Change Language to മലയാളം

ലെമ്പോങ്ങാൻ ദ്വീപും പിശാചിന്റെ കണ്ണുനീരും !!!

ലെമ്പോങ്ങാൻ ദ്വീപും പിശാചിന്റെ കണ്ണുനീരും !!!
…………………………….

ബാലിയെ കുറിച്ച് വായിക്കുമ്പോഴാണ് ലെമ്പോങ്ങാൻ ദ്വീപിനെ പറ്റിയും അവിടത്തെ പ്രത്യേക പ്രതിഭാസമായ പിശാചിന്റെ കണ്ണുനീരിനെ പറ്റിയും അറിയുന്നത്. പിശാചും യക്ഷിയുമോക്കെ പണ്ടേ ബഡ്ഡീസ് ആയതുകൊണ്ട് ദ്വീപിൽ പോകാൻ തീരുമാനിച്ചു.

Nusa Lembongan എന്നത് ബാലിയുടെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന, എട്ട് കിലോമീറ്റർ മാത്രം വിസ്തീർണമുള്ള ചെറിയ ദ്വീപാണ്. പൊതു ഗതാഗത സംവിധാനം ഒന്നുമില്ല. അതുകൊണ്ട് Benoa പോർട്ടിൽ നിന്നും പ്രൈവറ്റ് ബോട്ടിൽ പോകണം.
ശീതീകരിച്ച, മൂന്ന് നിലയുള്ള പ്രത്യേകതരം ബോട്ടാണ്. യാത്ര അടക്കമുള്ള ഒരു ദിവസത്തെ പാക്കേജിന് നാലായിരം രൂപയാണ് ചാർജ്.

ഞാനും വേറേ നാല് സുഹൃത്തുക്കളും കൂടിയാണ് യാത്ര പുറപ്പെട്ടത്. സുഹൃത്തായ നിന്നുവിന്റെ ഓഫീസിൽ നിന്നും ഒരു കൂട്ടം ആളുകളും ഉണ്ടായിരുന്നതിനാൽ വില പേശി രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് കൊടുക്കേണ്ടി വന്നത്.

രാവിലെ 9 മണിക്ക് Benoa ഹാർബറിൽ എത്തിയപ്പോൾ മഞ്ഞ നിറത്തിലുള്ള ക്രൂയിസ് ബോട്ട് ഞങ്ങളെയും കാത്തുനിൽപ്പുണ്ടായിരുന്നു . കയറാനായി നൂറോളം ആളുകളും. ബസ്സിൽ നുഴഞ്ഞു കയറി സീറ്റ്‌ പിടിച്ച് നല്ല പരിചയമുള്ളതുകൊണ്ട് നിമിഷ നേരം കൊണ്ട് ക്യൂവിൽ മുൻ നിരയിലെത്തി ചേർന്നു.

കയറി ചെല്ലുന്നത് താഴത്തെ നിലയിലെ വിശാലമായ ഒരു ശീതികരിച്ച ഹാളിലായിരുന്നു. ഒരു ഹോട്ടലിന്റെ ഉൾവശം പോലെയാണ് അലങ്കരിച്ചിരുന്നത്. ഒരു മേശക്ക് ചുറ്റും ആറ് പേർക്കിരിക്കാവുന്ന സോഫയും സെറ്റ് ചെയ്തിട്ടുണ്ട്.

ഹാളിന്റെ വിൻറോ സൈഡിലുള്ള ഇരിപ്പിടങ്ങൾ ഞങ്ങൾ കെക്കലാക്കി. അവിടിരുന്നാൽ ചില്ലിട്ട വിശാലമായ ജനാലയിലൂടെ പുറത്തുള്ള ദൃശ്യങ്ങൾ കാണാമായിരുന്നു. അവിടെയുള്ള പന്‍ററിയിൽ നിന്നും വിവിധ തരം ബ്രെഡും ജ്യൂസും സൗജന്യമായി ഭക്ഷിക്കാം.
പാക്കേജിൽ പെട്ടതാണീ സൗജന്യം.

മൃഷ്ടാന്നം ഭോജിച്ച് കൊണ്ടിരുന്നപ്പോൾ എവിടുന്നോ ഹിന്ദി സംഗീതം ഒഴുകി വരുന്നു.. പ്ലൈറ്റും പൊക്കി ശബ്ദത്തിന് ചെവിയോർത്ത് നീങ്ങി. ഒന്നാമത്തെ നിലയിൽ നിന്നാണ് കേൾക്കുന്നത്.

വീതി കുറഞ്ഞ കോണിപ്പടികൾ കയറി അവിടെ എത്തിയപ്പോൾ , അവിടെയും ചെറിയൊരു ശീതികരിച്ച ഹാളുണ്ട്.ഹാളിന് പുറത്ത് തുറസ്സായ സ്ഥലത്താണ് ബാലി ഗായകർ പാടി തിമിർക്കുന്നത് .

കണ്ണെത്താ ദൂരത്തോളം മരതക പച്ച നിറത്തിലുള്ള കടലായിരുന്നു. അതിലെ കുഞ്ഞോളങ്ങൾ പാട്ടിനൊപ്പം തത്തികളിക്കുന്നതായി ഭാവനയിൽ കണ്ടും, ഓർക്കസ്ട്ര ടീമിന്റെ അനായാസമായ വാദ്യോപകരണ വായനയുമൊക്കെ കണ്ടാസ്വദിച്ചും നിൽക്കുന്നതിനിടയിൽ പ്ലേറ്റിലെ ഭക്ഷണവും കാലിയാക്കി.

ഏകദേശം ഒരു മണിക്കൂർ ആയപ്പോൾ ദൂരെ ലുംബഗൺ ദ്വീപ് കണ്ട് തുടങ്ങി.
യാത്ര അവസാനിക്കാൻ പോകുന്നെന്ന് മനസിലാക്കിയ ഞാൻ, മുകളിലത്തെ നില കൂടി കാണാൻ പോയി. മുകൾനില തുറസ്സായ deck ആയിരുന്നു. അവിടെ യാത്രക്കാർക്ക് ഡാൻസ് ചെയ്യാൻ പറ്റുന്ന രീതിയിൽ ഫ്ളോർ ലൈറ്റ്, റോക്ക് മ്യുസിക് എല്ലാം സജ്ജമായിരുന്നു. നിന്നുവിന്റെ സുഹൃത്തുക്കൾ അവിടെ ഡാൻസ് ചെയ്ത് ആഘോഷിക്കകയാണ്.

10.30 ആയപ്പോൾ ഞങ്ങളെ വേറൊരു വലിയ ബോട്ടിലേക്ക്‌ മാറ്റി.
ഇൗ ബോട്ടിൽ രസകരമായ കുറച്ചു ആക്ടിവിറ്റികളെല്ലാം ഉണ്ടായിരുന്നു. എനിക്ക് പക്ഷേ പിശാചിന്റെ കണ്ണീരു കാണാനായിരുന്നു തിടുക്കം. അങ്ങനെ ദ്വീപിലേക്ക് ആളുകളെ കൊണ്ട് പോകാൻ വന്ന ചെറിയ ബോട്ടിൽ ഞാനും സ്ഥാനം ഉറപ്പിച്ചു.

കരയിൽ നിന്നും രണ്ടു മീറ്റർ അകലെ ബോട്ട് നിന്നു ഞങ്ങളെ ഇറക്കി. അധികം ആഴമില്ലായിരുന്നു അവിടെ. കാലു വെള്ളത്തിൽ മുക്കിയതും കോരി തരിച്ചു പോയി. അത്ര തണുപ്പായിരുന്നു. നല്ല തെളിഞ്ഞ വെള്ളമായതുകൊണ്ട് കാൽ പാദമൊക്കെ നല്ല വൃത്തിയായി കാണാമായിരുന്നു. അടിഞ്ഞു കിടക്കുന്ന കക്ക കാരണം നടക്കാൻ ശ്രമിച്ചപ്പോൾ കാലു പൂണ്ടു പോയി.അൽപം പാടുപെട്ട് കരയിലെത്തി.

അവിടെ നിന്നും അഭയാർത്ഥികളെ കൊണ്ടു പോകുന്നതു പോലെ, ട്രക്കിൽ കയറ്റി ഞങ്ങളെ രണ്ടു കിലോമീറ്റർ ദൂരെയുള്ള ഒരു മലയിടുക്ക് കാണാൻ കൊണ്ട് പോയി.

അങ്ങോട്ടെത്തുമ്പോൾ ആകാംക്ഷയായിരുന്നു,
മനസിലുള്ള ലക്ഷ്യസ്ഥാനമായ പിശാചിന്റെ കണ്ണുനീർ കാണാനുള്ള ആകാംക്ഷ.

വ്യക്തമായി കാണാനും, ഫോട്ടോ എടുക്കാനുമായി മറ്റുള്ളവർക്കു മുന്നിലെത്തി…

കണ്ണീരു കാണാൻ ചുറ്റും കണ്ണോടിച്ചു…
പിന്നെയാണ് ആ സത്യം തിരിച്ചറിഞ്ഞത്…

മലയിടുക്കിന്റെ ഒരു ഭാഗത്ത് വെള്ളം വലിച്ചെടുക്കുകയും പെട്ടെന്ന് തിരിച്ചു പുറത്ത് വിടുകയും ചെയ്യും. വെള്ളം പുറത്തുവിടുന്ന സമയത്ത് അന്തരീക്ഷത്തിൽ ജല കണങ്ങൾ നിറയും. ഇതിനെയാണ് പിശാചിന്റെ കണ്ണു നീരായി പറയുന്നത്.
ഞാൻ മററുള്ള കാഴ്ചക്കാരുടേയും മുഖം ശ്രദ്ധിച്ചു.. എന്തിനിവിടെ വന്നു എന്ന ഒരു മുഖഭാവമായിരുന്നു എല്ലാവർക്കും..

‘പിശാചിന്റെ കണ്ണുനീർ പ്രതിഭാസം ‘ ( Devil’s tear) തിരിച്ചറിഞ്ഞപ്പോൾ
പിശാചിന്റെ കണ്ണ് നീരിന് പകരം എന്റെ കണ്ണുനീരാണ് പുറത്ത് വന്നതെങ്കിലും
മലയിടുക്കും വെള്ളക്കെട്ടുമെല്ലാം കൂടി
വേറിട്ടൊരു ദൃശ്യഭംഗി ഒപ്പിയെടുക്കാൻ കഴിഞ്ഞു.

തിരിച്ച്, ട്രക്കിൽ ഞങ്ങളെ തീരത്ത് എത്തിച്ചു,

സമയം പന്ത്രണ്ടരയേ ആയിട്ടുള്ളു എങ്കിലും വിശപ്പ് ഭക്ഷണം ചോദിക്കുന്നുണ്ട്.

ഞങ്ങളോട് ആക്റ്റിവിറ്റി ബോട്ടിലേക്ക് കയറാനുള്ള നിർദ്ദേശം ലഭിച്ചു..

ബോട്ടിൽ കയറിയപ്പോഴുള്ള രംഗം മനം കുളിർപ്പിക്കുന്നതായിരുന്നു.

വൈദ്യൻ കൽപിച്ചതും പാല്, രോഗി ഇച്ഛിച്ചതും പാല് എന്നു പറഞ്ഞതുപോലെ

ഹാളിൽ
ഉച്ചഭക്ഷണം തയ്യാറാക്കി നിരത്തി വെച്ചിരിക്കുന്നു. കണ്ടപ്പോൾ തന്നെ വായിൽ വെള്ളമൂറി.

പ്രത്യേക രീതിയിൽ മാവിൽ മുക്കി പൊരിച്ച് മീനും, വലിയ കൊഞ്ചും, കണവയും പോരാഞ്ഞ് സൂപ്പും, ഫ്രൈഡ് റൈസും, ബ്രെഡും, ചിക്കനും, സാലഡും, veg കറികളും എല്ലാം നിരത്തി വെച്ചിരുന്നു. വൃതം നോറ്റു കൂടെ വന്ന സുഹൃത്തുക്കളുടെ പോലും കൺട്രോൾ പോയി. അടുത്ത ഒരു മണിക്കൂർ ഞങ്ങളാരും പ്ലേറ്റിൽ നിന്നും തല പൊക്കിയില്ല. ഞങ്ങളുടെ വരവോടെ അവർ ബുഫെ പരിപാടി തന്നെ നിർത്തി എന്ന് ചില ദുഷ്ട സുഹൃത്തുക്കൾ പിന്നീട് പ്രചരിപ്പിച്ചിരുന്നു.

ഏതായാലും
പാക്കേജിലെ ‘സൗജന്യഭക്ഷണം’ ആർത്തിയോടെ അകത്താക്കി എന്നുള്ളതിൽ ഞങ്ങൾ കൃതാർത്തരായിരുന്നു .

അടുത്തത് ആക്ടിവിറ്റി ടൈം. വീഗാലാന്റിലെ പോലെ സ്ലൈഡിൽ നിരങ്ങി ഇറങ്ങാം. പക്ഷേ 44 മീറ്റർ സ്ലൈഡിൽ നിരങ്ങി ഇറങ്ങി വീഴുന്നത് കടലിലാണെന്ന് മാത്രമേ വ്യത്യാസമുള്ളു. ആദ്യത്തെ വീഴ്ചയിൽ തന്നെ പകുതി ജീവൻ പോയി. ഇൗ ഐറ്റം നമുക്ക് പറ്റിയതല്ലെന്ന് മനസ്സിലാക്കി. നോക്കുമ്പോ കൂടെ വന്ന ഉണ്ണി അഞ്ച് മീറ്റർ പൊക്കത്തിൽ പണിയിച്ച് വെച്ച ഒരു പ്ലാറ്റ്ഫോമിൽ നില്കുന്നു. അവിടെ നിന്നും കടലിലേക്ക് ഡൈവ്‌ ചെയ്യാം. അത് കണ്ട് നിന്നപ്പോൾ തന്നേയ് ബാക്കി ജീവനും പോയി.

അടുത്തത് ഗ്ലാസ്സ് ബോട്ട് റൈഡായിരുന്നു. ബോട്ടിന്റെ അടിവശത്ത് ഗ്ലാസ്സ് പിടിപ്പിച്ചിട്ടുണ്ട്. പതിനഞ്ചു മിനിട്ടോളം ബോട്ടിൽ സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ജൈവ വൈവിധ്യങ്ങൾ കണ്ട് ആസ്വദിച്ച് സ്നോർകെളിങ് ചെയ്യുന്ന സ്ഥലത്ത് വിട്ടു.

മുഖത്ത് ഒരു മാസ്ക് വെച്ച് കയറിൽ പിടിച്ച് കടലിലേക്ക് ഇറങ്ങണം. വെള്ളത്തിനടിയിൽ തല താഴ്ത്തി മീനിനെ കണ്ട് രസിക്കണം. മാസ്കിന്റെ കൂടെയുള്ള tube വഴി നമുക്ക് ശ്വാസം വലിക്കാം.

ഇവിടെ പക്ഷേ ഉടായിപ്പ് സെറ്റപ്പ് ആയിരുന്നു. മാസ്ക്കും ധരിച്ച് വെള്ളത്തിൽ തല മുക്കിയത്തും ഉപ്പ് വെള്ളം ഇരച്ചു മുക്കിലും വായിലും ഒക്കെ കയറി. ഒന്ന് രണ്ടു തവണ കൂടി ശ്രമിച്ചെങ്കിലും , ഉപ്പ് വെള്ളം കുടിക്കുന്നതല്ലാതെ മീനിനെ ഒന്നും കണ്ടില്ല. പക്ഷേ മുഖപുസ്തകത്തിലൂടെ നാട്ടുകാരെ വെറുപ്പിക്കാൻ ഉതകുന്ന രീതിയിൽ കുറച്ചു പടം പിടിച്ച് തൃപ്തി അടഞ്ഞു.

പിന്നത്തെ ഐറ്റമായിരുന്നു അതിഭീകരൻ. ബനാന ബോട്ട് റൈഡ്. പഴത്തിന്റെ ആകൃതിയിലുള്ള, കാറ്റ് ഊതി വീർപ്പിച്ച ബോട്ടിൽ കാലു ഇരുവശത്തും ഇട്ട് ഹാൻഡിൽ മുറുക്കി പിടിച്ചിരിക്കണം. ഒരു സ്പീഡ് ബോട്ട് ഇതിനെയും വലിച്ച് പോകും.

കയറി ഇരുന്നു ഫോട്ടോ എടുത്തത് ഓർമ്മയുണ്ട്. സ്പീഡ് ബോട്ട് വിട്ടതും നിലവിളിച്ചു തുടങ്ങിയ ഞാൻ തിരിച്ചെത്തുന്നതു വരെ നിർത്തിയില്ല. കൈയിലെ പിടി മാത്രമേ ഉള്ളൂ. അത് എങ്ങാനും വിട്ടാൽ കടലിൽ വീഴും. സ്പീഡ് ബോട്ട് ആണേൽ ക്ഷ, മ്മ, മുതലായ കൂട്ടക്ഷരം മാത്രമേ എഴുതാൻ പഠിച്ചിരുന്നൊള്ളു. ഓരോ വളവ് തിരിയുമ്പോഴും ഇപ്പൊ കടലിൽ പോകും എന്ന് തോന്നി പോകും. തല കറങ്ങിയാണ് തിരികെ എത്തിയത്.

അപ്പോഴേക്കും സമയം 2.30 ആയി. ഞങ്ങൾ നനഞ്ഞ ഡ്രസ്സൊക്കെ മാറി. ആക്ടിവിറ്റി ബോട്ടിൽ നിന്നും പഴയ ക്രൂയിസ് ബോട്ടിലേക്ക്‌ കയറി. അവിടെ ഒന്നാം നിലയിലെ ഡെക്കിൽ പോയി ഇരിപ്പായി. ബോട്ട് വിട്ടപ്പോൾ കടൽകാറ്റും, ക്ഷീണവും കാരണം നന്നായി ഉറങ്ങി. 3.30 ന് തിരിച്ച് Benoa പോർട്ടിൽ എത്തിയപ്പോഴാണ് ഉണർന്നത്.

രസകരമായ ഒരു അനുഭവമായിരുന്നു ലെമ്പോങ്ങാൻ ദ്വീപ് സന്ദർശനം. സുഹൃത്തുക്കളോടൊപ്പം ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ ഇങ്ങനത്തെ ഒരു trip ശെരിക്കും ആസ്വാദ്യകരമായി തോന്നും. പിശാചിന്റെ കണ്ണ് നീർ നിരാശപ്പെടുത്തിഎങ്കിലും യാത്രയുടെ ആകെ തുക നോക്കിയാൽ ഒരു അടിപൊളി അനുഭവമായിരുന്നു.

കുറിപ്പ്

  1. Nusa Lembongan കാണാൻ Benoa ഹർബോഴ്‌റ് നിന്നും Bounty cruise കിട്ടും.
  2. ഒരാൾക്ക് 2500 രൂപ മുതൽ 4000 രൂപ വരെ ഈടാക്കും.
  3. രാവിലെ ഒമ്പത് മണിക്ക് പോയി, മൂന്ന് മണിക്ക് തിരിച്ചെത്തും.
  4. ദ്വീപ് സന്ദർശനവും, വാട്ടർ activities ഇതിൽ പെടും. കൂടാതെ പ്രാതലും, ഉച്ച ഭക്ഷണവും .
  5. ദ്വീപിൽ താമസ സൗകര്യവും ഉണ്ട്. മഷ്റൂം bay, jungur batu beach, sandy bay, mangrove forest എന്നിങ്ങനെ പലതും കാണാൻ ഉണ്ട്

 

All Comments

Leave a Reply

Your email address will not be published. Required fields are marked *