Contact About Mitra Change Language to മലയാളം

*ഭൂട്ടാൻ – യാത്രകളിലേക്കുള്ള ഒരു സന്തോഷ ചുവടുവെപ്പ്*

 

ഒരു യാത്രിക എന്ന നിലയ്ക്കുള്ള എന്റെ ആദ്യത്തെ സന്ദർശനം നമ്മുടെ അയൽ രാജ്യമായ ഭൂട്ടാൻ ആയിരുന്നു. ‘സന്തോഷം’ ( gross national happiness) വികസന മാനദണ്ഡം ആക്കിയിട്ടുള്ള , മലനിരകളാൽ ചുറ്റപ്പെട്ട, മനം കുളിർപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന നമ്മുടെ പ്രിയപ്പെട്ട അയൽ രാജ്യം, ഭൂട്ടാൻ.

പെട്ടെന്ന് തീരുമാനിച്ച യാത്ര ആയതു കൊണ്ട് കൂട്ടിന് ആരെയും കിട്ടിയില്ല. ഒറ്റക്ക് പോകാൻ ഒരു ഭയവും തോന്നിയില്ല. കാരണം ഭൂട്ടാൻ ഏഷ്യയിലെ തന്നെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ്.

🛫 *യാത്ര*🚆
വിമാനമാർഗം കൊൽക്കത്തയിൽ ചെന്നെത്തി. അവിടന്ന് രാത്രിയിൽ എട്ട് മണിക്കുള്ള ‘കാഞ്ചൻ കന്യ ‘ എക്സ്പ്രസ്സ് ട്രെയിനിൽ കയറി ഹസിമാര ഇറങ്ങി. ഹസിമാരായിൽ നിന്നും share ഓട്ടോയിൽ Jaigaon എത്തി. Jaigaon ഇന്ത്യൻ അതിർത്തിയും Phoentshling ഭൂട്ടാൻ അതിർത്തിയുമാണ്. Jaigaon നിന്നും ഇന്ത്യ ഭൂട്ടാൻ friendship gate ലൂടെ നടന്നു ഭൂട്ടാൻ മണ്ണിൽ കാലുകുത്തി. രണ്ട് അതിർത്തി ഗ്രാമം തമ്മിൽ അജ ഗജാന്തരം വ്യത്യസ്തമായിരുന്നു. Phoentshling വളരെ വൃത്തിയും വെടിപ്പുമായി നമ്മുടെ മനം കവരും. എന്റെ ഭൂട്ടാൻ യാത്രയിൽ ഉടനീളം ഈ വൃത്തി എല്ലായിടത്തും കാണാൻ പറ്റി. 1999 പ്ലാസ്റ്റിക് നിരോധിച്ചത് കാരണം ഒരു പ്ലാസ്റ്റിക് കുപ്പിയോ കവറോ ഒന്നും തന്നെ വഴിവക്കിൽ കാണാൻ പറ്റിയില്ല.

📑 * പെർമിറ്റ് /വിസ / പാസ്സ്പോർട്ട് മറ്റ് രേഖകൾ* :

ഭൂട്ടാൻ സന്ദർശിക്കാൻ വിസ/ പാസ്പോർട്ട് ആവശ്യമില്ല. പക്ഷേ പെർമിറ്റ് നിർബന്ധമാണ്.Phoentshling ഇൽ ഭൂട്ടാൻ ഗേറ്റ് ന് അടുത്ത് തന്നെയുള്ള പെർമിറ്റ് സ്റ്റേഷനിൽ പോയി , വോട്ടേഴ്സ് Id കാണിച്ച്, ഒരു ഫോട്ടോ ഒട്ടിച്ചു ഫോം പൂരിപ്പിച്ച് , hotel booking രേഖകൾ കൊടുത്തപ്പോൾ , ബയോമെട്രിക് രേഖകൾ എടുത്ത ശേഷം പെർമിറ്റ് കിട്ടി. സാധാരണ ഗതിയിൽ 1-2 മണിക്കൂർ ഉള്ളിൽ ഇത് കിട്ടും. എന്നാൽ ശനി , ഞായർ അവധി ദിവസമായതിനാൽ തിങ്കളാഴ്ച പൂരത്തിനുള്ള ആളു ഉണ്ടാകും . പെർമിറ്റ് ഉപയോഗിച്ച് നമുക്ക് തിമ്പു, പാരോ, പുനാഖ എന്നിവിടങ്ങൾ സന്ദർശിക്കാൻ സാധിക്കും. അടുത്ത് നിന്നും ഒരു ‘taschi’ സിം കൂടി വാങ്ങിയിട്ട് തിമ്പുവിലേക്ക്‌ 3.30 ന് ഒരു share ടാക്സിയിൽ യാത്ര തിരിച്ചു. ഇടുങ്ങിയ മലയോര പാതയിലൂടെ ആയിരുന്നു സഞ്ചാരം. കൂട്ടിന് നല്ല മഞ്ഞും.

🚘 *സന്ദർശിച്ച പ്രധാന സ്ഥലങ്ങൾ*

#തിംബു :*
8 മണിക്ക് തിമ്പു എത്തിയപ്പോൾ നല്ല തണുപ്പ്. നേരത്തേ പറഞ്ഞു വെച്ച ഹോട്ടലിൽ അന്തിയുറങ്ങി.

പിറ്റേന്ന് രാവിലെ തന്നെ ഒരു ടാക്സി അറേഞ്ച് ചെയ്തു തിമ്പു മൊത്തം കണ്ടൂ. തിമ്പു പട്ടണം വളരെ ചെറുതും, കാൽനടയായി കണ്ട് തീരാവുന്നതേ ഉള്ളു. കാൽ നടയായി കാണാൻ രണ്ടു ദിവസം എടുക്കും. അതാണ് ടാക്സിയിൽ പോയത്.
Bhutan national library സന്ദർശിച്ചു. ലോകത്തിലെ ഏറ്റവും വലിയ പുസ്തകം ഇവിടെയാണ് സൂക്ഷിക്കുന്നത്. അത് കൂടാതെ കൈ കൊണ്ട് പേപ്പർ നിർമിക്കുന്ന ഫാക്ടറിയും സാംബ്രാണി തിരി ഉണ്ടാക്കുന്ന ഫാക്ടറിയും ടെക്സ്റ്റൈൽ museum, folklore museum , postal museum മുതലായവയും സന്ദർശിച്ചു. ഏറ്റവും ഇഷ്ടപ്പെട്ടത് ബുദ്ധ പോയിന്റ്‌ ആയിരുന്നു. ഒരു കുന്നിൻ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പടുകൂറ്റൻ ബുദ്ധൻ, മനോഹരമായ കാഴ്ച തന്നെ. രാത്രി ഏകദേശം 8മണിക്ക് കൂടണഞ്ഞു.
( നിങ്ങൾ പോബ്ജിക പോകാൻ ഉദ്ദേശിക്കുന്നു എങ്കിൽ തിമ്പൂ നിന്നും വേറൊരു പെർമിറ്റ് എടുക്കണം. )

#പുനാഖ*

രാവിലെ നടന്നു ക്ലോക്ക് ടവർ ഒക്കെ കണ്ട്, തിമ്പൂ സ്റ്റാൻഡിൽ എത്തി. ബസ് സ്റ്റാൻഡ്, ടാക്സി സ്റ്റാൻഡ് അടുത്തടുത്തണ്. എന്റെ ഭാഗ്യത്തിന് പുനാഖയിലേക്ക് ഒരു ബസ് നിറുത്തി ഇട്ടിരിക്കുന്നു. ടിക്കറ്റും കിട്ടി. ബസിനേക്കാലും 5-6 മടങ്ങ് അധികമാണ് share taxi ചാർജ്. പക്ഷേ ബസ് വളരെ വിരളമായി മാത്രമേ ഉണ്ടാവുകയുള്ളു. അതു കൊണ്ട് ഭൂരിഭാഗം യാത്രക്കാരും ഷെയർ ടാക്സിയെ ആണ് ആശ്രയിക്കുന്നത്. പുനാഖയിലേക് ബസിൽ യാത്ര ചെയ്താൽ dochula പാസ്സ് ഇറങ്ങാൻ പറ്റില്ല. പക്ഷെ ബസ്സിൽ നേരിട്ട് പുനാഖ dzongil എത്താം. അവിടുന്ന് ഒരു കിലോമീറ്റർ നടന്നാൽ punkha suspension bridge കാണാം. ബ്രിഡ്ജിന്റെ സൈഡിൽ ഉള്ള ചെറിയ വഴിയിലൂടെ താഴെ ഇറങ്ങിയാൽ പാചൂ നദിക്കരയിൽ കുറച്ചു സമയം ചിലവിടാം.

#പോബ്ജിക*

അവിടുന്ന് waangdu വരെ share taxi യിലും, പോബ്ജിക വരെ മറ്റൊരു taxi യിലും യാത്ര ചെയ്ത്.വൈകിട്ട് 6മണിക്ക് പോബ്ജിക യിലെ മനോഹരമായ home stay എത്തി. ഭൂട്ടാനിലെ സ്വർഗം എന്നാണു പോഭികയെ വിശേഷിപ്പിക്കുന്നത്. അത്ര മനോഹരമാണ് താഴ്‍വാരയും ഗ്രാമവുമെല്ലാം.

പോബ്ജികയിൽ താമസിച്ച രണ്ടു ദിവസമാണ് ഭൂട്ടാനിലെ ആൾക്കരുമയി അടുത്തിടപഴകാനും അവരുടെ ജീവിതം നേരിട്ട് മനസിലാക്കാനും അവസരം ഉണ്ടായത്. ശരിക്കും വളരെ അധികം സന്തോഷമായി ജീവിക്കുന്ന ജനത. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പാടങ്ങളിൽ സഹായിക്കുന്നു. പുറത്ത് നിന്നും ആളുകളെ പണിക്ക് വെക്കാറില്ല.സ്ത്രീകളും പുരുഷന്മാരെ പോലെ എല്ലാ കഠിനമായ ജോലിയിലും ഏർപ്പെടുന്നു. കുടുംബ വിഹിതത്തിൽ പങ്ക് സ്ത്രീകൾക്ക് മാത്രമേ ഒള്ളു എന്നത് വേറൊരു പ്രത്യേകത. സ്ത്രീകൾക്ക് മുടി സൂക്ഷിക്കാൻ പോലും സമയമില്ലാത്ത കൊണ്ട് എല്ലാവരും മുടി പറ്റെ വെട്ടിക്കുന്നു. ഗ്രാമത്തിൽ ബാർബർ ഷോപ്പ് ഇല്ല. അങ്ങോട്ടും ഇങ്ങോട്ടും അവരു മുടി വെട്ടി സഹകരിക്കുന്നു.

#പാരോ*

പോബ്ജിക നിന്നും വെള്ളിയാഴ്ച മാത്രം തിമ്പൂവിലേക്ക് പുറപ്പെടുന്ന ബസിൽ യാത്ര ചെയ്തത് തിമ്പു എത്തിയിട്ട്, അവിടുന്ന് പാരോ പട്ടണത്തിൽ വൈകിട്ട് 6 മണിയോടെ എത്തി. പിറ്റേന്ന് പ്രസിദ്ധമായ ടൈഗേഴ്സ് നെസ്റ്റ് monastery സന്ദർശിച്ചു. അതി രാവിലെ പരോവിൽ നിന്നും phoentshling വരെയ് share ടാക്സിയിൽ യാത്ര ചെയ്തു. തിരിച്ച് കൊൽക്കത്തയ്ക്ക് ഹസിമറയിൽ നിന്നും ട്രെയിൻ പിടിച്ചു.

❤*അനുഭവം* ❤

ഭൂട്ടാനിൽ ബുദ്ധ ആരാധനാകേന്ദ്രങ്ങളാണ് അധികവും. ബുദ്ധമത വിശ്വാസികളുടെ നാടുകൂടിയാണിവിടം. അത് കൊണ്ടാകാം ഭൂട്ടാനിലെ ആളുകൾ വളരെ സമാധാന പ്രിയരായിരുന്നൂ. ഒരിക്കൽ പോലും ഒരാള് പോലും ഒച്ച ഉയർത്തി സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടില്ല. ആരും ഒരു വാക്ക് പോലും മുഷിഞ്ഞു സംസാരിക്കില്ല. സന്ദർശകരെ അവർ ദൈവത്തെ പോലെ കാണുന്നു.

എന്നെ ഏറ്റവും അതുഭുതപ്പെടുത്തിയത് അവരുടെ ആചാരങ്ങൾ സംരക്ഷിക്കാൻ അവർ എടുക്കുന്ന താൽപര്യമായിരുന്നു. സർക്കാർ ഓഫീസുകളിൽ നിർബന്ധമായും അവരുടെ പരമ്പരാഗതമായ വസ്ത്രം സ്ത്രീകളും പുരുഷന്മാരും ധരിക്കണം. എന്തിന് പറയുന്നു സ്കൂൾ യൂണിഫോം പോലും ഈ പാരമ്പര്യ വസ്ത്ര മാതൃകയായിരുന്നു. രാജഭരണ കാലം അവസാനിച്ചെങ്കിലും ജനങ്ങൾക്ക് ഇപ്പോഴും രാജാവ് ദൈവ തുല്യമായിരുന്നു. രാജാവ് പറയുന്നത് തന്നെയാണ് ഇവർക്ക് വേദ വാക്യം . എങ്ങോട്ട് തിരിഞ്ഞാലും രാജാവിന്റെയും രാജ കുടുംബങ്ങളുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുനത് കാണാം.പ്രജകളുടെ സന്തോഷമാണ് രാജാവിന് പരമപ്രധാനം. പ്രജകളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി മാത്രം ജീവിക്കുന്ന രാജ കുടുംബം വേറേ എവിടെ കാണാൻ പറ്റും?

വേറൊരു പ്രത്യേകത ഇവരുടെ വീടുകൾ എല്ലാം കണ്ടാൽ ഒരുപോലെയിരിക്കും എന്നതാണ്. കാരണം അവർക്ക് പരമ്പരാഗതമായി രീതിയിൽ മാത്രമേ വീട് വെക്കാൻ അനുവാദമുള്ളൂ. വേറേ ഏതേലും രീതിയിൽ വീട് വെയ്ക്കണമെങ്കിൽ ഭീമമായ തുക സർക്കാരിന് കെട്ടി വെക്കണം. മൊത്തം രാജ്യത്ത് അംബരചുംബികളായ കെട്ടിടങ്ങൾ ഒരെണ്ണം പോലും ഇല്ല എന്നുള്ളത് മാതൃകാപരം തന്നെ.

ഇവിടെ ഹോൺ നിരോധിച്ചിട്ടുണ്ട്. അത് കൊണ്ട് വളരെ സാവകാശം മാത്രമേ എല്ലാവരും വണ്ടി ഓടിക്കാറുള്ളു. തിമ്പൂ പട്ടണത്തിൽ ഒരിടത്ത് മാത്രമാണു രാജ്യത്തെ ഒരേയൊരു traffick island സ്ഥിതി ചെയ്യുന്നത്. നമ്മുടെ നാട്ടിൽ സീബ്ര ലൈൻ ക്രോസ്സ് ചെയ്യാൻ കാൽ നടക്കരാണ് കാത്തു നിൽക്കുന്നത്. പക്ഷേ ഭൂട്ടാനിലെ സ്ഥിതി തിരിച്ചാണ്. എല്ലാ വണ്ടികളും സമാധാനമായി കാത്തു നിൽക്കുന്നു zebraline പദ യാത്രികൻ പോകാൻ.

ഭൂട്ടാനിൽ പുകവലി നിരോധിച്ചിരിക്കുന്നെങ്കിലും മദ്യം എല്ലാ കടകളിലും ലഭിക്കും. മദ്യം വിൽകുന്ന കടകളിൽ എല്ലാം തന്നെ സ്ത്രീകളായിരുന്നു നടത്തിപ്പുകാർ. കൈകുഞ്ഞിനെയ് ചുമലിൽ കെട്ടി വെച്ചാണ് ഇവർ ജോലിയിൽ ഏർപ്പെട്ടിരുന്നത്. പുരുഷന്മാർക്ക് അടുക്കളയിലെ ജോലി ചെയ്യാൻ ഒരു മടിയുമില്ല.

 

ഭൂട്ടാന്റെ പ്രകൃതി രമണീയത മനം മയക്കുന്ന താണ്. മനോഹരമായ കാടുകളും , മലനിരകളും, നദികളും കൊണ്ട് സമ്പന്നം. ഭൂട്ടാൻ രാജ്യത്തിന്റെ 65% ലേറെ കാടാണ്. അത് കൊണ്ട് തന്നെ ലോകത്തിലെ തന്നെ കാർബൺ negative രാജ്യമാണ് ഭൂട്ടാൻ. എവിടെയും ശുദ്ധ വായുവും, വെള്ളവും , വെളിച്ചവും യഥേഷ്ടം ലഭ്യം.

ഭൂട്ടാൻ സന്ദർശിക്കുന്നു എങ്കിൽ വേണ്ട പൈസ കൈയ്യിൽ കരുതണം. atm കാർഡ് അവിടെ വർക് ചെയ്യില്ല. ഭൂട്ടാൻ കറൻസി, ഇന്ത്യൻ രൂപക്ക് ഒരേ വിലയാണ്. എല്ലാ കടകളിലും ഇന്ത്യൻ രൂപ എടുക്കും. പക്ഷേ 2000 പോലുള്ള വലിയ നോട്ട് ചിലയിടങ്ങളിൽ എടുക്കില്ല.പട്ടണങ്ങളിൽ മിക്ക ആളുകൾക്കും ഹിന്ദി/ ഇംഗ്ലീഷ് വശമുണ്ട്. പോബ്ജിക മാത്രമേ എനിക്ക് ഭാഷ അറിയാത്ത ബുദ്ധിമുട്ട് അനുഭവപെട്ടൊള്ളു. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന കൊണ്ടാവാം അവരുടെ വെറ്റില മുറുക്കുന്നു ശീലം കണ്ട് ആശങ്ക തോന്നി. ചെറിയ കുട്ടികൾ വരെ വെറ്റില മുറുക്കും. 17-20 വയസ്സ് പ്രായമുള്ള ഗ്രാമത്തിലെ ചെറുപ്പക്കാരുടെ പല്ലെല്ലാം കറ പിടിച്ച് കണ്ട്.

യാത്രകളുടെ വിശാല ലോകം എനിക്ക് തുറന്നു തന്ന യാത്രയായിരുന്നു ഭൂട്ടാൻ സന്ദർശനം. കൂട്ടില്ലാതെ യാത്ര അറുബോർ ആകും എന്നുള്ള എന്റെ ധാരണയെ പാടെ മാറ്റിയ യാത്ര. ഒറ്റക്ക് കൂടുതൽ യാത്രകൾ ചെയ്യാനുള്ള ധൈര്യവും മനകരുത്തും സമ്മാനിച്ച യാത്ര. അങ്ങിനെ ഒത്തിരി ഒത്തിരി വിശേഷണങ്ങൾ ഒള്ള, ഞാൻ എന്റെ നെഞ്ചോടു ചേർത്ത് വെക്കുന്ന, എന്റെ ഏറ്റവും പ്രിയപ്പെട്ട യാത്ര.

❇ *യാത്ര സംക്ഷിപ്തം*❇ (7ദിവസം, 6 രാത്രി)

പോയ സ്ഥലങ്ങൾ – തിമ്പൂ, പുനാഖ, പോബ്ജിക, പാരോ

യാത്ര ചിലവ് -₹ 5760 ( കൊച്ചിയിൽ നിന്നുമുള്ള ഫ്ലൈറ്റ് ചാർജ് ഉൾപ്പെടുത്തിയിട്ടില്ല)
ഭക്ഷണ ചിലവ് – ₹4035
താമസ ചിലവ് -₹4900
എൻട്രി ഫീ ചിലവ് -₹ 1600
മൊത്തം ചിലവ് – ₹16,295

ഇത്രയും കാലം ഇന്ത്യക്കാർക്ക് സൗജന്യമായി സന്ദർശിക്കാം ആയിരുന്ന ഭൂട്ടാൻ, ‘sustainability ഫീ’ എന്ന ഇനത്തിൽ 65$ ( ഏകദേശം 4000₹) പ്രതിദിനം ഈടാക്കാൻ പോകുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഒരു സാധാരണ ഇന്ത്യക്കാരന് ഇനി ഭൂട്ടാൻ മനോഹര കാഴ്ച്ചകൾ കാണാൻ പറ്റില്ലല്ലോ എന്ന കടുത്ത നിരാശ തോന്നി. പക്ഷെ ഇപ്പൊൾ അറിയുന്നു അത് മെയ് മാസം മുതലേ പ്രാബല്യത്തിൽ വരൂ എന്ന്. സഞ്ചാരി സുഹൂർത്തുക്കൾ ഇൗ അവസരം ഉപയോഗപ്പെടുത്തി ഭൂട്ടാൻ എത്രയും പെട്ടെന്ന് സന്ദർശിക്കാൻ ശ്രമിക്കുമല്ലോ…

 

 

Likes:
0 0
Views:
99
Article Categories:
BhutanTravelogues

Leave a Reply

Your email address will not be published. Required fields are marked *