Change Language to മലയാളം

രാമായണ കഥ കാണാൻ ബാലിയിൽ !!! (Uluwatu)

നിനച്ചിരിക്കാതെ എത്തിച്ചേർന്ന ഒരു യാത്രയായിരുന്നു ബാലി യാത്ര. അത് കൊണ്ട് തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞാണ് പോകേണ്ട സ്ഥലങ്ങൾ പോലും നോക്കിയത്. അക്കൂട്ടത്തിലാണ് ഒരു സൂര്യാസ്തമയത്തിന്റെ പടം മനസ്സിൽ ഒടക്കിയത്. ഉലുവാട്ടു അമ്പലത്തിന്റെ പശ്ചാത്തലത്തിൽ അസ്തമിക്കുന്ന സൂര്യൻ. അപ്പൊൾ തന്നെ itinerary il എഴുതി ചേർത്തു.

‘നുസ ലെമ്പോഗൻ ‘ എന്ന ദ്വീപ് കണ്ട് തിരിച്ച് വരാൻ നേരത്ത് , പടാങ്ങ് പടാങ്ങ് എന്ന ബീച്ചും സന്ദർശിച്ചു .വൈകിട്ട് ഏകദേശം 5മണിക്കാണ് പുരാ ഉലുവാട്ടു വിൽ എത്തിയത്. പുരാ എന്ന് വെച്ചാൽ അമ്പലം. ‘ഉലു ‘ തലയും, വാട്ടു പാറയും. അങ്ങനെ പാറയുടെ ഏറ്റവും മുകളിൽ ഉണ്ടാക്കിയ അമ്പലം ആയതു കൊണ്ടാണ് പുരാ ഉലുവാട്ടു എന്ന പേര് വന്നത്.

ഞാനും സുഹൃത്തുക്കളായ സീതയും ഉണ്ണിയും കൂടി ടിക്കറ്റ് എടുത്ത് ഉള്ളിൽ കയറി.
അവരുടെ പരമ്പരാഗത വേഷമായ സാരോങ്ങ് ധരിച്ചെങ്കിൽ മാത്രമേ ഉള്ളിൽ കടത്തി വിടൂ.

ബാലിയിലെ പ്രധാന ക്ഷേത്രങ്ങൾക്ക് ചുറ്റും ഏക്കർ കണക്കിന് സ്ഥലമാണ്. നിറയെ വൃക്ഷങ്ങൾ പിടിപ്പിച്ചത് കൊണ്ട് നല്ല തണുപ്പായിരുന്നു.അവിടെ സ്വഛന്തം വിഹരിച്ച വാനര സേനാംഗം ഒരു മദാമ്മയുടെ തൊപ്പിയും തട്ടിപ്പറിച്ച് ഓടുന്നത് കണ്ടൊണ്ടാണ് ഉള്ളിൽ ഞങ്ങൾ പ്രവേശിച്ചത്.

ദൂരേ ഒരു കുന്ന് കണ്ടൂ. അങ്ങിങ്ങായി ധാരാളം ആളുകൾ സൂര്യാസ്തമയം കാണാൻ അവിടെ ഉണ്ടായിരുന്നു.
ഞങ്ങൾ നേരെ ആ കുന്നിന്റെ ചുവട്ടിൽ എത്തി. കുന്നിന്റെ പുറകിൽ ഇന്ത്യൻ മഹാ സമുദ്രം അലയടിച്ചു കൊണ്ടിരുന്നു.

ദൂരേ ചക്രവാളസീമയെ ലക്ഷ്യം വെച്ച് സൂര്യൻ താഴോട്ട് നീങ്ങി കൊണ്ടിരിക്കുന്നു.

 

എന്റെ മനസ്സിൽ പക്ഷേ ആകെ അങ്കലാപ്പായിരുന്നു .കാരണം ഞാൻ ഗൂഗിളിൽ കണ്ട ഉലുവാട്ടു സൂര്യാസ്തമയം പടം എടുക്കേണ്ട ലോക്കേഷൻ മനസ്സിലാകുന്നില്ല. ഞാൻ ധൃതി പിടിച്ച് കുന്നിന്റെ മുകളിലേക്ക് കയറി. സൂര്യൻ എന്നേകാട്ടിലും ധൃതി പിടിച്ച് താഴോട്ട് വരുന്നു. പടം മിസ്സ് ആയി എന്ന് നിരാശപ്പെട്ട്‌ നിൽക്കുമ്പോൾ ഒരു ചെറിയ ഇടുങ്ങിയ വഴി കണ്ടു. ആ വഴിയേ പോയതും ഞാൻ മനസ്സിൽ കാണാൻ കൊതിച്ച ദൃശ്യം…


സന്തോഷം കൊണ്ട് തുള്ളി ചാടി. 2-3 പടം എടുതപ്പൊഴേക്കും സൂര്യൻ ലക്ഷ്യത്തിൽ എത്താറായി. സൈഡിൽ ഒരു മനോഹരമായ മലഞ്ചെരുവ് സമുദ്രത്തിലെക്ക്‌ തള്ളി നില്കുന്നു. അതിൽ സമുദ്രത്തിന്റെ തിരമാല ആഞ്ഞടിക്കുന്നത് കാണാൻ ഒരു വല്ലാത്ത പേടിയും ഭംഗിയും ഒരുമിച്ച് തോന്നി. പ്രകൃതിയുടെ മുന്നിൽ മനുഷ്യൻ ഒന്നുമല്ല എന്നൊരു തോന്നലും ഉണ്ടായി.

ഇതൊക്കെ കണ്ട് ആസ്വദിച്ച് നിൽക്കുമ്പോഴാണ് സീത ,5.50 ആയി എന്ന് ഓർമ്മിപ്പിച്ചത്.സൂര്യാസ്തമയ സമയത്ത് അരങ്ങേറുന്ന കെച്ചക് ഡാൻസ് കാണാൻ ഞങ്ങൾ ടിക്കറ്റ് ഒപ്പിച്ചിരുന്നു.അമ്പലം നിൽക്കുന്ന കുന്നിൽ നിന്നും ഏകദേശം അര കിലോമീറ്റർ ദൂരെയാണ് കെച്ചക് ഡാൻസ് നടക്കുന്ന amphitheatre. ധൃതി പിടിച്ച് അങ്ങോട്ട് നടക്കുമ്പോഴും,
കണ്ണും മനസ്സും .. വലതു വശത്ത് കാണാമായിരുന്ന അസ്തമയ സൂര്യനിൽ ഒടക്കി നിന്നു.

കെച്ചക് നൃത്തം അരങ്ങേറുന്ന സ്ഥലത്ത് എത്താറായപ്പോൾ തന്നെ ചക് ചക് എന്ന് ഈണത്തിൽ ഒരു കൂട്ടം ആളുകളുടെ ശബ്ദം കേൾക്കാമായിരുന്നു. നൃത്ത വേദിക്ക് അരികിലെത്തിയപ്പോൾ സൂചി കുത്താൻ ഇടമില്ലാത്ത അത്ര തിരക്ക്.


അവിടെ നിന്നിരുന്ന ഒരു വോളന്റിയർ ഇരിക്കുന്ന ആളുകളുടെ ഇടക്ക് ഇത്തിരി സ്ഥലം ഒണ്ടാക്കി ഞങ്ങളെയും ഇരുത്തി.

വേദിയുടെ നടുവിൽ മൂന്ന് വട്ടത്തിലായിട്ട്‌ നാൽപ്പതോളം ആളുകൾ ചക് ചക് എന്നുരുവിടുന്നു . അതിന്റെ ഒത്ത നടുക്ക് മനോഹരമായി ഒരുങ്ങിയ ഒരു സ്ത്രീയും പുരുഷനും എന്തൊക്കെയോ അരങ്ങേറുന്നു..

അപ്പോഴാണ് ടിക്കറ്റിന്റെ കൂടെ കിട്ടിയ നോട്ടീസ് ഓർമ വന്നത്. അത് വയിച്ചപ്പോഴല്ലെ സംഭവം പിടികിട്ടിയത്. നമ്മുടെ സീതയും രാമനും സ്നേഹം പങ്കിടുന്ന രംഗമാണ് കാണുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ സാക്ഷാൽ രാവണൻ പ്രത്യക്ഷപ്പെടുന്നതും സീതയെ കണ്ട് ഭ്രമിക്കുന്നതുമൊക്കെ മനോഹരമായിട്ടാണ് അവതരിപ്പിക്കുന്നത്. ഓരോ സീൻ മാറുന്നത് അനുസരിച്ച് ചക് ചക് ശബ്ദത്തിന് മാറ്റം വരും. ശബ്ദത്തിന്റെ വ്യത്യാസം കൊണ്ടാണ് അടുത്ത് എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നു എന്ന് നമുക്ക് മനസ്സിലാകുന്നത്.

സീതയുടെ അംഗലാവണ്യത്തിൽ മതി മറന്നിരുന്നു ഞാൻ പെട്ടെന്നാണ് സൂര്യനെ കുറിച്ച് ഓർത്തത്.


ഞാൻ ഇരുന്നിടത്ത് നിന്ന് വലതു വശത്തായിട്ടാണ് സമുദ്രവും ചക്രവാളവും എല്ലാം. സൂര്യൻ എതായാലും സ്ഥലം കാലിയാക്കി. പക്ഷേ പോയവഴിക്ക്‌ അശാൻ ആകാശം നിറയെ പിങ്ക് നിറം പടർത്തിയിട്ടാണ് പോയത്. ശെരിക്കും മനോഹരമായ സായാഹ്നം.

അപ്പോഴേക്കും വേദിയിൽ കഥ മാറി. രാവണൻ ഒരു വൃദ്ധന്റെ വേഷത്തിൽ എത്തി ഭിക്ഷ യാചിക്കുന്ന തായിരുന്നൂ രംഗം. സീത വട്ടത്തിൽ നിന്നും പുറത്തു കടന്നതും രവാണൻ സീതയെ വലിച്ചൊണ്ട് പോയി.

ഇത് കഴിയുമ്പോൾ ആണ് ഹനുമാന്റെ വരവ്. ശെരിക്കും ഒരു വാനരനെ പോലെ ഓടിച്ചാടി ആണ് രംഗ പ്രവേശം. പിന്നീട് ആകെ ഓടി നടന്ന്, കാണികളുടെ ഇടയിൽ ഇരിക്കുകയും അവരുടെ കൂടെ സെൽഫീ എടുക്കയും എല്ലാം ചെയ്തത് കാണികളെ രസിപ്പിച്ചു. ഹനുമാനെ അധികം വിലസാൻ അനുവദിക്കാതെ രാവണന്റെ ഭടന്മാർ കെട്ടിയിടുന്നൂ.

എന്നിട്ടു് ചുറ്റും ഉണങ്ങിയ പുല്ല് നിരത്തിയിട്ട് കത്തിക്കുന്നു. ഹനുമാൻ കെട്ട് ഊരി രക്ഷപെടുന്നതോടെ തിരശ്ശീല വീഴുന്നു. കെച്ചക് ഡാൻസ് നു ഫയർ ഡാൻസ് എന്നും പേരുണ്ട്. ഇത് എല്ലാ ദിവസവും ഇവിടെ അരങ്ങേറാറുണ്ട്

ഉലുവാട്ടുവിലെ സൂര്യാസ്തമയം കണ്ടിരിക്കേണ്ട ഒന്നാണ്. പ്രകൃതിയുടെ മുന്നിൽ മനുഷ്യൻ എത്ര ചെറുതാണ് എന്നുള്ള ഒരു ബോധം നമുക്ക് അവിടെ നിൽക്കുമ്പോൾ ഉണ്ടാകും. കെച്ചക് ഡാൻസും, നമ്മുടെ സ്വന്തം രാമായണത്തിന്റെ ബാലി രൂപവും എല്ലാം ഒരു നവ്യാനുഭവം പ്രധാനം ചെയ്യുക തന്നെ ചെയ്യും.

 

 

Likes:
0 0
Views:
33
Article Categories:
BaliCultureTravelogues

Leave a Reply

Your email address will not be published. Required fields are marked *