Contact About Mitra Change Language to മലയാളം

രാജസ്ഥാനിലെ മഴ വിശേഷങ്ങൾ!! (ഉദൈപൂർ – രണ്ടാംഭാഗം)

 

മരുഭൂമിയിലും മഴയോ🙄…
ഓഗസ്റ്റ് മാസം രാജസ്ഥാനിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ സുഹൃത്തിന്റെ മഴ താക്കീത് കേട്ട്‌ ഞാൻ ചോദിച്ചു പോയ ചോദ്യം😅. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് ഓഗസ്റ്റ് മാസത്തേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു. മഴക്കാര്യം പിന്നെ ഞാൻ പാടെ മറന്നു.

അങ്ങനെ ഓഗസ്റ്റ് മാസത്തിൽ ഞാനും ആശ ചേച്ചിയും ഉദൈപൂർ യാത്ര തിരിച്ചു…..
ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ കണ്ടു മഹാറാണ പ്രതാപ് എയർപോർട്ട് എന്നാണ് പേര്. ആ പേര് ചരിത്ര പുസ്തക- ത്താളുകളിൽ എന്നോ വായിച്ച ഒരോർമ്മ. തല പുകഞ്ഞ് ആലോചിച്ചിട്ടും കൃത്യമായി ഓർത്തെടുക്കാൻ പറ്റുന്നില്ല🤯. ആ കാര്യം അവിടെ വിട്ടിട്ട് ടാക്സിയിൽ താമസ സ്ഥലത്തേക്ക് പോയി.

വരണ്ടുണങ്ങിയ മരുഭൂമി പ്രതീക്ഷിച്ചു പോയ ഞാൻ പച്ച പുതച്ച് നിൽക്കുന്ന ആരവല്ലി ഗിരിനിരകളെ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി😱. ഒറ്റ നോട്ടത്തിൽ നമ്മുടെ പശ്ചിമ ഘട്ടമാണെന്ന് തോന്നും🏞️.

അപ്പോഴാണ് സുഹൃത്തിന്റെ മഴ താക്കീത് വീണ്ടും ഓർമ വന്നത്. കുടയോ റയിൻ കൊട്ടോ ഒന്നും കരുതിയിട്ടില്ല. ഏതായാലും ആദ്യ ദിവസം സൂര്യ ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉള്ളത് കൊണ്ട് നല്ല കട്ട വെയിൽ അനുഭവിക്കാൻ പറ്റി🌞.

രണ്ടാം ദിവസം രാവിലെ എഴുന്നേറ്റ് ഡായിജി ഫൂട്ട് ബ്രിഡ്ജിൽ നിന്ന് സൂര്യോദയം കാണാൻ പോയി. നല്ല മൂടൽ മഞ്ഞ് കാരണം സൂര്യോദയം കാണാൻ പറ്റിയില്ലെങ്കിലും, പിചോള തടാകത്തിന്റെ മാസ്മരിക സൗന്ദര്യം ആവോളം ആസ്വദിച്ചു.

അവിടന്ന് നേരെ മഖ്‌ല മാഗ്രി കുന്നിൽ ഉള്ള
ശ്രീ മാനസപുർണ കർന്നി മാത ക്ഷേത്രം സന്ദർശിക്കാൻ പോയി. മനുഷ്യത്വം ആണ് ഏറ്റവും വലിയ മതം എന്ന് വിശ്വസിക്കുന്ന ഞാൻ ഇവിടെ പോകാൻ തീരുമാനിച്ചതിന് പിന്നിൽ വേറൊരു ദുരുദ്ദേശം കൂടി ഉണ്ടായിരുന്നു😅. കേബിൾ കാറിലിരുന്ന് ആകാശ കാഴ്ച്ച കാണുക എന്ന്.

ഞങ്ങൾ വളരെ നേരത്തേ എത്തിയതുകൊണ്ട് അടുത്തുള്ള ദൂദ് ടാലൈ തടാകവും, ദൂദ് തലാബ് കുളവും കാണാൻപറ്റി. ആഗ്രഹിച്ച പോലെ മനോഹരമായ ഒരു യാത്രയായിരുന്നു കേബിൾ കാറിൽ. നല്ല ചന്തമുള്ളചുമപ്പും പച്ചയും മഞ്ഞയും കേബിൾ കാർ കുണുങ്ങി കുണുങ്ങി കുന്ന് കയറുന്നത് കാണാനും യാത്ര ചെയ്യാനും രസമായിരുന്നു. താഴെ കുന്നുകളും മരങ്ങളും പച്ച പരവതാനി വിരിച്ച പ്രകൃതിയായിരുന്നു🏞️

അവിടെ എത്തിയിട്ട്‌ ചേച്ചിയോട്, എനിക്ക് കൂടി വേണ്ടി പ്രാർഥിക്കാൻ പറഞ്ഞ് അമ്പലത്തിൽ കയറ്റി വിട്ടിട്ട് ഞാൻ ഉദൈപുറിന്റെ മനോഹാരിത നുകർന്നു. തടാകവും, വെള്ള പൊട്ടു പോലെ വീടുകളും , കുന്നുകളും എല്ലാം വ്യക്തമായി കാണാം. ശെരിക്കും ഒരു പനോരമിക് വ്യൂ.

അവിടന്ന് നേരത്തേ പറഞ്ഞു വെച്ച ഓട്ടോയിൽ ഫത്തേഹ്പുർ തടാകം കാണാൻ പോയി. ആകാശം മൂടി കിടക്കുന്നതുകൊണ്ട് തടാകവും ആകെ ഇരുണ്ടിരുന്നൂ. ദൂരേ ആരവല്ലി മലകൾ കാണാമായിരുന്നു. കരയോട് ചേർന്ന് അഴുക്കും പ്ലാസ്റ്റിക്കും മറ്റും ഒഴുകി നടക്കുന്നത് കണ്ട് നിരാശ തോന്നി.
അവിടുന്ന് മഹാരാണ പ്രതാപ് മെമ്മോറിയൽ കാണാൻ പോയി. അവിടെ വെച്ചാണ് മഹാരാണ പ്രതാപ് എന്ന വീര രജപുത്ര യോദ്ധാവിനെ പറ്റി മനസ്സിലാക്കുന്നത്.

അക്ബർ ചക്രവത്തിയുടെ സുശക്തമായ മുഗൾ സൈന്യത്തെ മുട്ട്കുത്തിച്ച ഭരണാധികാരിയായിരുന്നു പ്രതാപ്. അയൽ സംസ്ഥാനങ്ങളിൽ ഉള്ള രാജാക്കന്മാർ അക്ബറിന്റെ മുന്നിൽ അടിയറവു പറഞ്ഞപ്പോൾ, ചങ്കൂറ്റം കൊണ്ട് മാത്രം 22 വർഷം പിടിച്ച് നിന്നത് പ്രതാപായിരുന്നൂ. അവിടെ നിന്ന് പ്രതാപിന്റെ വീര കഥകൾ വായിച്ചപ്പോൾ ശരിക്കും ആരാധനയും രോമഞ്ചിഫിക്കേഷനും ഒക്കെ തോന്നിപ്പോയി.

അടുത്ത് തന്നെ മോതീ മാഗ്രിയിൽ, ചേതക് കുതിരയുടെ പുറത്ത് ഇരിക്കുന്ന മഹാരാന പ്രതാപിന്റെ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഹൽദ്ധിഘട്ടി യുദ്ധത്തിൽ പരിക്കേറ്റ യജമാനനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത് ഒരു കാലിൽ മുറിവേറ്റ ചേതക് എന്ന പ്രിയ കുതിര ആയിരുന്നു. അത് കൊണ്ട് തന്നെ ഉദൈപൂര് നിവാസികൾക്ക്‌ പ്രതാപും ചേതക്കും എന്നും സാഹസികതയുടെ പര്യായങ്ങൾ ആയിരുന്നു.

പിന്നെ പോയത് ഉദൈപൂര് നിന്നും 12 km ദൂരെയുള്ള ബഡി തലാബ് എന്ന മനുഷ്യനിർമ്മിത l തടാകം കാണാനായിരുന്നു. അപ്പോഴേക്കും ആകാശത്തിൽ മഴമേഘങ്ങൾ നിറഞ്ഞു. ഞങ്ങൾ ബഡി തലാബ് എത്തിയപ്പോൾ ഭയങ്കര ജനകൂട്ടം….. ചോദിച്ചപ്പോഴാണ് അറിയുന്നത് ആ ദിവസം ഗോത്ര വർഗ്ഗക്കാരുടെ , വർഷത്തിൽ ഒരിക്കൽ ഉള്ള മഴ ഉത്സവവും ഗ്രാമ ചന്തയും നടക്കുന്ന ദിവസമാണെന്ന്.

ഞങ്ങളും കൂടി ഗ്രാമീണരുടെ കൂടെ ആഘോഷിക്കാൻ. ചാറ്റൽ മഴ പെയ്ത് തുടങ്ങിയപ്പോൾ കൂടെ വന്ന ആശ ചേച്ചിയുടെ വക നല്ല നുള്ള് കിട്ടി. കാരണം തലെ ദിവസം കുട കൊണ്ട് നടന്ന ചേച്ചിയെ ഞാൻ കളിയാക്കിയിരുന്നൂ. കുടയും വടിയും ഒക്കെ കൊണ്ട് യാത്ര ചെയ്യുന്ന പേരിൽ😬. എന്റെ പീഡനം സഹിക്കാൻ വയ്യാതെയാണ് ചേച്ചി കുട റൂമിൽ ഉപേക്ഷിച്ചത്😅.

വഴി നീളെ ചെറിയ ചെറിയ കടകൾ ആയിരുന്നു. പൊട്ടും, വളയും തൊട്ട് സൺഗ്ലാസും, തൊപ്പിയും , പാത്രങ്ങളും , പലഹാരങ്ങളും ഒക്കെ വിൽക്കുന്ന കടകൾ. തൊട്ടടുത്തായി ചെറിയ മലകൾ വ്യക്തമായി കാണാമായിരുന്നു. തിരക്കിലൂടെ കുറച്ചു നടന്നപ്പോൾ തടാകം കാണാൻ പറ്റി. കുറച്ചു നേരം അവിടെ ചിലവഴിച്ചു ഞങ്ങൾ ഉത്സവം കാണാൻ പോയി.

കൂടെ വന്ന ഓട്ടോ ചേട്ടൻ പറഞ്ഞാണ് അറിയുന്നത്‌ , മിക്ക സ്ത്രീകളും ഇൗ ഒരു ദിവസം മാത്രമാണ് വീടുകളിൽ നിന്നും പുറത്തിങ്ങുന്നത്. തലയിൽ തുണി ഇടാതെ പുറത്തിറങ്ങാൻ അവർക്ക് അനുമതി ഇല്ല😟. എന്തിന് പറയുന്നു പൊതു വേദിയിൽ നൃത്തം വെക്കാൻ പോലും സ്വാതന്ത്ര്യമില്ല.ആ മേളയിൽ സ്ത്രീ വേഷം കെട്ടിയ ആണുങ്ങളാണ് നൃത്തം അവതരിപ്പിച്ചത്😬. സ്ത്രീകളുടെ അവസ്ഥ കണ്ട് മനസ്സിൽ നൊമ്പരം തോന്നി.

അവിടെ വെച്ച് കണ്ട ചില മുഖങ്ങൾ എന്നും മനസ്സിൽ മായാതെ നിൽക്കുന്നു. നല്ല പ്രായം ചെന്ന ഒരു വൃദ്ധ ചോകോ സ്റ്റിക് നുണയുന്നതും, നല്ല വ്യൂ കിട്ടാൻ മതിലിനു മുകളിൽ ഇരിപ്പുറപ്പിച്ച ഒരു മധ്യ വയസ്കയും എല്ലാം രസകരമായ കാഴ്ച ആയിരുന്നു🙉. രണ്ടു സുന്ദരി പെൺകുട്ടികൾ തുണി കൊണ്ട് മുഖം മറച്ചെങ്കിലും, പരിപാടികൾ കണ്ട് ആർത്തു ചിരിക്കുമ്പോൾ മനോഹരമായ പല്ലുകൾ മറയുടെ പിന്നിൽ തെളിഞ്ഞു കാണാമായിരുന്നു👯.

അപ്പോഴേക്കും മഴ കനത്ത് തുടങ്ങി. ഞങ്ങൾ തിരികെ നടന്നു ഓട്ടോയിൽ കയറി ഇരുന്നതും കനത്ത മഴ പെയ്തു തുടങ്ങി. ഓട്ടോയുടെ സൈഡിൽ മറയില്ലാത്തതുകൊണ്ട് അസ്സലായി നനഞ്ഞു. നമ്മുടെ കാല വർഷമൊക്കെ രാജസ്ഥാൻ മഴക്ക് മുന്നിൽ ഒന്നുമല്ല. ഒരു തുള്ളിക്ക്‌ ഒരു കുടം എന്ന മട്ടിലാണ് മഴ തകർത്തത്. നിമിഷ നേരം കൊണ്ട് റോഡിലും നിറയെ വെള്ളമായി. അതോടെ എതിരെ വരുന്ന വാഹനങ്ങളുടെ വക വെള്ളം തെറിപ്പിക്കൽ കൂടി ആയപ്പോൾ സന്തോഷമായി. മഴ താക്കീത് തന്ന സുഹൃത്തിനെ മനസ്സാ സ്മരിച്ചു😬.

ഓട്ടോ ചേട്ടൻ മഴ ഒന്നും വകവെക്കാതെ മൺസൂൺ പാലസ്സിലേക്ക് കുതിച്ചു. മഴമേഘങ്ങൾ ആസ്വദിക്കാൻ സജ്ജൻ സിംങ് മഹാരാജാവ് നിർമ്മാണം തുടങ്ങിയ കൊട്ടര മായിരുന്നു അത്. അഞ്ച് നിലകൾ ഒള്ള വാന നിരീക്ഷണ കേന്ദ്രമായിരുന്നു ആശാന്റെ ലക്ഷ്യം…. നിർഭാഗ്യവശാൽ ഇരുപത്തി ആറാം വയസ്സിൽ ഇഹലോക വാസം വെടിഞ്ഞതോട് കൂടി അത് ഒരു പ്രേത ബംഗ്ലാവു പോലെയായി.

അതിന്റെ മുകളിൽ നിന്നാൽ ഉദൈപ്പുർ പട്ടണവും, മനോഹരമായ സൂര്യാസ്തമയവും കാണാം എന്ന് മോഹക്കോട്ട കെട്ടിയാണ് പോയത്.ഓട്ടോയിൽ ഗേറ്റ് വരെ മാത്രമേ പോകാൻ പറ്റൂ. അവിടെ നിന്നും 5 km അകത്തേക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജീപ്പിൽ സഞ്ചരിക്കണം.

അവിടെ എത്തിയപ്പോൾ കനത്ത മഴ കാരണം മുന്നിൽ ഒരടിക്ക്‌ അപ്പുറമൊന്നും കാണാൻ പറ്റാത്ത അവസ്ഥ. വെളുത്ത കൂറ്റൻ കൊട്ടാരത്തിന്റെ മുറ്റത്ത് രണ്ടടി പൊക്കത്തിൽ വെള്ളം കെട്ടി കിടക്കുന്നു. അത് നീന്തി കടന്നു അകത്തു ചെന്നപ്പോൾ കാണാൻ കാര്യമായിട്ട് ഒന്നുമില്ല. ശശി ആയിട്ട് നിന്നപ്പൊഴാണ് അവിടെ വന്ന ഒരു സ്ത്രീയുടെ കൈയിൽ ഒരു മനോഹരമായ വർണ്ണ കുട കണ്ടത്. പിന്നെ കൂടുതൽ ഒന്നും ആലോചിച്ചില്ല, ചേച്ചിയുടേ പക്കൽ നിന്നും കുട വാങ്ങിച്ചു ചറ പറ കുറേ പടം എടുത്ത് ആത്മ സംതൃപ്തി അടഞ്ഞു. തിരിച്ച് വന്ന ജീപ്പിൽ തന്നെ ഓട്ടോയുടെ അടുത്ത് പോയി. ഓട്ടോക്കാരൻ ഞങ്ങളെ ജൈസൽമേർ ബസ് കയറേണ്ട സ്ഥലത്ത് ആക്കി തന്നു.

ബസ് സ്റ്റാന്റിൽ അടിമുടി നനഞ്ഞു കുതിർന്നു നിന്നപ്പോൾ രാജസ്ഥാൻ മഴ ചില്ലറക്കാരനല്ലെന്ന് ഞാൻ മനസ്സിലാക്കി.

എതായാലും മരുഭൂമിയിലെ വരൾച്ച കാണാൻ പുറപ്പെട്ട ഞങ്ങൾക്ക് ഉദൈപ്പുറിലെ പച്ചപ്പും, തടാകങ്ങളും , മഴയും എല്ലാം ഒരു നവ്യാനുഭൂതിയായി മാറി.

Leave a Reply

Your email address will not be published. Required fields are marked *