Contact About Mitra Change Language to മലയാളം

പോബ്ജിക എന്ന ഭൂട്ടാൻ സുന്ദരി !!!

 

ഏതൊരു നാടിന്റെയും നേർകാഴ്ച കാണണമെങ്കിൽ അവരുടെ ഗ്രാമങ്ങളിൽ തന്നെ സമയം ചിലവിടണം. അങ്ങനെയാണ് ഭൂട്ടാൻ സന്ദർശന വേളയിൽ “പോബ്‌ജിക” പോകാൻ തീരുമാനിക്കുന്നത്.


പുനാഖയിൽ നിന്ന് 65 km ദൂരമേയുള്ളൂ എങ്കിലും ഏകദേശം 3-31/2 മണിക്കൂർ യാത്ര ചെയ്തെങ്കിൽ മാത്രമേ ഈ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ പറ്റൂ.

പുനഖയിൽ നിന്നും വാങ്ടു വരെ വല്ല വിധേനയും ഷെയർ ടാക്സി ഒപ്പിച്ചു എത്തി. വാങ്ടുവിൽ നിന്നും പോബ്ജിക വരെ പോകാൻ ടാക്സി തന്നെ പിടിക്കേണ്ടി വന്നൂ. കൂട്ടിനു ഡ്രൈവറുടെ സുന്ദരി മകളും. വിജനമായ മനോഹരമായ വീതി കുറഞ്ഞ റോഡുകൾ. മനോഹരമായ ഒരു നദി ഒരു വശത്ത് കൂടി ഒഴുകുന്നു. അതിനും അപ്പുറത്ത് കാട് പിടിച്ച മലനിരകൾ. വളരെ വിരളമായി മാത്രം ഭൂട്ടാൻ വാസ്തു വിദ്യ പ്രകാരം നിർമിച്ച മനോഹര ഭവനങ്ങൾ. രണ്ടര മണിക്കൂർ യാത്ര ചെയ്ത് പോബ്ജിഖ എത്തിയപ്പോൾ വൈകിട്ട് 6 മണിയായി.

കാറിൽ നിന്നും ഇറങ്ങിയപ്പോൾ സ്വീകരിക്കാൻ ഹോം സ്റ്റേ ഉടമയുടെ മകൻ “നിമാസ്” കാത്തു നിൽപ്പുണ്ടായിരുന്നു. പുറത്ത് നല്ല തണുപ്പായിരുന്നതൂകൊണ്ട് ഞാൻ വേഗം മുറിയിലേക്ക് പോയി. ഇത്രയും മനോഹരമായ ഒരു സ്ഥലത്ത് ഞാൻ ഇത് വരെ താമസിച്ചിട്ടില്ല. തടി പാകിയ തറയും, കൊത്ത് പണികൾ ചെയ്തിട്ടുള്ള നീണ്ട ജനലുകളും, മച്ചും എല്ലാം നല്ല രസമായിരുന്നു കാണാൻ.

ഡ്രസ്സ് മാറി തിരികെ എത്തിയപ്പോൾ എന്റെ ടാക്സി ഡ്രൈവർ മകളുമായി അടുക്കളയിൽ ഇരുന്നു ചായ കുടിക്കുന്ന കണ്ടപ്പോൾ ആശ്ചര്യം തോന്നി. ഭൂട്ടാനിലെ ആളുകളുടെ ആതിഥേയ മര്യാദ എടുത്ത് പറയേണ്ടത് തന്നെ.

ആ വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട മുറി അടുക്കള ആയിരുന്നു. അടുക്കളയുടെ ഒത്ത നടുക്ക് ഇരുമ്പിന്റെ ഒരു അടുപ്പുണ്ട്‌. ഈ അടുപ്പിൽ വെച്ചാണ് വെള്ളവും മറ്റും ചൂടക്കുന്നത്. കൂട്ടത്തിൽ അടുപ്പും ചൂടാകും. അതിനാൽ അ മുറിയിൽ നിലത്ത് ഇട്ടിരുന്ന മെത്തയിൽ ഇരുന്നു ചൂട് കായാൻ നല്ല സുഖമായിരുന്നു. കൂട്ടിനു അവിടുത്തെ പൂച്ച എപ്പോഴും കൂടെ ഉണ്ടാകും.

രാത്രിയിൽ അതി കഠിനമായ തണുപ്പ് അനുഭവപ്പെട്ടു. ആദ്യമായിട്ടാണ് ഒറ്റക്ക് യാത്ര ചെയ്യുന്നത്. തിരിച്ച് പോയാലോ എന്ന് വരെ ചിന്തിച്ചു പോയി. ഞാൻ ആലില വിറക്കുന്ന പോലെ വിറക്കുന്നതു കണ്ട് നിമാസിന്റെ അമ്മ മൂന്നു ക്വിൽട് ( പഞ്ഞി നിറച്ച പുതപ്പ്) കൊണ്ട് എന്നെ പുതപ്പിച്ചു. രാവിലെ തന്നെ സ്ഥലം വിടാൻ ഉറപ്പിച്ച് ഞാൻ കിടന്നുറങ്ങി.

രാവിലെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കിയപ്പോൾ മനോഹരമായ കാഴ്ചയായിരുന്നു. കണ്ണെത്താദൂരത്തോളം പച്ച പുതച്ചു കിടക്കുന്ന പ്രകൃതി, ദൂരേ മഞ്ഞ് മൂടിയ മലനിരകൾ, അങ്ങിങ്ങായി വീടുകൾ. ഞാൻ പുറത്തേക്ക് ഇറങ്ങാൻ തയ്യാറായപ്പോൾ നിമാസിന്റെ അമ്മ “സുജ’യും” ആയി എത്തി. തേയില വെള്ളത്തിൽ തിളപ്പിച്ച് വെണ്ണ ചേർത്ത് കടഞ്ഞെടുക്കുന്ന അടിപൊളി ഭൂട്ടാനീസ് ബട്ടർ ടീ ആണ് സുജ. അതും കുടിച്ച് പുറത്തേക്കിറങ്ങി.

മുറ്റത്ത് ഒരു കുളി മുറിയിൽ ഒരു ടബ്ബ് നിറയെ വലിയ കല്ലുകൾ. അപ്പോഴാണ് നിമാസ് പറഞ്ഞത്, നല്ല തണുപ്പ് കാലത്ത് ഈ കല്ലുകൾ ചൂടാക്കി വെള്ളത്തിൽ ഇടും. അങ്ങനെ ചൂടാക്കുന്ന വെള്ളത്തിൽ ആണ് അവർ കുളിക്കുന്നത്. അലഞ്ഞു നടക്കുന്ന കന്നുകാലികൾ അകത്തു കയറാതിരിക്കാൻ മര കഷ്ണം കൊണ്ടുണ്ടാക്കിയ ഗേറ്റ് എന്നും അടച്ചിടും. തൊട്ടടുത്ത് മതിലിലേക്ക്‌ ഒരു മരപ്പലക വെച്ചിട്ടുണ്ട്. അതിലൂടെ നടന്നു, തടി കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കോണിപ്പടി കടന്നു വേണം പുറത്തിറങ്ങാൻ. ചുറ്റും അലഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ച് എത്തിയപ്പോൾ നിമാസ് എന്നെയും കൂട്ടി നേരത്തേ തീരുമാനിച്ച പ്രകാരം അടുത്തുള്ള സ്ക്കൂളിൽ കൊണ്ട് പോയി.

നിമാസ് അകത്തേക്ക് പ്രവേശിച്ചില്ല കാരണം സ്കൂളിന്റെ മുറ്റത്ത് ഭൂട്ടാന്റെ പതാക പാറി പറക്കുന്നു. ഈ പതാകയുടെ അടുത്ത് പോകണമെങ്കിൽ അവരുടെ ദേശീയ വസ്ത്രമായ “ഘോ” ധരിച്ചിരിക്കണം. കുട്ടികളുടെ യൂണിഫോം ഘോ / കീരാ യുടെ മാതൃകയിൽ തയ്‌പിച്ചതാണ്. കുഞ്ഞിലെ മുതൽ രാഷ്ട്ര സ്നേഹവും, മൂല്യങ്ങളും പകർന്നു നൽകാനാണ് ഇത്.

ഞാൻ പ്രിൻസിപ്പലിനെ കണ്ട് സ്കൂൾ സന്ദർശിക്കാൻ വന്നതാണ് എന്ന് അറിയിച്ചപ്പോൾ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. കുട്ടികൾക്ക് നൽകാൻ നാട്ടിൽ നിന്ന് കൊണ്ട് പോയ പേന ഓരോ ക്ലാസ്സിലും കയറി ഇറങ്ങി ഞങ്ങൾ വിതരണം ചെയ്തു.

അവരുടെ വിദ്യാഭ്യാസ പദ്ധതി വളരെ അധികം മികച്ചതായിരുന്നു. ക്ലാസ്സിലെ മൊത്തം കുട്ടികളെ 4-5 പേര് അടങ്ങുന്ന ചെറു ഗ്രൂപ്പുകളായി തിരിക്കും. ഒരോ ഗ്രൂപ്പും ഒരു മേശക്കു ചുറ്റുമിരുന്നാണ് ക്ലാസ്സ് വർക് ചെയ്യുന്നത്. ഒരു ഗ്രൂപ്പിൽ ഒരു നന്നായിട്ട് പഠിക്കുന്ന കുട്ടി, പഠിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടി, കളികളിൽ താൽപര്യമുള്ള കുട്ടി , കലാപരമായി കഴിവുള്ള കുട്ടി എന്നിവർ ഉണ്ടാകും. ഇവർ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചാണ് ക്ലാസ്സ് ജോലികൾ ചെയ്യുന്നത്. ഓരോ മാസവും ഗ്രൂപ്പ് മാറും. അത് കൊണ്ട് തന്നെ എല്ലാ കുട്ടികൾക്കും അങ്ങോട്ടും ഇങ്ങോട്ടും വളരെ അധികം സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് തന്നെയാകും അവരെ ഭാവിയിൽ മികച്ച് മനുഷ്യസ്നേഹമുള്ള പൗരന്മാരായി വാർത്തെടുക്കുന്നതിൽ സഹായിക്കുന്നത്.

കാര്യങ്ങളൊക്കെ മനസ്സിലാക്കി നിൽക്കുമ്പോഴാണ് പ്രിൻസിപ്പൽ എന്നേ അഞ്ചാം ക്ലാസ്സിൽ കൊണ്ട് പോയി പരിചയപെടുത്തി കുട്ടികളോട് അടുത്ത ക്ലാസ്സ് ഞാൻ എടുക്കും എന്ന് പറഞ്ഞത്. ഞാൻ ഞെട്ടിപ്പോയി. കാരണം അത് അപ്രതീക്ഷിതമായി വന്ന ഇരുട്ടടി തന്നെയായിരുന്നു. കോളജിൽ പഠിപ്പിക്കുന്ന പോലേയല്ലല്ലോ കുരുന്നുകളെ പഠിപ്പിക്കുക. അവിടന്ന് രക്ഷപ്പെടാൻ അവസരം നൽകാതെ പ്രിസിപ്പൽ സ്ഥലം വിട്ടു. പിന്നീട് ഒരു മണിക്കൂർ ആ പാവം കുട്ടികൾ എന്നെ സഹിച്ചു. അവർക്ക് നമ്മുടെ നാടിനെകുറിച്ചുള്ള സംസ്കാരത്തെക്കുറിച്ചുമെല്ലാം പരിചയപെടുത്തി. കൃത്യം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വാതിലിനു പുറത്ത് ഒളിച്ച് നിന്ന് ക്‌ളാസ്സുകേട്ട പ്രിൻസിപ്പൽ പ്രത്യക്ഷപെട്ടു. കുട്ടികൾ ചോദ്യം ചോദിച്ച് എന്നെ വലച്ചതിലും , കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചതിനും പുള്ളിക്ക് വളരെ സന്തോഷം തോന്നി. വീണ്ടും ഒരു മണിക്കൂറോളം അവരുടെ പാഠ്യപദ്ധതി യെ കുറിച്ച് ഞങ്ങൾ സംസാരിച്ചു. ഏകദേശം 12 മണിക്ക് ഞാൻ തിരിച്ച് നിമാസിന്റെ വീട്ടിലെത്തി.

പിന്നീട് കാറിൽ നിമാസിന്റെ അപ്പൂപ്പന്റെ വീട്ടിലേക്ക് പോയി.അവിടെ നിന്ന് രണ്ടു കിലോമീറ്റർ ദൂരെയുള്ള നിമാസിന്റെ അപ്പൂപ്പന്റെ വീട്ടിലായിരുന്നു ഉച്ചക്ക് ഊണ് ഒരുക്കിയത്. കാരണം നിമാസിന്റെ അമ്മയും ബന്ധുക്കളും അതിന്റെ ചുറ്റുമുള്ള ഉരുളകിഴങ്ങ് കൃഷിയിടത്തിലായിരുന്ന് അന്ന് ജോലി ചെയ്യുന്നത്. പോബ്ജികയിൽ എല്ലാവരും കൂട്ടമായിട്ടാണ് പണി ചെയ്യുന്നത്. ഇന്ന് ഒരാളുടെ കൃഷിയിടത്തിൽ ചെയ്താൽ, അടുത്ത ദിവസം അടുത്ത ആളുടെ കൃഷിയിടത്തിൽ ആകും ജോലി ചെയ്യുക. പുറത്ത് നിന്നും ആരെയും പണിക്ക് വെക്കില്ല.

നിമാസിന്റെ തൊണ്ണൂറ്റിയഞ്ചു വയസ്സുള്ള അപ്പൂപ്പൻ രണ്ടും കൈയ്യും നീട്ടി എന്നെ സ്വീകരിച്ചു. അടുക്കളയിൽ എല്ലാവരും വട്ടം കൂടി നിലത്തിരുന്നു ഭക്ഷണം കഴിച്ചു, എല്ലാവരും എപ്പോളും വളരെ സന്തോഷത്തിലായിരുന്നു. ചുമ്മാതല്ല ഭൂട്ടാൻ ജനതയെ ലോകത്തെ ഏറ്റവും സന്തോഷമായി ജീവിക്കുന്ന ജനതയായി വിശേഷിപ്പിക്കുന്നത്.

കഴിച്ചു കഴിഞ്ഞു നിമാസിന്റെ അപ്പൂപ്പൻ അവരുടെ പൂജാമുറിയും വീടും ഒക്കെ കൊണ്ട് നടന്നു കാണിച്ചു. പൂജാമുറിയിൽ തൂക്കിയിട്ടിരിക്കുന്ന ബുദ്ധ ഭഗവാന്റെ പടം തുണി വെച്ച് മറച്ചിരിക്കും. വിശേഷ ദിവസങ്ങളിൽ തുണി മാറ്റി പൂജ നടത്തും.

വളരെ പഴക്കമുള്ള യാക് മൃഗത്തിന്റെ തോല് കൊണ്ടുണ്ടാക്കിയ കാർപെറ്റ് കാണിച്ചു.

സ്ത്രീകൾ എല്ലാവരും വീണ്ടും പാടത്ത് പണി എടുക്കാൻ പോയി. ഞാൻ നോക്കുമ്പോൾ നിമാസ് പാത്രം തേച്ചു വൃത്തിയാക്കുന്നു. ഞാനും കൂടാം എന്ന് പറഞ്ഞപ്പോൾ വിസമ്മതിച്ച്തു കൊണ്ട് ഞാൻ പതുക്കെ തിരികെ നടക്കാൻ തീരുമാനിച്ചു. വഴി ഏകദേശം പിടിത്തമുണ്ടായിരുന്നു. ഞാൻ അങ്ങനെ മെല്ലേ പ്രകൃതിഭംഗി നുകർന്ന് മെല്ലെ നടന്നു. ഭൂട്ടാന്റെ സ്വിറ്റ്സർലൻഡ് ആയിട്ടാണ് പോബ്ജിക അറിയപ്പെടുന്നത്. കുഞ്ഞു പൂക്കൾ കൊണ്ട് താഴ്‌വര അലംകൃതമായ, അവിടവിടെ ചെറിയ അരുവികളും, മനോഹരമായ വീടുകളും.

ഒരു പട്ടിയെ പോലും കാണാനില്ലല്ലോ എന്ന് മനോഗതം പറഞ്ഞു ഞാൻ അടഞ്ഞു കിടന്ന ഗേറ്റിനു മുമ്പിലുള്ള കല്ലിൽ കുറച്ചു നേരം ഇരിക്കാൻ തീരുമാനിച്ചു. ഇരുന്നതൂം ജെറ്റ് പാഞ്ഞു വരുന്ന പോലെ വീടിന്റെ ഉള്ളിൽ നിന്നും ഒരു പട്ടി ഓടി വരുന്നു. ഗേറ്റ് അടഞ്ഞു കിടക്കുന്നു എന്ന ധൈര്യത്തിൽ ഞാൻ അനങ്ങിയില്ല. നോക്കുമ്പോൾ വിരുതൻ ഒരു ചെറിയ വിടവിൽ കൂടി പുറത്തേക്ക് വരുന്നു. എന്തായാലും ഒടാനുള്ള ശക്തിയില്ല,ഞാൻ അവിടെ അനങ്ങാതെ ഇരുന്നു. ആശാൻ എന്റെ അടുത്ത് വന്നു കാലിൽ മണപ്പിച്ചു താൻ ഇവിടത്തുകാരിയല്ലലോ എന്നൊരു നോട്ടവും പാസാക്കി എന്റെ കാൽക്കൽ ഇരിപ്പുറപ്പിച്ചു. കുറച്ചു നേരം അങ്ങനെ ഞങ്ങൾ രണ്ടാളും കൂടി പ്രകൃതി ഭംഗി ആസ്വദിച്ചു. പിന്നെ ഞാൻ മെല്ലെ അവിടന്ന് എഴുനേറ്റു നടപ്പ് തുടർന്നു. ആശാൻ പ്രതിമ പോലെ ഇരുന്നു എന്നേ നോക്കി കൊണ്ടിരുന്നു. ഭൂട്ടാനിലെ മനുഷ്യരെ പോലെ മൃഗങ്ങൾക്കും അതിഥികളോട് വളരെ കരുതൽ ഉള്ളത് പോലെ തോന്നി.

തിരിച്ച് വീട്ടിലെത്തിയ പ്പൊഴേക്കൂം നിമാസ് കാറുമായി എത്തി. ഞങ്ങൾ അവിടെ അടുത്തുള്ള ഗംഗ്ടെയ് ഗോംബ എന്ന ബുദ്ധ മൊണാസ്റ്ററി സന്ദർശിച്ചു.

വളരെ ഉയരത്തിൽ ഉള്ള ഒരു സ്ഥലത്ത് പണിതത് കൊണ്ട് തന്നെ അവിടെ നിന്നാൽ മൊത്തം താഴ്‌വര കാണാൻ പറ്റും. തണുപ്പ് കൂടി കൂടി വരുന്നത് കൊണ്ട് ഞങ്ങൾ വേഗം തന്നെ തിരിച്ചു വീട്ടിലെത്തി. പിറ്റേന്ന് രാവിലെ ഏഴു മണിക്ക് തിമ്പൂവിലേക്ക് പുറപ്പെടുന്ന ബസിൽ കയറി ഞാൻ തിരികെ യാത്രയായി.

ഭൂട്ടാൻ സന്ദർശനത്തിന്റെ ഏറ്റവും മനോഹരമായ ഒരു ഏടായിരുന്നു പോബ്ജിക. പ്രകൃതി സൗന്ദര്യം കൊണ്ടും, ഗ്രാമീണരുടെ നിഷ്കളങ്കമായ സ്നേഹം കൊണ്ടും എന്നേ കീഴടക്കിയ ഭൂട്ടാൻ സുന്ദരി തന്നെയായിരുന്നു പോബ്‌ജിക.

യാത്രാ ടിപ്സ്
1. പോബ്‌ജികയിൽ നിന്നും വാങ്ടു വരെ എന്നും രാവിലെ ഏഴു മണിക്ക് ബസ് ഉണ്ട്. ശനിയാഴ്ച ദിവസങ്ങളിൽ ബസ് ഇല്ല.

2. വാങ്ടു നിന്നും ഈ ബസ് രണ്ടു മണിക്ക് മുമ്പ് തിരികെ പോബ്‌ജികക്കു പുറപ്പെടും.

3. വെള്ളിയാഴ്ച മാത്രം ബസ് തിംബു വരെ പോകും. തിമ്പുവിൽ ഏകദേശം മൂന്നു മണിക്ക് എത്തും. 150 രൂപയാണ് ചാർജ്. ശനിയാഴ്ച രാവിലെ ഇൗ ബസ് പോബ്‌ജികക്കു പോകും.

4. പോബ്‌ജിഖാ സന്ദർശിക്കണം എങ്കിൽ തിമ്പുവിൽ നിന്നും പ്രത്യേക പെർമിറ്റ് എടുക്കണം.

5. പോബ്‌ജികയിൽ ധാരാളം ഹോംസ്റ്റേ ഉണ്ട്. 800-900 രൂപയാണ് വാടക. ഇതിന് പുറമേ ആഹാരം പാകം ചെയ്ത് തരുന്നതിനുിന് ഒരു നേരത്തേക്ക് 200-300 രൂപ വരെ വാങ്ങും.

 

 

Leave a Reply

Your email address will not be published. Required fields are marked *