Contact About Mitra Change Language to മലയാളം

കർണ്ണാടകയിലേക്കൊരു സെൽഫ് ഡ്രൈവ് !!!

 

യാത്രകൾ … അതൊരു ലഹരിയാണെനിക്ക് … പലപ്പോഴും ഈ ലഹരിക്കായി, സാഹചര്യങ്ങൾക്കനുസരിച്ചുള്ള ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടി വന്നിട്ടുണ്ട് …

കോവിഡ് വ്യാപനത്തിന് മുമ്പ് യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ വാഹനങ്ങളുടെ സമയക്രമങ്ങൾക്കനുസരിച്ച് ബുക്ക് ചെയ്ത് കാത്തുനിന്നായിരുന്നു യാത്ര .

ആ യാത്രകളിൽ , ട്രെയിനിന്റെയോ ബസ്സിന്റെയോ ,ടാക്സിയുടേയോ ഒക്കെ ജാലകസീറ്റിലിരുന്ന് കാഴ്ചകൾ കണ്ട് മനവും കാമറയും നിറച്ച് യാത്ര ചെയ്യാനായിരുന്നു ഏറെ ഇഷ്ടം .

പക്ഷേ ട്രെയിനും ബസ്സുമൊക്കെ നിശ്ചലമായപ്പോൾ , സ്വന്തം വാഹനത്തിൽ പോകുകയേ നിവർത്തിയുള്ളു എന്നായി. അങ്ങിനെയാണ് കാറുമായുള്ള യാത്രകൾക്ക് തുടക്കം കുറിച്ചത്.

ഹമ്പിയും , നീലഗിരിയും ഒറ്റക്ക് ഡ്രൈവ് ചെയ്ത് തിരിച്ചെത്തിയപ്പോൾ , ഒരല്പം കോൺഫിഡൻസ് കിട്ടി. അതിനു ശേഷമാണ് കർണ്ണാടക കാണാനുള്ള ചെറിയ പദ്ധതി ഇടുന്നത് . കൊടവരുടെ ജീവിത രീതികൾ ഒരുപാടു വ്യത്യസ്തമാണെന്നു പലരും പറഞ്ഞറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആദ്യം കൂർഗിൽ പോകാൻ തീരുമാനിച്ചു.

പല വാതിലുകളും മുട്ടിയാണ് നല്ല നിലയിൽ ആശയ വിനിമയം നടത്തുന്ന ഒരു കൊടവ കുടുംബത്തെ പരിചയപ്പെടാനും അവരുടെ സഹായത്താൽ കൊടവരുടെ സംസ്കാരത്തെ പറ്റി കൂടുതൽ മനസിലാക്കാനും സാധിച്ചത് .

കൂർഗിനെ പറ്റിയുള്ള ജോണി സർ എഴുതിയ വിവരങ്ങൾ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. അതു കൊണ്ട് ആ പുസ്തകത്തിൽ പ്രതിപാദിച്ചിരുന്ന ചില സ്ഥലങ്ങൾ കൂടികാണാൻ സമയം കണ്ടെത്തി. ആനന്ദ തീർത്ഥ സ്വാമിയുടെ ജീവ നാഡിയായിരുന്ന കാവേരിയുടെ ഉദ്ഭവസ്ഥാനമായ തലക്കാവേരിയും, ത്രിവേണി സംഗമ സ്ഥലമായ ഭഗമണ്ഡലയും നല്ല അനുഭൂതിയായിരുന്നു തന്നത്.

പേരെടുത്ത പോരാളികളുടെ നാടായിട്ടു കൂടി കൊടവരെ ഇരുന്നൂറു വർഷത്തോളം ഭരിച്ചത് പുറമേ നിന്നും വന്ന ലിംഗായത് രാജാക്കന്മാർ ആയിരുന്നു എന്നത് അൽപം അദ്‌ഭുതത്തോടെയാണ് മനസിലാക്കിയത്.

അത് കൊണ്ട് ഹാലേരി രാജാക്കന്മാരുടെ വേരുകൾ തേടി പോകാനും ഒരു ശ്രമം നടത്തി . രാജവംശം ആരംഭിച്ചത് ഹാലേരി ഗ്രാമത്തിൽ നിന്നായിരുന്നെങ്കിലും ഇന്ന് ഹാലേരി ഗ്രാമം എല്ലാവരാലും വിസ്മരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

പുസ്തകവായനയിലൂടെ മനസിൽ പതിഞ്ഞ – ഹാലേരി രാജാക്കന്മാർ ആരാധിച്ചിരുന്ന, കാട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രവും, ക്ഷേത്രത്തിന്റെ മച്ചിൽ തൂക്കിയിട്ടിരുന്ന നൂറു കണക്കിന് മാൻകൊമ്പുകളും എന്റെ മനക്കണ്ണിലുണ്ട്. വളരെ പ്രയാസപ്പെട്ട് ഈ ക്ഷേത്രം കണ്ടെത്തിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. കൂർഗിലെ ടിബറ്റ് ക്ഷേത്രങ്ങൾ കൊറോണ കാരണം അടഞ്ഞു കിടന്നപ്പോഴും , ഒരു സുഹൃത്ത് വഴി ലാമകളേ കാണാനും അവരോടൊത്തു കുറച്ചു സമയം ചിലവഴിക്കാനും സാധിച്ചത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.

അവിടന്ന് ഹൊയ്സാല സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ കാണാൻ ബേലൂർ , ഹാലേബീട് , ബെലവാടി , ദോഡഗദവല്ലി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.

ബേലൂർ പോകുന്ന വഴിക്കു ഒരു കപ്പലണ്ടി മിട്ടായി ഉണ്ടാകുന്ന ഫാക്ടറിയിൽ ഇടിച്ചു കയറി അവരുടെ നിർമാണ പ്രക്രിയ മനസ്സിലാക്കി. അടുത്ത ലക്‌ഷ്യം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ മേൽക്കോട്ടേ ഗ്രാമമായിരുന്നു. പോകുന്ന വഴിക്ക് ശ്രവണബെലഗോളയും, ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമയും , അവിടത്തെ പ്രശസ്തമായ സൂര്യാസ്തമയത്തിനും സാക്ഷ്യം വഹിക്കാൻ പറ്റി .

ഇന്നും ആധുനികത കടന്നു ചെല്ലാത്ത മേൽക്കോട്ട ഗ്രാമം ഒരദ്‌ഭുതമാണ്. അവിടത്തെ അയ്യങ്കാർ ബ്രാഹ്മണരും പത്താം നൂറ്റാണ്ടു മുതൽ അവർ തുടർന്ന് വരുന്ന ആചാരങ്ങളും എന്റെ കൗതുകം കൂട്ടി. ഏറ്റവും മതിപ്പുളവാക്കിയത് ആയിരം കൊല്ലങ്ങളായി അവിടെ ഗ്രാമീണർ സംരക്ഷിച്ചു പോരുന്ന നൂറോളം കുളങ്ങളാണ്. മലമുകളിൽ സ്ഥിതി ചെയ്യുന്ന മേൽക്കോട്ട ഗ്രാമത്തിലെ കൃഷിക്കും മറ്റും ആവശ്യമുള്ള വെള്ളം വർഷം മുഴുവൻ ലഭ്യമാക്കിയത് ഈ കുളങ്ങളിൽ നിന്നായിരുന്നു. മേൽക്കോട്ടയുമായി അടുത്ത ബന്ധമുള്ള വേറൊരു ഗ്രാമമാണ് തൊണ്ടന്നൂർ. രാമാനുജാചാര്യന്റെ ബാഗും ദിവ്യദണ്ഡും ഇന്നും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അങ്ങിനെ അതും കണ്ട് എട്ടു ദിവസത്തെ കർണാടക പര്യടനം അവസാനിപ്പിച്ചു.

കണ്ട കാഴ്ചകളെ പോലെ മനോഹരമായിരുന്നു ചെയ്ത യാത്രയും. പതിവിൽ നിന്ന് വിപരീതമായി നാഷണൽ ഹൈവേയിൽ നിന്നും മാറി സ്റ്റേറ്റ് ഹൈവേയും , ഗ്രാമീണ പാതകളും ആയിരുന്നു യാത്രക്ക് തിരഞ്ഞെടുത്തത്. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. കൂർഗിൽ നിന്നും ബേലൂർ എത്താൻ ആകെ രണ്ടു മണിക്കൂറിൽ കുറവ് മതി. പക്ഷേ ബിസ്‌ലെ ഘാട് , ദേവർമനെ തുടങ്ങിയ മനോഹരമായ ഉൾനാടൻ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു ബേലൂർ എത്താൻ അഞ്ചു മണിക്കൂർ എടുത്തു. ഈ റൂട്ട് ഒക്കെ പറഞ്ഞു തന്നത് റോഡ് യാത്രകളുടെ ഉസ്താദായ HVK സർ ആയിരുന്നു. എനിക്ക് പലപ്പോഴും ഓർമ്മ വന്നത് ‘ It’s not about the destination … Its about the journey ‘ എന്ന ഇംഗ്ലീഷ് വാചകമായിരുന്നു .

എപ്പോഴും കൃത്യമായി സ്റ്റേ പ്ലാൻ ചെയ്താണ് ഇതു വരെ യാത്ര ചെയ്തിരുന്നത്. ഇത്തവണ കൂർഗിലെ ഹോം സ്റ്റേ മാത്രമേ ആദ്യം ബുക്ക് ചെയ്തിരുന്നുള്ളു. ബാക്കി എല്ലാം അതാത് ദിവസം എത്തുന്ന സ്ഥലത്തു താമസം കണ്ടു പിടിക്കുകയായിരുന്നു. അങ്ങിനെ ചെയ്തത് കൊണ്ട് യാത്രയിൽ കുറച്ചു കൂടി സ്വാന്തത്ര്യം അനുഭവപെട്ടു. ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ കൂടുതൽ ദിവസം നിൽക്കാനും, താല്പര്യം തോന്നാതിരുന്ന സ്ഥലങ്ങളിൽ നിന്നും പെട്ടെന്ന് സ്ഥലം കാലിയാക്കാനും അത് കൊണ്ട് സാധിച്ചു.

സുഹൃത്തുക്കൾ പലരും ചോദിച്ചു ഒറ്റക്ക് യാത്ര ചെയ്യാൻ ഭയം തോന്നിയില്ലേ എന്ന്. യാത്ര ചെയ്യാൻ പേടി തോന്നിയില്ല പക്ഷേ ചില മണ്ടത്തരങ്ങൾ ചെയ്തു പണി വാങ്ങിയ സന്ദർഭങ്ങളും യാത്രയിൽ ഉണ്ടായിട്ടുണ്ട്. കുശാൽനഗർ നിന്നും കുദ്രസ്‌തെ പോകാൻ രാവിലെ അഞ്ചരക്ക് ഇറങ്ങി, ഹൈവേ നിന്നും മാറി വില്ലേജ് റോഡ് വഴി യാത്ര തിരിച്ചു. കുറച്ചു പോയപ്പോൾ ചെറിയ പേടിയൊക്കെ തുടങ്ങി. നല്ല മഞ്ഞു കാരണം ഒരടിക്ക് അപ്പുറം ഒന്നും കാണാനില്ല. വഴിയിൽ ഒരു ലൈറ്റും ഇല്ല…. മറ്റു വണ്ടികളുടെ പൊടിയും പുകയും ഇല്ല . ആകെ സമാധാനം നല്ല വീതിയുള്ള റോഡായിരുന്നു എന്നത് മാത്രം. പിന്നെയുള്ള യാത്രകളിൽ രാവിലെ ഇറങ്ങുമ്പോൾ നാഷണൽ ഹൈവേ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചു .

സോളോ യാത്ര ആണേലും ഡ്രൈവ് ആണേലും വൈകിട്ട് അഞ്ചിന് മുമ്പ് താമസ സ്ഥലത്ത് എത്താൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാൽ ശ്രവണബെലഗോളയിൽ സൂര്യാസ്തമയം കണ്ട് ഞാൻ അവിടെ ഇരുന്നു പോയി. നാല്പതു കിലോമീറ്റർ സഞ്ചരിച്ചാൽ താമസ സ്ഥലം എത്തും എന്നുള്ളതും ധൈര്യം തന്നു. പക്ഷേ പണി നൈസ് ആയിട്ട് പാളി. സൂര്യാസ്തമയം കഴിഞ്ഞതും മൊത്തം ഇരുട്ടായി. ഗൂഗിൾ മാപ്പ് എന്നെ ഗ്രാമ പാതകളിലേക്കു നയിച്ചു. ഏകദേശം മുപ്പതോളം കിലോമീറ്റർ , ഗ്രാമത്തിലെ പൊട്ടി പൊളിഞ്ഞ ചെറിയ റോഡിലൂടെ സഞ്ചരിക്കേണ്ടി വന്നു. ചിലയിടത്തു റോഡിൽ കച്ചി ഉണക്കാൻ ഇട്ടിരുന്നത് കൊണ്ട് റോഡും ഇല്ലായിരുന്നു.

കുറച്ചു പോയപ്പോഴേക്കും ഗൂഗിൾ മാപ്പ് സഡൻ ബ്രേക്കിട്ടു , ദ ഗൂഗിൾ ബ്രേക്ക്… !

എങ്ങോട്ടു പോകണം എന്നറിയാതെ നട്ടം തിരിഞ്ഞ നിമിഷങ്ങൾ…. റോഡിലാണേൽ ഒരു മനുഷ്യകുഞ്ഞു പോലുമില്ല. റോഡിൽ നിന്നും മാറി ഒറ്റപ്പെട്ട വീടുകളിൽ വെളിച്ചം കാണാം. അവിടെ രാത്രിയിൽ പോയി വഴി ചോദിയ്ക്കാൻ ധൈര്യം തോന്നിയില്ല. ഉള്ളതിൽ വീതി കൂടിയ വഴി തിരഞ്ഞെടുത്തു മുന്നോട്ടു പോയി. ഏകദേശം അര മണിക്കൂർ ഇങ്ങനെ യാത്ര ചെയ്തു കഴിഞ്ഞപ്പോൾ സ്റ്റേറ്റ് ഹൈവേ എത്തി…. സിഗ്നലും കിട്ടി. വല്ല വിധേനെയും താമസ സ്ഥലത്ത് എത്തി ചേർന്നു.

ദോഡഗദവല്ലി ക്ഷേത്രം തപ്പി പോയപ്പോൾ വേറൊരു അബദ്ധം പറ്റി . ഹൊയ്സാലർ പണിത ഈ ക്ഷേത്രം കൂടുതൽ ആളുകൾക്ക് അറിയില്ല. ഗൂഗിൾ മാപ്പിൽ എല്ലാം സെറ്റ് ചെയ്തു യാത്ര തുടങ്ങി. വീണ്ടും ഗ്രാമ വഴികളിൽ കൂടി സഞ്ചാരം.ഇടുങ്ങിയ വഴികളിൽ കൂടിയുള്ള എന്റെ വണ്ടി പോകുന്നത് കണ്ടു ഗ്രാമീണർ അന്തം വിട്ടു നിൽപ്പുണ്ട്. എങ്കിലും ഗൂഗിളിനെ കണ്ണും അടച്ചു വിശ്വസിച്ച് മുന്നോട്ട് പോയി. കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ ബൈക്ക് മാത്രം പോകാൻ പറ്റുന്ന വഴി…. ചില ഗ്രാമീണർ എന്റെ പിന്നാലെ അവിടെ എത്തി. അവര് പറഞ്ഞാണ് മനസിലാക്കിയത് വഴി തെറ്റി എന്നുള്ളത് . ഗൂഗിൾ നോക്കിയപ്പോ കാർ പോകേണ്ട വഴിക്കു പകരം ഞാൻ സെറ്റ് ചെയ്തത് ബൈക്ക് പോകുന്ന വഴിയായിരുന്നു . അങ്ങിനെയും പറ്റി കുറച്ചു മണ്ടത്തരങ്ങൾ.

ഏറ്റവും സങ്കടം തോന്നിയത് ഗ്രാമത്തിലൂടെ പോകുമ്പോൾ , ആളുകളുമായി സംസാരിക്കാൻ പറ്റാതിരുന്നതാണ്. ഒരാൾക്കും കന്നഡയല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. ഞാനാകട്ടെ ആര് എന്ത് ചോദിച്ചാലും ‘കന്നഡ ഗൊത്തില്ല ‘ (കന്നഡ അറിയില്ല ) എന്ന് ഉത്തരം പറയും. ബെലവാടി ഗ്രാമം സന്ദർശിച്ചപ്പോൾ ആകെ നിരാശ തോന്നി.

പിറ്റേന്ന് ഹാലേബീട് പോയി , അവിടന്ന് ഒരു ഗൈഡിനെയും പൊക്കി തിരിച്ചു ഗ്രാമത്തിൽ പോയി അവിടത്തെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കി, അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ…

ഏതായാലും ഈ യാത്രയിലെ അനുഭവങ്ങൾ എന്നിലെ യാത്രികയെ കൂടുതൽ സ്ഫുടം ചെയ്തെടുത്തു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് . ഇനിയും ഇതു പോലെ യുള്ള യാത്രകൾ തുടരണമെന്ന് മനസ്സ് മന്ത്രിക്കുന്നു – ഓരോ നാട്ടുകാഴ്ചകളും കണ്ട് , നാട്ടുകാരെയും , സംസ്കാരത്തെയുമൊക്കെ മനസിലാക്കിയുള്ള ചെറിയ യാത്രകൾ… കൂടെ

യാത്രകൾ കൂടുതൽ ഹൃദ്യമാക്കാൻ അൽപം പ്രാദേശിക ഭാഷകൾ കൂടി പഠിച്ചെടുത്താലൊ എന്നൊരു ആഗ്രഹം കൂടിയുണ്ട് … !

‘Greatest part of a road trip isn’t arriving at your destination …. Its all the wild stuff that happens along the way !!!!’ – Emma Chase

Summary

Route : Cochin – Iritty – Coorg -Kudrasthe- Devarmane- Sakleshpur – Belur – Belavadi – Halebidu – Shravanabelagola – Melkotte – Thondannur – Mysore – Nilambur – Cochin

Car : Scross

Total kilometers : 1518

Diesel : 74l

Mileage : 20.5

Pass required : E pass required for Tamilnadu. Was checked while entering Nadukani. Registration in jagratha portal of kerala state. was checked at vazhikadavu checkpost

Quarantine : 7 days quarantine with antigen test on 7th day after entering Kerala

Climate : Warm during daytime and cold during night at Coorg. Hot during day time and cool during night at Belur Halebidu. Cloudy during day time and cold during night at Melkote

Things I did : Scenic drive across Karnataka country side especially Bisleghat road , Places related to Haleri dynasty in Coorg , Temples related to Hoysala empire , Culture of Kodavas and Melkotte Iyengars , Temples relates to Ramanuja at Melkotte and Thondannur

Stay :

  1. At Coorg – Blue Mountain homestay , Napoklu @ 1200/ night inclusive of bf
  2. At Kushalnagar – Palmera resort @ 3k / night inclusive of bf
  3. At Halebidu – Ktdc Mayura – 1300/night
  4. At Melkote – Friends home

Expenses

Diesel : 5770

Stay : 5500 rs

Food : 2500 rs

Guide fees – 1000

Misc – 230

Total cost ( 8day, 7 night ) -15000 rs

 

Leave a Reply

Your email address will not be published. Required fields are marked *