Contact About Mitra Change Language to മലയാളം

രാജാവിനു കടലയും പ്രജകൾക്ക് കടുകും !!!!

 

വിജയനഗര സാമ്രാജ്യത്തിൽ നിലനിന്നിരുന്ന അസമത്വത്തിന്റെയ് ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് രാജാവിന് കടലയും പ്രജകൾക്ക് കടുകും എന്നത് … കാര്യം പിടികിട്ടിയില്ല അല്ലേ???? വഴിയേ മനസിലാക്കി തരാം.

 

കമ്പഭൂപ പാതയിലൂടെ വെയിലത്ത് നടന്നു ക്ഷീണിച്ച ഞങ്ങൾ ഊണ് കഴിക്കാൻ നേരെ പോയത് കമലാപൂർ പ്രദേശത്തേക്കാണ്. അവിടെ നിന്നും താലി മീൽസ് കിട്ടുന്ന കടയിൽ പോയി കര്ണാടകത്തിന്റെയ്‌ തനതു രുചിയിലുള്ള ഉച്ച ഭക്ഷണം കഴിച്ചു. ജോവർ കൊണ്ടുണ്ടാക്കിയ പപ്പടം പോലത്തെ റൊട്ടിയും, വഴുതനങ്ങ കറിയും,ഒരു പച്ച ചമ്മന്തിയും , ദോശപ്പൊടിയും എല്ലാം നാവിനു പുതു രുചികളായിരുന്നു. ശിവ പറഞ്ഞു അവിടത്തെ ബോളി പോലൊരു സാധനവും പരീക്ഷിച്ചു.കപ്പലണ്ടി പൊടിയും ശർക്കരയും ചേർത്ത് സ്റ്റഫ് ചെയ്ത ‘……’ എനിക്കു ഒത്തിരി ഇഷ്ടപ്പെട്ടു. ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ മൂന്നര മണി കഴിഞ്ഞു. ഞങ്ങൾ ഹേമകൂട ഹിൽസ് സന്ദർശിക്കാൻ ഇറങ്ങി.

 

വിരൂപാക്ഷ ക്ഷേത്രത്തിന്റെയ് അടുത്താണ് ഹേമകൂട കുന്നുകൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു രാവിലെ വണ്ടി നിർത്തിയ ഹംപി സ്റ്റാൻഡിൽ തന്നേ വീണ്ടും വണ്ടി പാർക് ചെയ്തു. വിരൂപാക്ഷ ക്ഷേത്രത്തിന്റെയ് കിഴക്കെ ഗോപുരത്തിന്റെയ് മുന്നിൽ എത്തി ഇടത്തോട്ടു പോയപ്പോൾ  ഹേമകുട കുന്നുകളുടെ ബോർഡ് കണ്ടു. അവിടന്നു പടികൾ കയറി മുകളിലോട്ടു ചെന്നപ്പോൾ ഇടതു വശത്തായി ഒരു ഗോപുരവും പ്രവേശന കവാടവും കണ്ടു. അതിൽ കൂടി മറു വശത്തു പോയപ്പോൾ ഹേമകൂട കുന്നുകളുടെ അടിവാരത്താണെത്തിയത്.

വളരെ മനോഹരമായ ദൃശ്യം ആയിരുന്നു കൺമുന്നിൽ. വിശാലമായ ഒരു പാറപുറത്തു അങ്ങിങ്ങായി ചെറിയ പ്രാചീന  ക്ഷേത്രങ്ങൾ ചിതറി കിടക്കുന്നു. ക്ഷേത്രങ്ങളിൽ പലതും ഏഴാം നൂറ്റാണ്ടിൽ പണിതതായിരുന്നു പോലും . വളരെ പണ്ട് ഇതിന് ചുറ്റുമായി കോട്ടമതിലും  ഉണ്ടായിരുന്നു. കൂടുതലും ശൈവ ആരാധനാലയങ്ങൾ ആണ് ഇവിടെ  കാണാൻ സാധിക്കുക.

 

ഹേമകൂട കുന്നുകൾക്ക് ഈ പേര് ലഭിച്ചതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഈ കുന്നിന്റെയ് മുകളിൽ ഒരിക്കൽ ശിവ ഭഗവാൻ ഉഗ്ര തപസ്സു ചെയ്തിരുന്നു. അവിടെ അടുത്ത് താമസിച്ചിരുന്ന പമ്പ എന്ന പെൺകുട്ടിക്ക് ശിവനോട് വല്ലാത്ത ആരാധന തോന്നുകയും ഭഗവാനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു. അതിനായി പമ്പയും തപസ്സിരുന്നു. പമ്പയെ സഹായിക്കാൻ കാമദേവൻ ശിവന്റെയ് നേരെ അമ്പെയ്തു. തപസ്സിനു ഭംഗം വന്ന ദേഷ്യത്തിൽ ശിവൻ തൃക്കണ്ണു തുറക്കുകയും കാമദേവൻ ഭസ്മമാകുകയും ചെയ്തു. കോപാഗ്നിയിൽ അവിടെയുള്ള പാറകൾ ഉരുകി താഴോട്ടൊഴുകി മന്മഥ കുണ്ഡ് എന്ന കുളം രൂപീകരിക്കപ്പെട്ടു. ഇതാണ് വിരൂപാക്ഷ ക്ഷേത്രത്തിനടുത്തുള്ള മന്മഥ ടാങ്ക്. ഏതായാലും പമ്പയുടെ തപസ്സിൽ സന്തുഷ്ടനായ ഭഗവാൻ പമ്പയെ വിവാഹം ചെയ്തു. അങ്ങനെ പമ്പ , പമ്പാദേവിയായി മാറി. അവരുടെ വിവാഹ സമയത്തു ആകാശത്തിൽ നിന്നും സ്വർണ്ണ മഴ പെയ്തു പോലും. അങ്ങനെയാണ് ഈ പ്രദേശം ഹേമകൂട എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

 

കഥയൊക്കെ കേട്ടു മുന്നോട്ടു നടന്നതും ത്രികൂടാചല ക്ഷേത്രത്തിൽ എത്തി.ഒരു അടിസ്ഥാന തറയിൽ  മൂന്നു ക്ഷേത്രങ്ങൾ ലംബമായി ഒരു മണ്ഡപത്തിലേക്ക് തുറക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു പേര്. മണ്ഡപത്തിനു ചുറ്റും ഇരിക്കാനുള്ള സ്ളാബ് പണിതിട്ടിട്ടുണ്ട്. ഇവിടെയുള്ള രേഖകൾ പ്രകാരം വീര കമ്പില്ല ദേവൻ  ഈ ശിവാലയം പണിയുകയും , മൂന്നു ശിവലിംഗങ്ങൾ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ്. ഈ ക്ഷേത്രത്തിന്റെയ് മേൽക്കൂര ജെയിൻ അമ്പലങ്ങളുടെ ശൈലിയിൽ ശിലാകോണം ആയിട്ടാണ്  പണിതിരിക്കുന്നത് . അത് കൊണ്ട് ജെയിൻ ക്ഷേത്രങ്ങൾ എന്നും ഇതിനെ വിളിക്കാറുണ്ട്. പക്ഷേ യഥാർത്ഥ ജൈന ആരാധനാലയങ്ങൾ അല്ല.

 

ത്രികുടാചല ക്ഷേത്രത്തിന്റെയ് വശത്തു കൂടി പുറകിൽ എത്തിയാൽ കുന്നിന്റെയ് മുകളിലോട്ടു പോകാൻ പാറപുറത്തു കൊത്തിവെച്ച പൊക്കം കുറഞ്ഞ പടികളുണ്ട്. പടികൾ കയറി മുകളിൽ എത്തിയപ്പോൾ  പുരാതനമായ ആഞ്ജനേയ ക്ഷേത്രത്തിനു മുന്നിൽ എത്തി. ഒരു ചെറിയ ഒറ്റമുറി ക്ഷേത്രത്തിൽ ആണ് ഹനുമാന്റെയ് ചിത്രം വലിയ സ്ലാബിൽ കൊത്തിവെച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ നിന്നാൽ ഹംപി പ്രദേശം മൊത്തം കാണാൻ പറ്റും. ഇവിടെ കുറേ ഇരിപ്പിടങ്ങൾ പണിതു വെച്ചിട്ടുണ്ട്. ഹേമകൂട കുന്നിന്റെയ് മുകളിൽ നിന്നുള്ള സൂര്യാസ്തമയ ദൃശ്യങ്ങൾ അതിമനോഹരമാണ്. നിർഭാഗ്യവശാൽ മഴക്കാറുകൾ കാരണം സൂര്യാസ്തമയം അന്നു കാണാൻ പറ്റില്ല എന്നുള്ളത് കൊണ്ട് ഞാൻ ചുറ്റുമുള്ള സ്ഥലങ്ങൾ കണ്ടു തിരികെ പോകാൻ തീരുമാനിച്ചു.

ആഞ്ജനേയ ക്ഷേത്രത്തിന്റെയ് തെക്കു ഭാഗത്തായി മൂല വിരൂപാക്ഷ ക്ഷേത്രമുണ്ട്. ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രം പണിയുന്നതിന് മുന്നേ തന്നെയുള്ള പ്രതിഷ്ഠയാണിവിടെ. ശിവഭഗവാൻ ഇവിടെയാണ് തപസ്സു ചെയ്തത് എന്ന് കരുതപ്പെടുന്നു. പുരാവസ്തു ഡിപ്പാർട്മെന്റ് ഏർപ്പാടാക്കിയ ഒരു മേൽനോട്ടക്കാരി അവിടെയുണ്ടായിരുന്നു. ക്ഷേത്രത്തിന്റെയ് മുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കുളത്തിൽ നിന്നും വെള്ളം എടുത്തു കൊണ്ട് പോയി അവർ അകത്തു വെച്ചു . അവരുടെ മകൾ ഉള്ളിൽ നിന്നും ഞങ്ങൾക്ക് പ്രസാദം കൊണ്ട് തന്നു. കുളം ചുറ്റി മറുകരയിൽ ചെന്നാൽ പാറയിൽ കൊത്തി വെച്ച പഞ്ചലിംഗവും ,  ത്രിലിംഗവും എല്ലാം കാണാം. ഇവിടെ പാറയിൽ നീളത്തിൽ കുറച്ചേറെ ചതുര ദ്വാരങ്ങൾ കാണാം. പാറ പൊട്ടിക്കാനാണ് പോലും ഈ ദ്വാരങ്ങൾ. ദ്വാരങ്ങളിൽ തടി കഷ്ണം അടിച്ചു കയറ്റി വെള്ളമൊഴിക്കും. തടി കുതിർന്നു വികസിക്കുമ്പോൾ പാറ പൊട്ടി വരും.

 

അവിടന്ന് വീണ്ടും മുകളിലോട്ടു നടന്നപ്പോൾ ഒരു രണ്ടു നില കെട്ടിടത്തിന്റെയ് അവശിഷ്ടത്തിനടുത്തെത്തി. പണ്ട് ഭടന്മാർ പാറാവു നിന്നിരുന്നത് എവിടേ ആയിരുന്നു പോലും. വാർത്തൊന്നും വെക്കാതെ കരിങ്കൽ സ്ലാബുകൾ കൊണ്ട് മച്ചുണ്ടാക്കി അതിനു മുകളിൽ തൂണുകൾ കൊണ്ട് വീണ്ടും ഒരു മുറി ഉണ്ടാക്കിയത് അദ്‌ഭുതത്തോടെ കൂടി മാത്രമേ നോക്കി നില്ക്കാൻ കഴിയുകയുള്ളൂ. ഇവിടെ അടുത്തും സൺസെറ്റ് വ്യൂ പോയിന്റ് എന്നെഴുതി വെച്ചിട്ടുണ്ട്.

 

ഇവിടുന്നു ഇടത്തോട്ടു നോക്കിയാൽ വിദൂരത്തിൽ  കൃഷ്‌ണക്ഷേത്രം കാണാൻ പറ്റും. ഇതിനു തൊട്ടു മുന്നെയാണ് സാസിവേക്കാലു ഗണേശ ക്ഷേത്രം. ഇടതു കൂടിയുള്ള വഴിയേ കുന്നിറങ്ങി ചെന്നപ്പോൾ   സാസിവേക്കാലു ഗണേശന്റെയ് അടുത്തെത്തി.1506 ഇൽ  നരസിംഹൻ രണ്ടാമൻ രാജാവിന്റെയ് ഓർമ്മക്കായി ചന്ദ്രഗിരിയിൽ നിന്നും വന്ന ഒരു കച്ചവടക്കാരൻ ആയിരുന്നു ഇതു പണി കഴിപ്പിച്ചത്.

വലിയ തൂണുകളുള്ള ഒരു തുറന്ന മണ്ഡപത്തിലാണ്  എട്ടടി നീളമുള്ള, ഒറ്റക്കല്ലിൽ പണിത  കൂറ്റൻ വിഗ്രഹം ഇരിക്കുന്നത് . സാസിവ എന്നാൽ കടുക് എന്നാണ് . കടുകു പോലെ ഉരുണ്ട വയറുള്ളത് കൊണ്ടാണ് ഈ പേര് . ഗണേശൻ പാർവതിയുടെ മടിയിൽ ഇരിക്കുന്നതായാണ് സങ്കല്പം. വിഗ്രഹത്തിന്റെയ് പുറകിൽ പാർവതിയുടെ പുറകു വശമാണ് കാണുന്നത്. വയറിന്റെയ് നടുക്ക് ഒരു പാമ്പിനെ ചുറ്റി കെട്ടി വെച്ചിരിക്കുന്നത് കാണാം. ഗണേശൻ ഒരു ദിവസം ധാരാളം മോദകം ഭക്ഷിച്ചു. വയറു പൊട്ടി പോകാതിരിക്കാനായിട്ടാണ് പോലും പാമ്പിനെ വെച്ച് വയറു കെട്ടി വെച്ചത് ! ചരിത്ര സ്മാരകങ്ങളുടെ കാഴ്ചകൾ ഏറെ രസകരമാക്കുന്നത് ഇത്തരം പ്രാദേശിക കഥകൾ ആണ്.

 

തൊട്ടു മുമ്പിൽ ഹംപിയിലേക്കുള്ള റോഡാണ്. ഹംപി ഭാഗത്തേക്ക്  നടക്കുമ്പോൾ  ഇടത്തു വശത്തായി കടലേക്കാലു ഗണേശ ക്ഷേത്രം കണ്ടു. അങ്ങോട്ട് എത്താൻ ഒരു വലിയ പ്രവേശന ഗോപുരം കടക്കണം. നാല് കവാടങ്ങൾ ഉണ്ട്. രണ്ടു കവാടം ഉള്ളിൽ കടക്കാനും രണ്ടു കവാടം പുറത്തേക്കു വരാനും ആണ് ഉപയോഗിച്ചിരുന്നത്. ഹംപി ബസാറിലേക്ക് പോകാൻ ധാരാളം ആളുകൾ വരുമായിരുന്നു. ഇവരെയൊക്കെ ഇവിടെ വെച്ച് നാടി പരീക്ഷിച്ചു അസുഖം ഒന്നുമില്ലെന്ന്‌ ഉറപ്പു വരുത്തിയിട്ടായിരുന്നു പോലും അകത്തേക്ക് കടത്തി വിടുക !

കവാടത്തിൽ കൂടി നേരെ നടന്നപ്പോൾ ഇരുപത്തിനാലു തൂണുള്ള വലിയൊരു മണ്ഡപം കണ്ടു. ഈ മണ്ഡപത്തിന്റെയ്  അറ്റത്തു അടച്ചു കെട്ടിയ മുറിയിലായിരുന്നു കടലേക്കാലു ഗണേശന്റെയ് ഇരിപ്പ്. പതിനഞ്ചടി  നീളമുള്ള ഒറ്റക്കല്ലിൽ തന്നേ പണിത  കൂറ്റൻ വിഗ്രഹമായിരുന്നു  അത്. ഗണേശന്റെയ് വയറു കടലയുടെ ആകൃതിയിലായിരുന്ന കൊണ്ടാണ് ഇങ്ങനൊരു പേര് വന്നത് . ഗണേശൻ ശിവന്റെയ് മടിയിലിരിക്കുന്നതായായിട്ടാണ് സങ്കൽപം. അതുകൊണ്ടു വിഗ്രഹത്തിന്റെയ് പുറകിൽ ശിവന്റെയ് പുറകുവശമാണ് കൊത്തി  വെച്ചിരിക്കുന്നത്. ഗണേശന്റെയ് തുമ്പികൈ കൈയിലിരിക്കുന്ന മോദകത്തിന്റെയ് പാത്രത്തിൽ നീളുന്ന രീതിയിലാണ്.

 

എന്താണ് ആദ്യം പറഞ്ഞതിന്റെയ് പൊരുൾ എന്നാകും നിങ്ങൾ ആലോചിക്കുന്നത്. അത് എന്താണെന്ന് വെച്ചാൽ കടലേക്കാലു ഗണേശനെ ദർശിക്കാൻ രാജകുടുംബങ്ങൾക്കു മാത്രമേ അനുവാദം ഉണ്ടായിരുന്നൊള്ളു പോലും. അത് കൊണ്ടാണ് പുറത്തു നിന്നാൽ കാണാൻ പറ്റാത്ത വിധം വിഗ്രഹം വെച്ച സ്ഥലം അടച്ചുകെട്ടിയത്. സാധാരക്കാരാണ് വേണ്ടിയാണ് സാസിവേക്കാലു ഗണേശ ക്ഷേത്രം. അപ്പോൾ ഞാൻ പറഞ്ഞത് ശെരിയായില്ലേ … രാജാവിന് കടലയും പ്രജക്ക് കടുകും !!!!

അവിടന്നിറങ്ങി കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോൾ ഹംപി ബസ് സ്റ്റാൻഡിൽ എത്തി. അപ്പോഴേക്കും സമയം ആറു മണിയായി. ശിവയോടു നന്ദി പറഞ്ഞു ഞാൻ വണ്ടിയെടുത്തു സനാപുർ ഗ്രാമത്തിലെ താമസ സ്ഥലത്തേക്ക് മടങ്ങി. ഉച്ചക്ക് വളരെ വൈകി ഭക്ഷണം കഴിച്ചത് കൊണ്ട് ഒട്ടും വിശപ്പ് തോന്നിയില്ല. കുളിച്ചു വസ്ത്രമൊക്കെ അലക്കിയിട്ടിട്ടു ഞാൻ നിദ്രയിലാണ്ടു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *