Contact About Mitra Change Language to മലയാളം

ബാലിയിലെ വേറിട്ട കാഴ്ചകൾ !!!!

 

ബാലി ഒരു സ്വപ്നത്തുരുത്താണ്‌ .

മരതകപ്പച്ച നിറമുള്ള കടലും, പഞ്ചാര മണൽപ്പരപ്പും , വൈവിധ്യമാർന്ന ക്ഷേത്രങ്ങളും , തീ തുപ്പുന്ന അഗ്നി പർവ്വതങ്ങളുമെല്ലാം ഉൾപ്പെടുന്ന കാഴ്ചയുടെ വിവിധ തലങ്ങൾ എന്നും സഞ്ചാരികളെ അങ്ങോട്ട് ആകർഷിക്കും.

ഇതുകൂടാതെ, ബാലിയിൽ അനുഭവിച്ചറിയാൻ ധാരാളം കാര്യങ്ങളുണ്ട്. കുടുതലും ഉബുഡ് എന്ന കൊച്ചു പട്ടണത്തെ ചുറ്റി പറ്റിയാണ്.

ഉബുഡ്, ബാലിയുടെ കലാസാംസ്കാരിക ഹൃദയമാണ്. ഉബദ് എന്നാൽ ഔഷധം എന്നാണർത്ഥം. ഇവിടെ ധാരാളം ഔഷധച്ചെടികൾ വളരുന്നുണ്ട്. അങ്ങിനെയാണ് ഉബദ് എന്ന പേരിൽ നിന്ന് ഉബുഡ് ഉണ്ടായത്.

ചെറിയ വീഥികൾക്കിരുവശ ങ്ങളിലുമായി പരമ്പരാഗത രീതിയിലുള്ള കെട്ടിടങ്ങളും മറ്റും കാണാൻ നല്ല ഭംഗിയാണ്.
പ്രധാന വീഥിയെ
ജലൻ റായ എന്നാണ് വിളിക്കുന്നത്.

പട്ടണത്തിൽ പല ദിക്കുകളിലായി ധാരാളം ആർട് ഗ്യാലറികളുണ്ട് .
ഇവിടെ ബാലിനീസ് ചിത്രകലാരൂപങ്ങൾ, കല്ലിൽ കൊത്തിയ ശില്പങ്ങൾ, പരമ്പരാഗത വീട്ടുപകരണങ്ങൾ തുടങ്ങി ബാലിയുടെ സംസ്കാര ചേരുവകകളെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്.

ഉബുദ് സന്ദർശിക്കുമ്പോൾ ബാലിനീസ് മസ്സാജ് പരീക്ഷിച്ചു നോക്കണമെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നത് കേട്ട് ഞാൻ നല്ല മസ്സാജ് പാർലറിനായി അന്വേഷണം തുടങ്ങി.
മസ്സാജ് പാർലറുകൾ ഇവിടുത്തെ പ്രധാന വരുമാന മാർഗമാണെന്ന് തോന്നുന്നു.
ഏതായാലും സ്ത്രീകൾ നടത്തുന്ന ഒരു പാർലർ കണ്ടെത്തി.
അര മണിക്കൂർ കാൽ പാദം മസ്സാജ് ചെയ്യാൻ പണവുമടച്ചു. ഒരു 20 – 22 വയസ്സുള്ള പെൺ കുട്ടിയാണ് മസ്സാജ് ചെയ്യാൻ എത്തിയത്.

നത്തോലി പോലത്തെ ആ കൊച്ച് എന്നെ അടിമുടി ഒന്ന് നോക്കി …
ഞാൻ ഒരു ചിരി പാസാക്കി.

എന്റെ ചിരിക്ക് മറുചിരിയൊന്നും തരാതെ അവൾ അവളുടെ പണി തുടങ്ങി. മെലിഞ്ഞുണങ്ങിയ കുട്ടിയായിരുന്നെങ്കിലും അവളുടെ കൈകൾക്ക് നല്ല കരുത്തായിരുന്നു.
കാൽപാദത്തിൽ പിടിച്ച്
ഇടത്തും വലത്തും ഓരോ തിരി തിരിച്ചതും
ഞാൻ നിലവിളിച്ചതും ഒപ്പമായിരുന്നു.
കരച്ചിൽ കേട്ടിട്ടും ഒരു കൂസലുമില്ലാതെ അവൾ ജോലി തുടരുകയാണ്…
അറിയാവുന്ന ഭാഷയിൽ ആംഗ്യ ഭാഷയും കൂട്ടി കലർത്തി മൃദുവായി ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും , സ്വിച്ചിട്ട് ഓടുന്ന യന്ത്രം പോലെ അവൾ പണി തുടരുകയാണ്.

ഇനിയും അവൾക്ക് തിരിക്കാനും മറിക്കാനും എന്റെ കാലുകൊടുത്താൽ ഞാൻ ഇവിടെ നിന്നും മുടന്തി നടക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ്, 10 മിനിറ്റുകൊണ്ടുതന്നെ എന്റെ കാലും വലിച്ചു അവിടന്ന് ഓടി രക്ഷപ്പെട്ടു.

ജലാൻ റായ വീഥിയിൽ നൂറു കണക്കിന് ഹോട്ടലുകളുണ്ട്. ബാലിനീസ് തട്ടുകടകൾ ആയ വാരുങ് മുതൽ മുന്തിയ ഹോട്ടലുകൾ വരെ ഈ ഗണത്തിൽ പെടും. ഞാൻ ഇടക്കിടക്ക് ചായ കുടിക്കാൻ കയറും. ചായയുടെ കൂടെ വൈഫൈ ഫ്രീ ആയിരുന്നു എന്നതാണ് ഈ ചായ കുടിക്ക് എന്നെ പ്രേരിപ്പിച്ചിരുന്നത്.

തുറസായ സ്ഥലം പോലെയായിരുന്നു ഹോട്ടലുകൾ സജ്ജീകരിച്ചിരുന്നത്.

വൈകുന്നേരമായാൽ
ഓരോ മേശയിലും കത്തിച്ച് വെക്കുന്ന മെഴുകുതിരിയുടെ അരണ്ട വെളിച്ചവും
തെരുവീഥികളുമൊക്കെ
കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.

ഉബുഡ് പട്ടണത്തിൽ നിന്നു 5 കിലോമീറ്റർ മാറി Tegenungan എന്ന വെള്ള ച്ചാട്ടമുണ്ട്. ചന്തമുള്ള ഫോട്ടോസ്‌ ഒക്കെ ഗൂഗിളിൽ കണ്ടപ്പോൾ പോകാൻ തന്നെ തീരുമാനിച്ചു.
കൂടെ ഉണ്ടായിരുന്ന ഉണ്ണിക്കും സീതക്കും അത്ര താല്പര്യം പോരായിരുന്നെങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങി അവരും വന്നു.

മുന്നൂറോളം പടികൾ ഇറങ്ങി വേണം വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താൻ. ഇരു വശങ്ങളിലും കാടാണ്.
ആകാംക്ഷയോടെ പടിയിറങ്ങുമ്പോൾ കാണുന്ന വെള്ളച്ചാട്ടത്തിന്റെ പൊട്ടുകാഴ്ചകൾ കണ്ട് , ഇതൊരു ചെറിയ വെള്ളച്ചാട്ടമാണെന്നും ,
നമുക്ക് മടങ്ങാമെന്നുമൊക്കെ
കൂട്ടുകാർ പറഞ്ഞെങ്കിലും
തന്ത്രപൂർവം വെള്ളച്ചാട്ടത്തിന്റെ ഭംഗി വിവരിച്ച് കൊടുത്ത് ഉത്സാഹത്തോടെ ഞാൻ
മുൻപിൽ നടന്നു.

അടുത്തെത്തിയപ്പോൾ നനഞ്ഞ പൂക്കുറ്റി ചീറ്റി പോയ പോലെയായി എന്റെ അവസ്ഥ. വളരെ ചെറിയ ഒരു വെള്ളച്ചാട്ടം. മനസ്സ് പോയിട്ട് കാലു പോലും കുളിർക്കാൻ ഉള്ള വെള്ളം അവിടെ കെട്ടികിടപ്പില്ല. വെള്ളം ഒഴുകുന്ന ചെറിയ തോടും അതിന്റെയ് മീതെയുള്ള ഒരു തടിപ്പാലവും കാണാൻ വെള്ളച്ചാട്ടത്തിനെക്കാൾ ഭംഗി ഉണ്ടായിരുന്നു.
അവിടെ കിടന്നിരുന്ന വലിയ പരന്ന കല്ലുകൾ പെറുക്കി ഞങ്ങൾ മത്സരിച്ചു മലയുണ്ടാക്കി കളിച്ചു.

വെള്ളച്ചാട്ടത്തിന്റെ അടുത്തു പോകാൻ ഒരുങ്ങിയപ്പോൾ കുറച്ചു സിനിമാക്കാർ വന്നു ഞങ്ങളെ ഓടിച്ചു വിട്ടു. പടം പിടിക്കാൻ അവർ നേരത്തെ അനുവാദം വാങ്ങിയതാണ് പോലും.

ശരീരത്തിലേക്ക് വെള്ളത്തുള്ളികൾ പാറി വന്ന് വസ്ത്രങ്ങളും കാമറയുമൊക്കെ നനയുന്നതും ,
വെള്ളം
മലമുകളിൽ നിന്നും കുത്തിയൊലിച്ചു വരുമ്പോൾ ഉണ്ടാകുന്ന തൂവെള്ള നിറമുള്ള പതയുമൊക്കെ പകൽകിനാവ് കണ്ട് ,
സുന്ദരമായ വെള്ളച്ചാട്ടം പ്രതീക്ഷിച്ച് പോയ യാത്രയിൽ,
ലക്ഷ്യസ്ഥാനം നിറമില്ലാത്തതായിപ്പോയെങ്കിലും
300 പടികളും ,ആ വഴിയോരം തീർക്കുന്ന കാഴ്ചയുമൊക്കെ
ഒരു മുതൽക്കൂട്ടുതന്നെയാണെന്ന് പറയാം.

പല സ്ഥലങ്ങളിലും ഇരുന്ന് വിശ്രമിച്ചും,
ലൗ ചിഹ്നത്തിന്റെ മാതൃകയിൽ ഒരുക്കിയ ഫോട്ടോ ബൂത്തിൽ കയറി ഫോട്ടോ എടുത്തും, കരിക്കുവെള്ളം കുടിച്ചുമൊക്കെ
ഞങ്ങൾ 300 പടികളും തിരിച്ചു കയറി.

നമ്മുടെ നാട്ടിലെ കരിക്കിന്റെ ഇരട്ടി വലുപ്പമുള്ള കരിക്കാണ്‌ അവിടെ കിട്ടുക. കരിക്കിന്റെ കൂടെയും വൈഫൈ ഫ്രീ ആയിരുന്നു !!!!

ഉബുഡ് നിന്നും കുറച്ചു മാറിയാണ് Tegelalang Rice Terrace. സമുദ്ര നിരപ്പിൽ നിന്നും 600 മീറ്റർ മുകളിൽ ആണ് ഈ നെൽക്കൃഷി പാടങ്ങൾ സ്ഥിതി ചെയ്യുന്നത്. കുന്ന് പ്രദേശം ആയതിനാൽ , തട്ടുകളായിട്ടാണ് കൃഷി ചെയ്യുന്നത്. നെൽകൃഷിക്ക് കാവൽക്കരെന്ന പോലെ തല ഉയർത്തി നിൽക്കുന്ന തെങ്ങിൻ തോപ്പുകളും കാണാം. ബാലിയിലെ ഈ നെൽകൃഷി ‘സുബക് ‘ ന്റെ ഭാഗമാണ്.

‘സുബക്ക് ‘ ഒരു ജല പരിപാലന സംവിധാനമാണ് . ജലത്തിന്റെ സ്രോതസ്സ്, അതിനോട് ചേർന്നുള്ള അമ്പലം, ഗ്രാമങ്ങൾ, നെൽകൃഷി പാടങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെടുത്തിയാണ് സുബക്ക്. പാടങ്ങളിലേക്ക് ഒഴുക്കേണ്ട വെള്ളത്തിന്റെ അളവ് ക്രമിയ്ക്കരിക്കുന്നത് പൂജാരി ഉൾപ്പെടുന്ന സമിതിയാണ്. വർഷം മുഴുവൻ എല്ലാ കൃഷി സ്ഥലങ്ങളിലും വെള്ളം ലഭിക്കുന്ന രീതിയിൽ ഇവർ ഇടപെടുന്നു. രണ്ടായിരം വർഷത്തോളം പഴക്കമുള്ള ഈ സുബക്ക് സംവിധാനം , അതിന്റെ മികവ് കൊണ്ട്, യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ജാതി ലുവാ എന്ന സ്ഥലത്താണ് ഈ മാതൃകയിൽ ഉള്ള നെൽകൃഷി ഏറ്റവും കൂടുതലുള്ളത്. പക്ഷേ ദൂരം കൂടുതൽ കാരണം ഞാൻ Tegelalang ആണ് സന്ദർശിച്ചത്. ധാരാളം ടൂറിസ്റ്റുകൾ സന്ദർശിക്കുന്നതുകൊണ്ട് ഒരു നാട്ടിൻപുറത്തെ നന്മയൊന്നും ഇവിടെ കാണാൻ കഴിയില്ല. കൃഷിപ്പാടത്തു കൂടി നടക്കാനും, ഫോട്ടോ എടുക്കാനുമെല്ലാം പൈസ കൊടുക്കണം. കൃഷിക്കാരുടെ ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചാൽ അവർ ആദ്യം പൈസ ചോദിക്കും. കൊടുക്കുന്ന പൈസക്ക് അനുസരിച്ചാണ് അവർ പോസ് ചെയ്തു തരിക. ദൂരെ നിന്ന് കണ്ടാൽ മതിയെങ്കിൽ റോഡ് അരികിൽ വണ്ടി ഒതുക്കി നമുക്ക് പടം പിടിക്കാം.

ബാലിയുടെ ലുവാൿ കാപ്പി അതിപ്രശസ്തമാണ്. അങ്ങിനെ ഞങ്ങൾ ഒരു കാപ്പി തോട്ടം കാണാൻ പോയി. വലിയ സ്വീകരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. സുന്ദരിയായ ഒരു ബാലി പെൺകുട്ടി ഞങ്ങളെ കൊണ്ടുനടന്ന് എല്ലാം കാണിച്ചു തന്നു. ലുവാക്ക്‌ കാപ്പി ഉണ്ടാക്കുന്ന രീതി വിശദമായി പറഞ്ഞും കാണിച്ചും തന്നു. ലുവാക്ക് എന്നാൽ ഒരു തരം വെരുകാണ്.
വെരുക് , പഴുത്ത കാപ്പി പഴങ്ങൾ ഭക്ഷിച്ച് , കുരു വിസര്ജിക്കും. ഈ കാപ്പിക്കുരു പെറുക്കി, കഴുകി വൃത്തിയാക്കി , ഉണക്കി വറുത്തു പൊടിച്ചാണ്‌ ലുവാക്ക് കാപ്പിയായി വിപണിയിൽ വരുന്നത് . ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ കാപ്പികളിൽ ഒന്നാണ് ലുവാക് കാപ്പി.

അതിനു ശേഷം ബാലി സുന്ദരി ഞങ്ങളെ ഒരിടത്തു ഫ്രീ ടേസ്റ്റിങ് ആയിട്ട് കൊണ്ടിരുത്തി വിവിധ ഇനം ചായ / കാപ്പി രുചിക്കാൻ തന്നിട്ട് അതിന്റെയ് ഗുണവും പരിചയപ്പെടുത്തി. ചില ചായക്ക് ഔഷധ ഗുണം ഉണ്ട്പോലും – മാങ്കോസ്റ്റിൻ ചായ കൊളെസ്ട്രോളിനും, ലെമൺ ഗ്രാസ് ചായ ചർമ്മ സൗന്ദര്യത്തിനും അങ്ങനെ അങ്ങനെ.. കാപ്പിയുടെ വിവിധ വക ഭേദങ്ങൾ – വാനില , കോകോനട്ട് , ബാലി എല്ലാം ഞങ്ങൾ രുചിച്ചു. ലുവാക് കാപ്പി രുചിക്കണേൽ മൂന്നൂറു രൂപ കൊടുക്കണം. ചേച്ചി അകത്തു പോയി ഞങ്ങൾക്ക് ലഘു കൂടി കൊണ്ട് വന്നപ്പോൾ , ആതിഥേയ മര്യാദ കണ്ടു കണ്ണ് നിറഞ്ഞു.

ഞങ്ങളുടെ ചായ കുടി കഴിഞ്ഞപ്പോൾ സുന്ദരി വന്ന് ഞങ്ങളെ അവരുടെ സ്‌റ്റോറിൽ കൊണ്ട് പോയി.cat poo chino ( പൂച്ചയുടെ വിസർജ്യത്തിൽ നിന്നും കാപ്പി) എന്നായിരുന്നു കടയുടെ പേര് . സ്റ്റോറിന്റെ മുന്നിൽ ഒരു ചെറിയ കുട്ടയിൽ വെരുക് സുഖ നിദ്രയിലായിരുന്നു. രാത്രിയിൽ ആണ് ഇത് ഉണരുന്നത്. എനിക്ക റിയാവുന്ന പണി പതിനെട്ടും നോക്കിയിട്ടും വെരുകിനെ ഉണർത്താൻ എനിക്ക് പറ്റിയില്ല. കഠിനമായ കുംഭകർണ സേവയിലായിരുന്നു ആശാൻ.

കടയ്ക്കുള്ളിൽ സാധനം എടുത്ത് തരാൻ നിന്ന പയ്യന്റെ ടി ഷിർട്ടിൽ poo hunter എന്നും എഴുതി വെച്ചിരുന്നു !!!! ഞങ്ങൾക്ക് ചായ തന്ന സുന്ദരി ഓരോന്നും വാങ്ങാൻ നിർബന്ധിച്ചു. അപ്പോഴാണ് ചായ സൽക്കാരത്തിന്റെ പിന്നിലെ കാര്യം പിടി കിട്ടിയത്, അവിടെ വിൽക്കാൻ വെച്ചിരുന്ന സാധാ ചായ/ കാപ്പി ക്ക് പോലും നല്ല വിലയായിരുന്നു. ഔഷധ ചായയുടെ വിലയുടെ കാര്യം പിന്നെ പറയണ്ടല്ലോ. ഒരു വിധത്തിൽ അവിടത്തെ ഏറ്റവും വില കുറഞ്ഞ ഒരു സാധനം വാങ്ങി ഞങ്ങൾ തടിയൂരി.

ഉബുഡ് നിന്നും വളരെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കര കൗശല ഗ്രാമങ്ങളുണ്ട്. ഇവിടെ നിർമ്മാണ രീതി കണ്ടു മാനസിലാക്കാനും , സാധനങ്ങൾ വാങ്ങാനും അവസരമുണ്ട്.
Celuk ഗ്രാമത്തിൽ വെള്ളി ആഭരണ നിർമാണം,
Mas ഗ്രാമത്തിൽ തടിയിൽ കൊത്തു പണി ചെയ്യുന്നത് ,
Tohpatti ഗ്രാമത്തിൽ ബാറ്റിക് പെയിന്റിംഗ് ഒക്കെ കാണാം.
ഞാൻ ഒരു വെള്ളി ആഭരണശാലയും ബാറ്റിക് പെയിന്റിംഗ് ചെയ്യുന്ന സ്ഥലവും സന്ദർശിച്ചു.
വെള്ളി ആഭരണശാലയിൽ ലഘു ഉപകരണങ്ങൾ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ ആയിരുന്നു വെള്ളി നിർമ്മാണം.

ബാറ്റിക് പെയിന്റിംഗ് ഒരു പുതിയ അനുഭവമായിരുന്നു. തുണിയിൽ കളർ ചെയ്യേണ്ട ഭാഗം മെഴുക്‌ തേച്ചു മറക്കും. ബാക്കി ഭാഗങ്ങിൽ പ്രകൃതി ദത്തമായ നിറങ്ങൾ ഉപയോഗിച്ച് പെയിന്റ് ചെയ്യുകയും, അവസാനം ചൂട് വെള്ളത്തിൽ മുക്കി മെഴുക് കളയുകയുമാണ് ചെയ്യുന്നത്.
ആദ്യം തുണിയിൽ ഡിസൈൻ വരക്കും.
ഈ ഡിസൈൻ പുറത്തു ‘canting ‘ എന്ന ഒരു ഉപകരണത്തിൽ എടുത്ത് ഉരുക്കിയ മെഴുക് വീഴ്ത്തും.
ഈ പ്രക്രിയകൾ സമയമെടുത്ത് ചെയ്യുന്നത് കൊണ്ട് നല്ല വിലയാണ് ബാറ്റിക് വസ്ത്രങ്ങൾക്ക്.

ഉബുഡ് പട്ടണത്തിന് അടുത്താണ് Campuhagan Ridge Walk.
ഇത് വേറിട്ട കാഴ്ചയും ആസ്വാദനവുമാണ്.
ചെറിയ മലയുടെ അരു ചാരി നിർമ്മിച്ച കല്ലുപാകിയ വീതി കുറഞ്ഞ വഴി. പുൽമേടുകളും പനകളും
അഴകു തീർക്കുന്ന ഈ വഴിയിലൂടെ ഒന്നേകാൽ കിലോമീറ്ററോളം നടന്നു വേണം മലയുടെ മുകളിലെത്താൻ.

ശുദ്ധ വായുവും ശ്വസിച്ച്,കാഴ്ചകളും കണ്ട് സുഹൃത്തുക്കളായ നിന്നുവും രേഷ്മിയുമൊ ന്നിച്ച് സൊറയും പറഞ്ഞ്, ഒരു മണിക്കൂർ എടുത്തു കുന്നിൻ മുകളിലെത്താൻ .

ബീച്ചും , ക്ഷേത്രങ്ങളും കണ്ട് മനം നിറഞ്ഞ എനിക്ക്, അവസാന ദിവസത്തെ ആ നടപ്പ് അൽപം ക്ഷീണമുണ്ടാക്കിയെങ്കിലും, പ്രകൃതിയോട് ചങ്ങാത്തം കൂടിയുള്ള യാത്ര മനസിന് ഒരു പുത്തൻ ഉണർവു നേടി തന്നു.

ബാലി ഇന്നും ഒരു വികാരമാണ്.

ഡിജിറ്റൽ കാമറയിൽ പകർത്തിയ ഫോട്ടോകൾ കാണുമ്പോൾ മാത്രമല്ല ,
ആർക്കും വിട്ടുകൊടുക്കാനാവാത്ത ,ഓർമ്മയുടെ ചെപ്പിൽ സൂക്ഷിച്ച കാഴ്ച വസന്തം
എന്നെ വീണ്ടും ബാലിയിലേക്ക് തന്നെ മാടി വിളിക്കുന്നു.

Likes:
0 0
Views:
271
Article Categories:
BaliTravelogues

Leave a Reply

Your email address will not be published. Required fields are marked *