Contact About Mitra Change Language to മലയാളം

ജയ്‌പൂരിലെ രാജവീഥികളിലൂടെ ഒരു സഞ്ചാരം !!!

 


ജയ്‌പൂർ …. വാസ്തുശാസ്ത്ര വിധി പ്രകാരം നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം. ..
യുനെസ്കോ പൈതൃകപട്ടികയിൽ ഇടം പിടിച്ച ഏക സംസ്ഥാന തലസ്ഥാനം …രണ്ടു യുനെസ്കോ പൈതൃക കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന നഗരം…. വരണ്ട കാലാവസ്ഥയിൽ പോലും കാശ്‌മീരിലെ കുങ്കുമ ചെടികൾ നട്ടു പിടിപ്പിച്ചിരിക്കുന്ന കേസർ ക്യാരി പൂന്തോട്ടം …. ഇരുന്നൂറിൽ പരം വർഷങ്ങളായി വെള്ളത്തിൽ നിലകൊള്ളുന്ന ജൽ മഹൽ … തൊള്ളായിരത്തി അമ്പതിൽ പരം ജനാലകളുള്ള , രാജസ്ഥാന്റെ മുഖമുദ്രയായി നിലകൊള്ളുന്ന ഹവാ മഹൽ ….ഗിന്നസ് ബുക്കിൽ ഇടം പിടിച്ച വെള്ളി പാത്രം സൂക്ഷിച്ചിരിക്കുന്ന സിറ്റി പാലസ് … ഈജിപ്തിൽ നിന്നും ഇറക്കു മതി ചെയ്ത ‘മമ്മി ‘ പ്രദർശിപ്പിച്ചിരിക്കുന്ന ആൽബർട്ട് മ്യൂസിയം …. അങ്ങിനെ അങ്ങിനെ ഒരു സഞ്ചാരിക്ക് കാഴ്ചകളുടെ മായാലോകമാണ് ജയ്‌പൂർ തുറന്നു തരുന്നത്.

ജയ്‌പൂരിലെ കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ, ചരിത്രത്തിലെ ചില ഏടുകളെങ്കിലും മറിച്ചു നോക്കണം.

ജയ്‌പൂർ ചരിത്രം തുടങ്ങുന്നത് പത്താം നൂറ്റാണ്ടിൽ കച്വഹാ രജപുത്രന്മാർ , ചന്ദ മീന രാജാവായ അലൻ സിംഗിനെ തോൽപ്പിച്ച് അമീർ നഗരം കീഴടക്കിയപ്പോൾ മുതലാണെന്ന് പറയാം. ആ പ്രദേശത്തെ ഒരു വലിയ ശക്തിയായി കച്വഹാ രജപുത്രന്മാർ മാറി. തന്റെ പ്രജകളെ സംരക്ഷിക്കാൻ പതിനാറാം നൂറ്റാണ്ടിൽ മഹാരാജ മാൻസിംഗ് അമീർ കോട്ട പണികഴിപ്പിച്ചു . മുഗൾ ചക്രവർത്തികളോട് കൂറ് പുലർത്തിയ ഇവർ, മുഗൾ സൈന്യത്തിന്റെ കൂടി സഹായത്തോടെ , അമീർ കോട്ട ആസ്ഥാനമാക്കി മേവാറും (ഉദൈപൂർ) , മാർവാറും (ജോധ്പുർ) ഭരിച്ചു വന്നു.

വെള്ളത്തിന്റെ ദൗർലഭ്യത പരിഹരിക്കാനും, ജനങ്ങളുടെ ഭാവിയിലുള്ള ആവശ്യങ്ങൾ മനസിലാക്കി കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും വേണ്ടി ജയ് സിംഗ് രണ്ടാമനാണ് 1726ൽ ഇന്നത്തെ ജയ്‌പൂരിലേക്ക് തലസ്ഥാനം മാറ്റിയത്. ഒരു മികച്ച ഭരണാധികാരിയും, ഗണിതശാസ്ത്രജ്ഞനും , ജ്യോതിശാസ്ത്രജ്ഞനുമായ അദ്ദേഹം വളരെ സൂക്ഷ്മതയോടെയാണ് നഗരത്തിന്റെ രുപരേഖ തയ്യാറാക്കിയത്. ഇതിനു വേണ്ടി യൂറോപ്യൻ നഗരങ്ങളുടെ മാപ്പ് വരെ അദ്ദേഹം ഉപയോഗപ്പെടുത്തി . ബംഗാളി വാസ്തുശാസ്ത്ര വിദഗ്ദ്ധനായ വിധ്യാധർ ഭട്ടാതിരിയുടെ സഹായത്തോടെ നാലു വർഷം കൊണ്ടാണ് പട്ടണത്തിന്റെ പണി പൂർത്തിയാക്കിയത്.

വീതിയേറിയ രാജപാതകളും അടുക്കും ചിട്ടയുമുള്ള കെട്ടിടങ്ങളും നിലവിൽ വന്നു. വാണിജ്യ സ്ഥാപനങ്ങൾക്കും , വീടുകൾക്കും, അമ്പലങ്ങൾക്കുമെല്ലാം സമാനമായ മുഖപ്പും നിറവും കൊടുത്താണ് പണി കഴിപ്പിച്ചത് . ഇന്നും ബാപ്പു ബാസാറിൽ പോയാൽ , ഒരേ പോലുള്ള കച്ചവട മുറികൾ നിരന്നു നിൽക്കുന്നത് കാണാം. റോഡുകൾ കിഴക്കു പടിഞ്ഞാറോ തെക്കു വടക്കോ ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. റോഡുകൾ ചേരുന്ന നാല്കവലകളെ ചൗപർ എന്നാണ് വിളിച്ചിരുന്നത്. ഇക്കണ്ട കാലമത്രയും നഗരം അതിന്റെ തനിമയും പാരമ്പര്യവും സംരക്ഷിച്ചു പോന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് യുനെസ്കോ പട്ടികയിൽ ഈ നഗരവും സ്ഥാനം പിടിച്ചിട്ടുള്ളത്.

രാജ കുടുംബത്തിന് താമസിക്കാൻ ജയ് സിംഗ് തന്നെ പണിത കൊട്ടാരമാണ് ഇന്ന് സിറ്റി പാലസ്സായി അറിയപ്പെടുന്നത്.അദ്ദേഹം തന്നെയാണ് 1734 ൽ ജന്തർ മന്തർ നിർമ്മിച്ചത്. വേട്ട ആവശ്യങ്ങൾക്ക് വേണ്ടി 1750 ൽ മധോ സിംഗ് ഒന്നാമൻ പണിതതാണ് ജൽ മഹൽ.മഹാരാജ സവായി പ്രതാപ് സിംഗാണ് 1799 ഇൽ ഹവാ മഹൽ പണിതത് .

കച്വഹാ രജപുത്ര രാജാക്കന്മാർക്ക് ‘സവായി ‘ എന്ന പദവി ലഭിച്ചതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ജയ് സിംഗ് രണ്ടാമന്റെ വിവാഹത്തിന് അതിഥിയായി എത്തിയ മുഗൾ ചക്രവർത്തിക്ക് , ജയ് സിംഗിന്റെ വാക് ചാതുരിയിൽ മതിപ്പു വന്നതിനാലാണ് ഒന്നേകാൽ അഥവാ ഒന്നിനെക്കാൾ മികച്ചത് എന്നർത്ഥത്തിൽ സവായി പദവി നൽകിയത്!

ജയ്‌പൂരിന് ‘പിങ്ക് സിറ്റി’ എന്ന പേര് വന്നതിനും ഇതു പോലെ കൗതുകപരമായ ഒരു കഥയുണ്ട് . പണ്ട് കാലത്തു ,വെള്ള ചുണ്ണാമ്പും , ഇഷ്ടികപ്പൊടിയും കലർത്തി മങ്ങിയ ചെങ്കൽ നിറത്തിലായിരുന്നു പല വീടുകളും.1876ൽ വെയിൽസ്‌ രാജകുമാരൻ ആൽബർട്ട് എഡ്‌വാർഡിന്റെ സന്ദർശനത്തിന് മുന്നോടിയായി എല്ലാ വീടുകൾക്കും ‘ഗേരുആ’ എന്ന് വിളിക്കുന്ന മങ്ങിയ ചെങ്കൽ നിറം അടിക്കാൻ രാജാവ് ഉത്തരവിട്ടു. ആതിഥ്യമര്യാദയുടെ നിറമായും ഇതിനെ കരുതിയിരുന്നു. ഏതായാലും ആൽബർട്ട് രാജകുമാരന് സംഭവം വളരെയധികം ഇഷ്ടമായി. ഇംഗ്ലീഷിൽ ഇതിനു ഉചിതമായ പേര് കിട്ടാതിരുന്നതുകൊണ്ട് അദ്ദേഹം ഇതിനെ പിങ്ക് സിറ്റിയായി വിശേഷിപ്പിച്ചു. അങ്ങിനെയാണ് ചെങ്കൽ കെട്ടിടങ്ങളുടെ നഗരമായ ജയ്‌പൂർ പിങ്ക് സിറ്റിയായി മാറിയത് !!!

ഇനി നമുക്ക് കാഴ്ചകൾ അമീർ ഫോർട്ടിൽ നിന്നും കണ്ടു തുടങ്ങാം!


ജയ്‌പൂർ നഗരത്തിൽ നിന്നും പതിനൊന്നു കിലോമീറ്റർ ദൂരെ , മഹോത തടാകക്കരയിൽ നിലകൊള്ളുന്ന ഒരു കൂറ്റൻ കോട്ടയാണ് അമീർ ഫോർട്ട് അഥവാ ആംബർ ഫോർട്ട് . ഇതിന്റെ നിർമ്മാണ മികവുകൊണ്ട് ഇതിനെ യുനെസ്കോ പൈതൃക പട്ടികയിൽ ചേർത്തിട്ടുണ്ട് . രാജാ മാൻസിംഗ് ഒന്നാമൻ ഇതിന്റെ പണി തുടങ്ങി വെക്കുകയും പിന്നീട് വന്ന രാജാക്കന്മാർ പണി പൂർത്തീകരിക്കുകയുമാണുണ്ടായത്. മുഗൾ രാജാക്കന്മാരോടുള്ള പ്രതിപത്തി കാരണം ഹിന്ദു മുഗൾ വാസ്തുവിദ്യകളുടെ സങ്കരം കെട്ടിടങ്ങളിൽ വ്യക്തമായിരുന്നു.


നാലു കിലോമീറ്റർ ചുറ്റളവിൽ പണിത കൂറ്റൻ മതിൽകെട്ടിനകത്താണ് കെട്ടിടങ്ങളും , ഏക്കറു കണക്കിന് മലകളും കാടുകളും സ്ഥിതി ചെയ്യുന്നത്. അംബികേശ്വരനെ (ശിവൻ) / അംബയെ (ദേവി ) ആരാധിക്കുന്നതിൽ നിന്നുമാണ് ആംബർ ഫോർട്ട് എന്ന പേര് വന്നത്.

വലിയ കല്ലുകൾ പാകിയ ചെങ്കുത്തായ കയറ്റം കയറി വേണം പ്രധാന കവാടമായ സൂരജ് പോൾ കടന്ന് , ആദ്യത്തെ അങ്കണമായ ജലേബ് ചൗക്ക് എത്താൻ . ഇവിടെയായിരുന്നു രാജാവിന്റെ സൈന്യം പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്നത്.തുടർന്ന് പടികൾ കയറി വേണം രണ്ടാമത്തെ അങ്കണത്തിലെത്താൻ . പോകുന്ന വഴിക്ക് ഇടതു വശത്തായി ശിലാ ദേവി മന്ദിരമുണ്ട് . ഇവിടെ പ്രാർത്ഥിച്ചതിനു ശേഷമാണ് രാജാവ് യുദ്ധത്തിന് പുറപ്പെടുക.

പണ്ട് ദേവിപ്രീതിക്കായി എന്നും നരബലി നടത്താറുണ്ടായിരുന്നു പോലും. പിൽകാലത്ത് മനുഷ്യനു പകരം ആടിനെ ബലി കൊടുക്കാൻ തുടങ്ങി . ഗൈഡ് പറഞ്ഞതു പ്രകാരം ഇന്നും ഈ മൃഗബലി തുടരുന്നുണ്ട് . പൊതുസ്ഥലത്തു വെച്ചല്ല എന്ന് മാത്രം .

രണ്ടാമത്തെ അങ്കണത്തിലാണ് ദിവാൻ ഇ ആം എന്ന് വിളിക്കുന്ന പൊതു സദസ്സ് നടത്തുന്ന ഹാൾ . ഇവിടെ കൊത്തുപണികളുള്ള 27 തൂണുകൾ കാണാം. ഇതിന്റെ ചുവട്ടിലാണ് കാര്യവാഹകർ ഇരുന്നു കരവും മറ്റും പിരിച്ചിരുന്നത്.
തുടർന്നുള്ള, മനോഹരമായി അലങ്കരിച്ച ഗണേഷ് പോൾ എന്ന കവാടം വഴിയാണ് രാജാവിന്റെ സ്വകാര്യ വാസ സ്ഥലത്തേക്ക് പോകേണ്ടത്.

നേരെ കാണുന്നത് മുഗൾ പൂന്തോട്ടമാണ് . ഷഡ്കോണുള്ള നക്ഷത്രത്തിന്റെ ആകൃതിയിലാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത് . ഇതിന്റെ ഇരുവശത്തുമായി ദിവാൻ ഇ ഖാസ് , സുഖ് നിവാസ് എന്നിവ സ്ഥിതി ചെയ്യുന്നു .

ദിവാൻ ഇ ഖാസ് ആണ് ശീഷ് മഹൽ എന്നറിയപ്പെടുന്നത്. മനോഹരമായ ചെറിയ ബെൽജിയൻ കണ്ണാടികൾ പതിച്ച് ചുവരുകൾ അലങ്കരിച്ചിട്ടുണ്ട്. ഒരു ദിപം തെളിച്ചാൽ അതിന്റെ പ്രതിബിംബം എല്ലാ കണ്ണാടിയിലും പതിഞ്ഞ് മനോഹരമാക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപന. ഇവിടെയാണ് വിശിഷ്ടാതിഥികളെ സ്വീകരിച്ചിരുന്നത്.ശീഷ് മഹൽ നിന്നും ഹമാം എന്ന കുളി സ്ഥലത്തേക്ക് പോകാം.


ഇതിന്റെ എതിർ വശത്താണ് സുഖ് നിവാസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ വെള്ളം പ്രത്യേക രീതിയിൽ ചുവരിലൂടെ ഒഴുക്കി എപ്പോഴും തണുത്ത അന്തരീക്ഷം നിലനിർത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ചെയ്തിരുന്നു.
ഇവിടെയാണ് രാജാവ് വിശ്രമിക്കുക .

വീണ്ടും പടി കയറി മുകളിലേക്ക് ചെന്നാൽ രാജ്ഞിമാരുടെ അന്തഃപുരമായ സെനാന യിൽ എത്തും.

മാൻ സിംഗിന് പന്ത്രണ്ടു രാജ്ഞിമാരുണ്ടായിരുന്നു പോലും. ഓരോരുത്തർക്കും പ്രത്യേക മുറികളായിരുന്നു. ഓരോ മുറിയിലേക്കും രാജാവിന് മാത്രം കയറി ചെല്ലാവുന്ന വഴിയുമുണ്ടായിരുന്നു. രാജാവ് ഏതു രാജ്ഞിയുടെ കൂടെ അന്തിയുറങ്ങി എന്ന് ആർക്കും പറയാൻ കഴിയില്ല !!പന്ത്രണ്ടു പേരെ മേയ്ക്കാനുള്ള പാട് ഓർത്തിട്ടാകും പിന്നീടുള്ള രാജാവിന് മൂന്ന് ഭാര്യമാരും, അത് കഴിഞ്ഞു ള്ള രാജാക്കൻമാർക്ക് ഓരോ ഭാര്യമാരും മാത്രമാണ് ഉണ്ടായിരുന്നത്.

തുടർന്ന് മുകളിലേക്ക് കയറിയാൽ വിശാലമായ മട്ടുപ്പാവിൽ എത്താം .

അവിടെ നിന്നാൽ മഹോത്‌ തടാകത്തിൽ പണിതിരിക്കുന്ന കേസർ ക്യാരി എന്ന പൂന്തോട്ടം കാണാം . തന്റെ രാജ്ഞിയുടെ ആഗ്രഹം നിറവേറ്റാൻ കാശ്മീരിൽ നിന്നും കുങ്കുമ പൂവിന്റെ ചെടികൾ ഇവിടെ നട്ടു പിടിപ്പിച്ചു എന്നാണ് പറയപ്പെടുന്നത് .

ഇന്നും വളരെ മനോഹരമായി അത് സംരക്ഷിക്കപ്പെടുന്നു. ഇവിടന്നു നോക്കിയാൽ ദൂരെയുള്ള ജയ്ഗഡ് കോട്ട കാണാം .യുദ്ധസാമഗ്രികൾ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു പോലും.
യുദ്ധ സമയത്ത് രാജകുടുംബങ്ങൾക്ക് രക്ഷപ്പെടാനായി ആംബർ കോട്ടയിൽ നിന്നും ജയ്ഗഡ് കോട്ടയിലേക്ക് ഒരു തുരങ്കം ഉണ്ടാക്കിയിരുന്നു.

കോട്ട ഒന്ന് ഓടിച്ചു കണ്ടു തീർക്കാൻ ഏതാണ്ട് രണ്ട് മണിക്കൂറെടുത്തു. ജയ്‌പൂർ നഗരത്തിൽ നിന്നും അംബെർഫോർട് പോകാൻ ബസ് ധാരാളം കിട്ടും.

തിരികെ നഗരത്തിൽ പോകുന്നതിനിടെ ജൽ മഹൽ കാണാനിറങ്ങി. മാൻസാഗർ താടകത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന അഞ്ചു നിലകളുള്ള ഈ കെട്ടിടം ഒരദ്‌ഭുതം തന്നെ!

ഇതിന്റെ താഴത്തെ നാല് നിലകൾ വെള്ളത്തിൽ മുങ്ങിയാണുള്ളത്. വേറൊരു കൗതുകം അഞ്ചാമത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്ന ചമേലി ബാഗ് എന്ന പൂന്തോട്ടവും അതിൽ നിൽക്കുന്ന ചെറു വൃക്ഷങ്ങളുമായിരുന്നു.

ഈ തടാകത്തിൽ ദേശാടന പക്ഷികൾ ഉൾപ്പടെ ധാരാളം പക്ഷികൾ വരാറുണ്ട്. പക്ഷികളെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെ 1750 ൽ മാധോ സിംഗ് ഒന്നാമനാണ് ഇതു
പണിതത്.

ഇതിന്റെ മറുകരയിൽ നഹർഗർഹ് പർവതം കാണാം. ദ്രവ്യാവതി അഥവാ ദർഭാവതി നദിക്ക് കുറുകെ അണകെട്ട് ഉണ്ടാക്കിയപ്പോൾ രൂപപ്പെട്ടതാണ് ഈ തടാകം.
വെള്ളത്തിൽ മുങ്ങിയ നിലകൾ പ്രത്യേകതരം കല്ലുകൾ വെച്ച് കെട്ടി, കുമ്മായക്കൂട്ടു കൊണ്ട് പൂശിയതാണ്. അതുകൊണ്ടാണ്പോലും ഇരുനൂറ്റിഅമ്പതിൽ പരം വർഷങ്ങൾ വെള്ളത്തിൽ നിന്നിട്ടും ഇതു കേടുകൂടാതെ നിലകൊള്ളുന്നത്.

അതിനു ശേഷം ജയ്‌പൂരിലെ പ്രശസ്തമായ
‘ബ്ലൂ പോട്ടറി ‘ വിൽക്കുന്ന കടയിൽ കയറി ,അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കി.
സാധാരണ കളിമൺ പാത്രങ്ങൾ ഉണ്ടാക്കുന്ന പോലെയാണെങ്കിലും കളിമണ്ണിനു പകരം പൊടിച്ച കല്ല് , കണ്ണാടി, മുൾട്ടാണി മിട്ടി, ബോറാക്സ് , ക്വാർട്സ് , പശ ചേർത്ത് കുഴച്ചു തീയിൽ സ്പുടം ചെയ്‌തെടുക്കുകയാണ് ചെയ്യുന്നത്.
ചെറിയ തീയിലാണ് ഇതു ചെയ്യുന്നത് എന്നുള്ളതുകൊണ്ട് പെട്ടെന്ന് ഉടഞ്ഞു പോകും. ഇതിനു കോബാൾട് ഡൈ എന്ന നീല നിറമാണ് പരമ്പരാഗതമായി ഉപയോഗിക്കുന്നത് . അങ്ങനെയാണ് ബ്ലൂ പോട്ടറി എന്ന പേര് വന്നത്.
പതിനാലാം നൂറ്റാണ്ടിൽ തുർക്കിഷ് കച്ചവടക്കാരാണ് പോലും ഇതു ഇന്ത്യയിൽ എത്തിച്ചത്.

ആദ്യം പള്ളികളും, കൊട്ടാരങ്ങളുമൊക്കെ പണിയാൻ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീടിത് ആഡംബരത്തിന്റെ ഒരു പ്രതീകമായി മാറുകയും , പല തരം പാത്രങ്ങൾ ഈ രീതിയിൽ ഉണ്ടാക്കുവാനും തുടങ്ങി.

നഗരത്തിന്റെ നടുക്കാണ് രാജാവിന്റെ വസതിയായ സിറ്റി പാലസ് സ്ഥിതിചെയ്യുന്നത് . ഇതിന്റെ ഒരു ഭാഗത്ത് ഇന്നും രാജകുടുംബങ്ങൾ താമസിക്കുന്നു. ബാക്കി ഭാഗം പൊതുജനങ്ങൾക്കു സന്ദർശിക്കാവുന്ന ഒരു മ്യൂസിയമാണ്.


മുബാറക് മഹൽ എന്ന കെട്ടിടത്തിൽ രാജാക്കന്മാരുടേയും, രാജ്ഞി മാരുടെയുമൊക്കെ വസ്ത്രങ്ങൾ പ്രദർശനത്തിന് വെച്ചിട്ടുണ്ട് .250 കിലോ ഭാരമുണ്ടായിരുന്ന മാധോ സിംഗ് ഒന്നാമൻ രാജാവിന്റെ വലിയ വസ്ത്രങ്ങളും,
രാജാക്കന്മാർ പോളോ കളിക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കൂട്ടത്തിൽ ഉണ്ടായിരുന്നു.

ഇതു കൂടാതെ, സിംഹാസനം, ആയുധങ്ങൾ, പതിനെട്ടാം നൂറ്റാണ്ടിൽ എടുത്ത ഫോട്ടോകൾ ഒക്കെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഏറ്റവും ആശ്ചര്യം തോന്നിയത് അവിടെ പ്രദർശിപ്പിച്ചിരുന്നു രണ്ടു പടുകൂറ്റൻ വെള്ളി പാത്രങ്ങളായിരുന്നു. മുന്നൂറ്റിനാല്പതു കിലോ ഭാരമുള്ള ഈ പാത്രത്തിൽ നാലായിരം ലിറ്റർ വെള്ളം കൊള്ളും.ഒന്നര മീറ്റർ നീളമുള്ള ഈ പാത്രം ലോകത്തിലെ ഏറ്റവും വലിയ വെള്ളി പാത്രമായി ഗിന്നസ് ബുക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. പതിനാലായിരം വെള്ളി നാണയങ്ങളാണ് ഇതു ഉണ്ടാക്കാൻ ഉരുക്കിയത്. ഏറ്റവും രസകരമായ വസ്തുത ഇതിന്റെ നിർമ്മാണ ഉദ്ദേശമായിരുന്നു .

മഹാരാജ സവായ് മാധോ സിംഗ് രണ്ടാമൻ , എഡ്‌വേഡ്‌ മഹാരാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിൽ പോയപ്പോൾ ഈ വെള്ളി പത്രത്തിൽ ഗംഗാജലം നിറച്ചു കൊണ്ടാണത്രെ പോയത്. അദ്ദേഹം ഗംഗാജലം മാത്രമേ കുടിക്കുമായിരുന്നുള്ളു !!

വേറെ രസകരമായ ഒരു കാര്യം , രാജാവിന്റെ വസതിയായ ചന്ദ്രമഹലിൽ പോകാൻ പ്രീതം നിവാസ് ചൗക്ക് എന്ന അങ്കണത്തിൽ കൂടി വേണം പ്രവേശിക്കാൻ . ഈ അങ്കണത്തിൽ പ്രവേശിക്കാൻ നാല് വാതിലുകളുണ്ട് . ഓരോ ഋതുവിലും ഓരോ വാതിലായിരുന്നു രാജാവ് ഉപയോഗിച്ചിരുന്നത്. ശരദ് ഋതുവിൽ മയിൽ കവാടം , ഗ്രീഷ്മ ഋതുവിൽ താമര കവാടം , വസന്ത ഋതുവിൽ തരംഗം കവാടം , ഹേമന്ത ഋതുവിൽ റോസ് കവാടം എന്നിവയായിരുന്നു അവ.

 

ചന്ദ്ര മഹൽ ഏഴു നിലയുള്ള കെട്ടിടമാണ്. അതിലെ പ്രത്യേക മുറികൾ കാണാൻ അവസരമുണ്ട്. പക്ഷേ രണ്ടായിരം രൂപ കൊടുക്കണം എന്നുള്ളതിനാൽ ഞാനതിന് മുതിർന്നില്ല.

അവിടന്നിറങ്ങി ജന്തർ മന്തർ കാണാൻ പോയി . യുനെസ്കോ പൈതൃക പട്ടികയിലുള്ള കെട്ടിടമാണ് ജന്തർ മന്തർ. വാസ്തുവിദ്യ സംബന്ധവും,ജ്യോതിശാസ്ത്ര സംബന്ധവുമായ പത്തൊമ്പത് കല്ലുകൾ കൊണ്ട് നിർമ്മിച്ച ഉപകരണങ്ങളാണ് ഇവിടെ വെച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സൂര്യഘടികാരം ഇവിടെയാണ് . കാര്യമായൊന്നു പിടികിട്ടാത്തതുകൊണ്ട് ,പോയ സ്പീഡിൽ ഞാൻ തിരിച്ചിറങ്ങി .

അടുത്ത ലക്‌ഷ്യം സിറ്റി മഹലിന്റെ അറ്റത്തു സ്ഥിതി ചെയ്യുന്ന ഹവാ മഹൽ ആയിരുന്നു. ഹവാ മഹൽ കാണുന്നത് വരെ ഞാൻ ധരിച്ചിരുന്നത് ഇത് കൊട്ടാരമാണെന്നായിരുന്നു . അവിടെ എത്തിയപ്പോഴാണ് ഇത് കൊട്ടാരത്തിന്റെ ഒരു മുഖപ്പു മാത്രമാണെന്നു മനസ്സിലായത്. 1799ൽ മഹാരാജ സവായി പ്രതാപ് സിംഗ് ആണ് ഇതു നിർമിച്ചത്. അഞ്ചു നിലകൾ ഉള്ള , അമ്പതടി പൊക്കമുള്ള ഈ കെട്ടിടത്തിൽ 953 ജരോഖ എന്ന് വിളിക്കുന്ന കിളിവാതിലുകളുണ്ട് . ജരോഖകൾ സൂക്ഷ്മമായ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പർദ്ദ വ്യവസ്ഥിതി നിലനിന്നിരുന്ന ആ കാലത്ത് കൊട്ടാരത്തിലെ സ്ത്രീകൾക്ക്, തെരുവിലെ കാഴ്ചകളും ആഘോഷങ്ങളും കാണാനായിരുന്നു ഇതു നിർമ്മിച്ചത്.
പുറത്തു നിന്നും വരുന്ന കാറ്റ് സുഷിരങ്ങളിൽ കൂടി ഉള്ളിലേക്ക് പ്രവഹിക്കുമ്പോൾ ‘വെഞ്ചൂരി സിദ്ധാന്തം ‘ പ്രകാരം ഉൾവശം തണുക്കുകയും ചെയ്യും !

ഈ കെട്ടിടത്തിന് കൗതുകപരമായ പല പ്രത്യേകതകളും ഉണ്ട്. നാം റോഡിൽ നിന്നു നോക്കുമ്പോൾ കാണുന്നത് ഈ കെട്ടിടത്തിന്റെ പുറകു വശമാണ്. അതുകൊണ്ട് തന്നെ ഇതിന് വാതിലുകളില്ല. സിറ്റി പാലസിൽ പിന്നീട് കൂട്ടിച്ചേർത്ത ഭാഗമായത് കൊണ്ട് ഇതിനു അടിത്തറ കെട്ടിയിട്ടില്ല . പകരം ഇത്തിരി വളഞ്ഞാണ് പണിതിരിക്കുന്നത് കൂടാതെ 87 ഡിഗ്രീ ചെരിഞ്ഞാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സവായി പ്രതാപ് ശ്രീകൃഷ്ണ ഭക്തനായതു കൊണ്ട് ഭഗവാന്റെ കിരീടത്തിന്റെ മാതൃകയിൽപണിതു എന്നൊരു വ്യഖ്യാനവുമുണ്ട് .

ഇതിന്റെ മുൻ വശത്തു പോയാൽ അഞ്ചു നിലകളിലും കയറാം. പടികെട്ടുകൾക്ക് പകരം റാമ്പാണുള്ളത്. രാജ്ഞിമാരെയും വഹിച്ച് പല്ലക്ക് കൊണ്ടുപോകാനുള്ള സൗകര്യത്തിന്നാണ് റാമ്പ് പണിതിരിക്കുന്നത്. വളരെ രസകരമായ അറിവും,അനുഭവവും ആയിരുന്നു ഹവാ മഹൽ. ഹവാ മഹലിന്റെ നല്ല പടം പിടിക്കാൻ റോഡ് മുറിച്ചു കടന്ന് എതിർവശത്തുള്ള ഹോട്ടൽ പരിസരത്ത് പോകുന്നതാണ് നല്ലത്.

രാജസ്ഥാൻ യാത്രയിൽ ഉടനീളം പല മ്യൂസിയം സന്ദർശിച്ചെങ്കിലും ഏറ്റവും കൂടുതൽ അമ്പരപ്പിച്ചതും , ഇഷ്ടപ്പെട്ടതും ആൽബർട്ട് മ്യൂസിയമായിരുന്നു. 24,390 വസ്തുക്കളുടെ വിപുലമായ ഒരു ശേഖരമാണ്ഇവിടെ ഒരുക്കിയിരുന്നത്.

1876ൽ എഡ്‌വേഡ്‌ രാജകുമാരൻ തറക്കല്ലിട്ടതുകൊണ്ടാണ് ഇതിനെ ആൽബർട്ട് മ്യൂസിയം എന്ന് വിളിക്കുന്നത്. രാജസ്ഥാൻ സ്റ്റേറ്റ് മ്യൂസിയം കൂടിയായ ഇത് 1887ലാണ് ഉദ്ഘാടനം ചെയ്തത്. പതിനാറ് ആർട്ട് ഗാലറികളിലായിട്ടാണ് പരവതാനി, ക്ലേ, പോട്ടറി, കോയിൻ,ആഭരണം, വാദ്യോപകരണങ്ങൾ, തടിയിലും കല്ലിലും ലോഹത്തിലും നിർമിച്ച ശില്പങ്ങൾ , പെയിന്റിംഗ് മുതലായവ സജ്ജീകരിച്ചിരിക്കുന്നത്. പല രാജ്യങ്ങളിൽ നിന്നും ശേഖരിച്ച വസ്തുക്കളും ഈ കൂട്ടത്തിലുണ്ട്. പൊതുജങ്ങൾക്ക് വിവിധ സംസ്കാരങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനും പരമ്പരാഗത കരകൗശല വിദ്യകളെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ മ്യൂസിയം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

അവിടെ ഏറ്റവും ആകർഷിച്ചത് ‘ടുട്ടു മമ്മി ‘ ആയിരുന്നു.

അതെ ,ഈജിപ്തിലെ മമ്മി 1887ൽ കെയ്‌റോ നിന്നും ഇറക്കുമതി ചെയ്താണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്‌ . ഒപ്പം മമ്മി ഉണ്ടാക്കുന്ന രീതിയും അവിടെ വിവരിച്ചിട്ടുണ്ട്.
മരിച്ചു കഴിഞ്ഞാൽ, ഹൃദയം ഒഴിച്ചുള്ള ആന്തരിക അവയങ്ങൾ എടുത്തു മാറ്റിയ ശേഷം , വൈനും, സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കും. അതിനു ശേഷം ഉപ്പു പുരട്ടി വെക്കും. നാൽപ്പതാം ദിവസം, ശരീരത്തിനകത്ത് മണ്ണ് അല്ലെങ്കിൽ തുണി നിറയ്ക്കും , ശരീരത്തിന്റെ ആകൃതി നിലനിർത്താനാണ് ഇങ്ങനെ ചെയ്യുന്നത് . വീണ്ടും ഉപ്പു പുരട്ടി വെക്കും. എഴുപതു ദിവസം കഴിഞ്ഞ് തല മുതൽ പാദം വരെ ബാൻഡേജ് കൊണ്ട് വരിഞ്ഞു കെട്ടും ഇങ്ങിനെയാണ് ഓരോ മമ്മിയും സൂക്ഷിക്കുന്നത്.
മരിച്ചു കഴിഞ്ഞ് പുനർ ജനിക്കുമ്പോൾ ഈ ശരീരത്തെ വീണ്ടും അന്വേഷിച്ചെത്തും എന്നാണ് വിശ്വാസം .

ജയ്പൂരിലെ രാജകീയ കാഴ്ചകളോടെ
എന്റെ രാജസ്ഥാൻ
യാത്രാവിവരണം ഇവിടെ പര്യവസാനിക്കുകയാണ്.

വായ്ച്ചും കേട്ടുമറിഞ്ഞ
രാജസ്ഥാൻ ചരിത്രത്തിന്റെ ചെറു ഭാഗം,
രാജഭരണത്തിന്റെ അവശേഷിപ്പുകൾ വഴി വിളക്കാക്കി ഞാൻ നേരിൽ കണ്ടിരിക്കുന്നു.
ചെറുതെങ്കിലും അവിസ്മരണീയമായ യാത്ര!,

All Comments

Leave a Reply

Your email address will not be published. Required fields are marked *

  1. Ajayan says:

    Superb; well written