Contact About Mitra Change Language to മലയാളം

വിസ്‌മൃതിയിലാണ്ട സ്‌മൃതിവനവും ചേറുപറ്റാത്ത ചെറുപ്പക്കാരും !!!!

 

രണ്ടു ദിവസം എന്റെയ നാടായ ആലപ്പുഴയിലേക്ക്‌ വെറുതെ ഇരിക്കാൻ പോയതാണ്.അതറിഞ്ഞതും  സുഹൃത്തായ സിനു രാവിലെ എട്ടു മണിക്ക് വണ്ടിയുമായി എത്തി ..

ഒരു സ്ഥലം വരെ പോകാം…വെറുതെ ഇരുന്നാൽ വേരിറങ്ങും …   …. ആലോചിച്ചപ്പോൾ ശെരിയാണല്ലോ എന്ന് തോന്നി.. മരങ്ങളാണല്ലോ ഒരിടത്തു തന്നേ നിൽക്കുന്നത് .. ചാടി വണ്ടിയിൽ കയറി.

 

എങ്ങോട്ട്? എവിടേ ? എന്തിനു എന്നുള്ള എന്റെയ  ചോദ്യത്തിനെല്ലാം സിനുവിന്റെയ്  ഒറ്റ മറുചോദ്യം മിണ്ടാതിരുന്ന് യാത്ര ചെയ്യാൻ പറ്റുമോ !!! പ്ലിങ് …. മനസ്സിൽ ചെക്ക് കുറിച്ചു

 

കുറച്ചു കഴിഞ്ഞു സിനു പറഞ്ഞു ഗൂഗിളിൽ കുണ്ടല ഇട്ടിട്ടു വഴി പറഞ്ഞു തരാൻ. മാപ്പിൽ നോക്കിയപ്പോൾ ഞാൻ ഞെട്ടി.തമിഴ്‌നാട്ടിൽ ആണ് സംഭവം.. വെറും  ഇരുന്നൂറു കിലോമീറ്റർ . എന്റെയ ഞെട്ടൽ കണ്ടു സിനു മാപ്പ്‌ എടുത്തു നോക്കി അതിലും വലിയ ഞെട്ടൽ ഞെട്ടി . പുറക്കാട് അടുത്തെന്നാണല്ലോ സജി പറഞ്ഞത് . ഉടനടി സജിയെ വിളിച്ചു. അപ്പോഴാണ് സിനുവിന് പറ്റിയ അമളി മനസിലായത്. ഞങ്ങൾക്ക് കുണ്ടള അല്ല പുന്തല   ആയിരുന്നു പോകേണ്ടി ഇരുന്നത്…. അപ്പൊ തന്നേ സിനുവിനു  ചെക്ക് വെച്ചു.

 

പുറക്കാട് അടുത്തായിട്ട് സജി കാത്തു നിൽപ്പുണ്ടതായിരുന്നു . അവിടന്ന് സജിയുടെ മയിൽ വാഹനത്തിനു പിന്നിലായി ഞങ്ങളും യാത്ര ചെയ്തു.

പുന്തല നിന്നും ഇടത്തോട്ട് ചെറിയ ടാറിട്ട വഴിയിലൂടെ സഞ്ചരിച്ചു  റോഡിന്റെയ് അവസാനത്തിൽ എത്തി. റോഡ് അവസാനിക്കുന്ന സ്ഥലത്തു ഒരു വശത്തു കാടും മറു വശത്തു കായൽ.

സജിയാണ് സ്ഥലത്തെ പറ്റി  വിവരിച്ചത്.കാട് നിൽക്കുന്നത് ഇല്ലിച്ചിറ എന്ന സ്ഥലത്താണ്  വശത്തുള്ള കായൽ കൊല്ലം കോട്ടപ്പുറം ജലപാതയായിരുന്നു.ഇല്ലിച്ചിറയിലാണ് സ്‌മൃതിവനത്തിനുള്ള സ്ഥലം ഏറ്റെടുത്തത്. 1984  ഇലാണ് അന്നു മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ ഗാന്ധി സ്‌മൃതിവനം എന്ന ബ്രിഹത് പദ്ധതിക്ക് തറക്കല്ലിടുന്നത് . അറുന്നൂറു ഏക്കർ സ്ഥലം വനവത്ക്കരണം ആണ് ഉദ്ദേശം. വനമില്ല ജില്ല എന്ന ആലപ്പുഴയുടെ ഖ്യാതി മാറ്റിയെടുക്കാനായിരുന്നു ശ്രമിച്ചത് .

 

വനം വകുപ്പിന്റെയ് കീഴിലുള്ള 365 ഏക്കറും , ബാക്കി ചുറ്റുമുള്ള സ്ഥലം ഒഴിപ്പിച്ചെടുക്കാനും ആയിരുന്നു യഥാർത്ഥ പദ്ധതി. എന്നാൽ പല കാരണങ്ങളാൽ അത് ഉപേക്ഷിക്കപ്പെട്ടു. അങ്ങിനെ സ്‌മൃതി വനം വിസ്‌മൃതിയിലായി. 2002 ഇൽ പുനര്ജീവിപ്പിക്കാൻ ഒരു വിഫല ശ്രമം വനം വകുപ്പ് നടത്തുകയുണ്ടായി. ഈ ഇടക്ക് ഈ പ്രദേശം തണ്ണീർത്തടം ആയി പ്രഖ്യാപിച്ചതിനാൽ ഇനി വനവത്ക്കരണം സാധ്യമല്ല . ഏതായാലും ഇപ്പോൾ ഇല്ലിച്ചിറ മൊത്തം കാടും, തോടും, കൈത്തോടും ഒക്കെ ആയി ധാരാളം പക്ഷി മൃഗാദികളുടെ ആവാസ കേന്ദ്രമാണ് . പുട്ടുകുറ്റി മുതലാളിമാരായ സിനുവിന്റെയും സജിയുടെയും ഒക്കെ പക്ഷി നിരീക്ഷണത്തിനുള്ള സ്ഥിരം കേന്ദ്രം.

 

വണ്ടി അവിടെ നിർത്തിയിട്ടു ഞങ്ങൾ നടപ്പാതയിലൂടെ അകത്തേക്ക് നടന്നു. അവിടവിടെ ആയിട്ട് വനവകുപ്പിന്റെയ് അതിർത്തി അടയാളപ്പെടുത്തുന്ന പച്ചയും ചുവപ്പും കുറ്റികൾ കാണാം. ഇടക്ക് ചെറിയ വീടുകൾ ഉണ്ട് .

ഞങ്ങൾ കഥകൾ പറഞ്ഞു അങ്ങിനെ നടന്നു. കുടുതലും സിനുവും സജിയും ഒരുമിച്ചു പോയ കാട്ടിലെ രസകരമായ അനുഭവങ്ങൾ ആയിരുന്നു. ഒരിക്കൽ മംഗളാദേവി പോയി തിരിച്ചു വരുമ്പോൾ കുറ്റിക്കാട്ടിൽ അനക്കം കേൾക്കുകയും , പക്ഷിയാണെന്നു കരുതി അടുത്ത് പോകുകയും ചെയ്തപ്പോഴാണ് കടുവയുടെ ഗർജ്ജനം കേട്ടത് പോലും. പാന്റിൽ മുള്ളി , കാലുകൾ നിലത്തുറച്ചു പോയ അവരോട് ദയവു തോന്നിയത് കൊണ്ടാണോ അതോ അതിന്റെയ് വയറു നിറഞ്ഞതു കൊണ്ടാണോ എന്നറിയില്ല, അഞ്ചു മിനിറ്റ് ശേഷം കടുവ ഉൾകാട്ടിലേക്ക് പോയി.

വേറൊരവസരത്തിൽ ചിന്നാർ വെച്ച് ഒരു ഷെഡിൽ വിശ്രമിച്ച ശേഷം ബേസ് ക്യാമ്പ് എത്തിയപ്പോൾ ആണ് അറിഞ്ഞത് ഇതിനു മുന്നേ വന്നവർ ആ ഷെഡ്‌ഡിന്റെയ് അരികിൽ ഒരു കൂറ്റൻ കരടിയെ കണ്ടിരുന്നു പോലും.പണ്ട് വാഴ്‌വാന്തോൾ വെച്ച് ആനക്കൂട്ടത്തിന്റെയ് ആക്രമണം ഭയന്ന് ഓടിയതിനു ശേഷം കാട്ടിൽ പോകാൻ എന്റെയ ഏക പേടി ആനയായി മാറിയിരുന്നു.ഏതായാലും ആ ഒരു പേടി മാറ്റി , പല പേടികൾ ആക്കി മാറ്റാൻ സിനുവിനും സജികുമായി !!! ആനയെ മാത്രമല്ല, കടുവയെയും, കരടിയെയും ഒക്കെ പേടിക്കണം എന്ന് അന്നത്തോടെ തീരുമാനം ആയി.

 

വഴി അവസാനിക്കുന്ന സ്ഥലത്തു നല്ല ഭംഗിയുള്ള ഒരു കൈത്തോടുണ്ടായിരുന്നു. ആ പ്രദേശം ഒക്കെ കണ്ടപ്പോൾ ശെരിക്കും ആഗ്രഹിച്ചത് സന്തോഷ് ജോർജ് കുളങ്ങരയെ പോലേ ധാരാളം യാത്രകൾ ചെയ്യുന്ന ഒരാൾ നമ്മുടെ ടൂറിസം വകുപ്പിന്റെയ് തലപ്പത്തുണ്ടായിരുന്നെങ്കിൽ എന്നേ നമ്മുടെ നാടിന്റെ ശെരിക്കുള്ള ഭംഗി ലോകത്തിനു മുന്നിൽ കാട്ടികൊടുത്തേനെ എന്നതാണ്. അതുവഴി അനേകായിരങ്ങൾക്ക് വരുമാനവും ആയേനെ. ജോലി അന്വേഷിച്ചു അറബി നാടുകളിൽ പോയി ചൂഷണങ്ങൾക്കു വിധേയരാകുന്ന ചിലർക്കെങ്കിലും  സ്വന്തം നാട്ടിൽ അന്തസ്സായി ജീവിക്കാൻ അവസരം ലഭിച്ചേനെ… ഞാനും സിനുവും സജിയും കുറേ നേരം അവിടെ ആവിഷ്കരിക്കാവുന്ന പദ്ധതികളെ കുറിച്ചൊക്കെ സംസാരിച്ചു നിന്നു. മെല്ലേ ഞങ്ങൾ തിരികെ നടന്നു.

വണ്ടിയുടെ അടുത്തെത്തിയപ്പോൾ സജി പറഞ്ഞു, അവിടെ അടുത്തു വീയപുരത്തു കൃഷിക്ക് വേണ്ടി കളം നന്നാക്കുന്നുണ്ട്. അവിടെ ധാരാളം പക്ഷികളെ കാണാം. ആർക്കും പടം പിടിക്കാൻ ഉദ്ദേശം ഒന്നും ഇല്ലാഞ്ഞിട്ടുപോലും , വെറുതെ കാഴ്ചകൾ കാണാൻ വീയപുരത്തേക്കു പോയി. അവിടെ ഒരു പാടവരമ്പത്തു വണ്ടി ഒതുക്കി , കളത്തിൽ ചിക്കി ചികഞ്ഞു കൊണ്ട് നിന്ന പക്ഷികളെയും നിരീക്ഷിച്ചു കുറേ സമയം നിന്നു. ഫോട്ടോയൊന്നും എടുക്കാതെ , നല്ല ഒരു ഫ്രെയിം അന്വേഷിക്കാതെ കാഴ്ചകൾ കൺകുളിർക്കെ കാണുന്നതിന്റെയ് സുഖം ഒന്ന് വേറെ തന്നെയാണ്.

അവിടന്ന് തിരിച്ചു പോകാൻ പുറപ്പെടുമ്പോൾ ആണ് ദൂരെ ഒരു കളത്തിൽ കർഷകർ പോത്തിനെ കൊണ്ട് കളം നിരത്തുന്ന കാഴ്ച കണ്ടത്.വളരെ പണ്ടാണ് കാളയെ പൂട്ടി പാടത്തു പണി എടുപ്പിക്കുന്നതു കണ്ടിട്ടുള്ളത്.  ഇപ്പോൾ എല്ലായിടത്തും യന്ത്രവത്ക്കരിച്ചതു കൊണ്ട് ഇങ്ങനെയൊരു കാഴ്ച കാണാൻ കൂടി കിട്ടാനില്ല. അത് കൊണ്ട് തന്നേ അവരുടെ അടുത്തു പോയി കാര്യങ്ങൾ മനസിലാക്കാൻ തീരുമാനിച്ചു.

വണ്ടി റോഡിലിട്ട് പാടവരമ്പത്തു കൂടി ഒരു കിലോമീറ്റർ ഓളം നടന്നാണ് കൃഷിക്കാരുടെ അടുത്തെത്തിയത്. പോകുന്ന വഴിയിൽ നോക്കുമ്പോൾ സിനു കമിഴ്ന്നു കിടക്കുന്നു. അടുത്തെത്തിയപ്പോഴാണ് മനസിലായത് തുമ്പിടെ പടം പിടിക്കുകയാണ്. പുട്ടുകുറ്റി കൈയിൽ ഇല്ലെങ്കിലും തുമ്പിയെ കണ്ടാൽ ചൊട്ടയിലെ ശീലം ഓർമ്മ വന്നു പോയി പാവത്തിന്  !!!!

അറുപതു വയസ്സിനു മേലെ തോന്നിക്കുന്ന ഒരാൾ വരമ്പത്തും , അതേ പ്രായത്തിലുള്ള രണ്ടു പേർ കാളകളെ കൊണ്ട് കളം നികത്തുകയായിരുന്നു. നിറ പുഞ്ചിരിയോടെ ആണ് വരമ്പത്തു നിന്ന വൃദ്ധൻ ഞങ്ങളെ സ്വീകരിച്ചത്. സുബൈദെന്നായിരുന്നു പുള്ളിയുടെ പേര് . കളത്തിൽ പണിയെടുക്കുന്നത് ഗോപിയും ജനാര്ദ്ദനനും. സുബൈദിക്കക്കു കാലിനു ചെറിയ വേദന ഉള്ളത് കൊണ്ടായിരുന്നു പോലും കളത്തിൽ ഇറങ്ങാതിരുന്നത്. രാവിലെ ആറു മണിക്ക് പണി തുടങ്ങും എന്ന് കേട്ടപ്പോൾ അദ്‌ഭുതം തോന്നി. പലയിടങ്ങളിലും ഓഫീസ് ജോലി പോലെ  കൃഷി പണിയും ഒമ്പതു മുതൽ നാല് വരെ എന്നൊക്കെ ആയ്യല്ലോ.

രാവിലത്തെ പ്രാതലും ആയിട്ടാണ് കളത്തിൽ എത്തുക. ഇടക്ക് പോത്തിന് വിശ്രമിക്കാൻ സമയം കൊടുക്കുമ്പോൾ, ഇവരും  ആഹാരവും വെള്ളവും കഴിക്കും. ഉച്ചക്ക് പന്ത്രണ്ട്-‌ ഒരു മണി വരെ പാടത്തു പണി ചെയ്യും. പിന്നീട് പോത്തിനെ മേയ്ക്കാനും കൊണ്ട് പോയിട്ടാണ് ഉച്ച ഭക്ഷണം കഴിക്കുന്നത്. ചേറിൽ പോത്തിനെ കൊണ്ട് പണിയെടുപ്പിക്കുന്നത് കൊണ്ട് ഗോപിച്ചേട്ടന്റെയും ജനാർദനൻ ചേട്ടന്റെയും ദേഹം മൊത്തം ചെറായിരുന്നു.

 

പോത്തുകൾ എല്ലാം സുബൈദിക്കയുടെ ആയിരുന്നു. ഒരു ജോഡി പോത്തിന് ഒന്നേകാൽ ലക്ഷം രൂപ കൊടുക്കണം.കൃഷി സീസൺ കഴിയുമ്പോൾ ഇതിനെ തീറ്റിപ്പോറ്റാൻ ബുദ്ധിമുട്ടാണെൽ വിൽക്കും. എന്നിട്ടു വീണ്ടും സീസൺ ആകുമ്പോൾ പുതിയത് വാങ്ങും.  പുള്ളിക്ക് ആറു പോത്തുകളായിരുന്നു ഒള്ളത്. മറ്റു രണ്ടുപേരും പുള്ളിയുടെ കൂടെ ജോലി ചെയുന്നു.ഒരു ഏക്കർ നികത്താൻ രണ്ടു മൂന്നു മണിക്കൂർ പിടിക്കും. ഒരു ഏക്കർ നികത്തിയാൽ കോൺട്രാക്ട് പിടിച്ച സുബൈദിക്കക്കു  ആയിരം രൂപ ലഭിക്കും പോലും. ബാക്കി രണ്ടാൾക്കും പുള്ളിയാണ് കൂലി കൊടുക്കുക.

 

സുബൈദിക്ക പണ്ടത്തെ കാര്യങ്ങൾ ഒക്കെ ഓർത്തെടുത്തു. പുള്ളി പത്താം വയസ്സിൽ തുടങ്ങിയതായിരുന്നു ഈ പണി. ആ കാലത്ത്‌ കൂലി   അമ്പതു പൈസയായിരുന്നു  .   ഇതു കിട്ടാൻ പണി കഴിഞ്ഞു ജന്മിയുടെ വീട്ടിൽ ചെല്ലണം . അവിടെ പോകുമ്പോൾ ജന്മിയുടെ ഭാര്യ ഒരു ലോഡ് പണി കൊടുക്കും.  ആ  ജോലിയും തീർന്നതിനു ശേഷം മാത്രമേ രാവിലെ ചെയ്ത പണിയുടെ കൂലി കിട്ടിയിരുന്നൊള്ളു. എന്തൊരു ചൂഷണം എന്നറിയാതെ മനസ്സിൽ പറഞ്ഞു പോയി.

 

അവരുടെ പ്രായം ചോദിച്ചപ്പോൾ ആണ് ഞങ്ങൾ ഞെട്ടിയത് . സുബൈദിക്കക്കു എഴുപത്തി നാല് വയസ്സും മറ്റു രണ്ടു പേർക്ക് എഴുപത്തി ഒന്നും. ഈ പ്രായത്തിലും അവര് ചെയുന്ന കഠിനാദ്ധ്വാനം എടുത്തു പറയേണ്ട ഒന്ന് തന്നേ. ചെളിയിൽ കൂടി സാധാരണ മനുഷ്യർക്ക്  നടക്കുക തന്നേ പ്രയാസം. അപ്പോഴാണ് ഇവർ    രണ്ടു പോത്തുകളെയും കൊണ്ട് ചെളിയിലൂടെ , അത് നികത്താൻ ഓടുന്നത്. അതും ദിവസവും ആറേഴു മണിക്കൂർ !!!

മക്കളേ കുറിച്ച് ചോദിച്ചപ്പോഴാണ് സുബൈദിക്ക  പറഞ്ഞത് ‘ചെറുപ്പക്കാരുടെ ദേഹത്ത് ചേറു പറ്റിക്കൂടല്ലോ’… അത് കൊണ്ട് മക്കൾ എല്ലാം വേറെ പണിക്കാണ്  പോകുന്നത്. പോത്തിനെ മാറ്റിക്കെട്ടാൻ പോലും അവരെ കൊണ്ട് സാധിക്കില്ല ! ഏതായാലും ഈ വാർധക്യത്തിലും വീട്ടിൽ ഒതുങ്ങി കൂടാതെ , സ്വന്തമായിട്ട് അധ്വാനിച്ചു ജീവിക്കാൻ ശ്രമിക്കുന്ന ഇവരോട് വല്ലാത്ത ബഹുമാനം തോന്നി.

 

കൂടുതൽ ശല്യം ചെയ്യണ്ട വെച്ച് ഞങ്ങൾ അവരോടു വിടപറഞ്ഞിറങ്ങി. സജിയ്ക് എന്തോ തിരക്കുള്ളതിനാൽ സജിയും പോയി…..

ഞങ്ങൾ  നോക്കുമ്പോൾ വരമ്പത്തു കൂടി കുറച്ചു കൂടി നടന്നാൽ അറ്റത്തായി വലിയ പക്ഷിക്കൂട്ടത്തിന്റെയ് അടുത്തെത്താം . വെറുതെ അവിടെ വരെ പോയി നോക്കാം എന്ന് പറഞ്ഞു ഞാനും സിനുവും അങ്ങോട്ട് നടന്നു. ഞങ്ങളുടെ ലക്‌ഷ്യം അവരാണെന്നു മനസിലായത് കൊണ്ട് പക്ഷികൾ സ്ഥലം വിട്ടു. നല്ല രസമുള്ള വെള്ള  ആമ്പൽ കണ്ടതും സിനുവിനോട് വീട്ടിലെ മീൻ കുളത്തിൽ ഇടാൻ  ഒരു കിഴങ്ങു പറിച്ചു തരുമോ എന്ന് ചോദിച്ചു. ഉടനെയുള്ള മറുപടി ചുമ്മാതല്ല നിന്റെയ് ഭർത്താവ് എവിടെയും കൂടെ വരാത്തത്… പ്ലിങ് .. എന്തായാലും പഴി കേട്ടു . ഇനി ആമ്പലായിട്ടേ പോകുന്നൊള്ളു എന്ന് ഞാനും തീരുമാനിച്ചു.

നിവർത്തികേട്ട് അവസാനം സിനു ആമ്പൽ പറിക്കാൻ ഏറ്റു. ഭീമൻ കല്യാണസൗഗന്ധികം പറിക്കാൻ പോയ ജാടക്കാണ് ആശാൻ പോയത്. ഭീമാകാരൻ ആണെങ്കിലും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടു ഒരു കിഴങ്ങു പോലും പറിക്കാൻ പറ്റിയില്ല . അവസാനം കിമുപു സിദ്ധാന്തം പ്രാവർത്തികമാക്കി  . ഇതു വീട്ടിൽ നട്ടാൽ പൂക്കില്ല . അത് കൊണ്ട് ഇതു പറിക്കണ്ട പോലും എന്ന് സിനു പ്രഖ്യാപിച്ചു !

 

സമയം പതിനൊന്നു  മണിയായി. ഞങ്ങൾ തിരികെ പോകാൻ തീരുമാനിച്ചു. പോരുന്ന വഴിക്ക് തോട്ടപ്പള്ളി പൊഴിയും കൂടി സന്ദർശിച്ചു… പഞ്ചാര മണലോടു കൂടി കിടക്കുന്ന ആ കടൽത്തീരം ശെരിക്കും പുറം രാജ്യങ്ങളിലെ പോലെ അനുഭവപെട്ടു.

ഇതൊക്കെ വികസിപ്പിച്ചെടുത്തെങ്കിൽ നന്നായേനെ എന്ന് പറഞ്ഞപ്പോൾ സിനു എന്നെ അവിടത്തെ പാർക്കിൽ കൊണ്ടുപോയി .

കോടികൾ മുടക്കി പണിത പാർക്ക് നാശത്തിന്റെയ് വക്കിൽ ആയിരുന്നു. നമ്മുടെ നാട്ടിൽ പല കാര്യങ്ങളും ഇങ്ങനെയാണ് . എല്ലാം തുടങ്ങാൻ ഉത്സാഹവമാണ് . ഉണ്ടാക്കിയതിന്റെയ് നൂറിലൊന്നു പൈസ മതി ഇതിനെ നേരെ നടത്തി കൊണ്ട് പോകാൻ. പക്ഷേ അത് ചെയ്യില്ല. അപ്പോൾ ഫണ്ടിന്റെയ് ദൗർലഭ്യത പറയും. ആനയെ വാങ്ങി , തൊട്ടിക്ക് പൈസ ഇല്ല !

ശെരിക്കും മനോഹരമായ കുറച്ചു മണിക്കൂറുകൾ. ഏറ്റവും രസകരമായ വസ്തുത എന്തെന്നാൽ ഞാനും സിനുവും ഇരുപത്തിയഞ്ചു വര്ഷങ്ങള്ക്കു ശേഷമാണ് കണ്ടു മുട്ടിയത്. ഞങ്ങളുടെ അമ്മമാർ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് കൊണ്ട് , സ്കൂൾ കാലഘട്ടത്തിൽ ഓഫീസിലെ പല പരിപാടികൾക്കും , യാത്രകൾക്കും ഒക്കെ ഞങ്ങൾ കണ്ടു മുട്ടിയിരുന്നു.

 

സ്കൂൾ കാലഘട്ടം കഴിഞ്ഞപ്പോൾ എല്ലാവരും പല വഴിക്കായി. വളരെ യാദ്രശ്ചികമായിട്ടാണ് ഞങ്ങൾ മുഖപുസ്തകത്തിലൂടെ  കുറച്ചു ദിവസങ്ങൾ മുമ്പ് വീണ്ടും സൗഹൃദം പുതുക്കിയത്. സ്കൂൾ കാലഘട്ടത്തിൽ ഉണ്ടാക്കുന്ന സൗഹൃദങ്ങളുടെ ഒരു പ്രത്ത്യേകതയാണ് എത്ര കൊല്ലങ്ങൾ കഴിഞ്ഞു കണ്ടാലും പഴയ സൗഹൃദവും സ്നേഹവും എല്ലാം അത് പോലെ തന്നേ ഉണ്ടാകും എന്നത്….

 

 

രണ്ടു മൂന്ന് മണിക്കൂർ എങ്കിലും സഞ്ചരിച്ചാലേ യാത്രയെന്നൊക്കെ വിളിക്കാൻ പറ്റൂ എന്നൊരു തെറ്റിദ്ധാരണ എനിക്കുണ്ടായിരുന്നു. അതേതായാലും മാറി. ചുരുങ്ങിയ സമയം കൊണ്ട് തന്നേ  ധാരാളം കാഴ്ചകൾ കാണാനും , പുതിയ കാര്യങ്ങൾ മനസിലാക്കാനും പറ്റും എന്നൊരു തിരിച്ചറിവുണ്ടായി. വേറൊന്നു നമ്മുടെ ചുറ്റുവട്ടത്തു തന്നേ  ഒരു യാത്രികന് ആസ്വദിക്കാൻ പറ്റിയ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ദൂരെ ദിക്കുകളിലേക്കു കാഴ്ചകൾ തേടി പോകുന്നതിനോടൊപ്പം  അടുത്തുള്ള കാഴ്ചകളും, ഉൾകാഴ്ചകളും  നമുക്ക് കണ്ടെത്താൻ സാധിക്കട്ടേ  !!!

Likes:
0 0
Views:
237

Leave a Reply

Your email address will not be published. Required fields are marked *