Contact About Mitra Change Language to മലയാളം

പാവങ്ങളുടെ താജ്മഹലിൽ ഒരു സായാഹ്നം !!!!

പാവങ്ങളുടെ താജ്മഹലിൽ ഒരു സായാഹ്നം !!!!

“Last flicker in the lamp of Mughal court “

മുഗൾ വാസ്തുവിദ്യയനുസരിച്ച് പണിത അവസാനത്തെ വമ്പൻ കെട്ടിടമായ പാവങ്ങളുടെ താജ്മഹലിന്റെ വിശേഷങ്ങളാണ് ഇന്ന് പങ്ക് വെക്കുന്നത് .

‘യഥാർത്ഥ’ താജ്മഹലും
റെഡ് ഫോർട്ടും
ആഗ്രാഫോർട്ടും സമ്മാനിച്ച മുഗൾ കൊട്ടാരത്തിലെ അവസാനത്തെ തിരിനാളമായിട്ടാണ് ഈ സാമ്പിൾ താജ്മഹലിനെ വിശേഷിപ്പിക്കുന്നത്.

മുഗൾ രാജാക്കന്മാർക്കോ രാജകുടുംബങ്ങൾക്കോ വേണ്ടിയല്ല ഇത് പണിതത്- മറിച്ച് ,
രാജവംശ പരമ്പരയൊന്നും അവകാശപ്പെടാനില്ലാത്ത , മുഗൾ രാജകൊട്ടാരത്തിൽ നിന്നും പുറത്താക്കപ്പെട്ട ഒരു മന്ത്രിക്കു വേണ്ടിയായിരുന്നു ഇത് പണി കഴപ്പിച്ചതെന്നതാണ്
ഏറെ കൗതുകം.

മുഗൾ കൊട്ടാരത്തിലെ മുഖ്യ മന്ത്രിയായിരുന്ന സഫ്ദർജംഗ് അന്ത്യ വിശ്രമം കൊള്ളുന്ന സഫ്ദർജംഗ് മക്ബറയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

അൽപം ചരിത്രം അറിഞ്ഞാലെ വിവരണത്തിന് ഒരു തുടർച്ച കിട്ടു…

പേർഷ്യയിൽ ജനിച്ച മിർസാ മുക്കീം അബ്ദുൾ ഖാദർ 1722ലാണ് ഇന്ത്യയിലെത്തിയത്. അന്നത്തെ ഔധ് (ലക്നൗ) ഭരണാധികാരിയായ സാദത് അലി ഖാന്റെ മകളെ വിവാഹം ചെയ്തതോടെ അബ്ദുൽ ഖാദറിന്റെ തലവര തന്നെ മാറി.1739ൽ സാദത് ഖാൻ മരണപ്പെട്ടപ്പോൾ തന്ത്രശാലിയായ ഖാദർ , പേർഷ്യൻ രാജാവിന് കോഴ നല്കി, ആ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ അദ്ദേഹം നവാബ് ഓഫ് ഔധ് ആയി അറിയപ്പെട്ടു തുടങ്ങി.

അദ്ദേഹത്തിന്റെ സാമർഥ്യവും, അദ്ധ്വാനശീലവും കണ്ട്, മുഗൾ ചക്രവർത്തിയായ മുഹമ്മദ് ഷാഹ്‌ അദ്ദേഹത്തിന് ‘സഫ്ദർ ജംഗ് ‘ എന്ന പദവി നൽകുകയായിരുന്നു.

1748 ൽ മുഹമ്മദ് ഷാഹ് മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ മകൻ അഹമ്മദ് ഷാഹ് ചക്രവർത്തിയായി. മദ്യത്തിനും , കഞ്ചാവിനും , സ്ത്രീക്കും വശംവദനായ രാജാവ് , ഭരണ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സഫ്ദർജംഗിനെ ഡൽഹിയിലേക്ക് വരുത്തുകയും, മുഗൾ കൊട്ടാരത്തിലെ പ്രധാന മന്ത്രി(വാസിർ ) ആക്കുകയും ചെയ്തു.

വാസിർ – ഉൽ – മാംലക്കി – ഇ – ഹന്ദുസ്ഥാനി എന്ന പദവിയും നൽകി .

വാസിർ ആയ സഫ്ദർജംഗ് താമസിയാതെ ഇന്ത്യ കണ്ട ഏറ്റവും ധനികനും ശക്തിമാനുമായ മന്ത്രിയായി മാറി.

രാജാവ്,
വാസിറിന്റെ (സഫ്ദർജംഗ്) യന്ത്രപ്പാവയായി . വാസിറിന്റെ അധികാരശക്തിയിൽ അസൂയാലുക്കളായ പലരും രാജാവിനെ,
അദ്ദേഹത്തിന് എതിരാക്കി.

അതിന്റെ പര്യവസാനമായി,
അധികാര ദുർവിനിയോഗം ചെയ്ത പേരിൽ 1753ൽ വാസിറിനെ കൊട്ടാരത്തിൽ നിന്നും പുറത്താക്കി .

മുഗൾ രാജാവിന് , ഡൽഹിയിൽ നിന്നും സഫ്ദർജംഗിനെ നാടുകടത്താൻ, മറാത്ത സൈന്യത്തിന്റെ സഹായവും തേടേണ്ടി വന്നു.
കാരണം അപ്പോഴേക്കും മുഗൾ സാമ്രാജ്യം അധഃപതനത്തിന്റെ പാതയിലായിരുന്നു.

ഔദിൽ തിരിച്ചെത്തിയ സഫ്ദർജംഗ് വളരെ നിരാശനായി കാണപ്പെട്ടു. ഒരു വർഷത്തിന് ശേഷം 1754ൽ നാല്പത്തിയാറാം വയസ്സിൽ അദ്ദേഹം, ഫൈസാബാദിന് അടുത്തുള്ള സുൽത്താൻപൂർ എന്ന സ്ഥലത്തു വെച്ച് മരണത്തിനു കീഴടങ്ങി.
മരിക്കുമ്പോഴും ദൽഹിയിൽ തിരികെ എത്തണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം .
ഇത് അറിയാവുന്ന ഔദിലെ നവാബായ മകൻ ഷുജ ഉഇദ് ദൗല , മുഗൾ രാജാവിനോട് കേണപേക്ഷിച്ചാണ്‌ ഡൽഹിയിൽ സഫ്ദർജംഗ് മക്ബറ പണിയാൻ അനുമതി നേടിയത്.

അങ്ങനെ മൂന്നു ലക്ഷം രൂപ ചിലവഴിച്ച് ബിലാൽ മുഹമ്മദ് ഖാൻ ആണ് ഇതു പണിതത്. പണം തികയാതെ വന്നപ്പോൾ പല മുഗൾ ശവ കുടീരങ്ങളുടെ സ്ളാബും മറ്റും മോഷ്ടിച്ചാണത്രെ പണി പൂർത്തീകരിച്ചത്. ഈ നാണം കെട്ട പ്രവർത്തിക്കു സാക്ഷ്യമായി അക്ബറിന്റെ കൊട്ടാരത്തിലെ നവരത്നങ്ങളിൽ ഒരാളായിരുന്ന അബ്ദുൽ റഹിം ഖാന്റെ ശവ കുടീരം ഇന്നും പല സ്ളാബുകൾ നഷ്ടപ്പെട്ട രീതിയിൽ നിലകൊള്ളുന്നു.

ഡൽഹിയിൽ ഔദ്യോഗിക പരിശീലനത്തിന് ചെന്ന സമയത്താണ് രവീന്ദർ ഭായി സഫ്ദർജംഗ് മക്ബറയെ കുറിച്ച് പറയുന്നത് . ‘പാവപെട്ടവന്റെ താജ്മഹൽ’ എന്ന വിശേഷണം ഉള്ള ഈ ചരിത്ര സ്മാരകം നേരിട്ട് കാണാൻ എനിക്കും ഉത്സാഹം തോന്നി. അങ്ങിനെ ഒരു ദിവസം വൈകിട്ട് ഞാൻ ജോർ ബാഗ് മെട്രോ സ്റ്റേഷനിൽ ചെന്നിറങ്ങി . അവിടെ കാത്തുനിന്ന രവീന്ദർ ഭായിയെ കൂട്ടി മക്ബറയിലേക്കു നടന്നു.

പ്രവേശന കവാടം ഒരു രണ്ടു നില കെട്ടിടത്തിന്റെ മാതൃകയിലായിരുന്നു പണിതിരുന്നത് . ചുണ്ണാമ്പു പൂശിയ മുഖപ്പിൽ നിറയെ അലങ്കാര പണികൾ ചെയ്തിരുന്നു. അറബിയിൽ ‘ വീരപുരുഷൻ രണഭൂമിയിൽ നിന്നും വിടവാങ്ങുമ്പോൾ , ദൈവത്തിന്റെ പറുദീസയിൽ സ്ഥിരനിവാസി ആകട്ടേ ‘ എന്ന് എഴുതി വെച്ചിട്ടുണ്ടായിരുന്നു.
ഈ കെട്ടിടത്തിന്റെ പിറകു വശത്തു കുറച്ചു മുറികളും , ഒരു ലൈബ്രറിയും സജ്ജമാക്കിയിട്ടുണ്ട്. വലതു വശത്തായി മൂന്നു രേഖാങ്കിതമായ താഴികക്കുടങ്ങൾ കൊണ്ടലങ്കരിച്ച പള്ളിയും ഉണ്ടായിരുന്നു. .

കവാടത്തിൽ കൂടി ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ശെരിക്കും ഒരു പറുദീസയിൽ എത്തിയ പോലെയാണ് അനുഭവപ്പെടുക. നാല് ഭാഗവും മനോഹരമായ പൂന്തോട്ടത്തിനു നടുവിലായി തലയെടുപ്പോടെ മക്ബറ സ്ഥിതി ചെയ്യുന്നു. ഒറ്റ നോട്ടത്തിൽ താജ്മഹലിനോട് സാദൃശ്യം തോന്നുന്ന മക്ബറ ശെരിക്കും എന്നെ ആശ്ചര്യപ്പെടുത്തി. ഇരുവശങ്ങളിലും പനകൾ കൊണ്ട് അലങ്കരിച്ച നടപ്പാതക്ക് നടുവിൽ ജലധാരയന്ത്രങ്ങൾ നിശ്ചലമായി പഴയ പ്രതാപത്തെ ഓർമ്മിപ്പിച്ചു .

നടപ്പാതയിലൂടെ നടന്ന് അടുത്തെത്തിയപ്പോൾ മനസ്സിലായി താജ്മഹലിന്റെ നിഴലായി പോലും ഇതിനെ കണക്കാക്കാൻ പറ്റില്ല . വില കുറഞ്ഞ ചെങ്കല്ലും മറ്റും കൊണ്ടായിരുന്നു മൂന്നു നിലയുള്ള മക്ബറ പണിതിരുന്നത്. വളരെ കുറച്ചു ഭാഗങ്ങൾ മാത്രം മാർബിൾ പാകിയിരുന്നു. താജ്മഹലിൽ നാല് മിനാരങ്ങൾ പ്രധാന കെട്ടിടത്തിൽ നിന്നും മാറിയായിരുന്നു പണിതത് പക്ഷേ ഇവിടെ മിനാരങ്ങൾ കെട്ടിടത്തിന്റെ ഭാഗമായിരുന്നു. മിനാരങ്ങൾ റകോകോ ശൈലിയിലാണ് അലങ്കരിച്ചിട്ടുള്ളത്. സൗന്ദര്യപരമായും , വാസ്തുകലാപരമായും വിലകുറഞ്ഞ അനുകരണം മാത്രമായിരുന്നു ഇത് .

പുറമേ നിന്നും ദൃശ്യമാകാത്ത വിധം പണിത പടികൾ വഴി പ്രധാന സ്മാരക മണ്ഡപം സ്ഥിതി ചെയ്യുന്ന ഒന്നാം നിലയിൽ എത്തി. എട്ടു മുറികൾക്ക് നടുവിലായാണ് സ്മാരക മണ്ഡപമുള്ള മുറി സജ്ജമാക്കിയിരുന്നത്. സ്മാരക മണ്ഡപത്തിന്റെ താഴേ ഒരു ഭൂഗർഭ അറയിലായിരുന്നു സഫ്ദർജംഗ് അന്ത്യവിശ്രമം കൊണ്ടിരുന്നത്.


നാല് മൂലയിലും ഉള്ള മുറികൾ അഷ്ടകോണായിരുന്നു. സ്മാരക മണ്ഡപം സ്ഥിതി ചെയ്യുന്ന മുറിയുടെ മേൽക്കൂരയിൽ മാത്രം കൊത്തുപണികൾ ചെയ്തിരുന്നു. ഭിത്തിയിൽ ആളുകൾ വരച്ചും കോറിയുമൊക്കെ വൃത്തികേടാക്കി വെച്ചിരുന്നതു കണ്ട് നൊമ്പരം തോന്നി. ഒരിക്കൽ മുഗൾ രാജാവിന്റെ വലം കൈയായിരുന്ന വാസിറിന്റെ ഇന്നത്തെ നില ശോചനീയമായിരുന്നു.

അവിടുന്ന് നേരെ വിശാലമായ മട്ടുപ്പാവിലേക്കാണ് കാലു വെച്ചത് . മട്ടുപ്പാവിൽ നിന്ന് ചുറ്റുമുള്ള ഉദ്യാനം നന്നായി നിരീക്ഷിക്കാൻ പറ്റി. മുഗൾ രീതിയിലുള്ള ‘ചാർ ബാഗ് ‘ ശൈലിയിലാണ് ഉദ്യാനം നിർമിച്ചിരുന്നത്.
നാല് സമചതുരാകൃതിയിൽ ഉള്ള ഉദ്യാനങ്ങളും , അതിന്റെ നാലുപാടും വീതിയുള്ള നടപ്പാതകളും, ജലധാരയന്ത്രങ്ങളും ഒക്കെയായി മനോഹരമായി സജീകരിച്ചിരുന്നു.

ഓരോ വശത്തുമായി 280 മീറ്റർ നീളത്തിലായിരുന്നു ഈ ഉദ്യാനം . അതുകൊണ്ട് തന്നെ നാലുപാടും കണ്ണെത്താദൂരത്തോളം പച്ചപ്പ്‌ ആസ്വദിച്ച് , കാറ്റും കൊണ്ട് മട്ടുപ്പാവിൽ നിൽക്കാം.

ഡൽഹി പോലുള്ള മെട്രോ സിറ്റിയുടെ നടുവിൽ ഈ പച്ചപ്പിന്റെ തുരുത്തു നാട്ടുകാർക്ക് വലിയ ആശ്വാസമാണ് പകരുന്നത് എന്ന് രവീന്ദർ ഭായി പറഞ്ഞു. എന്തുകൊണ്ടോ വിദേശികളെ ആകർഷിക്കാൻ ഈ പാവങ്ങളുടെ താജിന് പറ്റിയിട്ടില്ല. അതുകൊണ്ട് മിക്കപ്പോഴും ഇതു വിജനമായി നിലകൊള്ളുന്നു പോലും.

രാവിലെയും വൈകിട്ടും പലപ്പോഴും ആളുകൾ നടക്കാനായി മാത്രമാണ് ഇവിടെ എത്തുന്നത്. പിന്നെ സ്വസ്ഥമായി കൊച്ചു വർത്തമാനം പറഞ്ഞിരിക്കാൻ വരുന്ന ഇണക്കിളികളുടെ ഒരു സ്ഥിര താവളം കൂടിയാണ് ഇപ്പോൾ ഈ മക്ബറ.

സാധാരണക്കാരനായിരുന്ന അബ്ദുൽ ഖാദറിന്റെ നവാബിലേക്കും വസീറിലേക്കും ഒക്കെയുള്ള ഉയർച്ചയും , അവസാനത്തെ അധ:പതനത്തെയും ഓർമ്മിപ്പിക്കുന്നതായിരുന്നു മക്ബറ സന്ദർശനം. ഇത്രയും വലിയ മക്ബറയിലും ഏകനായി എല്ലാവരാലും മറക്കപെട്ടു സഫ്ദർജംഗ് അന്തിയുറങ്ങുന്നു എന്നുള്ളത് സങ്കടകരം തന്നെ …!

 

Leave a Reply

Your email address will not be published. Required fields are marked *