Contact About Mitra Change Language to മലയാളം

ദൈവങ്ങളുടെ ദ്വീപിലെ കടലോരക്കാഴ്ചകൾ !!!

ദൈവങ്ങളുടെ ദ്വീപിലെ കടലോരക്കാഴ്ചകൾ
………………………….

ജീവിതത്തിൽ എത്രയെത്ര കടലും കടൽത്തീരങ്ങളും നേരിൽ കണ്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട് നമ്മൾ ..
എങ്കിലും ,
ഓരോ പുതിയ കടലോരങ്ങൾ കാണുമ്പോഴും അവിടെ ഏതെങ്കിലുമൊക്കെ വൈവിധ്യ കാഴ്ചകൾ നമ്മെ കാത്തു കിടക്കുന്നുണ്ടാവും.

ബാലിയിലെ കടലോരങ്ങളും ഇതുപോലെ പുതുമകൾ നിറഞ്ഞതാണ്.

പഞ്ചാര മണൽത്തരികൾ
പരവതാനി വിരിച്ച സ്വർണ്ണ കടൽപ്പുറം ഒരു ഭാഗത്തുണ്ടെങ്കിൽ, കറുപ്പിന് ഏഴഴകെന്നു പറഞ്ഞ പോലെ ഇരുണ്ടകടലോരവും ,
കൂടാതെ
നമ്മെ തഴുകി തലോടി പോകുന്ന ശാന്തമായ തിരമാലകളും, വാരി എടുത്തു കൊണ്ടു പോകുന്ന രൗദ്ര തിരമാലകളുമൊക്കെയുള്ള വൈവിധ്യമാർന്ന കടൽ കാഴ്ചകൾ നുകരാൻ അനുയോജ്യമായ സ്ഥലമാണ് ദൈവങ്ങളുടെ ദ്വീപായി അറിയപ്പെടുന്ന ബാലി !

ബാലി സന്ദർശിച്ച ചുരുങ്ങിയ ദിവസം കൊണ്ട് ഇതെല്ലാം കണ്ടു തീർക്കുക അസാധ്യം തന്നെ . എങ്കിലും അവിടെ ഉണ്ടായിരുന്ന ആറു ദിവസവും ഏതെങ്കിലും ഒരു കടൽക്കാഴ്ച കൂടി പ്ലാനിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .

ഇവയിൽ ഏറ്റവും അവിസ്മരണീയമായ സായാഹ്നം സമ്മാനിച്ചത് ജിമ്പാറൻ ബേ (Jimbaran Bay ) ആയിരുന്നു. ബാലിയിൽ കാലു കുത്തിയ ദിവസം , ദീർഘ യാത്രയുടെ മുഷിപ്പ് മാറ്റാൻ ഞങ്ങൾ വൈകിട്ട് Kuta പട്ടണത്തിനു സമീപത്തുള്ള ജിമ്പാറൻ ആണ് തിരഞ്ഞെടുത്തത്. സൂര്യാസ്തമയ കാഴ്ചകൾക്കും , കടൽ വിഭവങ്ങൾക്കും പ്രശസ്തമായ ഒരു വിശാലമായ ബീച്ചായിരുന്നു ജിമ്പാറൻ.

ഞങ്ങൾ അഞ്ചു മണിക്ക് അവിടെ എത്തിയപ്പോൾ സായാഹ്നത്തിലേക്കടുക്കുന്ന, സൂര്യന്റെ ഇളവെയിലേറ്റ് തിളങ്ങുന്ന പഞ്ചാര മണൽത്തീരമാണ് ഞങ്ങളെ വരവേറ്റത്.
മുഖത്തേക്ക് ചരിഞ്ഞ് പതിക്കുന്ന സൂര്യരശ്മികൾ അൽപം അസ്വസ്ഥമാക്കിയിരുന്നെങ്കിലും , ബീച്ചിലെ പഞ്ചാര മണലും പ്രകൃതിയും ജനാവലിയും കടൽ കാറ്റുമെല്ലാം കൂടി തീർക്കുന്ന സൗന്ദര്യവും ആരവവുമൊക്കെ പ്രത്യേക അനുഭൂതിയായിരുന്നു.

തിരയടിച്ചെത്തുന്ന സ്ഥലത്തു നിന്നും 30 അടിയോളം മാറി
തടിമേശകളും , പ്ലാസ്റ്റിക് കസേരകളും നിരത്തി ഇട്ടിരിക്കുന്നു. വെള്ളത്തോട് അടുത്ത കിടക്കുന്ന മേശക്ക് അലങ്കാരമായി ഒരു വലിയ കുടയും നിവർത്തി വെച്ചിട്ടുണ്ടായിരുന്നു. ചിലതിൽ ടൂറിസ്റ്റുകൾ ബിയറും മറ്റും ആസ്വദിച്ചിരിക്കുന്നുണ്ട് .


പലരും തിരമാലകളോടൊത്ത് ചങ്ങാത്തം കൂടി, കുട്ടികളെപ്പോലെ ഓടി കളിക്കളിച്ചും ഫോട്ടോ ഷൂട്ടിങ് നടത്തിയുമൊക്കെ ആസ്വാദനത്തിന്റെ തിരക്കിലാണ് . അതു കൊണ്ട് തന്നെ പല ഇരിപ്പിടങ്ങളും ഒഴിഞ്ഞുകിടക്കുന്നുണ്ട്.

ഞങ്ങൾക്കും ഒരു പടം പിടിക്കാൻ ആഗ്രഹം തോന്നി. അടുത്ത് നിന്ന വെയിറ്റർ ചേട്ടനോട് ഒരു സഹായം ചോദിച്ചു.
അദ്ദേഹത്തിന് കാമറ കൈമാറി, ഞങ്ങൾ ‘അഭ്യാസം’ തുടങ്ങി. കിട്ടിയ തക്കത്തിന് ഒരു വിപുലമായ ഫോട്ടോ ഷൂട്ട് തന്നെ നടത്തി കളഞ്ഞു. ഒട്ടകത്തിന് തല ചായ്ക്കാൻ ഇടം കൊടുത്ത പോലെയായി പുള്ളിയുടെ അവസ്ഥ.

ശേഷം ഞാനും സുഹൃത്തുക്കളും വെള്ളത്തിലിറങ്ങി.. തിരകൾ ഞങ്ങളുടെ കാലുകൾ തഴുകിക്കൊണ്ടിരുന്നപ്പോൾ ഞങ്ങളുടെ ഡ്രൈവർ കം ഗൈഡ് വന്ന് പെട്ടന്നു തന്നെ സീറ്റ് പിടിക്കാൻ പറഞ്ഞു.

തിരമാലകളോട് കുശലം പറഞ്ഞാസ്വദിക്കുന്ന ഞങ്ങൾക്ക് അദ്ദേഹത്തോട് ചെറിയൊരു അലോസരം തോന്നിയെങ്കിലും അദ്ദേഹം പറഞ്ഞു തന്ന , കടലിനഭിമുഖമായി ഇട്ടിരുന്ന ഒരു നീണ്ട മേശക്കടുത്തുള്ള കസേരകളിൽ ഇരിപ്പുറപ്പിച്ചു.

ഡ്രൈവറുടെ ഉത്തരവാദിത്തബോധം
ഉപകരപ്രദമായി.
ഞങ്ങൾക്ക് അസ്തമയം കാണാനുള്ള സൗകര്യം ഒരുക്കി തരുകയായിരുന്നു അദ്ദേഹം.നിമിഷ നേരം കൊണ്ട് മുന്നോറോളം കസേരകളിലും കാഴ്ചക്കാരിരുന്നു.

ചക്രവാളത്തിൽ സൂര്യകിരണങ്ങളും മേഘപടലങ്ങളും കൂടി വരച്ചുകൂട്ടുന്ന ചെഞ്ചായകൂട്ട് പ്രതീക്ഷിച്ചിരിക്കുമ്പോൾ

മേഘ പടലങ്ങൾ കുറവുള്ള ആകാശം ചക്രവാളസ്ക്രീനിൽ
പിങ്ക് നിറത്തിലുള്ള പുതപ്പുകൊണ്ട് മൂടിയതുപോലെയാണ് സൂര്യാസ്തമയ വേള അനുഭവപ്പെട്ടത്.

മണല്പരപ്പിലും ആ പിങ്ക് നിറം പ്രതിഫലിച്ചു . ഒരു വല്ലാത്ത അനുഭൂതിയായിരുന്നു ആ ദൃശ്യം.
പിന്നീട് ഒരു ഇളം നീല നിറം കൂടി കലർന്ന് വന്നതിനു ശേഷം ഇരുട്ടായി.

അപ്പോഴേക്കും ഓരോ മേശയിലും മനോഹരമായ മെഴുകുതിരി കത്തിച്ചു വെച്ചിരുന്നു. ചുറ്റും പ്രകാശ ഭരിതമായ വർണ്ണവിളക്കുകൾ തെളിഞ്ഞപ്പോൾ , അന്തരീക്ഷത്തിലെ താളം തന്നെമാറി.
ഇരുട്ടു വാരിപ്പുണർന്ന തീരത്ത് ആഘോഷങ്ങൾ തുടങ്ങുകയായി. എങ്ങും പാട്ടും , നൃത്തവും ബഹളവുമൊക്കെയായി.


3 -4 പേരുള്ള ചെറു സംഘം വാദ്യഘോഷങ്ങളോടെ ചുറ്റി നടന്നു. അതിഥികളുടെ ആവശ്യാനുസരണം പാട്ടുകൾ അവതരിപ്പിച്ചു. ചെറിയൊരു സ്റ്റേജിൽ ബാലി സുന്ദരിമാർ അലസമായ ചുവടുവെപ്പുകളോടെ ബാലിന്നീസ്‌ നൃത്തം അവതരിപ്പിച്ചു.

ഞങ്ങൾ ജിമ്പാറനിലെ പ്രശസ്തമായ കടൽ വിഭവങ്ങൾ കഴിച്ചും വീഞ്ഞു നുണഞ്ഞും, കടൽക്കാഴ്ചകൾ കണ്ടും തണുത്ത കാറ്റേറ്റ് മണിക്കൂറുകളോളം അവിടെയിരുന്നു.
ഇത്രയും സുന്ദരവും, സമാധാനപരവുമായ ഒരു സായഹ്നം അടുത്തെങ്ങും ആസ്വദിച്ചിട്ടില്ല. രാത്രി വൈകുവോളം ആ ബീച്ച് സജീവമാണെങ്കിലും ഞങ്ങൾ 10 മണിയായപ്പോൾ
അവിടെനിന്നും തിരിച്ചു പോന്നു.

അടുത്ത ദിവസം ഞങ്ങൾ Nusa Lembongan ദ്വീപ് സന്ദർശിക്കാൻ പോയപ്പോൾ സമുദ്രത്തിന്റെയ് മറ്റൊരു ഭാവമാണ് കണ്ടത്. ദ്വീപിലുള്ള പാറക്കൂട്ടങ്ങളെ, പച്ചയും നീലയും കലർന്ന ശക്തമായ തിരകൾ തഴുകുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു. അന്നേ ദിവസം തന്നെ വൈകിട്ട് ഞങ്ങൾ Padang Padang ബീച്ച് സന്ദർശിച്ചു. “Eat , Pray , Love ” സിനിമ കണ്ടപ്പോൾ മുതൽ ആഗ്രഹിച്ചതാണ് ഈ ബീച്ച് സന്ദർശിക്കാൻ.

ചുണ്ണാമ്പ് കല്ലിന്റെ വലിയ ഒരു പാറമല കൊണ്ട് മറയ്ക്കപെട്ടാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഈ മലയിൽ വെട്ടിയെടുത്ത ഒരു ഗുഹയിലെ കൽപ്പടവുകൾ താണ്ടി വേണം ബീച്ചിൽ എത്താൻ. വീതി കുറഞ്ഞ വഴിയിലൂടെ നടന്നു താഴെ എത്തുമ്പോൾ വേറൊരു ലോകത്തേക്ക് കടന്നു ചെല്ലുന്ന പ്രതീതിയാണ്.

തിരമാലകൾ ഒട്ടുമില്ലാത്ത ഒരു ശാന്തമായ തീരം. വളരെ സുരക്ഷിതമായതു കൊണ്ടാകാം ,കൊച്ചു കുട്ടികൾ , മുതിർന്നവരുടെ അകമ്പടിയില്ലാതെ പോലും ആ വെള്ളത്തിൽ തിമിർത്തു കൊണ്ടിരുന്നത്.

എന്നെ ഏറ്റവും ആകർഷിച്ചത് ചുറ്റുമുണ്ടായിരുന്ന കൂറ്റൻ ചുണ്ണാമ്പു പാറകളായിരുന്നു. അതിൽ പറ്റിയിരുന്ന പച്ചപ്പായൽ നയന മനോഹരമായ ഒരു ദൃശ്യമായിരുന്നു. ഈ പാറക്കെട്ടുകളിൽ ചെറിയ ഗുഹകൾ ഉണ്ടായിരുന്നു. ഞാനും സീതയും ഗുഹയിൽ നൂഴ്ന്നു കയറാൻ ഒരു ചെറിയ ശ്രമമൊക്കെ നടത്തി നോക്കി. അതിന്റെ ഉള്ളിൽ കഴിയുന്ന ജീവികളെ പേടിപ്പിക്കരുതെന്ന് സുഹൃത്ത് ഉണ്ണി പറഞ്ഞപ്പോൾ ഒരു ചിരിയോടെ ഞങ്ങൾ പിന്തിരിഞ്ഞു . അല്ലാതെ പാമ്പിനെയൊന്നും പേടി ഉള്ളത് കൊണ്ടല്ല !!!

പിന്നെ മനസ്സിനെ സ്പർശിച്ച കടൽക്കാഴ്ച Uluwatu അമ്പലം സന്ദർശിപ്പോളാണ് കണ്ടത്.
കടലിനഭിമുഖമായി 70 അടിയോളം പൊക്കത്തിലുള്ള ഒരു കിഴുക്കാംതൂക്കായ മലഞ്ചെരുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും താഴോട്ടു നോക്കിയാൽ രൗദ്രവും ഘോരവുമായ കടലിന്റെ ഭാവത്തെ കാണാം. പ്രകൃതിയുടെ മുന്നിൽ മനുഷ്യൻ വെറും നിസ്സാരനാണെന്ന് നമുക്ക് അവിടെ നിൽക്കുമ്പോൾ ബോധ്യമുണ്ടാകും. ഇവിടത്തെ സൂര്യാസ്തമയ കാഴ്ച പ്രസിദ്ധമാണ്‌ . വിശാലമായി നീണ്ടു നിവർന്നു കിടക്കുന്ന ചക്രവാളത്തിനു പിന്നിൽ സൂര്യൻ മറയുന്നത് കാണേണ്ട കാഴ്ച്ച തന്നെ !

അടുത്ത ദിവസം വൈകീട്ട് ഞങ്ങൾ ഒരു കടൽ ക്ഷേത്രം കാണാൻ പോയി. ബാലിയിലെ കടല്‍ തീരത്തുള്ള ഏഴു ക്ഷേത്രങ്ങള്‍ വളരെ പ്രശസ്തമാണ്. ഇതു തെക്കു പടിഞ്ഞാറന്‍ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു മാലയിലെ മുത്തുകള്‍ പോലെ ഇതു തീരത്തെ ബന്ധിപ്പിക്കുന്നു എന്ന് പറയാം. കടല്‍ ക്ഷേത്രങ്ങളുടെ അടിത്തട്ടില്‍ വസിക്കുന്ന വിഷ പാമ്പുകള്‍ ദുഷ്ട ശക്തികളില്‍ നിന്നും ക്ഷേത്രത്തെ കാത്തുകൊള്ളുന്നതായും വിശ്വസിക്കപ്പെടുന്നു.

സമുദ്ര തീരത്ത് പാറകള്‍ കൊണ്ടുണ്ടാക്കിയ പ്രശസ്തമായ Tanah Lot ക്ഷേത്രമാണ് ഞങ്ങൾ സന്ദർശിച്ച മറ്റൊന്ന്.. വേലിയേറ്റ സമയത്ത് ഇതിനു നാലുപാടും സമുദ്രം കൈയേറും. അപ്പോള്‍ സമുദ്രത്തിലുള്ള ഒരു ക്ഷേത്രമായി തോന്നും.അങ്ങിനെയാണ് ‘സമുദ്രത്തിലെ കര’ എന്ന അർത്ഥത്തിൽ തനാഹ് ലോട് എന്ന പേര് വന്നത്.

പതിനാറാം നൂറ്റാണ്ടില്‍ നിരത മുനി ഈ പ്രദേശത്ത് വരാന്‍ ഇടയായി. അദ്ദേഹം ഈ പാറപ്പുറത്താണ് വിശ്രമിച്ചത്. അവിടെയുള്ള മുക്കുവര്‍ അദ്ദേഹത്തിന്റെ ആജ്ഞ പ്രകാരം ഒരു ക്ഷേത്രം നിര്‍മ്മിക്കുകയാണുണ്ടായതെന്നാണ് പറയപ്പെടുന്നത്. വരുണ ദേവനെയാണ് ഇവിടെ പൂജിക്കുന്നത്.

1980ല്‍ ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടന്നു. തിരകള്‍ അടിച്ചു നശിച്ചു പോയ മൂന്നിലൊരു ഭാഗം പുനര്‍ നിര്‍മിച്ചിരിക്കുകയാണ്. വേലിയിറക്ക സമയമായതിനാല്‍ ഞങ്ങള്‍ക്ക് നടന്ന് അമ്പലത്തിന്റെ അടുത്ത് വരെ പോകാന്‍ സാധിച്ചു. അമ്പലത്തിന്റെ അകത്തു പ്രവേശനമില്ല. പുറത്തു നില്‍ക്കുന്ന പൂജാരി, പ്രസാദം പോലെ നെറ്റിയില്‍ അരി മണി ഒട്ടിച്ചു തന്നു.

തിരമാലകളടിച്ച് രൂപാന്തരപ്പെട്ട വലിയ ദ്വാരങ്ങളുള്ള പാറ ഉള്‍പ്പെട്ട മല ഇവിടെ നിന്നും വളരെ അടുത്തായി കാണാം.സൂര്യാസ്തമയത്തിനു വളരെ പ്രശസ്തമായ ഒരു സ്ഥലം കൂടിയാണ് ഇത്.

ഇതു കൂടാതെ Nusa Dava , Pandava ബീച്ച്, Samor ബീച്ച്, Kuta beach തുടങ്ങിയ കാണാൻ പറ്റിയ കടൽപ്പുറങ്ങൾ വേറെയും ഉണ്ട് . ഇതിൽ തന്നേയ് കാണാൻ പറ്റാത്തതിൽ നഷ്ടബോധം തോന്നുന്ന ഒന്നാണ് ബാലിയുടെ ബ്ലാക്ക് സാൻഡ് ബീച്ച് . ഇവിടെ കറുത്ത മണലാണ് കാണപ്പെടുക. അഗ്നിപർവതങ്ങളുടെ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. അഗ്നിപർവതം പൊട്ടി തെറിച്ചു ഒഴുകുന്ന ലാവയും, വിവിധ ധാതുക്കളും ചേർന്നാണ് കറുത്ത മണൽ രൂപപ്പെടുന്നത്.

കടൽകാഴ്ചകളുടെ ഒരു മാസ്മരിക ലോകം തുറന്നു കാട്ടിയത് ഇൻഡോനേഷ്യയിലെ ഈ കുഞ്ഞു ദ്വീപാണ്. കടൽത്തീരം എന്നാൽ വെറും മണൽപ്പരപ്പും, തിരമാലകളും മാത്രമല്ല എന്നു മനസിലായത് ബാലിയിലെ സമുദ്ര കാഴ്ചകൾ അനുഭവിച്ചപ്പോളാണ്. ബാലിയിലെ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ കടൽക്കാഴ്ചകൾ ഇന്നും എന്നെ ദ്വീപിലേക്ക്‌ ആകർഷിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.