‘കോവളത്തു പാരാസെയ്ലിംഗ് ആരംഭിച്ചു … പോകുന്നില്ലേ ??’ സുഹൃത്തു ദീപയാണ് ….
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. കാരണം ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തു പോകേണ്ട ആവശ്യമുണ്ടായിരുന്നു. വൈകിട്ട് പ്രത്ത്യേകിച്ചു പണിയൊന്നുമില്ല. ഏറെ നാളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമാണ് ആകാശത്തു പറക്കണം എന്നുള്ളത്!
പാരാ സെയ്ലിംഗ് വിശദാംശങ്ങൾ ജാക്സണിനു അറിയാതിരിക്കാൻ വഴിയില്ല. കഴിഞ്ഞ വർഷം ജാക്സൺ നടത്തുന്ന ബോണ്ട് സഫാരിക്കൊപ്പം കടലിലെ കാഴ്ചകൾ കാണാൻ സ്ക്യൂബാ ഡൈവിംഗ് ചെയ്തിരുന്നു. ഉടൻ തന്നേ ജാക്സണിനെ ഫോണിൽ ബന്ധപ്പെട്ടു. അപ്പോഴാണ് അറിയുന്നത് ബോണ്ട് സഫാരി തന്നെയാണ് ഫ്ലൈ കോവളം എന്ന പേരിൽ പാരാ സെയ്ലിംഗ് നടത്തുന്നത് എന്ന്.
അങ്ങനെ തിരുവനന്തപുരത്തുള്ള ഒരു ദിവസം വൈകിട്ട് ഞാനും, എന്റെ പൂർവ്വവിദ്യാർത്ഥിനികളായ അനിതയും, അനുമോളും സുഹൃത്തായ ഘോഷും ചേർന്ന് കോവളത്തെ ഹവാ ബീച്ചിൽ വൈകിട്ട് അഞ്ചു മണിക്ക് എത്തി.
കൊറോണ തകർത്ത ടൂറിസം മേഖലയുടെ നേർക്കാഴ്ചകൾ ആയിരുന്നു ചുറ്റിനും. മരുന്നിനു പോലും ഒരു വിദേശിയെ കാണാൻ പറ്റാത്തതിൽ വല്ലാത്തൊരു നൊമ്പരം തോന്നി.
ഞങ്ങൾ കടലിന്റെ വശത്തേക്ക് നടന്നു. അവിടെ ‘ഫ്ലൈ കോവളം ‘ എന്ന് എഴുതിയ മഞ്ഞ കുപ്പായം ധരിച്ച ചെറുപ്പക്കാരെ കണ്ടു, ഞങ്ങൾ അവരുടെ അടുത്ത് എത്തി. അന്വേഷിച്ചപ്പോൾ അവിടെ കാത്തു നില്ക്കാൻ പറഞ്ഞു. അധികം വൈകാതെ ഒരു സ്പീഡ് ബോട്ട് പാഞ്ഞടുത്തു . അതിൽ നിന്ന് യാത്രികർ ആർത്തുല്ലസിച്ചിറങ്ങി വന്നു. അവരോടു പാരാ സെയ്ലിംഗ് അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘ അടിപൊളിയാണ് , അനുഭവിച്ചറിയൂ ‘ എന്ന മറുപടിയാണ് കിട്ടിയത്.
ഇതിനു മുമ്പ് ബാലിയിൽ പോയപ്പോൾ പാരാ സെയ്ലിംഗ് ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ,റേറ്റ് കൂടുതലായതിനാൽ അതിനു മുതിർന്നില്ല. ജൈസൽമേറിൽ പാരാ ഗ്ലൈഡിങ് റേറ്റ് വളരെ കുറവായിരുന്നെങ്കിലും , സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന് തോന്നിയത് കൊണ്ട് അന്നും ചെയ്യാൻ ശ്രമിച്ചില്ല.
ലൈഫ് ജാക്കറ്റ് ധരിച്ചു ഞങ്ങൾ ബോട്ടിൽ പ്രവേശിച്ചു. അറബി കടലിന്റെയ് ഓളങ്ങളെ ഭേദിച്ചു ഞങ്ങളുടെ ബോട്ട് മുന്നേറി . മുഖത്തടിക്കുന്ന തണുത്ത കാറ്റും , കൂട്ട് നിന്ന ഇളം വെയിലും നല്ലൊരു അനുഭവമായിരുന്നു. ബീച്ചിൽ നിന്നു 250 മീറ്റർ അകലെ ബോട്ട് നങ്കൂരം ഇട്ടു . അല്പ സമയത്തിനുള്ളിൽ പാരാ സെയ്ലിംഗ് ബോട്ടും അവിടെ എത്തി . പ്രത്ത്യേകമായി നിർമ്മിച്ച, ‘വിഞ്ച് ‘ സംവിധാനമുള്ള ബോട്ട് ആണ് പാരാ സൈലിങ്ങിനായി ഉപയോഗിക്കുക.
കയറോ ചങ്ങലയോ ഉപയോഗിച്ച് ഭാരങ്ങള് ഉയര്ത്തുന്നതിനുള്ള സംവിധാനം ആണ് ‘വിഞ്ച്’. ബോട്ടിൽ ഘടിപ്പിച്ച കയറുകളുടെ അറ്റത്തു കൊളുത്തിയ തുറന്ന പാരച്യൂട്ടിൽ തൂങ്ങി കിടന്നു ആകാശക്കാഴ്ചകൾ ആസ്വദിക്കാം. ഞങ്ങൾ സ്പീഡ് ബോട്ടിൽ നിന്നും , പാരാ സെയ്ലിംഗ് ബോട്ടിലേക്ക് കയറി. അവിടെ ബോട്ട് ഓടിക്കുന്ന കമലിനെ കൂടാതെ, സഹായികളായി അർജുനും , മഹാവീറും ഉണ്ടായിരുന്നു. ഒറീസ്സയിൽ നിന്നും വന്ന ഇവർക്ക് , ഗോവയിൽ പത്തിൽ പരം വർഷങ്ങൾ ഇതു ചെയ്തു ശീലമുണ്ടെന്നു മനസ്സിലായപ്പോൾ ആശ്വാസം തോന്നി.
ഞങ്ങൾക്ക് ധരിക്കാൻ ബെൽറ്റ് കിട്ടി. രണ്ടു കാലും ബെൽറ്റിന്റെ കുടുക്കിലൂടെ കടത്തി , അരയിൽ മുറുക്കി .
ഞങ്ങളിൽ ആരാദ്യം പറക്കും എന്നുള്ളതായി ചർച്ച. കൂടെയുണ്ടായിരുന്ന ആൺതരിയെ പറപ്പിക്കാൻ ഞങ്ങൾ പെൺപട തീരുമാനിച്ചു. അർജ്ജുനും മഹവീറും പാരച്യൂട് നിവർത്തി. ബോട്ടിൽ കെട്ടിയ കയറയച്ചപ്പോൾ അത് പതുക്കെ ആകാശത്തേക്ക് പൊങ്ങാൻ തുടങ്ങി. ആ കാഴ്ച ഞങ്ങളിലേക്ക് ആവേശം പകർന്നു.
ഘോഷ് പടികൾ കയറി ബോട്ടിന്റെയ് വശത്തുള്ള ചെറിയ പ്ലാറ്റഫോമിൽ നിന്ന്.ഘോഷിന്റെയ് ബെൽറ്റിലേക്ക് പാരച്യൂട്ടിന്റെയ് കൊളുത്തു പിടിപ്പിച്ചു. വീണ്ടും കയർ അയച്ചതും ആശാൻ ആകാശത്തേക്ക് ഉയർന്നു. ബോട്ട് അപ്പോഴേക്കും സ്പീഡ് കൂട്ടി . അഞ്ചാറു മിനിറ്റ് കഴിഞ്ഞപ്പോൾ ഘോഷിനെ പതുക്കെ താഴെ ഇറക്കി.
അടുത്തത് അനുമോളുടെ ഊഴമായിരുന്നു. പറവ ചിറകിട്ടടിക്കുന്ന പോലെ കൈയ്യ് രണ്ടും നീട്ടി അഭ്യാസ പ്രകടനത്തോടെ അനുമോൾ പറന്നു. അനുമോൾ ഡിപ്പിംഗ് വേണമെന്ന് പറഞ്ഞത് കൊണ്ട് , ഇടക്ക് പാരച്യൂട്ട് വെള്ളത്തിലേക്ക് ഇറക്കി , അനുമോളുടെ അര വരെ കടലിൽ മുക്കി . വീണ്ടും പാരച്യൂട്ടിൽ തൂങ്ങി മുകളിലേക്ക് പറന്നു. കുറച്ചു കഴിഞ്ഞു അനുമോളും തിരികെ എത്തി.
ഇവരെല്ലാവരും പോയി സന്തോഷത്തോടെ തിരികെ വന്നിട്ടും കൂടി എന്റെയ മനസ്സിൽ ചെറിയ ആശങ്കയുണ്ടായിരുന്നു. ലൈഫ് ജാക്കറ്റിനെ മനസ്സാ സ്മരിച്ചു ഞാൻ പടികൾ കയറി പ്ലാറ്റഫോമിൽ എത്തി. അർജ്ജുൻ പാരച്യൂട്ടിലിന്റെയ് കൊളുത്തു എന്റെയ ബെൽറ്റിൽ പിടിപ്പിച്ചു.
അവർ നിർദേശിച്ച പോലെ കൈകൾ രണ്ടും പൊക്കി പാരച്യൂട്ടിന്റെയ് കയറിൽ പിടിച്ചു. ഓക്കേ അല്ലേ എന്ന് ചോദിച്ചു. ഓക്കേ എന്ന് മറുപടി പറയുമ്പോഴേക്കും ഞാൻ ആകാശം ലക്ഷ്യമാക്കി പറന്നു തുടങ്ങിയിരുന്നു.
പെട്ടെന്നൊരു അങ്കലാപ്പ് തോന്നി. ഇടക്കു വെച്ച് ഇറങ്ങാൻ തോന്നിയാൽ എങ്ങനെ ബോട്ടിലുള്ളവരോട് പറയും? ആശങ്കയോടെ ഞാൻ ഉയരങ്ങൾ കീഴടക്കി തുടങ്ങി.സമുദ്രനിരപ്പിൽ നിന്നും മുന്നോറോളം അടി മുകളിൽ എത്തിയപ്പോൾ ആശങ്കകൾ വഴി മാറി. മനസ്സ് അയഞ്ഞു.
ചുറ്റും കണ്ണോടിച്ചപ്പോൾ കോവളം മൊത്തം കാണാം. ഞാൻ വന്ന ബോട്ട് പൊട്ടു പോലെ സമുദ്രത്തിൽ ഒഴുകി നടക്കുന്നു. സമ്പാദിച്ചു കൂട്ടിയും , വെട്ടി പിടിച്ചും ലോകം കാൽകീഴിൽ കൊണ്ട് വരാമെന്നു വിചാരിക്കുന്നത് വ്യർത്ഥ മോഹങ്ങളാണ്. പ്രകൃതിക്കു മുമ്പിൽ നമ്മൾ ഒന്നുമല്ല.
അസ്തമയ സൂര്യൻ എന്റെയ നേർക്കുനേർ നില്കുന്നത് എന്നേ പുളകം കൊള്ളിച്ചു. പലപ്പോഴും ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ, പൊടി പിടിച്ച ഫ്ലൈറ്റ് ജനാലയിൽ കൂടി സൂര്യനെ കാണാൻ പറ്റിയിരുന്നു. അപ്പോഴെല്ലാം ജനാലയുടെ പിന്നിൽ നിന്നല്ലാതെ സൂര്യനെ ആകാശത്തു ചെന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് മോഹിച്ചിരുന്നു.
ശബ്ദ കോലാഹലങ്ങളിൽ നിന്നും എല്ലാം വിട്ടു മാറി ആകാശത്തു പറന്നു നടന്നു ഞാൻ ആ ശാന്തമായ സായാഹ്നം ആവോളം ആസ്വദിച്ചു . മെല്ലേ താഴേക്ക് നീങ്ങി തുടങ്ങിയപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. ബോട്ടിലുള്ളവരുടെ മുഖം തെളിഞ്ഞു കണ്ടു തുടങ്ങി. കണ്ണടച്ച് തുറന്നപ്പോഴേക്കും ഞാൻ ബോട്ടിൽ കാലുകുത്തി കഴിഞ്ഞു. യാഥാർഥ്യത്തിലേക്ക് എത്താൻ കുറേ കൂടി സമയമെടുത്തു.
തിരിച്ചു ഞങ്ങൾ വന്ന സ്പീഡ് ബോട്ടിലേക്ക് മാറി കയറി , ആറു മണിയോടെ ബീച്ചിലെത്തി. ഇതിന്റെയ് പടം മുഖപുസ്തകത്തിൽ ഇട്ടപ്പോൾ , റേറ്റ് വളരെ കൂടുതലാണ് , ഗോവയിൽ മറ്റും നിസ്സാര പൈസക്ക് നടക്കും എന്നൊക്കെ ഒരുപാടു വിമർശനങ്ങൾ ഉണ്ടായി.
എനിക്ക് അതിൽ വിഷമം ഒന്നും തോന്നിയില്ല. കുറേ കാലമായി പാരാ സെയ്ലിംഗ് മോഹങ്ങൾ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്. ഏതെങ്കിലും കാലത്തു ഗോവയിൽ പോയി ചെയ്യുന്നതിലും നല്ലത് , ഇപ്പോൾ നാട്ടിൽ കിട്ടിയ ഈ അവസരം മുതലാക്കാക്കുന്നതാണ് എന്ന് തോന്നി. ഇതിനു മുമ്പ് ഈ ടീമിനൊത്തു സ്ക്യൂബാ ഡൈവിംഗ് പോയപ്പോൾ വളരെ നല്ല അനുഭവമായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളിൽ അതീവ ശ്രദ്ധ നൽകിയിരുന്നതായി അന്നേ അനുഭവപ്പെട്ടിരുന്നു. പാരാ സെയ്ലിംഗ് ചെയ്യുമ്പോൾ എത്ര സമയം നമുക്ക് പറക്കാൻ കിട്ടുന്നു എന്നതും ശ്രദ്ധിക്കണം. സുഹൃത്തായ ബിനോയ് ഗോവയിൽ രണ്ടു മിനിറ്റ് പറക്കാൻ ആയിരതിഞ്ഞൂറു രൂപ കൊടുത്തു എന്നാണ് പറഞ്ഞത് . വേറൊരു വസ്തുത ഗോവയിൽ ബീച്ച് പാരാ സെയ്ലിംഗ് , അതായത് ബീച്ചിൽ നിന്ന് പറന്നുയർന്നു തിരിച്ചു ബീച്ചിൽ ഇറങ്ങുന്ന പരിപാടി , ആണ് കൂടുതൽ കണ്ടു വരുന്നത്. അത് കുറച്ചു അപകട സാധ്യത കൂടുതൽ ഉള്ളതാണ്. പിന്നേ നമ്മുടെ സ്വന്തം മുറ്റത്തു പറക്കുന്നതിന്റെ സുഖം വേറെയും !
മനോഹരമായ ഒരു അനുഭവം തന്നെയാണ് പാരാ സെയ്ലിംഗ് . ഒരിക്കലെങ്കിലും പാരച്യൂട്ടിൽ തൂങ്ങി ആകാശകാഴ്ചകൾ കാണാൻ ശ്രമിക്കണം. ഈ ഭൂമിയിൽ നമ്മുടെ സ്ഥാനം എള്ളോളം പോലും വരില്ല എന്ന വലിയ തിരിച്ചറിവ് നമുക്ക് ലഭിക്കും .
കുറിപ്പ്
1 . പാരാ സെയ്ലിംഗ് വളരെ സുരക്ഷിതമായ ഒരു സാഹസിക പ്രവർത്തിയാണ്.പക്ഷേ പാരാ സെയ്ലിംഗ് ചെയുന്ന ബോട്ടിലെ ജോലിക്കാർ പരിചയ സമ്പന്നർ ആണെന്ന് ഉറപ്പു വരുത്തണം .
2 . എത്ര സമയം പറക്കാൻ പറ്റും എന്നുള്ളത് ചോദിച്ചു മനസിലാക്കുക. സമയത്തിനനുസരിച്ചാണ് റേറ്റ് .
3 . ഞാൻ പാരാ സെയ്ലിംഗ് നടത്തിയത് ബോണ്ട് സഫാരി കോവളം
4 . രാവിലെ പത്തു മണി മുതൽ നാല് മാണി വരെ ഹവാ ബീച്ചിൽ ആണ് ഇത് സംഘടിപ്പിക്കുന്നത്. പത്തു വയസ്സ് കഴിഞ്ഞ കുട്ടികൾക്കും ഇതിൽ പങ്കു ചേരാം.
5 . ഒറ്റയ്ക്ക് പോകാൻ ഭയമാണെങ്കിൽ രണ്ടു പേരൊന്നിച്ചും പറക്കാം.