Contact About Mitra Change Language to മലയാളം

തിമ്പുവിലെ കാഴ്ചകൾ

 

തിമ്പുവിലെ കാഴ്ചകൾക്ക് ഒരുപക്ഷേ കൂടുതൽ നിറം ലഭിച്ചത് തലേ ദിവസത്തെ മറക്കാൻ പറ്റാത്ത യാത്ര കാരണം ആകും. അതുകൊണ്ട് ഫുൻഷ്ലിങ്ങിൽ നിന്നും തിമ്പുവിലേക്ക് വന്ന യാത്രയിൽ നിന്നും ആരംഭിക്കട്ടെ തിമ്പു വിവരണം….

നേരം ഇരുട്ടി തുടങ്ങിയപ്പോ ഹൃദയത്തിലെ ‘ലബ് ഡബ്’ മുഴക്കം കൂടി കൂടി വന്നു. കാരണം ഒറ്റക്ക് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപെട്ട കാര്യം എന്ന് എല്ലാവരും പറയുന്നത് വൈകുന്നതിന് മുമ്പ് കൂടണയണം എന്നുള്ളത്. പക്ഷേ ഇന്ത്യൻ റയിൽവേ ചതിച്ചു.. മൂന്ന് മണിക്കൂർ വൈകിച്ചൂ. ബോർഡറിൽ നിന്ന് പെർമിറ്റ് കിട്ടാനും, സിം എടുക്കാനും വിച്ചാരിച്ചതിനെക്കാലും സമയം എടുത്തു. ചുരുക്കം പറഞ്ഞാൽ 12 മണിക്ക് ഇറങ്ങാനിരുന്ന ഞാൻ 3.30pm ആയി തിമ്പുവിലേക്ക്‌ ടാക്സി പിടിച്ചപ്പോൾ. നാല് മണിക്കൂർ സഞ്ചരിച്ചാൽ മാത്രമേ തിമ്പു എത്തൂ. ആദ്യം പ്രകൃതി സൗന്ദര്യം നന്നായി ആസ്വദിച്ചു. വഴിയിൽ കണ്ട കുട്ടികളുടെയും , വഴി വക്കിൽ ഉള്ള കടയുടെയും ഒക്കെ പടം പിടിച്ചു.

5 മണി ആയപ്പോൾ നേരം ഇരുട്ടി തുടങ്ങി. മലകളെ ചുറ്റിയുള്ള വളരെ ചെറിയ ദുർഘടമായ പാതയിലൂടെ ആണ് സഞ്ചാരം. ഒരു വശത്ത് ഭീതിപെടുത്തുന്ന മലകളും മറുവശത്ത് ചെങ്കുത്തായ കൊക്കകളും. ഇതൊന്നും പോരാഞ്ഞിട്ട് നല്ല മഞ്ഞും. എതിരേ വരുന്ന വണ്ടി തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാണ് പലപ്പോഴും അറിയുന്നത്.

ജോലിയും വീടും കുട്ടികളുടെ കാര്യങ്ങളും ഒക്കെ ആയി ജീവിതം ചോർന്നു പോകുന്നു എന്നൊരു തോന്നൽ ഉണ്ടായപ്പൊഴാണ് ഈ യാത്ര പ്ലാൻ ചെയ്തത്. ആദ്യമായിട്ടാണ് ഒറ്റക്ക് ഒരു ദീർഘ ദൂര യാത്ര. ഭൂട്ടാൻ സുരക്ഷിതമായ രാജ്യം എന്നു അറിഞ്ഞു കൊണ്ടാണ് തിരഞ്ഞെടുത്തത്. എങ്കിലും വണ്ടിയിലിരുന്ന് ചുറ്റും നിരീക്ഷച്ചപ്പോൾ നല്ല അങ്കലാപ്പ് തോന്നി.

ഏതായാലും യാത്ര ദൈവങ്ങൾ കനിഞ്ഞു. ബുദ്ധിമുട്ട് ഒന്നുമില്ലാതെ തിമ്പൂവിൽ രാത്രി എട്ടു മണിക്ക് എത്തി. നേരത്തേ പറഞ്ഞു വെച്ച ഹോട്ടലിൽ മുറി എടുത്തു. ഹോട്ടൽ നടത്തുന്നത് ഒരു സ്ത്രീയായിരുന്നു. പിറ്റേന്ന് യാത്ര ചെയ്യാൻ അവരുടെ പരിചയത്തിൽ ഒരു കാർ ഏർപ്പാട് ചെയ്തു തന്നു. പുറത്തുള്ള റേറ്റ് ഇൽ നിന്നും വളരെ കുറവ്. പക്ഷെ കാർ പഴയത് ആണെന്ന് അവരു നേരത്തേ ജാമ്യം എടുത്തു.

രാത്രിയിൽ ഒറ്റക്ക് ഹോട്ടൽ മുറിയിൽ കയറിയപ്പോൾ വീണ്ടും ചെറിയ പേടി തോന്നി. മുറിയിലെ മേശ കതകിനോട് ചേർത്ത് പിടിച്ചിട്ടു. അതിന്റെ പുറത്ത് കസേരയും ഇട്ടു. എന്റെ ബാഗും കയറ്റി വെച്ച്. എന്നിട്ടാണ് ഉറങ്ങാൻ കിടന്നത്. ഇടക്ക് ഇടക്ക്‌ എങ്കിലും ഞെട്ടി എഴുന്നേറ്റു. രാവിലെ അഞ്ചു മണിക്കാണ് ശ്വാസം നേരേ വീണത്. ആ രാത്രിയോടെ ഒറ്റക്ക് അഞ്ജാത സ്ഥലത്ത് മുറി എടുത്ത് ഒറ്റക്ക് താമസിക്കുന്ന പേടി എന്നെന്നേക്കായി മാറി.

രാവിലെ ആറു മണിക്ക് തന്നെ ഞാൻ കറങ്ങാൻ ഇറങ്ങി. തിമ്പു പട്ടണത്തിനു ചുറ്റും പച്ച പുതച്ച മലകൾ ആയിരുന്നു. അത് കൊണ്ട് തന്നെ ഏതു ദിശയിൽ നോക്കിയാലും മലകൾ കാണാം.

ഭൂട്ടാൻ രാജ്യത്തിൽ ആകെ ഒരു ട്രാഫിക് ഐലൻഡ് ഒള്ളു. രാവിലെ അത് വിജനമായി കിടക്കുന്ന കണ്ടപ്പോൾ ഒരു പൂതി. അതിനകത്ത് കയറി നിൽക്കാൻ.റോഡിന് കുറുകേ നടന്നതും ഒരു പോലീസുകാരൻ ചാടി വീണു പച്ചക്ക് ചീത്ത വിളിച്ചു അവരുടെ ഭാഷയിൽ. നമ്മുടെ നാട്ടിൽ നടക്കുന്ന പോലെ റോഡിൽ തെക്ക് വടക്ക് തെണ്ടി നടക്കാൻ പറ്റൂല്ല. ഫുട് പാത്തിൽ കൂടിയേ നടക്കാൻ കഴിയൂ.

ആദ്യത്തെ ലക്ഷ്യം തൊട്ടടുത്തുള്ള #clock tower ആയിരുന്നു. പ്രധാന വീഥി ആയ Norzim lam ഇലാണ് ഇത്. 15 അടി പൊക്കത്തിൽ ഒരു ചതുര തൂണിന്റെ മുകളിൽ ആണ് ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്. ഭൂട്ടാന്റെ വ്യാളി ദേശം എന്ന പേര് അന്വർത്ഥമാക്കുന്ന രീതിയിൽ മനോഹരമായ കൊത്തുപണികൾ ചെയ്ത ഒരു വ്യാളി തൂണിന്റെ ഭംഗി കൂട്ടി. ഇതിന്റെ ഒരു വശത്ത് പടിക്കെട്ടുകൾ പണിതിട്ടുണ്ട്. വൈകിട്ട് ആളുകൾ കാറ്റ് കൊള്ളാൻ ഇവിടെ വന്നിരിക്കാറുണ്ട്.

രാവിലെ എട്ടു മണിക്ക് കാർ എത്തി. വളരെ പഴയ ഒരു കാർ. പുരാവസ്തു ആയിട്ട് കൂട്ടവുന്ന ഒരു പഴഞ്ചൻ സാധനം. ഡ്രൈവർ റായിയുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ വേണ്ടെന്ന് പറയാൻ മനസ്സ് വന്നില്ല. ആദ്യം തന്നെ ഞാൻ എനിക്ക് പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് പുള്ളിടെ കൈയ്യിൽ കൊടുത്തു. കാറ് കണ്ട് ഞാൻ ഞെട്ടിയ ഞെട്ടലിനേക്കാട്ടിലും വലിയ ഞെട്ടൽ പുള്ളിക്ക് ഉണ്ടായി. കാരണം സാധാരണ രണ്ട് ദിവസം കൊണ്ട് തിമ്പുവിൽ കാണേണ്ട സ്ഥലം മൊത്തം ഉണ്ട് ലിസ്റ്റില്.

ആദ്യം തന്നെ പെർമിറ്റ് ഓഫീസ് പോയി ഫോബ്ജിഖ പോകാൻ പെർമിറ്റ് അപ്ലൈ ചെയ്തു. എന്നിട്ട് തൊട്ടടുത്തുള്ള #നാഷണൽ ഭൂട്ടാൻ ലൈബ്രറി സന്ദർശിച്ചു. ഭൂട്ടാൻ വസ്തുശില്പ രീതിയിൽ പണിത രണ്ടു കെട്ടിടങ്ങളിൽ ഒന്നിൽ ഭൂട്ടാൻ ശേഖരവും മറ്റേതിൽ ഇംഗ്ലീഷ് ശേഖരവും ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ പുസ്തകം ചില്ല് കൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. അവിടെ ഇരുന്നു ടൂറിസ്റ്റുകൾക്ക് വേണമെങ്കിൽ പുസ്തകങ്ങൾ വായിക്കാം. അതൊരു പുതിയ അനുഭവമായിരുന്നു.

അതിനു ശേഷം ഭൂട്ടാനിലെ ഏറ്റവും പഴയ ബുദ്ധ ക്ഷേത്രമായ ചങ്ങാംഘ ലഘാങ്ങ് ( #Changhanghka lhakang) സന്ദർശിച്ചു. ഇത് ആഗ്രഹ സിദ്ധിക്കായി തദ്ദേശവാസികൾ ധാരാളം സന്ദർശിക്കുന്ന ക്ഷേത്രം ആണ്. ഇവിടെ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ പേരിടാൻ കൊണ്ട് വരും. ക്ഷേത്രത്തിലെ പൂജാരി ആണ് പേരിടുന്നത്.

കുത്തനെയുള്ള കയറ്റം കയറി വേണം കുന്നിന്റെ മുകളിൽ ഉള്ള ക്ഷേത്രത്തിൽ എത്താൻ. കിതച്ചു വല്ല വിധേനയും മുകളിൽ എത്തിയപ്പോ 80 വയസ്സിൽ കൂടുതൽ പ്രായമുള്ള കുറേ വൃദ്ധരെ കണ്ട് ഞാൻ ചമ്മി.

പെട്ടെന്ന് കിതപ്പ് ഒക്കെ ഒളിപ്പിച്ചു ക്ഷേത്രത്തിൽ പ്രവേശിച്ച്. സാധാരണയിൽ നിന്നും വ്യത്യാസപ്പെട്ട് തടിയുടെ പടുകൂറ്റൻ പ്രയർ വീൽ ആണ് ഇവിടെ അകത്ത് സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിനു ചുറ്റും ധാരാളം ചെറിയ പ്രയർ വീൽ ഉണ്ടായിരുന്നു. വീലിന് അകത്തും പുറത്തും എല്ലാം മന്ത്രങ്ങൾ എഴുതിയിട്ടുണ്ട്. വീൽ കറക്കുമ്പോൾ മന്ത്രങ്ങൾ ഉച്ചരിക്കുന്ന അതേ ഫലം കിട്ടും എന്നാണ് വിശ്വാസം.

കൈയ്യിൽ പിടിച്ച് കറക്കാവുന്ന പ്രയർ വീൽ പിടിച്ച് ഒരു വൃദ്ധ നേയും അവിടെ കണ്ടൂ. അകത്തു വെച്ച് കണ്ട വൃദ്ധയുടെ മുഖം ഇന്നും മനസ്സിൽ നിന്ന് മായുന്നില്ല. എപ്പോഴും പ്രാർത്ഥനാനിരതരായി ഇരിക്കുന്ന കൊണ്ടാവാം , പോസിറ്റീവ് എനർജി യുടെ ഒരു നിറകുടമായി അനുഭവപ്പെട്ടു. വളരെ ശാന്തവും മനോഹരവുമായ ഒരു ചെറു പുഞ്ചിരിയോടെ ജപമാലയും തിരിച്ച് ഇരിപ്പായിരുന്നു.ക്ഷേത്രത്തിൽ നിന്ന് പടി ഇറങ്ങാൻ നേരം
, കയറ്റം കയറി വന്നൊണ്ടിരുന്ന ഒരു വൃദ്ധ ബെബോ എന്ന് വിളിച്ചു. റായ് ആണ് പറഞ്ഞത് ബെബോ എന്ന് വെച്ചാൽ മകൾ എന്ന്. അങ്ങനെ ഭൂട്ടനിൽ ഒരമ്മച്ചിയെയും കിട്ടി. കുറച്ചു നേരം കുശലം പറഞ്ഞു ഞങ്ങൾ കൈ കൊണ്ട് സാംബ്രാണി തിരി ഉണ്ടാക്കുന്ന Nado Poizokhang ഫാക്ടറി സന്ദർശിച്ചു.

കയറി ചെല്ലുന്ന മുറിയിൽ തന്നെ വലിയ ചാക്കുകളിൽ കെട്ടി സുഗന്ധ ദ്രവ്യങ്ങൾ സൂക്ഷിച്ചിരിക്കുന്നു. അടുത്ത മുറിയിൽ ഇത് കുഴച്ച് ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിൽ തയ്യാറാക്കി വെച്ചിരിക്കുന്ന. ഇത് ഒരു യന്ത്രത്തിൽ ഇട്ട് ഇടിയപ്പം പിഴിയുന്നത് പോലെ പിഴിയും. കിട്ടുന്ന സാധനം പിന്നെ ഒരേ നീളത്തിൽ മുറിച്ച് ഉണക്കി എടുക്കും.

അത് ചായം തേച്ച് വീണ്ടും ഉണക്കി പാക്ക്‌ ചെയ്തത് വിൽപനക്ക് കൊണ്ടുപോകും. ഒരു മാസം പതിനായിരം സാംബ്രാണി ആണ് ഈ വിധത്തിൽ ഇവിടെ നിന്നും തയ്യാറാക്കുന്നത്.

അടുത്തത് കൈ കൊണ്ട് കടലാസ്സ് ഉണ്ടാക്കുന്ന ഫാക്ടറി ആയിരുന്നു. വളരെ എക്കോ ഫ്രണ്ട്‌ലി ആയിരുന്നു ഈ കടലാസ്സ് നിർമ്മാണ രീതി.രാസ വസ്തുക്കൾ ഒന്നും തന്നെ ഇതിനായി ഉപയോഗിക്കുന്നില്ല. ഒരു പ്രത്യേക ചെടിയുടെ തോല് മാത്രം എടുത്ത് ഇരുപത്തി നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കും. എന്നിട്ട് ഇത് വലിയ പാത്രത്തിൽ ഇട്ട് പുഴുങ്ങും. പുഴുങ്ങിയ തിന് ശേഷം നന്നായി കഴുകി അരച്ചെടുക്കും. അതിലേക്ക് ചെമ്പരത്തി വേരിന്റെ സ്റ്റാർച്ച് കൂടി ചേർത്ത് വെക്കും.

ഇതിലേക്ക് ഒരു സ്ക്രീൻ മുക്കും. സ്ക്രീനിൽ നേർത്ത പാട പോലെ ഇത് പറ്റി പിടിക്കും. ഇൗ പാട പതുക്കെ അടർത്തി എടുക്കും. ഇങ്ങനെ ഒരു കെട്ട് പാട ആകുമ്പോൾ ഇത് ഞെക്കി വെള്ളം നീക്കം ചെയ്യും. ഓരോ പാടയും ചൂടുള്ള ഒരു സ്ക്രീനിൽ നിരത്തി ഉണക്കി എടുക്കും. നല്ല മിനക്കേടാണ് ഇത് ഉണ്ടാക്കാൻ. അത് കൊണ്ട് നല്ല വിലയും ഉണ്ട്.

 

അവിടെ നിന്നും പോയത് #പോസ്റ്റൽ മ്യൂസിയം ആയിരുന്നു. സ്റ്റാമ്പുകളുടെ ഒരു മായലോകമായിരുന്ന് അത്. സ്റ്റാമ്പുകളിൽ രാജാവും, തുംബികളും, ശലഭങ്ങളും, പരമ്പരാഗത തൊഴിലുകളും, മത ചിഹ്നങ്ങളും എല്ലാം പ്രതിപാദിച്ചിരിക്കുന്നു. അദ്ഭുത പെടുത്തിയ ഒരു സ്റ്റാമ്പ് സിഡി സ്റ്റാമ്പ് ആയിരുന്നു. ഓരോ സിഡി യും ഓരോ വിഷയങ്ങളെ കുറിച്ചായിരുന്നു. ഇൗ സിടി സ്റ്റാമ്പ് പോലെ ഒട്ടിച്ചു വിടാം. കിട്ടുന്ന ആൾക്ക് സ്റ്റാമ്പ് സിഡി ഇട്ടു കഥ കാണാം. സംസാരിക്കുന്ന സ്റ്റമ്പുകളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. 3 d സ്റാമ്പുകളും, സ്വർണം പൂശിയ സ്റ്റമ്പും എല്ലാം ഇവിടെ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ഇത് കൂടാതെ പണ്ട് കാലത്ത് ആശയ വിനിമയത്തിന് ഉപയോഗിച്ചിരുന്ന പലതും ഇവിടെ നമുക്ക് കാണാൻ സാധിക്കും.

അടുത്ത ലക്ഷ്യം #folk heritage museum ആയിരുന്നു. ഇവിടെ ഭൂട്ടാനിലെ ജീവിത രീതിയെ പറ്റി കുറേ കാര്യങ്ങൽ മനസ്സിലാക്കാം. പരമ്പരാഗത വീടുകൾ മൂന്ന് നില ഉള്ളതാണ്. ഏറ്റവും താഴത്തെ നില കന്നുകാലികൾക്ക് ഉള്ളതാണ്. ഒന്നാമത്തെ നില ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കുന്നതിനും മറ്റും ആയിരുന്നു. രണ്ടാം നിലയിൽ ആണ് കിടപ്പ് മുറിയും, അടുക്കളയും. തണുപ്പ് കാലത്ത് അടുക്കളയിൽ തന്നെയാണ് ഇവർ ഉറങ്ങുന്നത്. ഇൗ വീടിന്റെ മാതൃകയിൽ ആണ് മ്യൂസിയം പണിതിരിക്കുന്നത്. വീട്ടിൽ ഉപയോഗിക്കുന്ന പലതും ഇവിടെ കാണാൻ പറ്റും.l am ഇവിടെ ഒരു സ്ത്രീ ഇരുന്ന് അരി വറുത്ത് zaw ഉണ്ടാക്കുന്നത് നേരിട്ട് കാണാം. ഇവിടുന്ന് ആര എന്ന് വിളിക്കുന്ന അരിയിൽ നിന്നുണ്ടാക്കുന്ന wine വാങ്ങാനും പറ്റും.

അവിടുന്ന് നേരെ #ടെക്സ്റ്റൈൽ museum കാണാൻ പോയി.വസ്ത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വിവിധ തരം നൂലുകൾ ഇവിടെ കാണാം. ഇവിടെ ഭൂട്ടനിൽ ഉപയോഗിച്ച് വരുന്ന വസ്ത്രങ്ങളുടെ വലിയ ഒരു ശേഖരം ഉണ്ട്. രാജാവിന്റെ വസ്ത്രങ്ങൾ തൊട്ടു, സാധാരണക്കാരുടെയും , ഉത്സവ സമയത്ത് ഉപയോഗിക്കുന്നവരുടെ ഒക്കെ നിറപകിട്ടാർന്ന വസ്ത്രങ്ങൾ. പ്രത്യേകം സജ്ജമാക്കിയ മുറിയിൽ shawl നെയ്യുന്നതും കാണാം. ഒരു ന്യൂനത കണ്ടത് ഇതിനെ കുറിച്ച് പറഞ്ഞു തരാനൊന്നും ആരുമില്ല അവിടെ.

 

പിന്നീട് പോയത് #simply Bhutan എന്ന മ്യൂസിയം കാണാൻ ആയിരുന്നു. ഇവിടെ ആര തന്നു നമ്മളെ സ്വീകരിക്കും. ഇവരുടെ പരമ്പരാഗത വസ്ത്രം ആയ കീര ധരിക്കാൻ അവസരമുണ്ട്.കൊയ്ത്ത് സമയത്തുള്ള പാട്ട്, നൃത്തം ഒക്കെ ആസ്വദിക്കാൻ പറ്റും. നൃത്തം കാണാൻ ഇരിക്കുമ്പോൾ സുജ (വെണ്ണ ചേർത്ത് ഒണ്ടക്കുന്ന ചായ) വിളമ്പും. അവരുടെ സംഗീത ഉപകരണം വായിക്കാനും അവർ സഹായിക്കും. ആർച്ചറിയിലും ഒരു കൈ പരീക്ഷിക്കാം. ഇവിടെയും കുറച്ചു വീട്ടുപകരണങ്ങൾ ഒക്കെ പ്രദർശിപിച്ചിട്ടുണ്ട്.

പ്രശസ്തമായ ചിമ്മി lhakhang ന്റെ മാതൃകയിൽ ഒരു ഭാഗം അലങ്കരിച്ചു വെച്ചിട്ടുണ്ട്. ചിമ്മി lhakhang വന്ധ്യതാ ക്ഷേത്രം ആയിട്ടാണ് അറിയപ്പെടുന്നത്. അവിടെ പൂജിക്കുന്നത് പുരുഷന്റെ ജനനേന്ദ്രിയ്ത്തെ ആണ്. ചിമ്മി lhakhang സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ വീടുകളുടെ ഭിത്തിയിൽ ജനനേന്ദ്രിയ ത്തിന്റെ പടം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.

 

അവിടുന്ന് പോയത് ബുദ്ധ പോയിന്റ് അഥവാ #budha dordema കാണാൻ ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ രൂപം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു കുന്നിന്റെ മുകളിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. മുകളിൽ എത്തിയാലും പിന്നെയും ഇരുന്നൂറ് പടി കയറണം 177 അടി നീളമുള്ള ബുദ്ധനെ കാണാൻ. പടി കയറി പകുതി ആയതോടെ ശക്തമായ കാറ്റ് വീശി തുടങ്ങി. നിൽക്കാനുള്ള ബാലൻസ് പോലും തെറ്റിക്കുന്ന ശക്തമായ കാറ്റ്. കാറ്റിനെ അതിജീവിച്ച് മുകളിൽ എത്തിയപ്പോൾ കണ്ണഞ്ഞിക്കുന്ന കാഴ്ച ആയിരുന്നു. സ്വർണ നിറത്തിലുള്ള പടുകൂറ്റൻ പ്രതിമ.

പ്രതിമ ഇരിക്കുന്നതിന് താഴെ ഒരു മുറിയുണ്ട്. ആ മുറിയിൽ എട്ട് ഇഞ്ച് നീളമുള്ള ഒരു ലക്ഷ്യം ബുധപ്രതിമകളും, പന്ത്രണ്ട് ഇഞ്ച് നീളമുള്ള ഇരുപത്തി അയ്യായിരം പ്രതിമകൾ വേറെയും ഉണ്ടായിരുന്നു. ശെരിക്കും അതിശയിപ്പിക്കുന്ന ഒരു ശേഖരം. ഇത് കൂടാതെ പുറത്ത് സ്വർണ നിറത്തിലുള്ള ബോധിസത്വകളുടെ പ്രതിമയും ഉണ്ട്. ഇവിടെ നിന്നാൽ തിമ്പു പട്ടണത്തിന്റെ നല്ല ഒരു വ്യൂ കിട്ടും. ഏറ്റവും ആകർഷിച്ചത് അവിടത്തെ കാറ്റ് തന്നെയാണ്. ആദ്യമായിട്ട് ഭാരം കൂടിയതിൽ സന്തോഷിച്ചു. കാരണം ഒരഞ്ചു കിലോ കുറവായിരുന്നു എങ്കിൽ ആ കാറ്റിൽ ഞാൻ പറന്നു പോയേനേ.

തിരിച്ചു വണ്ടിയിൽ കയറി കുന്നിറങ്ങാൻ തുടങ്ങിയപ്പോ രണ്ടു സ്ത്രീകളെ കണ്ടൂ. അവരുടെ പക്കൽ രണ്ടു കുഞ്ഞു നായ് കുട്ടികളും ഉണ്ടായിരുന്നു. ചോദിച്ചപ്പോൾ നായ്ക്കുട്ടികൾക്ക് വയ്യാത്ത കൊണ്ട് അവരെയും കൊണ്ട് നടന്നു പട്ടണത്തിലെ ആശുപത്രിയിൽ പോകുകയാണ്. ഞങ്ങളുടെ കാറിൽ അവർക്ക് ലിഫ്റ്റ് കൊടുത്തു. ഇവർക്ക് ഡോക്ടറേ കണ്ട ശേഷം വൈകിട്ട് തിരിച്ച് മല കയറി വീട്ടിൽ എത്തണം. അവരുടെ മൃഗസ്നേഹം എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. നായ്കുട്ടികളുടെയ് ആരോഗ്യം വീണ്ടെടുക്കാൻ ഇത്ര ടിയാഗം സഹിക്കുന്നു.

അപ്പോഴേക്കും സമയം 5.30 ആയി. #ടാഷിച്ചോ dzong ദൂരെ നിന്ന് കണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പിറ്റേന്ന് പുനഖയിൽ ഇതിലും വലിയ dzong കാണാൻ പോകുമെന്ന് സ്വയം ആശ്വസിച്ചു. 5.45 ആയപ്പോ memorial chorten അടുത്ത് എന്നെ ഇറക്കി രായി ചേട്ടൻ പോയി.ബുദ്ധന്റെ മനസ്സിനെ പ്രതിനിധാനം ചെയ്യാനാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. മനോഹരമായ പൂന്തോട്ടം കൊണ്ട് അലങ്കരിച്ചിരിക്കുന്നു chorten കാണാൻ പ്രത്യേക അഴകായിരുന്നൂ. നൂറോളം ബട്ടർ ലാമ്പ്‌ അവിടെ കത്തി കൊണ്ടിരുന്നു. നമ്മുടെ അമ്പലങ്ങളിൽ എണ്ണ വിളക്ക് കത്തിക്കുന്ന പോലെ ഇവർ വെണ്ണ കൊണ്ട് വിളക്ക് കത്തിക്കുന്നൂ.

അവിടന്ന് ഇറങ്ങി അടുത്ത് പാർക്കിൽ സ്ഥാപിച്ചിരുന്ന 45 അടി പൊക്കമുള്ള walking budha യുടെ പ്രതിമ കാണാൻ പോയി. അഞ്ച് ഏക്കർ പാർക്കിന് നടുവിലാണ് ഈ ബുദ്ധൻ. ഭൂട്ടാൻ തൈലാൻഡ് സൗഹൃദം ഉറപ്പിക്കുന്ന ഭാഗമായി തൈലാൻഡ് രാജാവ് പണികഴിപ്പിച്ചതാണ്‌ ഈ ബുദ്ധനെ. ആദ്യമായിട്ടാണ് നടക്കാൻ ഭാവിച്ച് കാലു മുന്നോട്ട് എടുത്ത് നിൽക്കുന്ന ബുദ്ധനെ കാണുന്നത്. അൽപ നേരം അവിടെ ചുറ്റി കരങ്ങിയിട്ട്‌ ഞാൻ തിരികെ റൂമിൽ എത്തി.

കോട്ടയം അയപ്പാസിന്റെ പരസ്യമാണ് ഓർമ്മ വന്നത്. പുറത്ത് നിന്ന് നോക്കിയാൽ വളരെ ചെറിയ ഒരു പട്ടണം. പക്ഷെ കാണാനുള്ള കാഴ്ചകള് അനന്തമായി നീളുന്നത്. സോളോ യാത്രയുടെ സുഖം അന്ന് മനസ്സിലാക്കി. ഓരോ സ്ഥലങ്ങളും ഇഷ്ടമുള്ളത്രെയും സമയം ചിലവാക്കാനും , കൊതി തീരുവോളം, വേറേ ചിന്തകൾ ഒന്നും ഇല്ലാതെ ആസ്വദിക്കാനും പറ്റി. തുടർന്നുള്ള സോളോ യാത്രകൾക്ക് ഊർജ്ജം തന്നത് ഈ ഭൂട്ടാൻ യാത്ര തന്നെയാണ്. അതിൽ തന്നെ ആദ്യത്തെ പര്യടനം തിമ്പുവിലേക്ക്‌ ആയതു കൊണ്ട് ഇന്നും എന്നും തിമ്പൂവിലെ കാഴ്ചകൾ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *