന്ന കൂവാളപ്പുട്ട്, ചുട്ടെടുക്കുന്ന ഓഡ്ഡ്പ്പുട്ട് , മദ്ദ് തോപ്പ് എന്ന ഇല ചേർത്തുണ്ടാക്കുന്ന മദ്ദ്പ്പുട്ട്, നൂൽപ്പുട്ട് ഇങ്ങനെ കേരളത്തിലെ പുട്ടിന്റെയ് അപരന്മാർ ധാരാളം കൂർഗ്ഗിൽ പ്രചാരത്തിലുണ്ട് !

കൊടവരുടെ വേറെ വിശേഷപ്പെട്ട ഭക്ഷണം അക്കി റൊട്ടിയും പന്തിക്കറിയും ആയിരുന്നു. ഹോംസ്‌റ്റേയിൽ  എന്നെ കൂടാതെ ഉണ്ടായിരുന്ന ഒറീസ്സക്കാരായ രണ്ടു പേർക്ക് വേണ്ടി മീന ആന്റി അത് തയാറാകുന്നുണ്ടായിരുന്നു. എന്നെ അടുക്കളയിൽ കൂട്ടി കൊണ്ട് പോയി അക്കി റൊട്ടി ഉണ്ടാക്കുന്നത് കാണിച്ചു തന്നു.

വേവിച്ച പച്ചരി ചോറും അരിപ്പൊടിയും കുഴച്ചു മാവുണ്ടാക്കി , ചപ്പാത്തി പോലെ പരത്തി എടുത്ത് , ചുട്ടെടുക്കും. അതാണ് അക്കി റൊട്ടി.

§

അരിപ്പത്തിരിയുടെ ചേട്ടനായി വരും വലിപ്പത്തിലും കാട്ടിയിലും !

അത് പോലെ കുടമ്പുളി വാറ്റി , അതിന്റെ സത്തു കുപ്പിയിലാക്കി സൂക്ഷിക്കും. ഇതു വെച്ച് തയ്യാറാക്കുന്ന പന്നി കറിയാണ് പന്തി കറി !!!


അവിടെ ഫ്രീസറിൽ , മുളയുടെ കൂമ്പു അരിഞ്ഞു സൂക്ഷിച്ചിട്ടുണ്ടായിരുന്നു. മുളയുടെ കൂമ്പു ചില പ്രത്യേക മാസങ്ങളിലെ കിട്ടുകയുള്ളു. ആ സമയത്തു ഇവർ അതിനെ ശേഖരിച്ചു, കൊത്തി അരിഞ്ഞു ഫ്രീസറിൽ വെക്കും. ഇതു വെച്ചുണ്ടാകുന്ന ബംബാലെ കറി കൊടവർക്ക് പ്രിയങ്കരമാണ്.

കൊടവർ പണ്ട് കാലം  മുതലെ നെൽകൃഷിയിൽ അഗ്രഗണ്യരായിരുന്നു. അതാകാം അവരുടെ സംസ്കാരത്തിന്റെ ഭാഗമായി അരി കൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങൾ തയാറാക്കപ്പെട്ടത്.

അന്യ ദേശത്തു ചെല്ലുമ്പോൾ അവരുടെ ചരിത്രവും സംസ്കാരവും മനസിലാക്കുന്നതിനൊപ്പം അവരുടെ ഭക്ഷണ രീതികളും അടുത്തറിഞ്ഞാൽ മാത്രമേ ആ നാടിനെ ശരിക്കും പിടികിട്ടുകയുള്ളൂ.

കാഴ്ചകൾക്കും ഉൾകാഴ്ചകൾക്കും തമ്മിലുള്ള അന്തരം ഏറെ വലുതാണല്ലോ, അല്ലേ.?

 

Likes:
5 1
Views:
327

Leave a Reply

Your email address will not be published. Required fields are marked *