Contact About Mitra Change Language to മലയാളം

നീലഗിരിയുടെ സ്വന്തം തോടർ !!!               

 

 

നീലഗിരി മലനിരകളും താഴ്‌വാരകളും എല്ലാം എന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്. അവിടത്തെ കാഴ്ചകൾക്ക് എത്ര കാലം കഴിഞ്ഞാലും നിറം മങ്ങില്ല എന്നത് ഒരു വലിയ സത്യം തന്നെയാണ്. നീലഗിരിയുടെ കാഴ്ചകളും , കാലാവസ്ഥയും തന്നെയാണ് ബ്രിട്ടീഷുകാരെ ഇങ്ങോട്ട് ആകർഷിച്ചതും , നീലഗിരിയുടെ ഭാഗമായ കോത്തഗിരിയും , ഊട്ടിയും എല്ലാം അവരുടെ വേനൽക്കാല ആസ്ഥാനമാകാൻ പ്രേരിപ്പിച്ചതും!

 

ബ്രിട്ടീഷുകാർ നീലഗിരിയിൽ കാലുകുത്തും മുമ്പേ , ഈ പറുദീസയെ കാത്തു സംരക്ഷിച്ചു പോന്നത് ഇവിടുത്തെ തനതു ആദിവാസികളായിരുന്നു. ഇതിൽ തന്നേ പ്രധാനികൾ  തോടരും , ഇരുളരും , കോട്ടരും , ബഡിഗാസും , കുറുമ്പരുമായിരുന്നു. ഈ ആദിവാസികൾ നല്ല സഹകരണത്തിലായിരുന്നു അന്ന് കഴിഞ്ഞിരുന്നത്. പാലും പാൽ ഉൽപ്പന്നങ്ങളും തോടർ നൽകുമ്പോൾ ബഡിഗഗകൾ അരിയും ധാന്യവും നൽകും, കോട്ടകൾ പാത്രങ്ങളും ആയുധങ്ങളും കൊടുക്കും , കുറുമ്പർ കാറ്റിൽ നിന്നും ലഭിക്കുന്ന തേനും കിഴങ്ങുകളും നൽകും. ഈ ആദിവാസികളുടെ ഇടയിൽ പോലും വംശീയമായും . ആചാരാനുഷ്ഠാനപരമായും ഏറെ വ്യത്യസ്തത പുലർത്തുന്ന ആദിവാസി സമൂഹമാണ് തോടാരുടേത്. ഇവരുടെ തോട  ഭാഷയ്ക്ക് ദ്രാവിഡിയൻ ഭാഷകളുമായി സാമ്യം ഉണ്ടെങ്കിലും ചില ചരിത്രകാരന്മാർ ഇവരെ അലക്സാണ്ടർ ചക്രവർത്തിയുടെ പിന്തുടർച്ചക്കാരായി പറയുന്നു.

 

ഏറെ കാലമായി നീലഗിരിയിൽ പോയി, ഇവരെ സന്ദർശിക്കണം എന്ന ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട്. അങ്ങനെയിരിക്കെ ഊട്ടിയിൽ ബിസിനസുള്ള കട്ടപ്പനക്കാരനായ വിൽസനെ പരിചയപ്പെടുന്നത്. തോടകളെ കാണാനുള്ള എന്റെയ താൽപര്യം കണ്ടിട്ട് വിൽ‌സൺ ഒരിക്കൽ തോട വിവാഹം കാണാൻ ഊട്ടിയിലേക്ക് ക്ഷണിച്ചു. അങ്ങിനെയാണ് ഞാൻ നീലഗിരിക്ക് നവംബർ രണ്ടാം വാരം പുറപ്പെട്ടത്. കോറോണക്കാലം ആയതു കൊണ്ട് സ്വന്തം കാറിൽ ആയിരുന്നു യാത്ര. ചെറുപ്പത്തിലേ തന്നേ, പതിനൊന്നു വയസ്സുകാരനായ മകനും , തനറെയ് ചുറ്റും ജീവിക്കുന്ന മനുഷ്യരുടെ ജീവിതം മനസിലാക്കണം  എന്ന് നിർബന്ധം ഉള്ളത് കൊണ്ട് മകനേയും ഒപ്പം കൂട്ടി.

 

 

ബുധനാഴ്ച രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടു .പാലക്കാട് , കോയമ്പത്തൂർ, മേട്ടുപ്പാളയം , കോത്തഗിരി വഴി ഊട്ടിയിൽ എത്തി ചേർന്നു. ഞാൻ കാണാൻ വന്ന തോട കല്യാണം വെള്ളിയാഴ്ചയായിരുന്നു . അതു കൊണ്ട് വ്യാഴാഴ്ച്ച ദിവസം ഞങ്ങൾ ഒരു തോട ഗ്രാമം സന്ദർശിക്കാൻ തീരുമാനിച്ചു.

 

തോട ഗ്രാമങ്ങളെ ‘മന്ദ്’ എന്നാണ് വിളിക്കുന്നത്. ഒരു മന്ദിൽ മൂന്നു മുതൽ പത്തു വരെ തോട  വീടുകൾ  കാണാൻ സാധിക്കും.ഇങ്ങനെത്തെ അറുപത്തിയഞ്ചു മന്ദുകളാണ്   നീലഗിരിയിൽ മൊത്തത്തിൽ ഉള്ളത്. ഷോല വനങ്ങളാൽ ചുറ്റപ്പെട്ട പുൽമേടുകളിൽ ആണ് ‘മന്ദ്’ സാധാരണ കാണാൻ കഴിയുക.

 

 

വ്യാഴാഴ്ച്  രാവിലെ ഏഴരയോടെ എബനാടേക്ക് പുറപ്പെട്ടു. അവിടെ വിൽസണിന്റെ സുഹൃത്തായ വിജു കാത്തുനിൽപ്പുണ്ടതായിരുന്നു . വിജു ആദിവാസി ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരാളായിരുന്നു. അത് കൊണ്ട് മിക്ക ആദിവാസികളെയും നേരിട്ടറിയാമായിരുന്നു. അവിടെനിന്നും അഞ്ചു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ബിക്കാപതി മന്ദായിരുന്നു ഞങ്ങളുടെ ലക്ഷ്യം.എബനാടു നിന്നും ഒരു പിക്കപ്പ് വാനിലായിരുന്നു സഞ്ചാരം. ആദ്യം കുറച്ചു ദൂരം നല്ല റോഡിലൂടെ സഞ്ചരിച്ചു , കുത്തനെയുള്ള ഒരു ചെരുവിൽ എത്തിച്ചേർന്നു. കാടുകൾക്കിടയിലൂടെ കല്ല് പാകിയ പാതയിലൂടെ ഞങ്ങളെയും ഏറ്റി പിക്കപ്പ് മുകളിൽ എത്തി. വീണ്ടും കുറേ ദൂരം ഷോല വനങ്ങളിലൂടെയായി യാത്ര.

വഴിയിൽ കുറേ എരുമകൾ  മേയുന്നത് കണ്ടു.ചന്ദ്രകല പോലെ വളഞ്ഞ കൊമ്പുകളും, വലിയ ശരീരവും , ചെറിയ കാലുകളും ആയിരുന്നു അവയുടേത് . വിജുവാണ് പറഞ്ഞത് അത് തോടരുടെ എരുമകൾ ആണെന്ന്. എരുമകളേ  ആരാധിക്കുന്ന അപൂർവം ഗോത്രങ്ങളിൽ ഒന്നാണ് തോടർ.

ഇവരുടെ വിശ്വാസ പ്രകാരം ഇവർ ആരാധിക്കുന്ന ‘തെകഷി’ എന്ന ദേവത ആദ്യം സൃഷ്ടിച്ചത് ആയിരത്തറുന്നൂറു എരുമകളെയാണ് . അവസാനത്തെ പോത്തിന്റെയ് വാലും പിടിച്ചാണ് ആദ്യത്തെ മനുഷ്യൻ എത്തിയത് . ഈ മനുഷ്യന്റെയ് വലതു വാരിയെല്ലിൽ നിന്നാണ് സ്ത്രീയെ സൃഷ്ടിച്ചത്. എരുമകളേ  സംരക്ഷിക്കാനാണ് തെകഷി തങ്ങളെ സൃഷ്ടിച്ചത് എന്നാണ് ഇവരുടെ വിശ്വാസം ! അതുകൊണ്ടു തന്നേ പണ്ടുകാലം മുതൽ തോടർ എരുമകളേ  മേയ്ക്കുന്നവരായിട്ടാണ് അറിയപ്പെടുന്നത്.

 

ഇവർ മരിക്കുന്ന സമയത്തും ഈ എരുമകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇവർക്ക് ആകെ രണ്ടു ലോകമേ ഉള്ളൂ . ജീവിച്ചിരിക്കുന്നവരുടെ ലോകവും, മരിച്ചവരുടെ ലോകം. മരിച്ചതിനു ശേഷം മരിച്ചവരുടെ ലോകത്തെത്താൻ എരുമയുടെ ആത്‌മാവ്‌ കൂടെ ഉണ്ടെങ്കിൽ പെട്ടെന്നു സാധിക്കും പോലും. അതുകൊണ്ടു തോടർ മരിച്ചാൽ ഒരു എരുമയെ കൂടി കുരുതി നൽകി അതിന്റെയ് തല മരിച്ചയാളുടെ ഒപ്പം വെക്കും !

 

 

 

കുറച്ചു ദൂരം കൂടി  യാത്ര ചെയ്തു തുറസ്സായ പുൽമേട്ടിൽ എത്തി. ഞങ്ങളെ വരവേൽക്കാൻ വിജുവിന്റെ പരിചയക്കാരനായ ആറാട്ടു കുട്ടൻ നിൽപ്പുണ്ടായിരുന്നു.

ആറാട്ടുകുട്ടൻ ഞങ്ങളെ അവിടെ  അടുത്തുണ്ടായിരുന്ന പുള്ളിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി .ചുണ്ണാമ്പു പൂശിയ,. ഓടിട്ട   പഴയ ഒരു കെട്ടിടമായിരുന്നു അത്. അവിടെ കുട്ടന്റെ ഭാര്യയായ ദേവികിളിയേയും , മകളായ സുപ്രിയപുവിനെയും പരിചയപ്പെട്ടു.  ദേവികിളി ഞങ്ങൾക്ക് എരുമപ്പാല് കൊണ്ട് തയ്യാറാക്കിയ സംഭാരം തന്നു. അവിടെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന മൂന്നൂറോളം വര്ഷം പഴക്കമുള്ള വെങ്കലം കൊണ്ടുണ്ടാക്കിയ ഗ്ലാസ്സും കോളാമ്പിയും എല്ലാം കാണിച്ചു തന്നു. കുറച്ചു നേരം അവിടെ സംസാരിച്ചിരുന്നതിനു ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി.

 

ആ ഗ്രാമത്തിൽ ഉണ്ടായിരുന്ന പത്തു വീടുകളിൽ  എട്ടെണ്ണവും ഏതു പോലെ ചുണ്ണാമ്പു പൂശിയ വശത്തോടു വശം ചേർന്ന് നിൽക്കുന്ന കെട്ടിടങ്ങൾ ആയിരുന്നു. ഇതിൽ നിന്നും വ്യത്യസ്താമായി രണ്ടു വീടുകൾ തോടരുടെ പരമ്പരാഗതമായ കുടിലായിരുന്നു . അതിൽ ഒന്നിലായിരുന്നു ആറാട്ടുകുട്ടന്റെയ് അമ്മയായ സുഗന്ധിപ്പൂ താമസിച്ചിരുന്നത്.നിർഭാഗ്യവശാൽ സുഗന്ധിപ്പൂ കല്യാണം നടക്കുന്ന ഗ്രാമത്തിലേക്ക് തലേ ദിവസം പോയിക്കഴിഞ്ഞിരുന്നു.

കുട്ടൻ ഞങ്ങളെ ആ കുടിലിലേക്ക്  കൊണ്ടുപോയി. പ്രത്ത്യേക രീതിയിൽ ഉണ്ടാക്കിയിരിക്കുന്ന കുടിൽ ആദ്യ ദർശനത്തിൽ തന്നേ എന്റെയ മനം കവർന്നു. ഒരു വലിയ വീപ്പക്കുറ്റി പകുത്തിട്ടു , മറിച്ചിട്ട രൂപത്തിലായിരുന്നു അത്. മുള വളച്ചു ഫ്രെയിം ഉണ്ടാക്കി , അതിനു കുറുകെ ചൂരലും കമ്പും നിരത്തി കെട്ടി വെക്കും.

എന്നിട്ടു അവിടെ ലഭിക്കുന്ന ആവോൾ എന്ന് വിളിക്കുന്ന ഒരു പ്രത്ത്യേക തരം പുല്ലു മേയും . മുൻവശത്തേയും പിറകുവശത്തേയും ഭിത്തി പലകകളും കളിമണ്ണും എരുമച്ചാണകവും ചേർത്തായിരുന്നു ഉണ്ടാക്കിയത്. തറയാകട്ടേ കളിമണ്ണ് വെച്ചായിരുന്നു ഉണ്ടാക്കിയത് . ഈ കുടിലുകൾക്ക് കാറ്റിനെയും, മഴയെയും, തണുപ്പിനെയും എല്ലാം പ്രതിരോധിക്കാൻ പറ്റും. നാലഞ്ചു വർഷം കൂടുമ്പോൾ മേഞ്ഞ പുല്ലു മാത്രം മാറ്റി കൊടുക്കേണ്ടി വരാറുള്ളൂ പോലും.

 

ഈ കുടിലിന്റെയ് വാതിലിനു മൂന്നടി മാത്രമേ നീളവും വീതിയും ഉണ്ടായിരുന്നുള്ളു എന്നുള്ളതാണ് വേറൊരു പ്രത്ത്യേകത . കുടിലിൽ പ്രവേശിക്കാൻ ഈ വാതിലിലൂടെ നൂഴ്ന്നു കയറണം . കുടിലിനകത്തു ഇളം ചൂട് എപ്പോഴും നിലനിന്നിരുന്നു. പുറത്തെ തണുപ്പിൽ നിന്നും ഇളം ചൂടുള്ള ആ കുടിലിൽ പ്രവേശിച്ചപ്പോൾ വല്ലാത്തൊരു ഗൃഹാതുരത്വം അനുഭവപ്പെട്ടു.

കുടിലിന്റെയ് ഒരു വശത്തു ഉയർത്തിക്കെട്ടിയ മൺതിണ്ണയിലാണ് ഇവരുടെ കിടപ്പ്. മറുവശത്തു വിറകടുപ്പുണ്ടായിരുന്നു. ഈ അടുപ്പിൽ നിന്നും ഉയരുന്ന ചൂടാണ് , പുറത്തെ മരംകോച്ചുന്ന തണുപ്പിലും ഇവർക്ക് ആശ്വാസം പകരുന്നത്. അടുപ്പിന്റെയ് മുകളിൽ കാട്ടിൽ നിന്ന് ശേഖരിച്ച വിറകുകൾ നല്ല മനോഹരമായി അടുക്കി വെച്ചിരുന്നു. പിറകിലത്തെ ഭിത്തിയോട് ചേർന്നുണ്ടാക്കിയ ഷെൽഫുകളിൽ പാത്രങ്ങൾ അടുക്കി വെച്ചിരുന്നു. മുള കൊണ്ടുണ്ടാക്കിയ, തൈര് കടയാൻ ഉപയോഗിക്കുന്ന സാധനം ഏറെ കൗതുകത്തോടെയാണ് ഞാൻ നോക്കി കണ്ടത് . വീടിനു മുന്നിൽ കുട്ടന്റെയ് ‘അമ്മ കുറച്ചു പൂച്ചെടികൾ ഒക്കെ നട്ടുപിടിപ്പിച്ചിരുന്നു. പുറകുവശത്തു മരക്കൊമ്പുകൾ കൊണ്ടുണ്ടാക്കിയ ചെറിയ കുളിമുറിയുണ്ടായിരുന്നു. പ്രാഥമിക ആവശ്യങ്ങൾ നിറവേറാൻ അവർ ഇപ്പോഴും കാട്ടിലായിരുന്നു പോയിരുന്നത്.

അവിടന്ന് പുറത്തിറങ്ങിയപ്പോൾ കുട്ടൻ എരുമകളേ രാത്രിയിൽ സൂക്ഷിക്കുന്ന തൊഴുത്തു കാണിച്ചു തന്നു. ഇവർക്ക് രണ്ടു തരം എരുമകളുണ്ട് . സാധാരണ എരുമയും , ക്ഷേത്ര എരുമയും. ക്ഷേത്ര എരുമയെ ക്ഷേത്രത്തിനടുത്തും , സാധരണ എരുമയെ വീട്ടിലും ആണ് വളർത്തുക.  ഓരോ വീട്ടുകാർക്കും നാലഞ്ചു എരുമകൾ വീതം ഉണ്ട്. ഇവർ എരുമകളേ കെട്ടിയിടാറില്ല. എരുമകൾ രാവിലെ പിണ്ണാക്കും ഭക്ഷിച്ചിട്ട്  കാട്ടിൽ മേയാൻ പോകുകയും, സന്ധ്യക്ക്‌ തിരികെ വരികയും ചെയ്യും പോലും. ഗ്രാമത്തിനു ചുറ്റും കൊടും കാടാണെങ്കിൽ കൂടി ഒരു വന്യ മൃഗവും ഒരിക്കലും ഗ്രാമത്തിൽ വരികയോ , ഇവരെ ഉപദ്രവിക്കുകയോ ചെയ്യാറില്ല.

 

ഗ്രാമത്തിനു ചുറ്റും 110 ഏക്കർ സ്ഥലമാണ് ഗവണ്മെന്റ് ഇവർക്ക് പതിപ്പിച്ചു നൽകിയത്. ഒരോ കുടുംബത്തിനും അഞ്ചേക്കർ സ്ഥലമുണ്ട്. ഇവിടെ അവർ ചെറിയ രീതിയിൽ കൃഷിയും ചെയ്യുന്നു. ഇവരുടെ ക്ഷേത്രത്തിനു ചുറ്റും ആയിട്ട് അമ്പത് ഏക്കർ വേറെയും ഉണ്ട് സ്ഥലം. ഇവിടെ അവരുടെ സ്ത്രീകൾക്ക് പ്രവേശനമില്ല. കുട്ടൻ ഞങ്ങളെയും കൂട്ടി അമ്പലത്തിന്റെയ് അടുത്തേക്ക് പോയി. അമ്പലത്തിൽ നിന്നും ഇരുന്നൂറടി മാറി നിന്നേ കാണാൻ പറ്റൂ. അതിന്റെയ് അടുത്ത് പോകാൻ അനുവാദമില്ല.

പരമ്പരാഗത കുടിലിന്റെയ് മാതൃകയിൽ ആയിരുന്നു ക്ഷേത്രവും പണിതിരുന്നത്. ക്ഷേത്രത്തിനു ചുറ്റും കല്ലുകൾ അടുക്കി വെച്ച് അരഭിത്തി പണിതിരുന്നു. അമ്പലത്തിന്റെയ് മുൻവശത്തെ ഭിത്തി കരിങ്കൽ കൊണ്ടായിരുന്നു നിർമ്മിച്ചത് . ഇവിടെ അവരുടെ കുലദൈവമായ എരുമയുടെ ചുവർ ചിത്രം വരച്ചു വെച്ചിരുന്നു. അതുകൂടാതെ പ്രകൃതിയോടുള്ള പ്രതിപത്തി കാണിക്കാൻ സൂര്യനെയും ചന്ദ്രനെയും വരച്ചു വെച്ചിരുന്നു.

 

ചില അമ്പലങ്ങൾ വര്ഷം മൊത്തം പ്രവർത്തിക്കുമെങ്കിലും , ഇവിടെയുള്ള ക്ഷേത്രം ജനുവരി മാസം മാത്രമേ തുറക്കുകയുള്ളു. അമ്പലത്തിന്റെയ് പവിത്രമായ എരുമയെ കറന്ന് , ആ പാലാണ്  പൂജിക്കുന്നത് . അമ്പലത്തിന്റെയ്  അകത്തു രണ്ടു മുറികൾ ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ മുറിയിൽ അടുപ്പു കൂട്ടാനുള്ള സൗകര്യം ഉണ്ടായിരുന്നു . രണ്ടാമത്തെ മുറിയിലാണ് പാല് കടയുന്ന ഉപകരണങ്ങളും മറ്റും വെച്ചിരുന്നത്. ഇവിടെ എരുമ നെയ്യ് കൊണ്ട് കത്തിക്കുന്ന ഒരു വിളക്കും സൂക്ഷിച്ചിട്ടുണ്ട്. ഈ വിളക്ക് തീപ്പെട്ടി കൊണ്ടല്ല കത്തിക്കുന്നത്. മറിച്ചു കാട്ടിൽ കാണുന്ന പ്രത്ത്യേക തരം ചുള്ളി തുണിയിൽ ഉരസിയാണ് പോലും വിളക്ക് കത്തിക്കാനുള്ള തീ ഉണ്ടാക്കിയിരുന്നത്.

 

ഗ്രാമത്തിലെ ആളുകൾ തന്നെയാണ് ഊഴം വെച്ച് പുരോഹിത ജോലി നിറവേറ്റുന്നത്. പുരോഹിതനെ പാലോൽ എന്നായിരുന്നു വിളിച്ചിരുന്നത്. പൗരോഹിത്യം സ്വീകരിച്ച ദിവസങ്ങളിൽ വീട്ടിൽ പോകാൻ പറ്റില്ല. കറുത്ത ഒരു വേഷ്ടി മാത്രമേ ധരിക്കാൻ പറ്റുകയുള്ളു.   അമ്പലത്തിനകത്തു ഭക്ഷണം പാകം ചെയ്തു കഴിക്കുകയും , അമ്പലത്തിനടുത്തായിട്ട്  ഉണ്ടാക്കിയിട്ടുള്ള ചായ്പ്പിൽ ഉറങ്ങുകയും ചെയ്യണം. ആഹാരമായി രണ്ടു നേരം ചോറ് വെച്ച് കഴിക്കാം. അതിന്റെയ് കൂടെ , ക്ഷേത്ര എരുമയുടെ പാൽ, തൈര് , വെണ്ണ മാത്രമേ ഉപയോഗിക്കാൻ പറ്റൂ.

 

പുരോഹിതൻ ഉപയോഗിച്ച ശേഷം മിച്ചം വരുന്ന മോര് വേണമെങ്കിൽ ഗ്രാമവാസികൾക്ക് കൊടുക്കാം. അവിടെ അടുത്തുള്ള ഒരു മരത്തിന്റെയ് ഇലകൾ , നേർത്ത ചുള്ളി കമ്പു കൊണ്ട് ചേർത്ത് വെച്ചാണ് കഴിക്കാനുള്ള പാത്രം ഉണ്ടാക്കുന്നത്! അമ്പലത്തിന്റെയ് പുറത്തു വലിയ ഉരുളൻ കല്ലുകൾ കിടപ്പുണ്ടായിരുന്നു. നൂറു നൂറ്റിപ്പത്തു കിലോ ഭാരം വരുന്ന ഈ കല്ല് പൊക്കിയാൽ മാത്രമേ പുരുഷൻ കല്യാണത്തിന് യോഗ്യനാകുകയൊള്ളു . ഇത്രയുമൊക്കെ കണ്ടും കേട്ടും കഴിഞ്ഞപ്പോൾ മണി ഒന്നായി . കുട്ടന് കല്യാണം നടക്കുന്ന ഗ്രാമത്തിലേക്ക് പോകേണ്ടതിനാൽ ഞങ്ങൾ കൂടുതൽ ബുദ്ധിമുട്ടിക്കാതെ അവിടെ നിന്നും ഇറങ്ങി.

 

പിറ്റേ ദിവസം രാവിലെ പത്തു മണിയോടെ ഞങ്ങൾ കല്യാണം നടക്കുന്ന പകലിക്കോട് മന്ദിലേക്ക് തിരിച്ചു .പോകുന്ന വഴിക്ക് തോടകളുടെ വേറൊരു ഗ്രാമം കണ്ടു. അവിടെ കോൺക്രീറ്റ് കൊണ്ട് , പരമ്പരാഗത കുടിലുകളെ അനുകരിക്കുന്ന മാതൃകയിലുള്ള മൂന്നാലു കെട്ടിടം കാണാൻ സാധിച്ചു . അവിടെ തന്നേ തോട എരുമയെയും കുട്ടിയേയും കാണാൻ ഭാഗ്യം സിദ്ധിച്ചു. യാത്രക്കിടയിൽ റോഡിലൂടെ നടന്നു നീങ്ങുന്ന ഒരു കൂട്ടം തോട എരുമകളേ കാണാൻ പറ്റി.

പകലിക്കോട് മന്ദിൽ  ആകെ നാല് വീടുകളെ ഉണ്ടായിരുന്നുള്ളു. അടുത്ത് തന്നേ ചെറിയ ക്ഷേത്രം ഉണ്ടായിരുന്നു. വീടിനു മുന്നിൽ പന്തൽ കെട്ടിയിരുന്നു.

ധാരാളം ആളുകൾ അവിടെ കൂടിയിരുന്നു. എല്ലാവരും അവരുടെ പരമ്പരാഗത വേഷമായ പുത്തുകുളി എന്ന ഷാൾ പൊതിഞ്ഞിരുന്നു. പുതുകുളി ഷാൾ നിറയെ കൈകൊണ്ടു ചെയ്ത ചിത്രത്തുന്നൽ ആയിരുന്നു. തോട സ്ത്രീകൾ തന്നെയാണ് ഇതു നെയ്തെടുക്കുന്നത് . നേർത്ത ക്രീം നിറത്തിലെ തുണിയിൽ കറുപ്പും ചുമപ്പും നീലയും  ചിത്രത്തുന്നലുകളായിരുന്നു.

ആറാട്ടുകുട്ടനും , ദേവികിളിയും ഞങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ദേവികിളി എന്നെയും കൂട്ടി കല്യാണ പെണ്ണിനെ ഒരുക്കുന്ന  സ്ഥലത്തേക്ക് കൂട്ടി കൊണ്ട്  പോയി. തോട സ്ത്രീകൾ പ്രത്ത്യേക രീതിയിലായിരുന്നു മുടി മെടഞ്ഞിരുന്നത് . മൊത്തം മുടി മൂന്നായി ഭാഗം ചെയ്യും. ഓരോ ഭാഗത്തെയും മുടി വീണ്ടും നാലായി ഭാഗം ചെയ്യും. ഓരോ ഭാഗവും പിരിയ്‌ക്കും.  അവിടെ ഉണ്ടായിരുന്ന ആബാല വൃദ്ധജനങ്ങൾ എല്ലാം ഈ രീതിയിലായിരുന്നു മുടി കെട്ടിയിരുന്നത് . പോകുന്ന വഴിക്ക് മുറ്റത്തെല്ലാം  സ്ത്രീകൾ പരസ്പരം മുടി പിരിക്കുന്ന കാഴ്ച കാണാൻ രസമായിരുന്നു.

 

കല്യാണ പെണ്ണിന്റെയ് അടുത്തെത്തിയപ്പോൾ ഞാൻ ഒന്ന് പകച്ചു പോയി. കാരണം ഒരു ഗർഭിണിയെയാണ് കല്യാണ പെണ്ണെന്നു പറഞ്ഞു പരിചയപ്പെടുത്തിയത്. എന്റെയ ആശ്ചര്യം കൊണ്ടാകണം ദേവികിളി അവരുടെ ആചാരം എനിക്ക് വിശദീകരിച്ചു തന്നത്. പെണ്ണിനെ ചെറുക്കന്റെയ് വീട്ടിൽ കൊണ്ടുപോകുന്ന ചടങ്ങിന് സാധാരണ വീട്ടുക്കാർ മാത്രമേ കാണുകയുള്ളു. ആഘോഷമൊന്നുമില്ല. പെണ്ണ് ചെറുക്കന്റെയ് വീട്ടിൽ പോയി വിളക്ക് കത്തിച്ചു വെക്കുന്നതാണ് കല്യാണം. അതിനു ശേഷം അവർക്ക് ഒന്നിച്ചു ജീവിക്കാം. ഗർഭിണിയായ ശേഷം ഏഴാം മാസത്തിലാണ് ബന്ധുക്കളെ എല്ലാം വിളിച്ചു കല്യാണം നടത്തുക!!!

അങ്ങിനെ ഏഴാം മാസത്തിലെ ഗർഭിണി കല്യാണം ആയിരുന്നു അന്നവിടെ നടക്കാൻ പോകുന്നത്. ഞാൻ വെറുതെ അവിടെ ചുറ്റി കറങ്ങാൻ തീരുമാനിച്ചു. അപ്പോൾ ദേവിക്കിളി എന്നേ നിർബന്ധിച്ചു അവരുടെ ബന്ധു വീട്ടിൽ കൊണ്ട് പോയി അവരുടെ ഭക്ഷണം വിളമ്പി തന്നു. പ്രത്ത്യേക ലോഹം കൊണ്ടുണ്ടാക്കിയ കോസ്‌തേർക് എന്ന പ്ലേറ്റിൽ ആയിരുന്നു ആഹാരം കൊണ്ടുവന്നത്. ഒറ്റവൈതെർ എന്നതായിരുന്നു പ്രധാന വിഭവം. നല്ലതു പോലെ അരി വേവിച്ചു, എരുമത്തൈര് അടുപ്പിൽ വെച്ച് തന്നെ ചോറിൽ ചേർത്ത് കുഴച്ചെടുക്കുന്നതാണ് ഒറ്റവൈതെർ. ഇതു മണ്ണപ്പം പോലെ പ്ലേറ്റിൽ വെച്ച് , നടുക്ക് ഒന്ന് കുഴിച്ചു , പെന്ന് എന്ന് വിളിക്കുന്ന എരുമ വെണ്ണയും, തസ്കവേർ എന്ന ചമ്മതിയും അതിൽ വെച്ച് തന്നു. മുളകും മല്ലിയും, വെളുത്തുള്ളിയും, പുളിയും ഉപ്പും ചേർത്തരച്ചുണ്ടാക്കുന്നതാണ്  തസ്കവേർ. വളരെ രുചികരമായ ഭക്ഷണം ഞാൻ ആസ്വദിച്ചു കഴിച്ചു. അതിനു ശേഷം ദേവികിളിയോട് കല്യാണത്തിന്റെയ് മുഹൂർത്തം ചോദിച്ചപ്പോഴാണ് പറയുന്നത് നാട്ടുകാർ എല്ലാം എത്തിയാൽ മാത്രമേ കല്യാണം തുടങ്ങു പോലും. തോടകൾക്കു കല്യാണം എന്ന് പറയുന്നത് അവർക്ക് ഒത്തുകൂടാൻ കിട്ടുന്ന ഒരു വലിയ അവസരമാണ്. അത് കൊണ്ട് എണ്ണൂറോളം പേരാണ് കല്യാണത്തിന് വരിക.

 

ഏകദേശം ഒരു മണി ആയപ്പോൾ ആറാട്ടുകുട്ടൻ വന്നു ഞങ്ങളെ വിളിച്ചു ഒരു വലിയ പുല്മേടിന്റെ താഴ്വാഴയിലേക്കു കൂട്ടികൊണ്ടു പോയി. നോക്കുമ്പോൾ ഒരു ഞാവൽ മരം ബലൂണും , വർണ്ണക്കടലാസും എല്ലാം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവിടെ കുറച്ചാണുങ്ങൾ കൂടി നിന്ന് മരത്തിൽ ഒരു പൊത്തുണ്ടാക്കുന്നു.

ഈ പൊത്തിൽ വിളക്ക് കത്തിച്ചു വെച്ചാണ് പോലും വിവാഹ ചടങ്ങു ആരംഭിക്കുക. ആണുങ്ങൾ പൊത്തുണ്ടാക്കുന്ന സമയത്തു ചെറിയ ചെറിയ കൂട്ടങ്ങളായി തോട സ്ത്രീകളും പുരുഷന്മാരും വന്നു പുൽമേട്ടിൽ നിരന്നിരുന്നു. ചെറുക്കന്റെയ് ‘അമ്മ വിളക്ക് കത്തിച്ചു പൊത്തിൽ വെച്ചു . കല്യാണ ചടങ്ങു കഴിയുന്നത് വരെ ഈ വിളക്ക് അണയരുത്. അത് കൊണ്ട് കാറ്റ് പിടിക്കാതിരിക്കാൻ പൊത്തിനു ചുറ്റും ഇലയോടു കൂടിയുള്ള കമ്പുകൾ വെച്ചിരുന്നു.

 

കല്യാണ പെണ്ണായ നിരോഷ സിന്നും , കല്യാണ ചെറുക്കനായ കാശ്മുടി കുട്ടനും ഒരുമിച്ചു കുന്നിറങ്ങി വന്നു.

അതിനു ശേഷം അവിടെ കൂടിയിരുന്ന നൂറോളം പ്രായം ചെന്നവരെ ഓരോരുത്തരായി നമസ്‌ക്കരിച്ചു. നൂറു പ്രാവിശ്യം കുമ്പിടേണ്ടി വന്ന ഗർഭിണിയുടെ അവസ്ഥ കണ്ടു നൊമ്പരം തോന്നി. തോടകൾ അനുഗ്രഹിക്കുന്നതും പ്രത്ത്യേക രീതിയിലാണ് . നമ്മൾ കൈകൊണ്ടു അനുഗ്രഹിക്കുമ്പോൾ അവർ കാൽപ്പാദം  നെറുകയിൽ തൊട്ടാണ് അനുഗ്രഹിക്കുന്നത്! ഈ സമയത്താണ് കല്യാണ സമ്മാനം കൊടുക്കുക. അടുത്ത ബന്ധുക്കൾ മോതിരം നൽകുകയും, അകന്ന ബന്ധുക്കൾ പൈസ നൽകുകയും   ചെയ്യും.

പിന്നീട് നിരോഷയെ മരത്തിന്റെയ് വിളക്കിനു മുന്നിൽ ഇരുത്തിയിട്ടു കാശ്മുടി കുട്ടൻ കുറച്ചു ബന്ധുക്കളുമായി അവിടെയുള്ള കാട്ടിൽ പോയി. ഈ കാട്ടിലെ ഏതോ പ്രത്ത്യേക മരത്തിന്റെയ് കമ്പ് വെച്ച് അമ്പും വില്ലും ഉണ്ടാക്കി ഗർഭിണിക്ക് സമ്മാനിക്കണം പോലും. കാശ്മുടി കുട്ടൻ പോയതോടെ , പുരുഷന്മാർ ചേർന്ന് വട്ടത്തിൽ പ്രത്ത്യേക താളത്തിൽ നൃത്തം വെച്ച് തുടങ്ങി.

ചെറുപ്പക്കാരും വൃദ്ധരും എല്ലാം ഈ നൃത്തത്തിൽ പങ്കാളികൾ ആയി. മുതിർന്നവരുടെ കൈയ്യിൽ ഒരു ചൂരൽ വടിയും ഉണ്ടായിരുന്നു. പ്രത്ത്യേക ട്യൂണിൽ ആൺ വീട്ടുക്കാർ പെണ്ണിനെ ഈ ഗ്രാമത്തിലേക്ക് തന്നതിന് നന്ദി  പറയുമ്പോൾ, പെൺവീട്ടുകാർ അതേ ട്യൂണിൽ നന്ദി ഏറ്റു വാങ്ങുന്നതായും പാടി. രസകരമായ അനുഭവമായിരുന്നു ഇത്. കുറച്ചു കഴിഞ്ഞപ്പോൾ സ്ത്രീകളും ഇതു പോലെ വട്ടമായി ചുവടു വെക്കാൻ തോന്നി. വിശാലമായ പുൽമേട്ടിൽ , പുരുഷൻമാരുടെയും സ്ട്രീകളുടെയും പാട്ടും നൃത്തവുമൊക്കെ കാണാൻ നല്ല അഴകായിരുന്നു.

മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ കാശ്മുടി കുട്ടൻ അമ്പും വില്ലുമായി കാട്ടിൽ നിന്നും തിരികെ എത്തി. തന്റെയ പ്രിയതമക്ക് അമ്പും വില്ലും സമ്മാനിച്ച്. പണ്ട് കാലത്തു തോടരുടെ ഇടയിൽ ബഹുഭർതൃത്വം നിലനിന്നിരുന്നു. ആ കാലത്തു ഗർഭിണി ഭർത്താക്കന്മാരിൽ ഒരാളെ കുഞ്ഞിന്റെ പിതൃത്വത്തിനു തിരഞ്ഞെടുക്കും. ആ ഉത്തരവാദിത്വം ഏറ്റെടുത്ത , കുഞ്ഞിനെ സംരക്ഷിക്കാം എന്നുള്ള ഉറപ്പായിരുന്നു പോലും ഈ അമ്പുവിലും നൽകുന്നതിന് പിന്നിൽ.

നിരോഷ അമ്പും വില്ലും വിളക്കിനു മുന്നിൽ വെച്ചു. കാശ്മുടി കുട്ടന്റെയ് കൈയിൽ നിരോഷയുടെ സഹോദരൻ തേനൊഴിച്ചു കൊടുത്തു. കാശ്മുടി അത് നിരോഷയുടെ വായിൽ ഒഴിച്ച് കൊടുത്തു. തിരിച്ചു നിരോഷയും കാശ്മുടിയുടെ വായിൽ തേൻ വെച്ച് കൊടുത്തു. ശേഷം ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും  മുല്ലമാല അണിയിച്ചതോടെ കല്യാണം കഴിഞ്ഞു. ചടങ്ങു തീർന്നതും പെരു മഴ പെയ്തു.

പുൽമേട് തിരിച്ചു കയറി വണ്ടിയുടെ അടുത്തെത്തിയപ്പോഴേക്കും നനഞ്ഞു കുതിർന്നു പോയി. എങ്ങനെയെങ്കിലും തിരിച്ചു ഹോട്ടലിൽ എത്താൻ തിടുക്കമായി. പക്ഷേ കുട്ടനും ദേവികിളിയും നിർബന്ധിച്ചു ഞങ്ങളെ സദ്യ കഴിപ്പിച്ചു. പച്ചരി ചോറും, സാമ്പാറും, മോര് കറിയും, രസവും, ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടിയും, കാബ്ബജ് തോരനും , പപ്പടവും, ബോണ്ടയും, പഴവും, പേടയുമായിരുന്നു സദ്യയുടെ വിഭവങ്ങൾ. നനഞ്ഞ വേഷത്തിൽ വല്ലവിധേനെയും കഴിച്ചെന്നു വരുത്തിത്തീർത്ത ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

 

രണ്ടു ദിവസമായി കണ്ട തോടകളുടെ പ്രത്ത്യേകതകൾ ആയിരുന്നു മനസ്സ് നിറയെ. കാലാന്തരത്തിൽ എത്രയോ ഗോത്രങ്ങൾ കേട്ട് കേൾവിയായി. എത്രയോ ഗോത്രങ്ങൾ നാമാവശേഷമായി . എന്നിട്ടും തങ്കളുടെ ആചാരാനുഷ്ഠാനങ്ങൾ ചേർത്ത് പിടിച്ചു ജീവിക്കുന്ന തോട സമൂഹത്തിനോട് വല്ലാത്ത  ആദരവ് തോന്നി. പുൽമേടുകൾ അപ്രത്യക്ഷമാകുമ്പോഴും തങ്കളുടെ എരുമകളേ ഉപേക്ഷിക്കാതെ, അവരെയും സംരക്ഷിച്ചു കാട്ടിനുള്ളിലെ പ്രതികൂല സാഹചര്യത്തിലും സന്തോഷത്തോടെ കഴിയുന്ന വലിയ മനസ്സുകളുടെ ഉടമകളാണ് തോടർ … സംശയമില്ല !

 

 

 

 

 

 

 

All Comments

Leave a Reply

Your email address will not be published. Required fields are marked *

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.

  1. Praveen Kumar.K says:

    വളരെ നല്ല വിവരണം. മാഡത്തിൻ്റെ തോടരെ കുറിച്ച് മനോരമ ട്രാവലറിൽ വന്ന ആർട്ടികൾ വായിച്ച് തോടരെ തേടി ഞാനും ഒരു യാത്ര നടത്തി കോത്തഗിരിയിലെ കൊടുംന്താനി മന്ദിലേക്ക്

  2. Manikandan r says:

    മനോഹരം…💗