Contact About Mitra Change Language to മലയാളം

ഛത്തിസ്ഗറിലെ ‘ചാപ്ട ചട്നി’

“ഛത്തിസ്‌ഗർ പോകുന്നെങ്കിൽ ചാപ്ട ചട്നി കഴിക്കാൻ മറക്കല്ലേ ” സുഹൃത്തിന്റെ നിർദേശം ഞാൻ മനസിൽ കുറിച്ചിട്ടു.

സാധാരണ ഒരു സ്ഥലത്തേക്ക് പോകുമ്പോൾ അവിടത്തെ ഭക്ഷണത്തെ കുറിച്ച് വിശദമായി പഠിച്ചും, കുറിപ്പ് തയ്യാറാക്കിയുമാണ് പോകുക. ‘ഒരു ദേശി ഡ്രൈവ്’ പ്ലാൻ ചെയ്ത സമയത്തു പക്ഷേ ഒരുപാടു സ്ഥലങ്ങളിൽ പോകുന്നതു കൊണ്ടും, പല മുന്നൊരുക്കങ്ങളും ചെയ്യേണ്ടിയിരുന്നതുകൊണ്ടും ഭക്ഷണത്തെ പറ്റി കാര്യമായ പഠനം നടത്തിയില്ല.

ഛത്തിസ്ഗർഹിലെ ബസ്തറിൽ ചെന്നപ്പോൾ ഗൈഡിനോട് , ചാപ്ര ചട്നി സംഘടിപ്പിച്ചു തരണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. അത് കടകളിൽ ലഭ്യമല്ലെന്നും ഏതെങ്കിലും ഗ്രാമത്തിൽ ഏർപ്പാട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ജാമവാട ഗ്രാമ സന്ദർശനത്തിന് മുൻപ് ഗൈഡ് മനീഷ് പറഞ്ഞു ” ഇന്ന് ഉച്ചക്ക് ചോറും ചാപ്ര ചട്നിയുമാണ് ഏർപ്പാടാക്കിയിട്ടുള്ളത് ” . എനിക്ക് സന്തോഷമായി. മകൻ നാരായണൻ ചോദിച്ചു ” അമ്മേ , ചാപ്ര ചട്നി എന്താണ് ” അപ്പോഴാണ് ഞാൻ അതെന്താണെന്നു പോലും മനസിലാക്കിയില്ല എന്നോർത്ത്. എങ്കിലും അറിയുന്ന ഭാവത്തോടെ തന്നെ ഞാൻ പറഞ്ഞു – അതൊരു സർപ്രൈസ് ആണ് !

ജാമവാട ഗ്രാമത്തിൽ എത്തിയപ്പോൾ ഉച്ചയായി. ഞങ്ങൾക്ക് വേണ്ടി ഊണ് തയാറാക്കി വെച്ച ‘സോൺസെ’ എന്ന പയ്യന്റെ വീട്ടിലേക്കാണ് പോയത്.

ചെന്നതും അവന്റെ സഹോദരി സൻതാറിൻ ഓടി വന്ന് എന്റെ കൈ പിടിച്ചു .’മാഡത്തിനാണല്ലേ ചാപ്ട ചട്നി കഴിക്കാൻ ആഗ്രഹം ,ഞാൻ മാഡം വരാൻ കാത്തിരിക്കുകയായിരുന്നു ചാപ്ട ചട്നി ഉണ്ടാക്കാൻ “. സന്തോഷമായി ,ചാപ്ട ചട്നി കഴിക്കാൻ മാത്രമല്ല ചേരുവ മനസ്സിലാക്കാനും ഉണ്ടാക്കുന്നത് കാണാനും അവസരം കിട്ടുകയാണ്.

സന്താറിൻ എന്നെ വീടിന്റെ വരാന്തയിൽ ഇരുത്തിയിട്ട് സാധനങ്ങൾ എടുക്കാൻ അകത്തേക്ക് പോയി. ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ വരാന്തയുടെ സൈഡിലായി മിശിർ എന്ന് വിളിക്കുന്ന ചോനൻ ഉറുമ്പിന്റെ കൂട് കണ്ടു. കുട്ടിക്കാലത്ത് മരങ്ങളിൽ വലിഞ്ഞു കയറുമ്പോൾ കടി കിട്ടിയതും വെപ്രാളപ്പെട് തിരിച്ചിറങ്ങേണ്ടി വന്നതും വീണതുമൊക്കെ മനസിലുള്ളതുകൊണ്ട് ശത്രുതാ മനോഭാവത്തോടെ അൽപം മാറിയിരുന്നു .

സന്താറിൻ പ്ലേറ്റിൽ സാധനങ്ങളുമായി വന്ന് വരാന്തയിലിട്ട അരകല്ലിന്റെയടുത്ത് നിന്നു .


സോൺസെ ഉറുമ്പിന്റെ കൂടെടുത്ത് ഞങ്ങളെ നോക്കി ചിരിച്ചു. ഇതെന്തു ചെയ്യാൻ പോണെന്നു കരുതി ഞാനും നാരായണനും പരസ്പരം നോക്കി .ഉറുമ്പിന്റെ കൂട് പൊളിച്ച് ഉറുമ്പും, മുട്ടകളുമെല്ലാം ഒരു പാത്രത്തിലേക്ക പകർത്തി, അമ്മിക്കടുത്തു നിൽക്കുന്ന സന്താറിനു കൊടുത്തു.

എനിക്ക് കാര്യങ്ങൾ ഒരു വിധം കത്തി തുടങ്ങി, ചാപ്ട ചട്നി എന്നാൽ ഉറുമ്പു ചമ്മന്തി… മെയിൻ ഇൻഗ്രീഡിയന്റാണ് ഉറുമ്പ്.നാരായണനും കാര്യം കത്തി. “അയ്യേ … ഉറുമ്പിനെയാണോ ഇവർ കഴിക്കുന്നത് ” എന്നവൻ മുഖം ചുളിച്ചു.

ഞാൻ അവനോടു പറഞ്ഞു ” നാട് കാണാൻ വരുന്ന സഞ്ചാരിയായിട്ടാണ് നാം വന്നിരിക്കുന്നത്. ഓരോ നാട്ടിലും ഓരോ ഭക്ഷണ രീതികളും മറ്റുമായിരിക്കും. അത് നാം മനസിലാക്കുകയും ആസ്വദിക്കുകയും ചെയ്യുക എന്നല്ലാതെ അതിനെ അറപ്പോടെ കാണരുത് . അവരുടെ ജീവിത സാഹചര്യമാണ് ഭക്ഷണ രീതികളെയും മറ്റും തീരുമാനിക്കുന്നത്. കാട്ടിൽ ജീവിച്ചിരുന്ന അവരുടെ പൂർവികർ ഒരുപക്ഷേ ജീവൻ നിലനിർത്താൻ ഇതൊക്കെയാകും ഭക്ഷിച്ചത്. നാം കഴിക്കുന്ന ഭക്ഷണവും ,പ്രവർത്തികളും മാത്രമാണ് ശരി എന്ന് നാം ശഠിക്കരുത് ” യാത്രികർക്കുണ്ടാവേണ്ട ചില മര്യാദകളെ കുറിച്ച് അവന് പറഞ്ഞു കൊടുത്തു .

അപ്പോഴേക്കും സന്താറിൻ ഇഞ്ചിയും , വെളുത്തുള്ളിയും, ചുമന്ന മുളകും, വാട്ടിയ തക്കാളിയും ചേർത്ത് അരച്ച് കഴിഞ്ഞിരുന്നു. എന്നേ നോക്കി ചെറു പുഞ്ചിരിയോടെ, സഹോദരൻ എടുത്തു കൊടുത്ത ഉറുമ്പിനെയും അതിലേക്ക് തട്ടി. നിമിഷ നേരം കൊണ്ട് ചാപ്ട ചട്നി തയ്യാറായി.

നാരായണനെ ഉപദേശിച്ചെങ്കിലും, ചോറ് ഉറുമ്പു ചമ്മന്തി കൂട്ടി കഴിക്കണം എന്ന് ഓർത്തപ്പോൾ മനസ്സിൽ ചെറിയ അങ്കലാപ്പുണ്ടായി. നാഗാലാൻഡിൽ പുഴു വിഭവങ്ങളും, ആസ്സാമിൽ ഒച്ച് വിഭവങ്ങളും ഒക്കെ കാണാൻ ഇഷ്ടമായിരുന്നെങ്കിലും കഴിക്കാൻ ശ്രമിച്ചിരുന്നില്ല.ഇതിപ്പോ ഞാൻ പ്രത്യേകം പറഞ്ഞു തയ്യാറാക്കിയതുകൊണ്ടു കഴിക്കാതെ തല ഊരാനും പറ്റില്ല .ഒന്നാലോചിച്ചാൽ നാം കഴിക്കുന്ന മുട്ടയും , ചിക്കനും ,മീനുമൊക്കെ ഇതുപോലെ തന്നെയല്ലെ. നമുക്ക് ശീലമില്ലാത്തത് നമുക്ക് അപ്രിയമായി തോന്നും എന്ന് മാത്രമേയുള്ളു.

മനീഷ് എന്നോട് ചാപ്ട ചട്നി യുടെ ഗുണങ്ങളെ പറ്റി പറഞ്ഞു. ഇതിൽ ധാരാളം കാൽസ്യം, പ്രോടീൻ അടങ്ങിയിട്ടുണ്ട്. ഉറുമ്പിൽ അടങ്ങിയിട്ടുള്ള ഉള്ള ഫോർമിക് ആസിഡ് മലേറിയ പോലുള്ള രോഗങ്ങളെ ചെറുക്കൻ സഹായിക്കും പോലും. പ്രതിരോധ ശക്തി വർധിപ്പിക്കാനും ഈ ചാപ്ട ചട്നി സഹായിക്കും. ഇതു സ്ഥിരം കഴിക്കുന്നത് കൊണ്ടാണ് ഈ പ്രദേശങ്ങളിൽ കോവിഡ് ഇതുവരെ കാണാത്തത് എന്നായിരുന്നു അവരുടെ വിശ്വാസം. പ്രശസ്ത ഫുഡ് ബ്ലോഗർ ആയ ഗോർഡൻ റാംസെ മൂന്നു വര്ഷം മുമ്പ് ഇന്ത്യ സന്ദർശിച്ചപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഇതായിരുന്നു പോലും !

ഉണ്ണാനിരുന്നപ്പോഴാണ് ആശ്വാസമായത് ചാപ്ട ചട്നി മാത്രമല്ല പരിപ്പും, ചക്കക്കറിയും , തക്കാളി ചാറും ഉണ്ടായിരുന്നു. ചാപ്ട ചട്നി രുചിച്ചു നോക്കി.നല്ല എരിവും പുളിയും. ഉറുമ്പിന്റെ രുചി അറിയാനില്ല. രുചിയറിയാൻ ഞാൻ മുമ്പ് ഉറുമ്പിനെ കഴിച്ചിട്ടുണ്ടോ എന്ന് ചോദിക്കരുത് . അസാധാരണമായ രുചി വേറിട്ട് അറിയുന്നില്ല എന്നാണ് ഉദ്ദേശിച്ചത്.തക്കാളിയുടെയും, ഇഞ്ചിയുടെയും, വെള്ളുത്തുള്ളിയുടെയും ഒക്കെ പരിചിതമായ രുചിയാണ് നാവിൽ തട്ടിയത്.

നാരായണനും പരാതി പറയാതെ ഭക്ഷണം കഴിച്ചു. ചാപ്ട ചട്നി ഒന്ന് രുചിച്ചിട്ട് ‘നല്ല ടേസ്റ്റ് ഉണ്ട്. പക്ഷേ എനിക്ക് ഇനി വേണ്ട ‘ എന്ന് പറഞ്ഞത് കേട്ടപ്പോൾ ചിരി വന്നു. പാവം .. യാത്രയിൽ ഒരുപാട് കാര്യങ്ങൾ അവനു പഠിക്കാനായി. അതിൽ ഏറ്റവും പ്രധാനം മറ്റുള്ളവരുടെ ഭക്ഷണത്തെ ബഹുമാനിക്കുക എന്നതായിരിക്കാം. പിന്നീട് ഈ പാഠം ഒന്ന് കൂടി ഉറപ്പിക്കാനായി ഞാൻ അവനെയും കൂട്ടി കൊഹിമ മാർക്കറ്റിൽ പോയി. അവിടെ പുഴു, തവള , ഒച്ച് എല്ലാം വില്പനക്ക് വെച്ചിട്ടുണ്ടായിരുന്നു. ഒരിക്കൽ പോലും അവൻ മുഖം ചുളിക്കുകകയോ , തല തിരക്കുകയോ ചെയ്തില്ല.

തുറന്ന മനസ്സോടെ സഞ്ചരിക്കാൻ , മറ്റുള്ളവരുടെ സംസ്കാരത്തെ ബഹുമാനിക്കാൻ അവൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു… സന്തോഷം !

 

( Unexplored Bastar conducts tour of villages – Contact Jeet Singh Arya – 9727747567)

All Comments

Leave a Reply

Your email address will not be published. Required fields are marked *

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.

  1. Aruna says:

    Enjoyed watching and eating Chapda chatni.

  2. Abdul Khadar says:

    very interesting