Contact About Mitra Change Language to മലയാളം

‘ വരമല്ലാത്ത മരവും ‘ ‘ പാതാള കിണറും’ !!!!

 

വരമല്ലാത്ത മരമോ ??? അതേ…. സത്യമാണ്…. ചില മരങ്ങൾ ശാപമാണ്….

രാജസ്ഥാൻ യാത്രയിലെ ഏറ്റവും വലിയ തിരിച്ചറിവ് തന്നെയായിരുന്നു ഇത് …
തിരിച്ചറിവുണ്ടായതോ, മരുഭൂമിയിലെ നീലനഗരമായ ജോധ്പൂരിൽവെച്ചും !

ആദ്യ ദിനത്തിലെ
‘നീല നഗര’ കാഴ്ചകൾക്കുശേഷം , രണ്ടാം ദിനം ഇവിടത്തെ ചരിത്ര പ്രധാനമായ ചില സ്മാരകങ്ങൾ കാണാനാണ് ഞങ്ങൾ ഇറങ്ങിയത്..

പാതാളക്കിണറ്റിൽ നിന്നായിരുന്നു തുടക്കം. ജോധ്പുരിന്റെ മുഖമുദ്രയായ Toor ji ka jalra എന്ന് വിളിക്കുന്ന പാതാളക്കിണർ .
രാവിലെ ആറരക്ക് അവിടെ എത്തിയപ്പോൾ അവിടം വിജനമായിരുന്നു.

1740ൽ പണി കഴിപ്പിച്ച 200 അടി താഴ്ച്ചയുള്ള ഒരു കിണർ. ദീർഘ ചതുരാകൃതിയിൽ പണിത ഈ കിണറിന്റെ നാല് വശത്തായി, ആയിരം പടികൾ…

വെള്ളത്തിന്റെ കാലികമായ ഏറ്റക്കുറച്ചിലിനുള്ള പരിഹാരമാണ് ഇത്തരം ആഴത്തിലുള്ള കിണറുകൾ . പാതാള കിണറുകളിൽ വെള്ളം ഒരിക്കലും വറ്റില്ല പോലും…

വെള്ളമെടുക്കാനുള്ള മോട്ടോറുകളും മറ്റും കാണാത്തതിനാൽ , ഇത്രയും പടികൾ ഇറങ്ങിയാണൊ വെള്ളമെടുക്കുന്നത് എന്ന്
ചിന്തിച്ചപ്പോഴാണ് അവിടെ വെച്ചിരുന്ന ബോർഡ് കണ്ടത്. അതിൽ എഴുതിയത് പ്രകാരം, കാളകളെ വെച്ച് നിയന്ത്രിച്ചിരുന്ന ഒരു വലിയ പേർഷ്യൻ വീൽ കറക്കി വെള്ളം മുകളിലത്തെ തട്ടിലുള്ള ടാങ്കിലേക്ക് എത്തിക്കുകയും അതിൽ നിന്നും ആവശ്യാനുസരണം വെള്ളം എടുക്കുകയുമാണ് ചെയ്യുന്നത്.

വൈകുന്നേരങ്ങളിൽ ഇവിടം പലപ്പോഴും സാമൂഹിക ഒത്തുചേരലുകൾക്കു സാക്ഷ്യം വഹിച്ചിരുന്നു. കാരണം ഈ കിണറിന്റെ ചുറ്റുഭാഗം ഏകദേശം പത്തു ഡിഗ്രീ വരെ ചൂട് കുറവായിരിയ്ക്കും.

എനിക്ക് കിണറിന്റെ താഴെ വരെ പോയി തണുപ്പ് പരീക്ഷിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, താഴത്തെ പടിയിൽ നിൽക്കുന്ന ശുനകനെ കണ്ടപ്പോൾ ഒരു ഭയം..അവന്റെ പ്രാതലിനുള്ള വകുപ്പ് ഞാനാകുമോ എന്ന്.. പരീക്ഷണത്തിനു നിൽക്കാതെ ഉദ്യമത്തിൽ നിന്നും ഞാൻ പിൻതിരിഞ്ഞു …

അടുത്ത ലക്ഷ്യം ക്ലോക്ക് ടവറായിരുന്നു. ജോധ്പുരിലെ പ്രധാന ചന്തകളിൽ ഒന്നായ സർദാർ മാർക്കറ്റിനു നടുവിലാണ് മൂന്നു നിലയുള്ള ഈ ടവർ . മൂന്നാമത്തെ നിലയിൽ ഒരു വലിയ ഘടികാരം കാണാം.


ഘടികാര സമയവും എന്റെ വാച്ചിലെ സമയവും ഒത്തുനോക്കി ,കൃത്യ സമയം .
ഈ ക്ലോക്കിന് പിന്നിലെ രസകരമായ കഥ പറഞ്ഞു തന്നത് അടുത്ത ചായക്കടയിലെ കമലേശ്വർ ഭായിയാണ്.

വർഷങ്ങൾക്കു മുമ്പ് ബ്രിട്ടീഷുകാർ നമ്മുടെ മണ്ണിൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയ കാലത്ത് ജോധ്പുരിൽ ‘പോളോ ‘ കളി നിലനിന്നിരുന്നു. ആ കാലത്തു നാട്ടിലെ ഒരു പറ്റം ചെറുപ്പക്കാർ ബ്രിട്ടീഷുകാരെ കളിയിൽ തോൽപ്പിച്ചു. അന്ന് അവർക്കു സമ്മാനമായി ലഭിച്ചതാണ് ഈ ക്ലോക്ക്. ഈ കളിക്കാരെ ആദരിക്കാൻ അന്നത്തെ രാജാവായ സർദാർ സിംഗ് ഒരു ടവർ പണിത്, അതിൽ സമ്മാനം കിട്ടിയ ഘടികാരവും സ്ഥാപിച്ചു.

രാവിലെയായതിനാൽ ക്ലോക്ക് ടവറിനടുത്തുള്ള മാർക്കറ്റ് അടഞ്ഞുകിടക്കുകയായിരുന്നു.

എങ്കിലും അങ്ങാടിയിലെ ചില ജീവിത കാഴ്ചകൾ കാണാൻ പറ്റി. റോഡരികിൽ ഇരുന്നു ‘ദാൽ പക്വൻ ‘ കഴിക്കുന്ന വിദേശികളേയും , വണ്ടി റോഡിൽ നിർത്തി പേപ്പർ വായിക്കുന്ന പാൽക്കാരനേയും കണ്ടപ്പോൾ കൗതുകവും ,
തലേ ദിവസത്തെ എച്ചിൽ പാത്രം കഴുകുന്ന തടിച്ച സ്ത്രീയെ കണ്ടപ്പോൾ സഹതാപവും തോന്നി .

നൂറ്റിയമ്പത്തു വർഷങ്ങളിൽ അധികം പഴക്കമുള്ള Kunj Bihaari ക്ഷേത്രം കാണുക എന്നതായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം.മഹാരാജാ വിജയ് സിംഗ് നിർമ്മിച്ച ഈ അമ്പലത്തിൽ ഇന്നും ധാരാളം ഭക്തർ എത്തുന്നുണ്ട്.

അമ്പലത്തിൽ കയറുന്നതിനടുത്ത് ഒരു വൃദ്ധ ഭിക്ഷ യാചിക്കുന്നത് മനസ്സിനെ നൊമ്പരപ്പെടുത്തിയ കാഴ്ചയായിരുന്നു.
പണ്ടത്തെ പ്രതാപകാലത്തിന്റെ ഓർമ്മക്ക് അവർ ഇന്നും കാലിൽ വെള്ളിത്തളകൾ ധരിച്ചിരുന്നു 

അകത്തു കയറി ചെല്ലുമ്പോൾ തന്നെ ഭക്ത മീരയുടെ ഒരു സുന്ദര പ്രതിഷ്ഠ കാണാം. അതിന്റെ മുന്നിൽ ഇരുന്നു പ്രായമായ സ്ത്രീകൾ ഭജന പാടുന്നു.
മീരക്ക് എതിർ വശത്തുള്ള പ്രധാന അമ്പലത്തിൽ ഭഗവാൻ കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്നു. പഴക്കം ചെന്ന ചുവർ ചിത്രങ്ങളും ഭജനയും ദീപങ്ങളുടെ ശോഭയും എല്ലാം ചേർന്ന് ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരുന്നു അവിടം.

കുറച്ചു നേരം അവിടെ ചിലവഴിച്ച് ഞങ്ങൾ ഓട്ടോയിൽ Rao Jodha National Rock Park ലക്ഷ്യമാക്കി നീങ്ങി.

ജോധാ പാർക്കിനെ പറ്റി തലേന്ന് രാത്രി ധാരാളം വായിച്ചിരുന്നതുകൊണ്ട് വളരെയധികം ആവേശത്തോടെയാണ് യാത്ര ചെയ്തത് . പുരാവസ്തുപരമായും, പാരിസ്ഥിതികമായും ചെയ്ത ഒരു പുനരുദ്ധാരണത്തിന്റെ മകുടോദാഹരണമായിരുന്നു നൂറ്റിഎഴുപത് ഏക്കറിൽ പരന്നുകിടക്കുന്ന ദേശീയോദ്യാനം.

മെഹ്റാൻഗർഹ് കോട്ടയുടെ വളരെ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 750 മില്യൺ വര്ഷങ്ങള്ക്കു മുമ്പ് ഒഴുകിയ ലാവ ഉറച്ചാണ് ഇവിടത്തെ അടിത്തട്ട് ഉണ്ടായിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. അതിന്റെ മുകളിൽ ചുമന്ന മണൽകല്ല് രൂപപ്പെട്ടു. അങ്ങനെ ഈ പ്രദേശം മൊത്തം പാറക്കല്ലുകളുള്ള ഭൂ പ്രകൃതിയാണ്.

വെളുക്കാൻ തേച്ചത് പാണ്ടായിപ്പോയ ഒരു കറുത്ത അദ്ധ്യായം ഈ ഉദ്യാനത്തിന് പിന്നിലുണ്ട്.

1930ൽ അവിടെ വിറകിനു ക്ഷാമം നേരിട്ടപ്പോൾ അന്നത്തെ രാജാവ്, പെട്ടന്ന് വളരുന്ന Prosposis julifora എന്ന ചെറു വൃക്ഷത്തിന്റെ വിത്ത് മെക്സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്ത് ഈ പ്രദേശത്തെല്ലാം വിതച്ചു. അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് ഇവിടെ ഈ കുറ്റി വൃക്ഷങ്ങളെ കൊണ്ട് നിറഞ്ഞു .

വിറക് ക്ഷാമം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ പ്രാവർത്തികമാക്കിയ ഈ
ആശയം അവിടുത്തെ പരിസ്ഥിതിയെ തന്നെ മാറ്റി മറിച്ചു. ഈ മെക്സിക്കൻ വൃക്ഷം ഭൂമിയുടെ അടിതട്ടിൽ നിന്നടക്കം വെള്ളം വലിച്ചെടുക്കുന്നതു കൊണ്ട് അവിടെ സ്വാഭാവികമായി വളരുന്ന സസ്യങ്ങളെല്ലാം വെള്ളം കിട്ടാതെയും മറ്റും നശിച്ചു കൊണ്ടിരുന്നു. അവയുടെ ഇലയിൽ വിഷാംശം ഉള്ളതുകൊണ്ട് ഇല ഭക്ഷിച്ചു കൊണ്ടിരുന്ന മൃഗങ്ങൾ ഭക്ഷണവും വെള്ളവും കിട്ടാതെ
പട്ടിണിയിലായി നശിക്കാൻ തുടങ്ങി.
അങ്ങനെ അവിടത്തെ ആവാസവ്യവസ്ഥ മൊത്തത്തിൽ അവതാളത്തിലായി.

ഈ മരങ്ങൾ വെട്ടി മാറ്റി , പ്രകൃതിയെ രക്ഷിക്കാൻ പല ശ്രമങ്ങൾ നടന്നെങ്കിലും എല്ലാം പരാജയപെട്ടു. കാരണം ഇതിന്റെ വേരിൽ നിന്നും പുതിയ മരം കിളിർക്കും.ഇവയുടെ വേരാകട്ടെ കൂറ്റൻ പാറക്കെട്ടുകൾക്കും അടിയിലായിരുന്നു. ഡയനാമിറ്റ് ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും ഭൂപ്രകൃതിയും ഒപ്പം നശിക്കും എന്നതിനാൽ ആ ശ്രമവും ഉപേക്ഷിക്കേണ്ടി വന്നു. ഈ വൃക്ഷത്തെ നാട്ടുകാർ ബാവലിയ അഥവാ ഭ്രാന്തൻ ചെടി എന്നായിരുന്നു വിളിച്ചിരുന്നത്.

2006 ൽ Khandwalia എന്ന പരമ്പരാഗത ഖനി തൊഴിലാളികൾ ഈ വൃക്ഷത്തെ വംശനാശം വരുത്താൻ സഹായിക്കാമെന്ന് ഏറ്റ് മുന്നോട്ട് വരികയും , ആറു വർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ ഈ മെക്സിക്കൻ വൃക്ഷത്തെ വേരോടെ പിഴുതെറിയുകയും ചെയതു എന്നുമാണ് ചരിത്രം.

ഇവിടത്തെ മണൽകല്ലു (സാൻഡ്‌സ്‌റ്റോൺ) ഖനനം ചെയ്തു മെഹർഗാർഹ് കോട്ട പണിത പാരമ്പര്യമുള്ള ഈ ഖനി തൊഴിലാളികൾക്ക്, അവരുടെ ചുറ്റിക കൊണ്ട് കല്ലിൽ തട്ടിയാൽ തിരിച്ചു വരുന്ന ശബ്ദത്തിൽ നിന്നും ഈ കല്ലുകളുടെ ആഴവും , അതിന്റെ അടിയിൽ വളരുന്ന ചെറു വേരുകളുടെ സാനിധ്യവുമൊക്കെ മനസിലാകുമെന്നാണ് പറയപ്പെടുന്നത് .

അതോടൊപ്പം ബാവലിയ നിന്നിരുന്ന സ്ഥലത്ത് ,പണ്ട് ഇവിടെ സ്വാഭാവികമായും വളർന്നിരുന്ന ചെടികൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു. അങ്ങനെ പല വിധ വെല്ലുവിളികൾ നേരിട്ടാണ് ഇവിടത്തെ
പുനരുദ്ധാരണം നടന്നത്.

ചെയ്തു പോയ ‘അബദ്ധം’ തിരിച്ചറിഞ്ഞ്,
തുടർന്നു വന്ന ഭരണകർത്താക്കളുടെ ഇച്ഛാശക്തിയും പാരമ്പര്യത്തിന്റെ കരുത്തും കൊണ്ട് ‘പടപൊരുതി ‘ വിജയം വരിച്ച ഒരു ചരിത്ര സത്യമാണ് ഈ ഉദ്യാനമെന്ന് പറയാം.

2019ൽ ഇവിടെ ഞങ്ങളെത്തുമ്പോൾ കാണുന്നത് അവിശ്വസനീയമായ രീതിയിലുള്ള പച്ചപ്പിന്റെയും കാഴ്ചകൾ ആയിരുന്നൂ.

പാർക്കിന് താഴെപാറകളാണെന്ന് പോലും തോന്നില്ല. പതിനേഴാം നൂറ്റാണ്ടിൽ ജോധ്പൂർ എന്ന പട്ടണത്തിലേക്ക് കയറാൻ സ്ഥാപിച്ച Singhoria pol എന്ന പ്രവേശന കവാടത്തിലാണ് ടിക്കറ്റ് കൗണ്ടർ സ്ഥാപിച്ചിരിക്കുന്നത് . ഉദ്യാനം നിലവിൽ വന്നപ്പോൾ ഇതിന്റെയും അറ്റകുറ്റ പണികൾ നടത്തി സംരക്ഷിച്ചു.

കൗണ്ടറിരിന്റെ അടുത്ത് , ഇവിടെ കണ്ടുവരുന്ന മൂന്നൂറിനം ചെടികളെയും 200 ഇനം പക്ഷികളെയും, 50 ഇനം പൂമ്പാറ്റകളെയും പറ്റിയുള്ള ലഘുലേഖ കിട്ടും. കൂടാതെ ഈ ഭൂ പ്രകൃതിയുടെ ഭാഗമായ പല വിധ പാറക്കല്ലുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇവിടെ സന്ദർശകർക്ക് ഉദ്യാനം നടന്നു കണ്ടു ആസ്വദിക്കാൻ 3 -4 ട്രക്കിങ്ങ് ട്രയൽ ഉണ്ട്. ഒരു ഗൈഡ് കൂടെ വരണേൽ അഞ്ഞൂറ് രൂപ കൊടുക്കണം. പണ്ട് നാട്ടിൽ കുറച്ചു ചെറിയ ട്രക്കിങ്ങുകൾ പോയതിന്റെ ആത്മ വിശ്വാസവും , അഹങ്കാരവും ഒക്കെ കൈമുതലുള്ളതു കൊണ്ട് ഗൈഡ് വേണ്ട , മാപ്പ് മതി എന്ന് പറഞ്ഞ് മാപ്പും വാങ്ങി പുറപ്പെട്ടു. കൂടെ വന്ന ആശചേച്ചി ഗത്യന്തരമില്ലാതെ പിന്നാലെ പോന്നു. ആദ്യത്തെ കുറച്ചു ദൂരം ഒരു പ്രയാസവും ഇല്ലായിരുന്നു. 500 വര്ഷം പഴക്കമുള്ള hathi nahar എന്ന rain water gulley കൂടി, വലിയ പാറക്കെട്ടുകൾക്കിടയിൽ കൂടി ഞങ്ങൾ നടന്നു.

ഇവിടത്തെ ഒരു അദ്‌ഭുത ചെടിയായ Thor ചെടിയോട് ‘കുശലം പറഞ്ഞു ‘ . ഒറ്റ നോട്ടത്തിൽ ബൂസ്റ്റ് കുടിച്ചു വളർന്നു പന്തലിച്ച കള്ളി ചെടിയാണെന്നു തോന്നുമെങ്കിലും ഇതു കള്ളി ചെടിയല്ല. ഇതിന്റെ ഇല ഒടിച്ചാൽ ഒരു തരം പാലാണ് ഒഴുകുക. ഈ ഒരു കൂറ്റൻ ചെടി ഇവിടത്തെ അവാസവ്യവസ്ഥയുടെ ഭാഗമാണെന്നു പറയാം. ഈ ചെടിയുടെ ഇടയിൽ 24 ഇനം ചെടികൾ കണ്ടെത്തിയിട്ടുണ്ട്. പല തരം പല്ലികളും , പാമ്പുകളും, മുയലുകയും ഒക്കെ ഈ ചെടിയുമായി ബന്ധപ്പെട്ട് കഴിയുന്നുണ്ടത്രെ.

കുറച്ചു നടന്നു മുന്നോട്ട് എത്തിയപ്പോൾ മൊത്തം ‘മാത്തമാറ്റിക്സ് ‘ആയി . തുറസായ സ്ഥലം … കുറ്റിച്ചെടികളും , വൃക്ഷങ്ങളുമൊക്കെയായി കാടേതാ വഴിയേതാ എന്ന് മനസിലാക്കാൻ പറ്റുന്നില്ല.ആശ ചേച്ചി കണ്ണുരുട്ടി തുടങ്ങി. എനിക്ക് തെക്കു വടക്കു തിരിയുന്നില്ല .
മുന്നിൽ കണ്ട ഏതൊക്കെയോ വഴി പോയി ഒരു തടാകത്തിന്റെ കരയിലെത്തി. അവിടെ നിന്നാൽ മെഹ്റഗാര്ഹ കോട്ട മനോഹരമായി കാണാം.
വഴി തെറ്റാതെ ഇവിടെ എത്തിയത് എന്റെ മിടുക്കാണെന് അഹങ്കരിച്ച് ഞാൻ ചേച്ചിക്ക് ഒരു പുച്ഛ നോട്ടവും സമ്മാനിച്ചു .

കുറച്ചു കഴിഞ്ഞു തിരിച്ചു പുറപ്പെട്ടപ്പോഴാണ്
പെട്ടു എന്ന് മനസിലായത്. കാരണം , വഴി ഒരു പിടിത്തവും കിട്ടുന്നില്ല. മാപ്പ് പ്രകാരം മഞ്ഞ വര പിന്തുടർന്ന് വേണം തിരികെ എത്താൻ. അവിടെ അടുത്തെങ്ങും വര പോയിട്ട് കുറി പോലും കാണുന്നില്ല.
കൂട്ടിനു പൊരി വെയിലും ആശ ചേച്ചിയുടെ നുള്ളും .

എവിടെയെങ്കിലും പെട്ട് പോയാൽ വിളിക്കാൻ ടിക്കറ്റ് കൗണ്ടറിൽ നിന്നും നമ്പർ തന്നിരുന്നു. വെയിലു കൊണ്ടപ്പോൾ സ്വയം പര്യാപ്തത എന്ന അഹങ്കാരം ഉരുകി പോയത് കൊണ്ട് , നമ്പറിൽ വിളിച്ച് തിരിച്ചെത്തേണ്ട വഴി മനസ്സിലാക്കി.
വരുന്ന വഴിക്കു ഉദ്യാന പരിപാലന ചുമതലയുള്ള Khandwalia സമൂഹത്തിലെ ആളുകൾ ചെടികൾക്കിടയിൽ നിന്നും കള
പറിക്കുന്ന ദൃശ്യവുമൊക്കെ കണ്ടു.
അങ്ങനെ എങ്ങനെയൊക്കെയോ നടന്നു ഒരു വിധം പ്രവേശന കവാടത്തിന് സമീപമെത്തി .

ഉദ്യാന സന്ദർശന വേളയിൽ കുറച്ചു പാളിച്ചകൾ പറ്റിയെങ്കിലും , ഉദ്യാനം കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷം തോന്നി. ഇതിന്റെ ചരിത്രം മനസിലാക്കുമ്പോഴാണ് ഈ ഉദ്യാനതിന്റെ മഹത്വവും, അതിന്റെ പിന്നിലെ പ്രയത്നവും ഒക്കെ നമ്മെ ആഴത്തിൽ സ്പർശിക്കുക .

നമ്മുടെ നാട്ടിലും വെളുക്കാൻ തേച്ചു പാണ്ടായ യൂക്കാലിപ്റ്റസ് മരങ്ങളും, അക്കേഷ്യ മരങ്ങളുമൊക്കെ ഇതു പോലുള്ള ഒരു പ്രയത്നം കൊണ്ട് നമുക്ക് പിഴുതു മാറ്റാൻ പറ്റിയിരുന്നെങ്കിൽ ,പശ്ചിമ ഘട്ടത്തിന്റെ ആവാസ വ്യവസ്ഥിതിയെ നമുക്ക് ഒരു പരിധി വരെ പുനർ ജീവിപ്പിക്കാൻ സാധിക്കും എന്നു ഈ യാത്ര കഴിഞ്ഞ് എത്തിയപ്പോൾ മുതൽ ഒരു ശുഭ പ്രതീക്ഷ മനസ്സിൽ നാമ്പിട്ടു….

 

Leave a Reply

Your email address will not be published. Required fields are marked *