Contact About Mitra Change Language to മലയാളം

മകനോടൊത്ത് ‘ഒരു ദേശി ഡ്രൈവ്’

‘നിങ്ങൾ എത്ര രാജ്യങ്ങൾ കണ്ടിട്ടുണ്ട് …?’

യാത്രകളാണ് അഭിനിവേശമെന്ന് പറയുമ്പോൾ സ്ഥിരം കേൾക്കുന്ന ഒരു ചോദ്യമാണ്…!

അതുകൊണ്ട് തന്നെ ആദ്യ കാലങ്ങളിൽ , എങ്ങനെയെങ്കിലും പത്തിരുപതു രാജ്യം കാണണമെന്നായിരുന്നു ആഗ്രഹം. പക്ഷേ , യാത്രകളെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ , ക്രമേണ എന്റെ ചിന്തകൾ മാറി.

സന്ദർശിക്കുന്ന സ്ഥലം, നാട്ടിലാണേലും വിദേശത്താണേലും നന്നായി കാണുക എന്നതിനായി പ്രാധാന്യം. അവിടത്തെ ആളുകളുടെ ജീവിത രീതികളും, സംസ്കാരവും, ഭക്ഷണവും എല്ലാം മനസിലാക്കി യാത്ര ചെയ്യുക ..

രാജസ്ഥാനും , നാഗാലാൻഡും, മണിപ്പൂരുമൊക്കെ കറങ്ങി വന്നപ്പോഴെല്ലാം മനസ്സിൽ ഉണ്ടായിരുന്ന ഒരു വലിയ ചോദ്യമായിരുന്നു ഇത്രയൊക്കെ കാണാനുണ്ടെങ്കിൽ നമ്മുടെ ഇന്ത്യ മുഴുവനായും ഞാനെപ്പോൾ കണ്ടു തീർക്കുമെന്നത്.

ഇന്ത്യ ശരിക്ക് ആസ്വദിച്ച് കാണാൻ ഒരു ജന്മം മതിയാവില്ല, അത്രയധികം വൈവിധ്യങ്ങളുടെ കലവറയാണ് നമ്മുടെ രാജ്യം. കുറച്ചു കുറച്ചായി കണ്ടു തുടങ്ങാം എന്ന് വെച്ചിരിക്കുമ്പോൾ വില്ലനായി കോറോണയും എത്തി.

കൂട്ടിലടക്കപ്പെട്ട കൊറോണ ദിനങ്ങളിൽ ആകെ ആശ്വാസം വായന ആയിരുന്നു. പഴയ യാത്ര മാഗസിനുകൾ തേടി പിടിച്ചു വായിച്ചു .

കൊറോണക്കാലത്തെ മാഗസിൻ വായനകൾക്കിടയിൽ ഉടക്കിയ , 10 അംഗ ടീമിന്റെ ഓൾ ഇന്ത്യ യാത്രാവിവരണമാണ് ,എന്തുകൊണ്ട് എനിക്കും സ്വയം കാറോടിച്ച് ഇതുപോലൊരു യാത്ര പോയ്ക്കൂടാ എന്നൊരു ചിന്ത ഉണ്ടായത്..

യാത്രികനായ സാജിക്കയോട്, ഇതുപോലെ ഡ്രൈവ് നടത്തിയ ആരേലും അറിയുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെ പരിചയപ്പെടുത്തി തന്നു.

ഞാൻ വിളിച്ചു കാര്യം അവതരിപ്പിച്ചു. അദ്ദേഹം എന്നോട് ചോദിച്ചത് എവിടൊക്കെ വണ്ടി ഓടിച്ചു പോയിട്ടുണ്ട് എന്ന്.

ഉറച്ച ആത്മവിശ്വാസത്തോടെ ഞാൻ ഉത്തരം പറഞ്ഞു – കൊച്ചിയിൽ നിന്ന് ആലപ്പുഴ വരെ . കുറച്ചു നേരം അങ്ങേ തലക്കൽ നിശബ്ദത മാത്രം. പിന്നീടാണ് അറിഞ്ഞത് അറുപത്തിയഞ്ചു കിലോമീറ്റർ മാത്രം വണ്ടി ഓടിച്ചിട്ടുള്ള എന്റെ മറുപടി കേട്ട് പുള്ളിയുടെ കിളി പറന്നു പോയി എന്ന് !

സുഹൃത്തായ സന്തോഷ് എന്നെയും കൂട്ടി യാത്രികനായ ചാക്കോ അങ്കിളിനെ കാണാൻ പോയി. ചാക്കോ അങ്കിൾ തന്റെ നാനോ കാറിൽ , അറുപത്തിയഞ്ചാം വയസ്സിൽ ഒറ്റയ്ക്ക് ഇന്ത്യ മൊത്തം സഞ്ചരിച്ചു ചരിത്രം സൃഷ്‌ടിച്ച വ്യക്തിയാണ്. അദ്ദേഹം പക്ഷേ എന്റെ, ‘കൊച്ചി മുതൽ ആലപ്പുഴ’ വരെ എന്ന ഡയലോഗ് കേട്ട് ഞെട്ടിയില്ല. അദ്ദേഹം പറഞ്ഞത് ഒരു ദിവസം കൊച്ചിയിൽ നിന്നും തിരുവനന്തപുരം പോയി , അന്നേ ദിവസം തിരിച്ചും വണ്ടി ഓടിച്ചു വരാനുള്ള സ്റ്റാമിന ഉണ്ടെങ്കിൽ ഓൾ ഇന്ത്യ ഡ്രൈവ് സുഖമായി ചെയ്യാമെന്ന്.

പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല, ചാക്കോ അങ്കിളിന്റെ തിയറി ഞാൻ പ്രാക്ടിക്കലാക്കി – അടുത്ത ദിവസം തന്നെ തിരുവനന്തപുരം പോയി വന്നു. അടുപ്പിച്ചു മൂന്നാഴ്ച ഞാൻ അങ്ങിനെ പോയി വന്നു. അതോടെ എനിക്കും പറ്റും ദീർഘ ദൂര ഡ്രൈവുകൾ എന്ന വിശ്വാസമായി.

അങ്ങനെ 2020 സെപ്റ്റംബറിൽ പോകാൻ ശ്രമിച്ചെങ്കിലും, കോറോണയുടെ ഇന്ത്യൻ താണ്ഡവം മൂർദ്ധന്യത്തിൽ എത്തി നിന്നിരുന്നതു കൊണ്ട് അന്ന് ശ്രമം ഉപേക്ഷിച്ചു. പകരം ഹംപി – ഊട്ടി -കൂർഗ്ഗ്‌ മുതലായ സ്ഥലങ്ങളിലേക്ക് ഡ്രൈവുകൾ നടത്തി കോൺഫിഡൻസ് കൂട്ടി.

കൊറോണ തെല്ലൊന്നു ശമിച്ചു തുടങ്ങിയെന്നു തോന്നിയപ്പോൾ ഡിസംബറിൽ, പ്ലാൻ പൊടി തട്ടി വീണ്ടും എടുത്തു. ഇത്തവണ എനിക്ക് പുതിയൊരു മോഹം കൂടി തോന്നി. മോനെയും കൂടി കൊണ്ട് പോകണമെന്ന്. അങ്ങിനെയാകുമ്പോൾ അൽപം കൂടി സാവകാശം വേണം.. യാത്ര അൽപം കൂടി എക്സ്റ്റൻറ് ചെയ്ത് 2021ഏപ്രിലിലേക്കു മാറ്റി.

യാത്രയുടെ മാപ്പ് തയ്യാറാക്കാൻ വേണ്ടി H V കുമാർ സാറിനെയായിരുന്നു ആദ്യം സമീപിച്ചത്. അദ്ദേഹം വളരെ നല്ല ഒരു റൂട്ട് പ്ലാൻ തയ്യാറാക്കി തന്നു. പക്ഷേ ഇതു വരെയുള്ള യാത്രകളെല്ലാം സ്വന്തമായി തന്നെ പ്ലാൻ ചെയ്തു ശീലിച്ചതുകൊണ്ട് ആ റൂട്ടിൽ അൽപസ്വൽപം അഴിച്ചുപണികൾ വേണമെന്നു തോന്നി. അങ്ങിനെ പല സുഹൃത്തുക്കളുടെയും അഭിപ്രായങ്ങൾ ചോദിച്ച്, എനിക്ക് വേണ്ട കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി, കുമാർ സാറിന്റെ പ്ലാനും വെച്ച് ഞാൻ തന്നെ റൂട്ട് തയാറാക്കി .

സ്ഥലങ്ങൾ കണ്ടു പിടിക്കുന്നത് വളരെ ദുഷ്കരമായ ഒരു ജോലി തന്നെയായിരുന്നു. അതിനു പ്രധാന കാരണം ഫെയ്മസ് ആയ ടൂറിസ്റ്റ് സ്പോട്ടുകൾ ഒന്നും യാത്രയിൽ ഉൾപ്പെടുത്തേണ്ട എന്ന ഉറച്ച തീരുമാനമായിരുന്നു. ഗൂഗിൾ പരതിയാൽ അധികം അറിയപ്പെടാത്ത സ്ഥലങ്ങൾ കണ്ടു പിടിക്കാൻ വളരെ പ്രയാസമാണ്. ഒരുപാട് ബ്ലോഗുകളും , സഞ്ചാരകുറിപ്പുകളും ഒക്കെ വായിച്ചാണ് കുറച്ചൊക്കെ സ്ഥലങ്ങൾ കണ്ടു പിടിക്കാനായത്. സഞ്ചാര പ്രിയരായ ക്രിസ്റ്റി ചേട്ടനും , വിജയ്‍യും , അജുവും എല്ലാം ഇതിനു സഹായിച്ചു.

ഡ്രൈവിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എനിക്ക് ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചു . ഇന്ത്യയിൽ ഇരുപത്തെട്ടു സംസ്ഥാനവും 8 കേന്ദ്ര ഭരണ പ്രദേശങ്ങളും ഉണ്ടെന്നു മാത്രമേ നേരത്തെ അറിയുമായിരുന്നുള്ളു.

നൂറു വട്ടം മാപ്പിലൂടെ വിരലോടിച്ച് സ്ഥലങ്ങളെ കുറിച്ച് കേട്ടും വായ്ച്ചും അറിഞ്ഞപ്പോൾ കിട്ടിയ അനുഭൂതി ഒന്ന് വേറെ തന്നെ .

ഗൂഗിൾ മാപ്പിനെ ആശ്രയിക്കാതെ റോഡ് മാപ്പിന്റെ സഹായത്തോടെ യാത്രകൾ ചെയ്യാൻ പഠിച്ചു ..

പതിനഞ്ചു കൊല്ലത്തിലധികമായി വണ്ടി ഓടിക്കുന്നെങ്കിലും, ഇതുവരെ ഒരിക്കൽ പോലും ബോണറ്റ് പോലും തുറന്നു നോക്കിയിട്ടില്ല. യാത്രയുടെ മുന്നോടിയായി അത്യാവശ്യ വണ്ടി പണികൾ വർക്ക് ഷോപ്പിൽ പോയി പഠിച്ചു.

ഏറ്റവും സന്തോഷകരമായ കാര്യം ഒരുപാട് നല്ല യാത്രികരെ പരിചപ്പെടാൻ കഴിഞ്ഞു എന്നതും , അതിലൂടെ എല്ലാ സംസ്ഥാനങ്ങളിലും ഈ ചുരുങ്ങിയ കാലയളവിൽ പുത്തൻ സൗഹൃദ വലയം ഉണ്ടാക്കാൻ കഴിഞ്ഞു എന്നതും തന്നെ !.

ഇപ്പോൾ യാത്ര പടിവാതിക്കൽ എത്തി നിൽക്കുന്നു. തമിഴ്‌നാട്ടിലെ പതുമുദയ് ഗ്രാമവും, കണ്ണകിയുടെ പൂംപുഹാറും , ഹൈദരാബാദിലെ ചെറിയാൽ ഗ്രാമവും,ഒഡിഷയിലെ കോരപ്പുട്ടും ,ഛത്തിസ്ഗറിലെ ബസ്തറും എല്ലാം കാണാൻ തിടുക്കമായി… അതെ, ഇന്ത്യയുടെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങളിലൂടെ ഒരു ചെറിയ, കട്ട ലോക്കൽ ഡ്രൈവ്. അതും എന്റെ സന്തത സഹചാരിയായ റോസ്സ് മോളും, പ്രിയപ്പെട്ട മകനും ഒന്നിച്ച്…

ഇത് ഒരു സ്വപ്ന യാത്രയാണ് . വഴിയിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നുള്ളത് ഉറപ്പാണ്. പലവട്ടം ചിറകിട്ടടിച്ചാൽ മാത്രമേ പക്ഷികൾ പറക്കാൻ പഠിക്കുകയുള്ളു എന്നല്ലേ . ഓരോ പ്രതിസന്ധിയും എന്നേ വളർത്തും എന്നതിന് സംശയമില്ല.

പ്രിയപ്പെട്ട ‘സഞ്ചാരി’ സുഹൃത്തുക്കൾ പിന്തുണയുമായി കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ, നമ്മുടെ രാജ്യം അടുത്തറിയാൻ ‘ഒരു ദേശി ഡ്രൈവ്’ ആയി മുന്നോട്ട്….

(ഏകദേശ റൂട്ട് – തെക്ക് >>>> കിഴക്ക് >>>> വടക്ക് കിഴക്ക് >>>> വടക്ക് >>>>പടിഞ്ഞാറ് >>>> തെക്ക് . ദിവസങ്ങൾ 90 – 100 )

(യാത്രയുടെ ദിവസേനെയുള്ള ഫോട്ടോസ് ഇൻസ്റായിൽ ഇടാൻ വിചാരിക്കുന്നു. windin_my_hair ആണ്ഐഡി. വ്ലോഗ് ചെയ്യാൻ പ്ലാൻ ഇല്ല )

Likes:
8 0
Views:
1618
Article Categories:
All India Trip

All Comments

Leave a Reply

Your email address will not be published. Required fields are marked *

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.

 1. Manikandan r says:

  All the beztt.. My dear mithrechiiii…

 2. Preeja says:

  All the best dear

 3. Rahul H I says:

  All the best wishes chechi.. really proud of you.

 4. Dipu menon says:

  All the very best to ur trip. Hope u can enjoy the trip with ur son…. He will also enjoy the trip…👍🏻👍🏻👍🏻

 5. Rajeev Krishnan says:

  All the Best and good luck.

 6. Neethukrishnan says:

  All the best chechiii….

 7. Raveendas says:

  actually I saw you guys today at Eluru Garuda food court. I am the project engg. for the KFC which will be coming there shortly. I even asked your child whether he is a malayalee and where he is from, seeing the KL 07 number plate……