Change Language to മലയാളം

ശിരൂയി ലില്ലിയും, പാളിപ്പോയ യാത്രയും !!!!

ശിരൂയി ലില്ലിയും, പാളിപ്പോയ യാത്രയും
………………………….

ശിരൂയി ലില്ലി….
പിങ്കും വെള്ളയും നീലയും നിറങ്ങൾ വാരിപ്പൂശിയ ‘ഉടുപ്പിട്ട് ‘ നാണം കുണുങ്ങി, മുഖം കുനിച്ച് നോക്കി നിൽക്കുന്ന സുന്ദരിപ്പൂവ്,
ഇവൾ മനസ്സിൽ കയറി കൂടിയിട്ട്‌ വർഷങ്ങളായി . മണിപ്പൂരിന്റെ സംസ്ഥാന പുഷ്പം കൂടിയാണ് ആശാത്തി.

ഔദ്യോഗികമായി ലില്ലിയെ കണ്ടെത്തിയ കാലം മുതൽ അവളെ മറ്റു പല സ്ഥലങ്ങളിലും നട്ടു വളർത്താൻ ശ്രമിച്ചെങ്കിലും , ലില്ലി വേറേ ഒരു പ്രദേശത്തും വളരാൻ കൂട്ടാക്കിയില്ല എന്ന പ്രത്യേകതയാണ്, എന്നെ അവളിലേക്ക് ആകർഷിക്കപ്പെട്ടത്.
അതുകൊണ്ടുതന്നെ ലില്ലിയെ കാണാനുള്ള ഏക മാർഗം ലില്ലി വളരുന്ന ശിരുയി മലനിരകൾ സന്ദർശിക്കുക എന്നതായിരുന്നു.

മണിപ്പൂർ സന്ദർശിക്കാൻ പ്ലാൻ ഉണ്ടാക്കിയപ്പോൾ ആദ്യം തന്നെ ഞാൻ കണാൻ കൊതിക്കുന്ന ലില്ലി, ലിസ്റ്റിൽ കടന്നു കൂടി.

മണിപ്പൂർ തലസ്ഥാനമായ ഇംഫാൽ നിന്നും നൂറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഉഖ്രുൽ പട്ടണത്തിന് അടുത്താണ് ശിരൂയി ലില്ലി കാണപ്പെടുന്ന ശിരൂയി കുന്നുകൾ. ഉഖ്രുൽ ആണെങ്കിൽ മണിപ്പൂരിലെ ഏറ്റവും ഉയർന്ന ഹിൽ സ്റ്റേഷനും. അതുകൊണ്ട് ഉഖ്രുൽ താമസിച്ച് ലില്ലിയെ കണ്ട് വരാൻ തീരുമാനിച്ചു.

തങ്കൂൽ നാഗന്മാരുടെ കേന്ദ്രമാണ് ഉഖ്രുൽ. തങ്കുൽ നാഗന്മാർ ഒരു പ്രബല ഗോത്ര വിഭാഗക്കാരാണ്.ഇവർ വസിക്കുന്ന സ്ഥലങ്ങളിൽ സംസ്ഥാന സർക്കാരിന് പോലും വലിയ മേൽക്കോയ്മയില്ല. ഇൗ ഭാഗങ്ങളിൽ നീതിവ്യവസ്ഥ തീരുമാനിക്കുന്നത് ഗോത്ര തലവന്മാരായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ ആളുകൾ അധികം സന്ദർശിക്കാൻ ഭയക്കുന്നു. കേട്ടപ്പോൾ ചെറിയ പേടിയോക്കെ തോന്നിയെങ്കിലും ലില്ലിയെ കാണാൻ എന്ത് റിസ്ക് എടുക്കാനും തയ്യാർ ആയിരുന്നു.

ഉഖ്രുൽ പദ്ധതി, ഇംഫാൽ ഉള്ള സുഹൃത്തുക്കളെ അറിയിച്ചപ്പോൾ അവർ ഒറ്റക്ക് പോകാൻ സമ്മതിച്ചില്ല.അങ്ങനെ സുഹൃത്തുക്കളായ നൊങ്കുവും, തമോയും കൂടെ ഉഖ്രുൽ പോകാൻ തീരുമാനിച്ചു. അവിടെയുള്ള ഹോട്ടലിൽ രണ്ട് റൂം ബുക്ക് ചെയ്തു.

നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവൽ ഒക്കെ കെങ്കേമമായി ആഘോഷിച്ച് മണിപ്പൂരിൽ എത്തിയ ദിവസമാണ് പൗരത്വ ബിൽ പാർലമെന്റ് അംഗീകരിച്ചത്. അതോടെ എല്ലായിടത്തും പ്രശ്നങ്ങൾ തുടങ്ങി. മണിപ്പൂർ ബന്ദ് പ്രഖ്യാപിച്ചു.

തമോയുടെ ജീപ്പിലാണ് ഉഖ്രുൽ പോകാൻ തീരുമാനിച്ചിരുന്നത്. ബന്ദ് പ്രഖ്യാപിച്ചതുകൊണ്ട് ഫോർ വീലർ എടുക്കാൻ പറ്റില്ല. ഒന്നുകിൽ ശിരുയി ലില്ലിയെ മറക്കണം. അല്ലെങ്കിൽ തമോയുടെ കൂടെ ബുള്ളറ്റിൽ പോകണം. ലില്ലിയെ മറക്കാൻ പറ്റില്ല. അതുകൊണ്ട് ബുള്ളറ്റിൽ ഞാനും തമോയും യാത്ര പുറപ്പെട്ടു.

ഉച്ചക്ക് രണ്ട് മണി അടുപ്പിച്ചാണ് പുറപ്പെട്ടത്. പോകുന്ന വഴിക്ക് വഴിയോരത്ത് കണ്ട ചന്തയിൽ വെറുതേ വണ്ടി നിർത്തി. avidey കടയിൽ ചക്കയും വാഴപ്പിണ്ടി യുമോക്കെ കണ്ടപ്പോൾ സന്തോഷം ആയി. കടകളിൽ മിക്കവാറും വയസ്സായ സ്ത്രീകൾ ആയിരുന്നു കച്ചവടം ചെയ്യാൻ ഇരുന്നത്.മുഖത്ത് ധാരാളം ചുളിവുകൾ ഉണ്ടെങ്കിലും നല്ല ഭംഗി ആയിരുന്നു അവരെ കാണാൻ.

ഉഖ്രുൽ ലേക്കുള്ള വഴി വളരെ ദുർഘടം പിടിച്ചതായിരുന്നു. പൊട്ടി പൊളിഞ്ഞ റോഡുകളായിരുന്നു മിക്ക സ്ഥലങ്ങളിലും. അന്തരീക്ഷത്തിലെ താപനില ഏകദേശം 12 ഡിഗ്രിയായിരുന്നു. തണുപ്പ് കാരണം ആലില വിറക്കുന്ന പോലെ ഞാൻ ബുള്ളറ്റിൽ ഇരുന്ന് വിറച്ചു.

പ്രകൃതി രമണീയമായ പല ദൃശ്യങ്ങൾ കണ്ണിൽ പതിഞ്ഞെങ്കിലും ഗ്ലൗസ് ഊരുന്ന കാര്യം പോലും ആലോചിക്കാൻ വയ്യായിരുന്നൂ. അതുകൊണ്ട് പടം ഒന്നും പിടിച്ചില്ല. തിരിച്ച് പിറ്റെദിവസം രാവിലെ പോരാനായിരുന്നൂ പ്ലാൻ. അപ്പോൽ തണുപ്പ് കുറവ് കാണും എന്നുള്ളതുകൊണ്ട് തിരിച്ചു വരുമ്പോൾ പടം പിടിക്കാം എന്ന് ആശ്വസിച്ചു.

വൈകീട്ട് അഞ്ച് മണിക്ക് ഉഖ്രുൽ പട്ടണത്തിൽ എത്തി. ഉഖ്രുൽ
ഹിൽസ്റ്റേഷൻ എന്ന് പറഞ്ഞത് കൊണ്ട് മുന്നാറിലെ ദൃശ്യങ്ങൾ പ്രതീക്ഷിച്ച് അവിടെ എത്തിയ ഞാൻ ഞെട്ടിപ്പോയി. വർഷങ്ങൾ പിന്നോട്ട് പോയ ഒരു പ്രതീതിയായിരുന്നു. ഓടിട്ട കെട്ടിടങ്ങളും, തടിപ്പലക കൊണ്ടുള്ള വാതിലുകളുമാണ് വരവേറ്റത്. സൂര്യൻ അസ്തമിക്കുന്ന സമയമായതു കൊണ്ട് മിക്ക കടകളും പൂട്ടി തുടങ്ങിയിരുന്നു.

ഞങ്ങൾ നേരത്തേ പറഞ്ഞു വെച്ച ലോഡ്ജിൽ എത്തി. നല്ല വിശപ്പായതുകൊണ്ട് , റൂമിൽ സാധങ്ങൾ വെച്ച് ഞാൻ പുറത്തോട്ടിറങ്ങി. തൊട്ടടുത്ത് ഒരു ചെറിയ ഹോട്ടൽ കണ്ടൂ. ഹോട്ടലിന്റെ ഒരു ഭാഗത്ത് ഉടമസ്ഥയായ സ്ത്രീയും രണ്ടു മക്കളുമാണ് താമസം. താലി മീൽസ് മാത്രമേ കഴിക്കാനുള്ളു. ഞാൻ ഓർഡർ കൊടുത്തു കഴിഞ്ഞാണ് കുക്കറിൽ ചോറ് വേവിക്കാൻ തുടങ്ങിയത്.

ഒരു മണിക്കൂർ കട്ട പോസ്റ്റ് ആയല്ലോ എന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് ഉടമസ്ഥയുടെ മകൾ ഷിമ്യോ എന്റെ അടുത്ത് വന്ന് സംസാരിക്കാൻ തുടങ്ങിയത്. അവളാണ് ലില്ലിയെ പറ്റി കുറേ കാര്യങ്ങൾ പറഞ്ഞു തന്നത്.

‘ കശോങ് ടിംരവോൺ ‘ എന്നാണ് ലില്ലിയുടെ ലോക്കൽ പേര്. ശിരുയി മലകൾ കാത്തു സംരക്ഷിക്കുന്ന ഫിലാവ ദേവിയുടെ മകളാണ് ടിംരവോൺ എന്നാണ് അവർ വിശ്വസിക്കുന്നത്. അതുകൊണ്ട് അത് പറിക്കുകയോ, മാറ്റി നടുകയോ ഒന്നും ചെയ്യില്ല. വേറെയും ഒന്ന് രണ്ടു കെട്ട് കഥകൾ പ്രചാരത്തിലുണ്ട് പോലും.

അതിലൊന്ന് ഒരു രാജകുമാരിയുടേതാണ്. തന്റെ നഷ്ടപെട്ട കാമുകനെ കാത്തിരുന്നു മരണപ്പെട്ട രാജകുമാരി ലില്ലി ആയി പുനർജനിച്ചതാണ്. വേറൊരു കഥ അവിടെ അത്മഹത്യ ചെയ്ത യുവമിഥുനങ്ങളെ കുറിച്ചുള്ളതായിരുന്നു. ജീവിച്ചു കൊതിതീരാത്ത അവരുടെ ആത്മാവാണ് പോലും ലില്ലി!

എതായാലും ലില്ലി നന്മയുടെ, സന്തോഷത്തിന്റെ,
അഭിവൃദ്ധിയുടെ
ദൈവികമായ ചിഹ്നമായി കരുതപ്പെടുന്നു.
മെയ് മാസം പകുതി മുതൽ ജൂൺ വരെയാണ് പൂക്കുന്ന സമയം. ആ സമയത്ത് കാൽ ലക്ഷത്തോളം വരുന്ന സന്ദർശകർ ലില്ലിയെ കാണാൻ എത്തും.

നേരിട്ട് കാണുമ്പോൾ പിങ്ക് നിറമായി തോന്നുന്നു എങ്കിലും microscope കൂടി നോക്കിയാൽ ഏഴ് നിറങ്ങളും കാണാം. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ലില്ലിയുടെ പേരിൽ ഒരു സ്റ്റാമ്പ് പോലും ഇറക്കിയിട്ടുണ്ട്. ലില്ലിയെ കുറിച്ച് കൂടുതൽ ആളുകൾ അറിയാനായി ലില്ലിയുടെ പേരിൽ എല്ലാ വർഷവും 4 ദിവസത്തെ ശിരുയി ലില്ലി ഫെസ്റ്റിവൽ നടത്താറുണ്ട്.

ലില്ലിയുടെ കഥകൾ കേട്ട് കഴിഞ്ഞപ്പോഴേക്കും അത്താഴം തയ്യാറായി. ഷിമ്യോ എന്റൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു. നല്ല സൗഹൃദത്തിലായെങ്കിൽ പോലും ഒന്നിച്ചു ഫോട്ടോ എടുക്കാൻ വിസമ്മതിച്ചു. നന്ദിയും പറഞ്ഞിറങ്ങിയ ഞാൻ ലോഡ്ജിൽ പോയി ഉറങ്ങി.

രാവിലെ സൂര്യൻ ഉദിച്ചു വരുന്നത് കാണാൻ പ്രത്യേക ഭംഗിയായിരുന്നു. തലേന്ന് പറഞ്ഞു വെച്ച പ്രകാരം രാവിലെ ഏഴു മണിക്ക് ഞങ്ങൾ ശിരുയി ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. ഉഖ്രുൽ നിന്നും 18 കിലോമീറ്റർ ദൂരമേ ഉള്ളൂ എങ്കിലും 1 മണിക്കൂർ എടുത്തു അവിടെയെത്തി ച്ചേരാൻ.

മനോഹരമായ കാഴ്ചകളാ യിരുന്നു വരവേറ്റത്. തടിപ്പലക കൊണ്ടുണ്ടാക്കിയ വീടുകളായിരുന്നു കൂടുതലും. വീടിനു മുൻവശം ധാരാളം പൂച്ചെടികൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു.

റോഡിന് നടുവിൽ രണ്ടുപേർ മേശയും ബെഞ്ചും വലിച്ചിട്ട് തകർപ്പൻ ചെസ്സ് കളിക്കുന്നു. റോഡിൽ അങ്ങിങ്ങായി സ്ത്രീകൾ വെറുതേ കുത്തിയിരുന്ന് സംസാരിക്കുന്നു. ചെസ്സ് കളിക്കാരുടെ അടുത്ത് പോയി നിന്നെങ്കിലും അവർ തല പൊക്കിപ്പോലും നോക്കിയില്ല. സ്ത്രീകളോട് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കേണ്ട താമസം അവർ കൂടെ നിൽക്കുക മാത്രമല്ല , അതിലൊരു സ്ത്രീ എന്റെ തോളിൽ കൈയ്യും ഇട്ടു പോസ് ചെയ്തു.

നൊങ്കു,
തങ്കുൽ നാഗന്മാരെ പറ്റി പറഞ്ഞ കഥകൾ ഓർമ വന്നു. വളരെ ധൈര്യശാലികളും ആരെയും കൂസാത്ത പ്രകൃതിക്കാരുമാണ് തങ്കുൽ നാഗ്നമാർ. മണിപ്പൂർ ഉള്ള എല്ലാവരും മണിപ്പൂരി ഭാഷ സംസാരിക്കുമ്പോൾ ഇവർ തങ്കുൽ ഭാഷയാണ് സംസാരിക്കുക. ഇവരുടെ പിടിപാടു കാരണം സിബിഎസ്ഇ ആദ്യമായി അംഗീകരിച്ച വടക്ക് കിഴക്കൻ ഗോത്ര ഭാഷ തങ്കുൽ ആയിരുന്നു.

കുറച്ചു നേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്ന ശേഷം ഫാംഗ്രി എന്ന സ്ഥലത്തേക്ക് പോയി. അവിടെ നിന്നാണ് ശിരുയി ലില്ലി കാണാൻ ട്രെക് ചെയ്തു പോകേണ്ടത്. അര മണിക്കൂർ കൊണ്ട് അവിടെ എത്തി. പത്തു രൂപ എൻട്രി ഫീ കൊടുത്ത് വേണം കയറി തുടങ്ങാൻ.

ലില്ലി പൂക്കുന്ന സമയം അല്ല എന്നറിഞ്ഞിട്ടും എനിക്ക് ട്രെക്കിങ്ങ് പോകാൻ നല്ല ഉത്സാഹമായിരുന്നു. നീലകുറിഞ്ഞി പന്ത്രണ്ട് കൊല്ലത്തിൽ ഒരിക്കലേ പൂക്കൂ എന്നറിഞ്ഞിട്ടും എത്രയോ തവണ കുറിഞ്ഞി പൂക്കുന്ന കുന്നുകൾ സന്ദർശിക്കാൻ പോയിട്ടുണ്ട്.

അധികം കുത്തനെ അല്ലാത്ത കയറ്റമായിരുന്നു. തമോ പറഞ്ഞു ബുള്ളറ്റിൽ തന്നെ പോകാൻ പറ്റും എന്ന്. പുള്ളിടെ കോൺഫിഡൻസ് കണ്ട് ഞാൻ കയറിയിരുന്നു. കുന്ന് കയറുന്ന ബുള്ളറ്റ് ഒരു ഭീകരൻ ആണല്ലോ എന്ന് മനസ്സിൽ കരുതി കണ്ണ് തുറന്നതും ആകാശമാണ് കാണുന്നത്. ഒരു നിമിഷം കിളി പോയി. പിന്നെയാണ് ആ സത്യം ഞാൻ മനസിലാക്കിയത് . ഞാൻ ബുള്ളറ്റിൽ നിന്നും തെറിച്ചു നിലത്താണ് കിടക്കുന്നത്.

ആദ്യത്തെ ചിന്ത കൈയ്യോ കാലോ നടുവോ വല്ലതും ഒടിഞ്ഞോ എന്നതായിരുന്നു. അനക്കി നോക്കിയപ്പോൾ വലിയ പ്രശ്നമില്ല. കൈയും കാലും മുട്ടും എല്ലാം ഒരഞ്ഞ് ചോര പൊടിക്കുന്നുണ്ട്. മനസ്സിൽ അമ്മയുടെ പ്രാർത്ഥനക്ക് ഞാൻ നന്ദി പറഞ്ഞു. പലപ്പോഴും ആപത്തിൽ നിന്നും ഞാൻ രക്ഷപെടുന്നത് എന്റെ അമ്മയുടെ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രമാണെന്ന് എനിക്ക് അടിയുറച്ച് വിശ്വാസമുണ്ട്. കാരണം ദൈവഭയം ഉണ്ടെങ്കിൽ കൂടി ദിവസവും പ്രാർത്ഥിക്കുക, അമ്പലത്തിൽ പോകുക എന്നുള്ളതൊക്കെ എനിക്ക് മടിയുള്ള കാര്യമായിരുന്നു.

പതുക്കെ എഴുന്നേറ്റ് നോക്കിയപ്പോ ബുള്ളറ്റ് നിലമ്പരിശായി കിടക്കുന്നു. ഞാനും തമോയും ശ്രമിച്ചെങ്കിലും അത് നിവർത്തി വെക്കാൻ പറ്റുന്നില്ല. പിന്നെ റോഡിൽ പോയി ആളുകളെ കൂട്ടി വന്ന് ബുള്ളറ്റ് തിരികെ റോഡിൽ എത്തിച്ചു. വീഴ്ചയോടെ ലില്ലിയെ കാണാനുള്ള പദ്ധതി ഉപേക്ഷിച്ചു. എത്രയും പെട്ടന്ന് തിരികെ ഇംഫാൽ എത്താൻ ധൃതിയായി.

എന്റെ അവസ്ഥ മനസ്സിലാക്കിയ തമോ വണ്ടി തിരിച്ചു ഇംഫാൽ ലേക്ക് വിട്ടു. വീഴ്ചയിൽ പറന്നു പോയ കിളി തിരികെ എത്താൻ സമയം എടുത്തത് കൊണ്ട് തിരിച്ചു പോകുന്ന വഴിക്ക് ഫോട്ടോ ഒന്നും എടുക്കാൻ നിന്നില്ല. ഇംഫാൽ എത്തിയപ്പോഴാണ് ഒന്ന് ബോധവും ശ്വാസവും നേരെ ആയത്.

നമ്മുടെ ചില യാത്രകൾ പാളി പോകും. പക്ഷേ,
അതുകൊണ്ടൊന്നും നമ്മൾ തളരരുത്. മുന്നോട്ട് തന്നെ ചുവടു വെക്കണം. റിസ്ക് എടുക്കണം. പുതിയ യാത്രകൾ പോകണം. കൂടുതൽ ദൂരം സഞ്ചരിക്കണം. പാളിപ്പോയ യാത്രകളും നമുക്ക് ധാരാളം അറിവുകളും അനുഭവങ്ങളും പ്രധാനം ചെയ്യും. സംശയമില്ല!

 

Likes:
0 0
Views:
30
Article Categories:
IndiaManipurTravelogues

Leave a Reply

Your email address will not be published. Required fields are marked *