Change Language to മലയാളം

മരവിതലച്ചിയും പുട്ടുകുറ്റികളും !!!!

 

 

‘ഹെലികോപ്റ്റർ ‘ ശബ്ദത്തോടൊപ്പം കർ …. കർ … കർർ കർർ

എന്ന  കാതടിപ്പിക്കുന്ന  ശബ്ദവും കൂടി കേട്ടപ്പോൾ, ഇവക്ക് മലമുഴക്കി എന്ന് പേരിട്ടത് എത്രമാത്രം ഉചിതമാണെന്ന്  നെല്ലിയാമ്പതി മഴക്കാടുകളിൽ വേഴാമ്പലിനെ തേടി പോയപ്പോൾ തോന്നിപ്പോയി !!!!

 

മലമുഴക്കി വേഴാമ്പലാണ് നമ്മുടെ സംസ്ഥാന പക്ഷി എന്ന് സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിലും , ഈ പക്ഷി മനസ്സിൽ കേറി കൂടിയത് 2018 ലെ പത്ര വാർത്തകൾ വായിച്ചപ്പോളായിരുന്നു. ഒരു ആൺ വേഴാമ്പൽ തന്റെ ഇണയ്ക്കും കുട്ടികൾക്കും വേണ്ടി ഭക്ഷണവുമായി പോകുമ്പോൾ വണ്ടി ഇടിച്ചു മരിക്കുകയും, പരിസ്ഥിതി പ്രവർത്തകനായ ബിജു വാസുദേവൻ , വേഴാമ്പൽ കുടുംബത്തിനെ രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തുകയും , വനപാലകരുടെ സഹായത്തോടെ നാല്പതടിയോളം പൊക്കമുള്ള മരത്തിന്റെയ് പൊത്തിലേക്ക്  അവർക്കു കായ്കളും കനികളും എത്തിച്ചു കൊടുത്ത് സംരക്ഷിക്കുകയും   ചെയ്തു എന്നും വായിച്ചപ്പോൾ ഏതൊരു പരിസ്ഥിതി സ്നേഹിയുടെയും പോലെ എന്റെ  ഹൃദയവും  ആർദ്രമായി തീർന്നിരുന്നു.

 

അന്ന് മരിച്ചത് കോഴി വേഴാമ്പൽ ആണെങ്കിലും  വേഴാമ്പൽ കുടുംബത്തിലെ പക്ഷികളുടെ പൊതു സവിശേഷതകൾ അന്നാണ് ആദ്യമായി മനസ്സിലാക്കിയത്  . മറ്റു പക്ഷികളെ പോലെ പല ഇണകളെ തേടി പോകാതെ , ഒരു ഇണയെ തന്നെ തന്റെ മരണം വരെ കൂടെ കൊണ്ട് നടക്കുന്നു എന്നു  മാത്രമല്ല ഇണയെ പൊന്നു പോലെ നോക്കുകയും ചെയ്യും.

 

പ്രജനന സമയത്ത് പെൺ വേഴാമ്പൽ മരപൊത്തിൽ കയറി ഇരിക്കുകയും , കൂടിന്റെ ദ്വാരം ഇരുവരും ചേർന്ന് മരത്തൊലിയും , കാഷ്ഠവും, ചെളിയും കൊണ്ട് അടക്കുകയും ചെയ്യുന്നു. പെൺ വേഴാമ്പലിനു കൊക്ക് നീട്ടി  ആഹാരം സ്വീകരിക്കാൻ  മാത്രമായി ചെറിയൊരു  ദ്വാരം  അവശേഷിപ്പിക്കുന്നു.

 

പിന്നീടുള്ള രണ്ടു മാസത്തോളം  പെൺ വേഴാമ്പൽ ഈ കൂട്ടിനകത്തു ബന്ധനസ്ഥയാണ് . ആൺ വേഴാമ്പൽ വളരെ ശ്രദ്ധയോടെ ഇണക്കു കാവലായി അവിടെ ചുറ്റി പറ്റി കഴിഞ്ഞു കൂടുന്നു.  ഈ കാലയളവിൽ തന്റെ ഇണക്കു വേണ്ട ഭക്ഷണം ആൺ വേഴാമ്പൽ തേടി പിടിച്ചെത്തിക്കുന്നു. ഇങ്ങനെ ഭക്ഷണവുമായി വന്ന വേഴാമ്പലാണ് അതിരംപള്ളിയിൽ 2018ൽ മരണപ്പെട്ടത്. അച്ഛൻ വേഴാമ്പൽ മരിച്ചാൽ അമ്മക്കിളിയും കുഞ്ഞുങ്ങളും സാധാരണ ഗതിയിൽ പട്ടിണി കിടന്നു ചാകും.

 

അച്ഛൻ വേഴാമ്പലിനെ പോലെ തന്നെ തികഞ്ഞ ഒരു കുടുംബിനിയാണ് അമ്മ വേഴാമ്പലും…..

കൂട്ടിൽ കയറി മുട്ടയിട്ടാൽ, രണ്ടാഴ്ചയോളമെടുക്കും മുട്ട വിരിയാൻ. പൊട്ടിയ മുട്ടത്തോട് അമ്മക്കിളി പുറത്തുള്ള അച്ഛൻ കിളിക്കു കൈമാറുകയും , അച്ചൻ വഴി അത് കളയുകയും ചെയ്യുന്നു. ഇതു കൂടാതെ കുഞ്ഞുങ്ങൾക്ക് വേണ്ടി തന്റെ തൂവലുകൾ പൊഴിച്ചു ഒരു മെത്തയും ഒരുക്കും  പോലും.

 

രണ്ടാഴ്ച്ചക്കു ശേഷം കുഞ്ഞുങ്ങൾ തെല്ലൊന്നു വളരുകയും, കൂട്ടിൽ സ്ഥലമില്ലാതെ വരികയും ചെയ്യുമ്പോൾ , അടച്ചു വെച്ച കൂടിന്റെ ദ്വാരം പൊളിച്ച്  അമ്മ  പുറത്തു വരുന്നു. തൂവലുകൾ പൊഴിച്ചതു കൊണ്ട്  അമ്മ പക്ഷിക്ക് പഴയതു പോലെ പറക്കാൻ വീണ്ടും സമയമെടുക്കും.

 

അതു കൊണ്ടു തന്നെ അച്ഛൻ  വേഴാമ്പൽ തന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയാതെ തന്റെ പ്രിയതമക്കും മക്കൾക്കും അപ്പോഴും ഓരോ മണിക്കൂർ ഇടവിട്ടു  ഭക്ഷണം എത്തിക്കുന്നു.  പിന്നീട് കുഞ്ഞുങ്ങൾ പറക്കാറാകുന്നതു വരെ മാതാപിതാക്കൾ  മാറി മാറി ഭക്ഷണം തേടുകയും, കുഞ്ഞുങ്ങൾക്ക്  കാവൽ ഇരിക്കുകയും ചെയ്യുന്നു.

 

ചുമ്മാതല്ല , ഇത്രയും കുടുംബ മൂല്യങ്ങൾ ഉള്ളത് കൊണ്ടാണ് മലമുഴക്കി വേഴാമ്പൽ അഥവാ മരവിതലച്ചിയെ ‘Mr . Kerala’ ആയി തിരഞ്ഞെടുത്തത് !!!! 2019ൽ  ഹോൺബിൽ ഫെസ്റ്റിവൽ കാണാൻ പോയപ്പോൾ, പല സ്ഥലങ്ങളിലും ഇതിന്റെ പടവും മറ്റും കണ്ടപ്പോഴും , ഹോൺബില്ലിനെ നേരിട്ട് കാണാൻ ഇതുവരെ പറ്റിയില്ല എന്നൊരു നൊമ്പരം അവശേഷിച്ചു.

 

കഴിഞ്ഞ ദിവസം , സഞ്ചാരിയിലൂടെ പരിചയപ്പെട്ട ദീപച്ചേച്ചി നെല്ലിയാമ്പതിയിൽ വേഴാമ്പലിനെ  കാണാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ എന്റെ തലയിലും പച്ച ബൾബ് കത്തി. അത് കാണാൻ പറ്റിയത് കൊണ്ടാകണം ചേച്ചി കൂടെ പോരുന്നോ എന്ന് ചോദിച്ചത്. രണ്ടാമത് ഒന്ന് ചിന്തിക്കാതെ ഞാൻ സമ്മതം പറഞ്ഞു. ഒരു വർഷത്തോളമായി ചേച്ചിയെ പരിചയപ്പെട്ടിട്ടെങ്കിലും, നേരിട്ട് കാണാൻ പല തവണ ശ്രമിച്ചിട്ടും ഓരോ കാരണങ്ങളാൽ നടക്കാതെ പോയിരുന്നു. ചേച്ചിയുടെ കൂടെ കുറച്ചു സമയം ചിലവഴിക്കാൻ പറ്റിയ ഒരു നല്ല അവസരം കൂടിയായിരുന്നു അത് എന്നെനിക്കു തോന്നി .

 

വെള്ളിയാഴ്ച വൈകീട്ടോടെ ഞാനും മോനും കൂടി  ചേച്ചിയുടെ കരുമാനൂരുള്ള വീട്ടിൽ എത്തി. ഒരു നല്ല എഴുത്തുകാരി മാത്രമല്ല, അടിപൊളി  പാചകക്കാരിയും, മികച്ച  വീട്ടമ്മയുമാണെന്ന് ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് തന്നെ മനസ്സിലായി.ചേച്ചി  ഞങ്ങളെയും പെട്ടെന്ന് തന്നെ  തന്റെ സ്നേഹ വലയത്തിലാക്കി. മോനെയും കൊണ്ട് വളരെ ഉത്സാഹത്തോടെ വീട്ടിലെ കുളത്തിൽ ചൂണ്ടയിടുകയും , അവനിഷ്ടമുള്ള ജാതിക്കായും മറ്റുമൊക്കെ പറിച്ചു കൊടുക്കയും ചെയ്തു.

 

ശനിയാഴ്ച രാവിലെ മൂന്നേകാൽ മണിയോടെ ഞങ്ങൾ ഇറങ്ങി. കൂടെ ചേച്ചിയുടെ ഭർത്താവ് ഗംഗേഷ് ചേട്ടനും , കീർത്തന മോളുമുണ്ടായിരുന്നു. ചേച്ചിയുടെ സുഹൃത്തായ രതീഷും , അദ്ദേഹത്തിന്റെ കുറച്ചു സുഹൃത്തുക്കളും ഒന്നിച്ചു പോകാനായിരുന്നു ഞങ്ങളുടെ പദ്ധതി. നാല് മണിക്ക് കുതിരാൻ എത്താറായപ്പോൾ എട്ടിന്റെ പണി  കുപ്രസിദ്ധമായ കുതിരാൻ ബ്ലോക്കിന്റെ രൂപത്തിൽ കിട്ടി. പാലക്കാടൻ സുഹൃത്തുക്കൾ എപ്പോഴും കുതിരാൻ ബ്ലോക്കിനെ പറ്റി പറയാറുണ്ടെങ്കിലും അത് അനുഭവിച്ചപ്പോഴാണ് അതിന്റെയ് കഷ്ടപ്പാട് ശെരിക്കും മനസ്സിലായത്.

 

 

കുതിരാൻ  എത്തുന്നതിനു മൂന്ന്  കിലോമീറ്റർ മുന്നെ വരെ വണ്ടികൾ നിരന്നു കിടപ്പായിരുന്നു.

രതീഷും കൂട്ടരും  രണ്ടു കാറുകളിലായി അവിടെയുണ്ടായിരുന്നു. അഞ്ചു മണിയായിട്ടും ഒരിഞ്ചു പോലും വണ്ടി അനക്കാൻ പറ്റാത്തതുകൊണ്ട് , പൊലീസുകാരനായ രതീഷ് അവിടത്തെ പോലീസ് സ്റ്റേഷനിൽ വിളിച്ചന്വേഷിച്ചു. അപ്പോഴാണ് വലിയൊരു വാഹനാപകടം ഉണ്ടായതായി അറിഞ്ഞത്.

 

നാല് മണിക്കൂറെങ്കിലും കഴിയാതെ ബ്ലോക്ക് മാറില്ല എന്നറിഞ്ഞപ്പോൾ ഞങ്ങൾ വണ്ടി ആലത്തൂർ വഴി തിരിച്ചു വിട്ടു. ഇരുട്ടും, അറിയാത്ത വഴികളും കൂടിയായപ്പോൾ യാത്ര വളരെ മെല്ലെയായി. നേരം വെളുത്തു തുടങ്ങിയപ്പോൾ ഏതൊക്കെയോ ഉൾനാടൻ ഗ്രാമങ്ങളിലൂടെയായിരുന്നു യാത്ര എന്ന് മനസ്സിലായി. മഞ്ഞു മൂടിയ നെൽപ്പാടങ്ങളും , മലകളുമെല്ലാം ആസ്വദിച്ചായി പിന്നീടുള്ള യാത്ര. ഏകദേശം രണ്ടു മണിക്കൂർ എടുത്തു ഗൂഗിൾ പറഞ്ഞ വഴികളിലൂടെ ചുറ്റി കറങ്ങി ഹൈവേയിൽ എത്താൻ.

 

നെല്ലിയാമ്പതി ചെക്‌പോസ്റ്  എട്ടരയോടെ പിന്നിട്ടു. പിന്നെ പോത്തുണ്ടി ഡാമും കടന്ന് ഹെയർപിൻ വളവുകളിലൂടെയായി സഞ്ചാരം.

 

ഒരു സ്ഥലത്ത് കുറച്ചു കരിങ്കുരങ്ങന്മാരുടെ കൂട്ടത്തെ കണ്ടു. രതീഷും കൂട്ടരും അവരുടെ   പുട്ടുകുറ്റി കാമറയുമായി ഇറങ്ങി ചറപറ പടങ്ങൾ പിടിച്ചു. മൊബൈൽ മാത്രമുള്ള ഞാൻ വിഷമിച്ചിരിക്കുന്നത് കണ്ടാകും ഒരു കരിങ്കുരങ്ങൻ ഞാൻ ഇരുന്ന വശത്തേക്ക് വന്നു രണ്ടു കാലിൽ നിന്ന്  ‘ഇന്ന പിടിച്ചോ… നീയായിട്ടു പടം പിടിക്കാതിരിക്കണ്ട’ എന്ന മട്ടിൽ നിൽപ്പായി. ഒന്നും ആലോചിച്ചില്ല ഞാനും പിടിച്ചു പടം. അല്ല പിന്നേ … !

മനുഷ്യർ നടക്കുന്ന പോലെ രണ്ടു കാലിൽ ഉള്ള അവന്റെ നടപ്പു രസകരമായിരുന്നു … വീണ്ടും യാത്ര തുടർന്നപ്പോൾ അണ്ണാൻ വർഗ്ഗത്തിലെ ഏറ്റവും സുന്ദരനായ മലയണ്ണാനേയും കാണാൻ സാധിച്ചു.

 

ഹെയർപിൻ വളവുകൾ താണ്ടി , തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെ സഞ്ചരിച്ചു ഞങ്ങൾ കാപ്പി തോട്ടങ്ങളുടെ അടുത്തെത്തി. അവിടെ വണ്ടി ഒതുക്കി രാവിലത്തെ പ്രഭാത ഭക്ഷണമായി കൊണ്ടു വന്ന ബ്രെഡും ബട്ടറും  കഴിച്ചു. എന്നിട്ടു വേഴാമ്പലിനെ അന്വേഷിച്ച്  റോഡിലൂടെ നടത്തമാരംഭിച്ചു. പക്ഷിപിടിത്തത്തിനു മൊബൈൽ ഉപകരിക്കില്ല എന്നുള്ളത് കൊണ്ട് മൊബൈൽ വണ്ടിയിൽ ഉപേക്ഷിച്ചു.

പുട്ടുകുറ്റി സംഘം മുന്നിൽ, തൊട്ടു പിന്നാലെ മിനി പുട്ടുകുറ്റിയുമായി  ദീപച്ചേച്ചിയും, അതിനും പിന്നിലായി ഞാനും മോനും, കീറുവും  , ഗംഗേഷ് ചേട്ടനും.  ‘കിമുപു’ (കിട്ടാത്ത മുന്തിരി പുളിക്കും ) സിദ്ധാന്തത്തിനോടുള്ള ഇഷ്ടം കൊണ്ടാകാം പുട്ടുകുറ്റികളോട്   പണ്ടേ എനിക്ക് പുച്ഛമാണ്. ദൈവം തന്ന കണ്ണാണ് ഏറ്റവും മികച്ച ക്യാമറ ഞാൻ മനസ്സിൽ ഉറക്കെ പ്രഖ്യാപിച്ചു.

 

നടക്കുമ്പോൾ എവിടുന്നോ ഊ……എന്ന് ഹെലികോപ്ടറിന്റെ ശബ്ദം കേട്ടു. കാട്ടിലും ഹെലികോപ്റ്ററോ എന്ന് ആലോചിച്ചു മുകളിലോട്ടു നോക്കിയതും കണ്ടത് വേഴാമ്പൽ സ്ലോ മോഷനിൽ പറക്കുന്നതാണ്. ഇഷ്ടന്റെ ചിറകുവിരിച്ചുള്ള സഞ്ചാരത്തിന്റെ ശബ്ദമാണ് ഹെലികോപ്റ്ററായി ഞാൻ തെറ്റിദ്ധരിച്ചത്. അപ്പോഴേക്കും എല്ലാവരും പുട്ടുകുറ്റിയുമായി നിർത്താതെ വെടി വെച്ച്കൊണ്ടിരുന്നു.

 

വീണ്ടും കുറച്ചു ദൂരം നടന്നപ്പോഴാണ് ഞാൻ ആദ്യം കേട്ട ശബ്ദം ശ്രവിച്ചത്. ദൂരെ ഒരു മരത്തിൽ നിറയെ വേഴാമ്പലുകൾ. അതിന്റെ മഞ്ഞ കൊക്കിന്റെ അറ്റം മാത്രമായിരുന്നു തിരിച്ചറിയാൻ പറ്റുന്നത്. വീണ്ടും പുട്ടുകുറ്റി കാമറകളുടെ തുരുതുരാ യുള്ള ടിക് ടിക് ശബ്ദം…

ഇത്രയധികം പടം പിടിക്കാൻ എന്തിരിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞു ഞാൻ മാറി നിന്നു.  അൽപസമയത്തിന് ശേഷം  പുട്ടുകുറ്റിയിൽ എടുത്ത പടങ്ങൾ രതീഷ് കാണിച്ചു തന്നു. നോക്കുമ്പോൾ വേഴാമ്പലുകളുടെ നിന്നും ഇരുന്നും, കിടന്നുമൊക്കെയുള്ള മനോഹര ദൃശ്യങ്ങൾ. നീണ്ട മഞ്ഞ കൊക്കും, അഞ്ചടിയോളം ചിറകുവിസ്താരവും, കറുത്ത ചിറകിൽ വെള്ള തൂവലുകളും , വെളുത്ത വാലിൽ കറുത്ത തൂവലുകളും ഒക്കെയുള്ള ഇഷ്ടന്റെയ് ഫ്ലൈറ്റ് പടങ്ങൾ കാണുമ്പോൾ ആണ് വേഴാമ്പലിന്റെയ് ആഢ്യത്വം ശെരിക്കും മനസ്സിലാകുക. നമ്മുടെ സംസ്ഥാന പക്ഷി ആയതിൽ അഭിമാനവും തോന്നി.

ചുമന്ന കണ്ണുള്ള ഒരു വേഴാമ്പൽ , നീല കലർന്ന വെള്ള നിറമുള്ള കണ്ണുള്ള തന്റെ പ്രിയതമക്ക് മരത്തിലെ പഴങ്ങൾ പറിച്ചു ചുണ്ടിൽ വെച്ച് കൊടുക്കുന്നു. കണ്ടപ്പോൾ തന്നേ രോമാഞ്ചിഫിക്കേഷൻ ആയി. ഓരോ പടങ്ങൾ കാണുമ്പോഴും പുട്ടുകുറ്റികളോടുള്ള ബഹുമാനം കൂടി കൂടി വന്നു.

 

രതീഷിന്റെ കാമറ വാങ്ങി കുറച്ചു നേരം അവരുടെ ചേഷ്ടകൾ നോക്കി ഞാനും നിന്നു . അതിലെ പറക്കുന്ന തുമ്പികളെ അതിവിദഗ്ധമായി കൊക്ക് നീട്ടി പിടിക്കുന്നതും, കുഞ്ഞു പഴങ്ങൾ പ്രത്യേക രീതിയിൽ കഴുത്തു പുറകോട്ടു നീട്ടി വിഴുങ്ങുന്നതുമെല്ലാം കൗതുകം ഉണർത്തുന്ന കാഴ്ചകളായിരുന്നു.

ഈ പഴങ്ങൾ പഴുത്തു നിൽക്കുന്നത് കൊണ്ടായിരുന്നു പോലും വേഴാമ്പൽ കൂട്ടം അവിടെ തമ്പടിച്ചത് . അത്തിയുടെയും, കുന്തിരിക്കത്തിന്റെയും , മുളകുനാറിയുടെയും ഒക്കെ പഴുത്ത പഴങ്ങളാണ് ഇവരുടെ ഇഷ്ട ഭക്ഷണം. തരം കിട്ടിയാൽ പല്ലിയെയും, അണ്ണാനേയും , ചെറു പക്ഷികുഞ്ഞുങ്ങളെയും ഭക്ഷിക്കും.

 

രണ്ടു മൂന്നു മണിക്കൂർ അവിടെയൊക്കെ ചുറ്റി  നടന്ന് മനസ്സ് നിറയെ വേഴാമ്പൽ കാഴ്ചകൾ ആസ്വദിച്ചു.

രതീഷ് മുൻപ് ഇവിടെ വന്നു പടം പിടിച്ചിട്ടുള്ളതുകൊണ്ടാണ് കൃത്യമായി ഞങ്ങൾക്ക് ഈ സ്ഥലത്ത് എത്തുവാനും , അപൂർവമായി മാത്രം കാണുന്ന വേഴാമ്പൽ കാഴ്ചകൾ കാണാനും സാധിച്ചത്.

പുട്ടുകുറ്റി മുതലാളിയുടെ കാഴ്ച ശക്തിയും എടുത്തു പറയേണ്ടത് തന്നേ. നടക്കുമ്പോൾ പെട്ടെന്ന് പുട്ടുകുറ്റി സംഘം നിൽക്കുകയും , ദൂരെയുള്ള ഏതേലും മരത്തിൽ കാമറ ഫോക്കസ് ചെയ്യുന്നതും കാണാം. നമ്മൾ ആ ദിശയിൽ നോക്കുമ്പോൾ മരവും, ചില്ലയും, ഇലകളും മാത്രം കാണുകയുള്ളു . മുതലാളിമാർ പടം കാണിക്കുമ്പോഴാണ് ആ മരത്തിലെ പക്ഷിയെ നമ്മൾ കാണുക.അതോടെ  ഒരു കാര്യം ബോധ്യപ്പെട്ടു , കണ്ണ് മാത്രം പോരാ , പക്ഷികളെ കാണാൻ ഒരു പ്രത്ത്യേക കഴിവ് കൂടി വേണം. അങ്ങിനെ പുട്ടുകുറ്റിയിലൂടെ ആണ് ചുമന്ന കിരീടം വെച്ച മരകൊത്തിയെയും കണ്ടത്.

തിരിച്ചു കാറിന്റെയ് അടുത്തെത്തിയപ്പോൾ കാൽപ്പാദം മൊത്തം ഉണങ്ങിപ്പിടിച്ച ചോര ആയിരുന്നു … അട്ടകുട്ടന്മാരുടെ  അന്നത്തെ വിശപ്പ് അടക്കാൻ എന്റെയ ചോര ഉപകരിച്ചു എന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. നടന്നു തുടങ്ങിയപ്പോൾ രതീഷ് അട്ടകളെ സൂക്ഷിക്കാൻ പറഞ്ഞിരുന്നെങ്കിലും നൂല് പോലുള്ള ആ അട്ടകളെ ഞാൻ തൃണവൽക്കരിച്ചു. അത് മനസിലാക്കിയിട്ടാവണം അവര് കൂട്ടആക്രമണം നടത്തിയത്. പണ്ട് അന്താക്ഷരി കളിച്ചപ്പോൾ ‘നിണമണിഞ്ഞ കാൽപാടുകൾ ‘ എന്നൊരു സിനിമ കിട്ടിയതാണ് അപ്പോൾ  ഓർമ്മ വന്നത് !

ദീപച്ചേച്ചി  കൊണ്ടുവന്ന ഉച്ചഭക്ഷണം ഞങ്ങൾ എല്ലാവരും ചേർന്ന് പങ്കിട്ടു കഴിച്ചു. പല ദിക്കിൽ നിന്നും വന്ന റാമും , വിപിനന്മാരും (രണ്ടു വിപിൻ) , അൻവിനും എല്ലാം പെട്ടെന്ന് തന്നെ ഞങ്ങളുമായി കൂട്ടായി. അല്ലെങ്കിലും യാത്രികർക്ക് ‘ഒരേ തൂവൽ പക്ഷികളെ’ പോലെ പെട്ടെന്ന്‌ ചേരാൻ സാധിക്കുമല്ലോ !

 

കഥ പറഞ്ഞു നിന്നപ്പോൾ ഒരു ജീപ്പ് പെട്ടന്ന് പ്രത്യക്ഷപെട്ടു . നോക്കുമ്പോൾ നാലഞ്ചു പേര് ചാടിയിറങ്ങി ഞങ്ങളുടെ മുന്നിലെത്തി. ഒരാളുടെ കയ്യിൽ ഒരു ഫയലും ഉണ്ടായിരുന്നു . ഞങ്ങൾ എല്ലാവരും തെല്ലൊന്നു ഭയന്നു . അവർ വനം വകുപ്പ് ഉദ്യോഗസ്ഥരായിരുന്നു. കാടിനുള്ളിൽ പ്രവേശിക്കരുത്… പക്ഷികളെ കല്ലെറിയരുത്…. വേഴാമ്പലിനെ ശല്യം ചെയ്യരുത്…. അവരുടെ പ്രജനന സമയമാണ്. അവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തികൾ ചെയ്യരുത് എന്നൊക്കെ ഓർമ്മപ്പെടുത്തി അവർ പോയി.

അതിനു ശേഷം വീണ്ടും  പുട്ടുകുറ്റിക്കാർ പക്ഷികളെ തിരഞ്ഞപ്പോൾ, ചുറ്റുമുള്ള കാഴ്ചകളിലായി എന്റെ ശ്രദ്ധ. വളരെ വിരളമായി മാത്രമേ വീടുകളുള്ളു എങ്കിലും അമ്പലവും , പള്ളിയും, മസ്ജിദും എല്ലാം അവിടെ കാണാൻ പറ്റി. മനുഷ്യൻ ഏതു കാട്ടിൽ ജീവിച്ചാലും, മതത്തിന്റെ താങ്ങില്ലാതെ ജീവിക്കാൻ പറ്റില്ലായിരിക്കും. ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം കൊറോണക്ക് മുമ്പിൽ അടിയറവു പറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ ചില ചിന്തകളെങ്കിലും മാറേണ്ട സമയമായി.

 

ആ കാട്ടു പ്രദേശത്തു കൂടി പോലും ചീറി പാഞ്ഞു പോയിരുന്ന വണ്ടികൾ പഴയ വേഴാമ്പൽ കഥ എന്നെ ഓർമ്മപ്പെടുത്തി. ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതാണ് കാട്ടിലൂടെ പണിത റോഡുകൾ. മനുഷ്യന്റെ സ്വാർത്ഥതാല്പര്യം മുൻനിർത്തി പണിത റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ, അവിടത്തെ പാവം മൃഗങ്ങളുടെ സുരക്ഷയെ കണക്കിലെടുത്ത് അല്പം പതുക്കെ എല്ലാവരും വണ്ടിയോടിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി.

 

വൈകുന്നേരമായപ്പോൾ ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു. നെല്ലിയാമ്പതി ടൗണിൽ നിന്നും  ചായക്കടയിൽ കയറി. ബജിയുടെ എണ്ണ കൈയ്യിൽ പറ്റാതെ കഴിക്കാനുള്ള പുതിയ ടെക്‌നിക്‌ ഗാംഗേഷ് ചേട്ടൻ കാണിച്ചു തന്നു. ഏത്തക്ക ചിപ്സ് കൊണ്ട് കൂട്ടി പിടിച്ചു ബജി അകത്താകുക !!!

 

അവിടെ ചായക്ക് പ്രത്യേക രുചിയായിരുന്നു. ചോദിച്ചപ്പോൾ അവിടെ അടുത്തുള്ള AVT ഔട്ട്ലെറ്റിൽ നിന്നുള്ള ചായയാണെന്ന് പറഞ്ഞു. അങ്ങിനെ അവിടെ പോയി ചായപ്പൊടിയും വാങ്ങി. തിരിച്ച് പോരുമ്പോൾ  വഴിയിലുള്ള ഒരു വ്യൂപോയിന്റിൽ കുറച്ചു നേരം വണ്ടി നിർത്തി സൂര്യാസ്തമയ കാഴ്ചകൾ കാണാൻ വിചാരിച്ചെങ്കിലും മൂടൽ മഞ്ഞു ചതിച്ചു. അസ്തമയ പ്ലാൻ ഉപേക്ഷിച്ചു .

 

ആ സമയത്താണ് ഒരു പെട്ടി ഓട്ടോയിൽ നെല്ലിയാമ്പതി ഓറഞ്ച് വിൽക്കാൻ കൊണ്ട് വന്നത്. നെല്ലിയാമ്പതിയിലെ ഓറഞ്ച് തോട്ടങ്ങൾ കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയക്കുറവു കാരണം കാണാൻ പറ്റിയില്ലായിരുന്നു. തോട്ടം കണ്ടില്ലേലും തോട്ടത്തിലെ ഓറഞ്ച് എങ്കിലും കഴിക്കാൻ പറ്റിയതിൽ ആശ്വസിച്ചു  . ഓറഞ്ച് വാങ്ങി പൊളിച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു വലിയ വാനരൻ എന്നെയും ലക്ഷ്യമിട്ടു ഓടി വരുന്നു. പൊളിച്ച ഓറഞ്ച് അവിടെ ഉപേക്ഷിച്ചു ഞാൻ കാറിനകത്തു അഭയം പ്രാപിച്ചു.

 

തിരിച്ചു വരാൻ നേരത്തു ഇന്ത്യയിലെ പഴക്കം ചെന്ന ഡാമുകളിൽ ഒന്നായ പോത്തുണ്ടി കാണാൻ കൊതിച്ചെങ്കിലും, താമസിച്ചത് കാരണം അങ്ങോട്ടുള്ള പ്രവേശനം ഇല്ലായിരുന്നു. ആകെ ആശ്വാസം

പോത്തുണ്ടി ഡാമിന്റെ, റോഡിൽ നിന്നും കാണാവുന്ന ഒരു ഭാഗം കാണാൻ പറ്റി എന്നുള്ളതാണ്. കുതിരാൻ എത്തിയപ്പോഴേക്കും രാവിലത്തെ ബ്ലോക്കിന്റെയ് പൊടി പോലുമില്ല. പക്ഷെ വലിയ രണ്ടു  കണ്ടെയ്നർ ലോറി മറിഞ്ഞു കിടപ്പുണ്ടായിരുന്നു.   പിന്നീടാണ് അറിഞ്ഞത് നാല് വണ്ടികൾ ഇടിക്കുകയും, ഒരാൾ മരിക്കുകയും ചെയ്തു എന്ന്. വൈകിട്ടായപ്പോൾ ആയിരുന്നു പോലും ട്രാഫിക്ക് കുരുക്ക് മാറിയത്.

 

എഴുത്തുകളിലൂടെ മാത്രം പരിചയമുള്ള ദീപച്ചേച്ചിയുടെ സ്നേഹസമ്പന്നത  നേരിട്ടനുഭവിച്ചറിയുകയും , ഒരു പരിചയവും ഇല്ലാത്ത കുറച്ചാളുകൾ ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് ചിരപരിചിതരാകുകയും  എല്ലാം ചെയ്തത് കൊണ്ട് നെല്ലിയാമ്പതി യാത്ര അവിസ്മരണീയമായി. പുട്ടുകുറ്റികളോട് ഉള്ള പുച്ഛം മാറി ആരാധനയുമായി . പുട്ടുകുറ്റികൾ ഇല്ലായിരുന്നെങ്കിൽ വേഴാമ്പലിന്റെയ് മിഴിവാർന്ന കാഴ്ചകൾ എനിക്ക് ഒരിക്കലും സ്വന്തമാകില്ലായിരുന്നു .

 

ഓരോ യാത്രകളും ജീവിതത്തിലേക്കുള്ള പുതിയ വാതായനങ്ങൾ തുറക്കുന്നു. ഈ യാത്രയും ഒരു തിരിച്ചറിവിന്റെയ് യാത്ര കൂടിയായിരുന്നു.ആദ്യമായിട്ടാണ് യാത്ര സമയത്തു  ഫോൺ വണ്ടിയിൽ ഉപേക്ഷിച്ചത് .സൂക്ഷിച്ചു വെക്കേണ്ട കാഴ്ചകൾ മനസ്സിൽ പകർത്തി ഇടാം എന്നുള്ളത് മനസ്സിലായി. കൂടാതെ   വേഴാമ്പലിന്റെ ജീവിതം  ഒരു വലിയ പാഠമായിട്ട് അനുഭവപെട്ടു . തന്റെ കുടുംബത്തെ എങ്ങനെ സംരക്ഷിക്കണമെന്നും, ഇണയെ എങ്ങനെ സ്നേഹിക്കണം എന്നുമെല്ലാമുള്ള പാഠങ്ങളാണ് ‘കാട്ടിലെ കർഷകൻ’ എന്നറിയപ്പെടുന്ന മലമുഴക്കി വേഴാമ്പൽ എനിക്ക് കാണിച്ചു തന്നത് …!

Likes:
0 0
Views:
45
Article Categories:
IndiaKeralaNatureTravelogues

Leave a Reply

Your email address will not be published. Required fields are marked *