Contact About Mitra Change Language to മലയാളം

ഭൂട്ടാൻ രുചികൾ തേടി….

ഭൂട്ടാൻ രുചികൾ തേടി
………………………

നമുക്കൊരു ‘സുജ’ കുടിച്ച് തുടങ്ങാം …🤔!
സംശയിക്കേണ്ട
ഇത്തിരി ഉപ്പും , വെണ്ണയും ചേർത്ത് ഉണ്ടാക്കുന്ന ഭൂട്ടാൻ ചായയുടെ പേരാണ് സുജ…

‘സുജ’യെ പോലെ,
കുറേയേറെ വൈവിധ്യവും, കൗതുകമുളവാക്കുന്നതുമായ വിഭവങ്ങൾ നുണഞ്ഞുള്ള ഭൂട്ടാൻ യാത്രയാണ് ഇന്നത്തെ കുറിപ്പിൽ.

‘ അന്ന വിചാരം മുന്നേ വിചാരം ‘ എന്നാണല്ലോ. അതുകൊണ്ട് ഭൂട്ടാൻ യാത്രക്കുള്ള അതേ തയാറെടുപ്പാണ് ഭൂട്ടാനിലെ തനതു ഭക്ഷണം കണ്ടുപിടിക്കാൻ നടത്തിയത്.

ഭൂട്ടാനിൽ ഇന്ത്യൻ, ചൈനീസ്, തായ് ഭക്ഷണം സുലഭമാണ്. പക്ഷേ എനിക്ക് താല്പര്യം അവരുടെ രുചികൾ അറിയാനായിരുന്നു. യാത്ര പ്ലാൻ ചെയ്യുന്ന ഡയറിയുടെ ഒരു ഭാഗത്ത് ഭൂട്ടാനീസ് വിഭങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് കുറിച്ച് വെച്ചാണ് യാത്ര പുറപ്പെട്ടത്.

വിഭവങ്ങൾ കഴിക്കുന്ന/ കാണുന്ന മുറയ്ക്ക്
ലിസ്റ്റിൽ നിന്നും വെട്ടും. യാത്രയുടെ അന്ത്യത്തിൽ ഞാൻ ഉണ്ടാക്കിയ ലിസ്റ്റിലെ ഭൂരിഭാഗം വിഭവങ്ങളും കണ്ടെത്താൻ പറ്റിയപ്പോഴുണ്ടായ ചാരിതാർത്ഥ്യം പറഞ്ഞ് അറിയിക്കാവുന്നതിലും മേലെയാണ്.

ടൈഗേഴ്സ് നെസ്റ്റ് മോണാസ്റെറി ഒറ്റക്ക് പോയതിലും വലിയ ഒരു നേട്ടമായിട്ടാണ് ഞാൻ ഇതിനെ കരുതുന്നത് 😅😅

ഭൂട്ടാൻ രാജ്യത്ത് ബുദ്ധ മത വിശ്വാസികളാണ് കൂടുതൽ എന്നിരുന്നാലും സസ്യേതര ഭക്ഷണം ലഭ്യമാണ്. മൃഗങ്ങളെ അറക്കാനോ കൊല്ലാനോ വിശ്വാസം ഇവരെ അനുവദിക്കുന്നില്ല. അതുകൊണ്ട് അയൽ രാജ്യമായ ഇന്ത്യയിൽ നിന്നുമാണ് മാംസം ലഭ്യമാകുന്നത്.

ഉൾ നാടുകളിൽ പോകുമ്പോൾ ഉണക്കിയ ഇറച്ചി കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ ആണ് ലഭിക്കുക. ധാരാളം മുളക് ഉപയോഗിച്ചാണ് പാചകം. മധുര പലഹാരം ഒന്നും തന്നെ ഉപയോഗിക്കാറില്ല. കടകളിൽ പോലും മധുരപലഹാരം കിട്ടില്ല.

ആഹാരം കഴിച്ചാൽ വെറ്റില മുറിക്കുന്ന സ്വഭവക്കാരാണ്. അതുകൊണ്ട് തന്നെ ചെറുപ്പക്കാരുടെ പല്ലുകൾ പോലും വെറ്റിലക്കറ പിടിച്ചിരിക്കുന്നത് കാണാം.

വീടുകളിലെ അടുക്കളയിൽ നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നതാണ് രീതി. മിക്ക ഹോട്ടലുകളിലും മേശ ഉയരം കുറഞ്ഞതാണ്. കൈയിൽ വെച്ച് കഴിക്കാനാണ് എളുപ്പം.

എന്റെ യാത്രയിൽ കണ്ടെത്തിയ ഭൂട്ടാൻ രുചികൾ ഇതൊക്കെയാണ് :

Ema datshi – ഭൂട്ടാൻ നാഷണൽ ഡിഷ്.
ഇമ എന്ന് വെച്ചാൽ മുളക്, ദട്ട്‌ഷി ചീസ് ആണ്. മുളക് ഉള്ളിയും ചീസും വെണ്ണയും ചേർത്ത് വേവിക്കുന്നതാണ് സംഭവം. പച്ച മുളകും ഉണക്ക മുളകും ഉപയോഗിക്കും.

ഒരു ചെറിയ ഭാഗം ഓർഡർ ചെയ്താൽ തന്നെ ഒരു 50 മുളക് കാണും. ഞാൻ മുളകെല്ലാം മാറ്റി വെച്ചാണ് കഴിച്ചു തുടങ്ങിയത്. തൊട്ടടുത്ത സീറ്റിൽ ഇരുന്ന ഒരു ഭൂട്ടാൻ പെൺകുട്ടി മുളക് ചവച്ച് അരച്ച് കഴിക്കുന്നത് കണ്ട് ഞാനും വളരെ അത്മവിസ്വസത്തോടെ മുളക് വായിലിട്ടു ചവച്ചു. പിന്നെ ജഗ പുകയായിരുന്നു മൊത്തം.കണ്ണിൽ നിന്നും, മൂക്കിൽ നിന്നും വായിൽ നിന്നും എല്ലാം പുക. രണ്ടു കുപ്പി വെള്ളം കുടിച്ചപ്പോൾ ആണ് സമാധാനം ആയത്.

Kewa datshi – ഉരുളക്കിഴങ്ങും ( കെയ്‌വാ) ചീസും ചേർത്ത് ഉണ്ടാക്കുന്ന വിഭവം. ഉരുളകിഴങ്ങ് വെണ്ണയിൽ ഉലർത്തി ചീസിൽ വേവിച്ചെടുക്കുന്നു. ഉരുളകിഴങ്ങ് സ്റ്റുവിന്റെ ‘അനിയനായി’ വരും.

Shamu datshi – കൂണും ചീസും ചേർത്ത് ഉണ്ടാക്കുന്നത്. പട്ടണത്തിൽ നിന്നും
ഇത് കഴിച്ചതിലും രുചികരമായിരുന്നു, ഫോബ്ജിഖ ഗ്രാമത്തിൽ ഹോം സ്റ്റേയിൽ ഉണ്ടാക്കി തന്നത് . കാരണം അവർ മുറ്റത്തു നിന്നാണ് കൂൺ പറിച്ചെടുത്ത് ഉണ്ടാക്കിയത്.

Goenhongay – ചീസ് ഇല്ലാത്ത ഒരു കളിയും ഭൂട്ടാനിൽ ഇല്ല. സംഭവം വെള്ളരിക്ക സലാഡ് ആണെങ്കിൽ കൂടി അതിൽ വെള്ളരിക്കയുടെ അത്രേം തന്നെ ചീസ് ചേർത്തിട്ടുണ്ട്. കൂടാതെ മുളക്, തക്കാളി, ഉള്ളി മുതലായവയും. മൊത്തത്തിൽ രുചിയുടെ കൺഫ്യൂഷൻ ആണ്.

Red rice – ചെമ്പാവരി പോലെ തോന്നുന്ന അരി വെച്ച് ഉണ്ടാക്കിയ ചോറ്. കുഞ്ഞു ഉരുണ്ട അരിമണികൾ വെച്ചാണ് ചോറ് വെക്കുന്നത്. നല്ല രുചിയാണ് അവരുടെ ചോറ് കഴിക്കാൻ.

Khurle – പ്രഭാത ഭക്ഷണം ആയിട്ട് ചില ഇടങ്ങളിൽ കിട്ടും.Buckwheat എന്ന ഒരു പ്രത്യേകതരം ധാന്യം അരച്ച് ദോശ പോലെ ഉണ്ടാക്കി എടുക്കുന്നത്. പ്രത്യേകിച്ച് ഒരു രുചിയും ഇല്ലാത്ത ഒരു സാധനം. ചമ്മന്തി മുക്കി കഴിച്ചാലെ രുചി തോന്നു.

Ezay – മുളക് ചമ്മന്തി എന്നൊക്കെ വിളിക്കാം. ഭൂട്ടാനിൽ അച്ചാറിനു പകരം ഇതാണ് കിട്ടുക. ഉണക്ക മുളകും, മല്ലിയും, ഉള്ളിയും ഒക്കെ ചതച്ച് ഉണ്ടാക്കുന്ന ഒരു തൊട്ടു കൂട്ടാൻ. ഓരോ സ്ഥലത്തും ഓരോ രുചിയാണ്.

 

Momo – അത് പിന്നെ പരിചയപ്പെടുത്തണ്ടല്ലോ. നമ്മുടെ നാട്ടിൽ കിട്ടുന്ന സാധനം തന്നെ. രാവിലെ bus സ്റ്റാൻഡിൽ ചെന്നാൽ ചുറ്റും ഉള്ള തട്ടുകടയിൽ എല്ലാം ആവി പറക്കുന്ന മോമോ ആണ് പ്രഭാത ഭക്ഷണം ആയി കിട്ടുക.

Hoentay – മോമോസ് ഇഷ്ടമുള്ളത് കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് മോമോയുടെ ‘ചേട്ടനായ ‘ ഇത് ഓർഡർ ചെയ്തത്. പക്ഷേ എന്റെ ബാല്യം തന്നെ പകച്ചു പോയി. മൈദക്ക് പകരം buckwheat വെച്ചാണ് ഉണ്ടാക്കിയത്. കൂടാതെ ഇതിന്റെ ഉള്ളിൽ എതോ ഇല വാട്ടി ഫില്ല്‌ ചെയ്തിട്ടുണ്ട്. ഭയങ്കര ചവർപ്പുള്ള ഒരു സാധനം.കഷ്ടപ്പെട്ടാണ് കഴിച്ചു തീർത്തത്. ഇത് ഹാ valley യിൽ ആണ് സുലഭം.

 

Puta – buckwheat കൊണ്ട് ഉണ്ടാക്കിയ പരമ്പരാഗത നൂഡിൽസ്. സാധാരണ നൂഡിൽസിനേക്കാൾ വീതിയുണ്ട്. ഇത് കൂടി കഴിച്ചതോടെയ് buckwheat ഞാൻ എഴുതി തള്ളി. നമുക്ക് മൈദയെ പറ്റൂ. ഇത് ഭൂംതങ് എന്ന സ്ഥലത്താണ് ലഭിക്കുക. പാരോയിൽ ഒരു മുന്തിയ റെസ്റ്റോറന്റിൽ പോയാണ് ഇത് തപ്പി പിടിച്ച് കഴിച്ചത്. ബഡ്ജറ്റ് യത്രികയായ എന്റെ കീശ കാലിയാക്കിയ വിഭവമാണിത്.

 

Jang bhule – പരന്ന നൂഡിൽസ് പോലെയുള്ള ഇത് ഉള്ളിയും മറ്റും ചേർത്ത് വേവിച്ചാണ് വിളമ്പുന്നത്. തരക്കേടില്ലാത്ത ഒരു സാധനം.

 

Bathup – ഒറ്റ നോട്ടത്തിൽ അട വേവിച്ചതായി തോന്നും. അട പോലത്തെ സാധനം സ്പൈസസ് ചേർത്ത് വേവിച്ച് ഉണ്ടാക്കും. ഫോബ്ജിഖ നിന്നും ബസ്സിൽ തിരികെ വരാൻ നേരത്ത് ഒരു ചായക്കടയിലാണ് ഇത് കണ്ടത്. ബീഫ് ചേർത്തുള്ള ബത്തുപ് ആണ് അവിടെ ഉണ്ടായിരുന്നത്. ഫോട്ടോ എടുക്കാൻ വേണ്ടി എന്ന് പറഞ്ഞപ്പോൾ കട ഉടമസ്ഥ ആയ സ്ത്രീ ചിരിച്ചു കൊണ്ട് ഒരു ചെറിയ കിണ്ണത്തിൽ ആക്കി കൊണ്ട് തന്നു.

Thuppa – കൂടുതൽ അലങ്കാരം ഇല്ലാതെ പറയാം. നമ്മുടെ കഞ്ഞി വെള്ളം. അതിൽ പക്ഷേ അവരുടെ എന്തൊക്കെയോ സ്പൈസസ് ചേർത്തിട്ടുണ്ട്. പനീർ ചേർത്ത തുപ്പയാണ് രുചിച്ചത്. രാവിലെ മുതൽ തിമ്പുവിൽ തെണ്ടി നടന്ന് ക്ഷീണിച്ച് തുപ്പ കുടിച്ചപ്പോ ശെരിക്കും ആശ്വാസമാണ് തോന്നിയത്. കഞ്ഞി ഏതു നാട്ടിൽ ചെന്നാലും കഞ്ഞിയാണല്ലോ എന്ന ഡയലോഗ് നിരോധിച്ചിരിക്കുന്നു😜.

Jaju – നമ്മുടെ പരിപ്പൊക്കെ പോലെ ചോറിന്റെ കൂടെ കിട്ടുന്നതാണ്. ഏതൊക്കെയോ ഇലകൾ പാലും വെണ്ണയും ഒക്കെ ചേർത്ത് വേവിച്ച് ചെറിയ ബൗളിൽ തരും. ചോറിൽ ചേർത്ത് കഴിച്ചപ്പോൾ ഫ്ലോപ്പ് ആയി തോന്നിയത് കൊണ്ട് ഊണ് കഴിഞ്ഞ് ആണ് അത് കുടിച്ചത്.

Chargo/ Churpi – ശത്രുക്കൾക്ക് സമ്മാനിക്കാൻ പറ്റിയ ഐറ്റം ആണ്. യാക് മൃഗത്തിന്റെ പാലിൽ നിന്നും ഉണ്ടാക്കിയ ചീസ് ഉണക്കിയത്. കാണുമ്പോൾ സൗമ്യയായി തോന്നുമെങ്കിലും കരിങ്കല്ല് പോലും തോറ്റു പോകും കട്ടിക്ക്‌ മുന്നിൽ .

ഒരു കടി കടിച്ചപ്പോ തന്നെ പല്ല് പൊടിഞ്ഞോ എന്ന് പകച്ചു പോയി ഞാൻ.
മല കയറുമ്പോൾ ഇതും വായിൽ ഇട്ടിട്ടാണ് ഇവര് നടന്നു കയറുന്നത്. ഗുട്ടെൻസ് എനിക്ക് ഇത് വരെ പിടികിട്ടിയില്ല.

Kamchup – പുളി പ്രത്യേക രീതിയിൽ സംസ്കരിച്ചെടുത്തത്. ബസ്സിൽ കയറാൻ ഒരുങ്ങിയപ്പോൾ അടുത്തുള്ള കടയിലെ ചേച്ചി നിർബന്ധിച്ച് വാങ്ങിപ്പിച്ചു. ഇത് വായിൽ ഇട്ടു യാത്ര ചെയ്താൽ യാത്രയിൽ വാളു വെക്കില്ല പോലും.

Suja – തേയില ഉപ്പും വെണ്ണയും ചേർത്ത് കുടിക്കാനോ… എന്ത് ബോർ എന്ന് പറയാൻ വരട്ടെ. ഇത് ഒരു പൊളി സാധനം ആയിട്ടാണ് എനിക്ക് തോന്നിയത്. അത് കൊണ്ട് തന്നെ ലിറ്റർ കണക്കിന് ദിവസവും കുടിക്കുമായിരുന്നു. ഇത് കഴിക്കേണ്ടത് . Zaow ചേർത്താണ്.

Zaow – അരി വറുത്തത്. ഇത് എവിടെ പോയാലും ചായയുടെ കൂടെ വിളമ്പും. സുജ യിൽ ഇട്ടു കഴിക്കാൻ രസമുള്ള ഒരു വിഭവം.

Gondo datshi – ഭൂട്ടാൻ യാത്രയിൽ എട്ടിന്റെ പണി തന്ന വിഭവം. സംഭവം സിംപിൾ ആണ്. മുട്ടയും ചീസും. ആദ്യത്തേ നാല് ദിവസം ഇത് തപ്പി നടന്നിട്ട് കിട്ടിയില്ല. ഫോബ്ജിഖ ഹോം സ്റ്റേ യിലേ അമ്മച്ചിയോട് പറഞ്ഞപ്പോ അവർക്ക് കാര്യം പിടി കിട്ടി. ഉണ്ടാക്കി തന്നു. പുളിയുള്ള ചീസായതു കൊണ്ട് കട്ട ഫ്ലോപ്പ് സാധനം. അമ്മച്ചിയെ വിഷമിപ്പിക്കാതിരിക്കാൻ സംഭവം നന്നായി എന്ന് പറഞ്ഞു. അതോടെ പിറ്റെദിവസം മൂന്ന് നേരം അമ്മച്ചി ഇത് ഉണ്ടാക്കി എന്നെ കഴിപ്പിച്ചു.

അതിനു ശേഷം കുറേ കാലം മുട്ടവിഭവം ഏത്കണ്ടാലും ഞാൻ ഓടി രക്ഷപെടും🙆‍♀️.

Jasha maaru – അവരുടെ ചിക്കൻ കറി. ചിക്കൻ കുഞ്ഞായിട്ട്‌ അരിഞ്ഞാണ് കറി വെക്കുന്നത്. തൊലി മാറ്റില്ല. അത് കൊണ്ട് തന്നെ നല്ല കൊഴുപ്പാണ്. ഇൗ വിഭവം അവസാന ദിവസമാണ് കഴിക്കാൻ പറ്റിയത്.

തിരികെ phoentsholing എത്തുന്നതിനു മുന്നേ ഒരു സുഹിർത്തിന്റെ സുഹൃത്തായ ഭൂട്ടാൻ സ്വദേശിയെ കാണാം എന്ന് പറഞ്ഞിരുന്നു. പുള്ളി വീട്ടിലേക്ക് ക്ഷണിക്കുകയും ഉച്ചക്ക് എന്ത് ഭക്ഷണം വേണം എന്ന് ചോദിച്ചപ്പോൾ യാതൊരു ഉളുപ്പും ഇല്ലാതെ ലിസ്റ്റിലെ വെട്ടാത്ത ഐറ്റം പേര് വിവരിച്ചു. പുള്ളി ചോദിച്ചത് അബദ്ധമായി എന്ന് വിചാരിച്ചിട്ട് ഉണ്ടാകും. ഏതായാലും ഞാൻ വായിച്ച ലിസ്റ്റില് പുള്ളിക്ക് ഇത് മാത്രമേ ഉണ്ടാക്കാൻ അറിയൂ എന്ന് പറഞ്ഞു. അങ്ങനെ യാണ് ജഷാ മാരു കഴിക്കാൻ പറ്റിയത്.

Shakham datshi – ഉണക്കിയ ബീഫ് ചീസ് ചേർത്ത് വേവിച്ചത്.

Paksha pa – പന്നി ഇറച്ചി ബോക് ചോയ് എന്നുള്ള ഒരു ഇലയോക്കെ ചേർത്ത് വേവിച്ച് ഉണ്ടാക്കുന്നത്. ഉണങ്ങിയ പന്നി ഇറച്ചി ആണെങ്കിൽ #Siccam pa എന്നാണ് പറയുന്നത്

Goep/ Geppa – പന്നിയുടെ കുടല് കൊണ്ട് ഉണ്ടാക്കുന്ന വിഭവം.

 

 

Juma – ഉണക്കിയ sausage.

Ara / Arag – പരമ്പരാഗതമായി അരിയിൽ നിന്നും വാറ്റി എടുക്കുന്ന പാനീയം. Simply Bhutan museum സന്ദർശിച്ചപ്പോൾ വെൽകം ഡ്രിങ്ക് ആയി ഇത് രുചിക്കാൻ പറ്റി. അവിടെ പരമ്പരാഗത ഭൂട്ടാൻ വേഷം അണിഞ്ഞു , ആര സൂക്ഷിക്കുന്ന ഒരു പ്രത്യേക പാത്രത്തിൽ നിന്ന് സ്വയം ചീർസ് പറഞ്ഞു ഞാൻ കുടിച്ചു. 😜

സ്ഥലങ്ങൾ തേടി പോകുന്ന പോലെ രസകരമാണ് അന്യ നാട്ടിൽ അവരുടെ രുചി തേടി പോകുന്നത്. ഭക്ഷണം ഒരു നാടിന്റെ സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ട് , രുചി തേടിയുള്ള യാത്രയിൽ
ആ നാടിനെ കുറിച്ച് പല പുതിയ അറിവുകളും നമുക്ക് ലഭിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *