Contact About Mitra Change Language to മലയാളം

സോളോ തക്ഷങ് പര്യടനം (tiger’s nest monastery)

 

ഭൂട്ടാൻ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരിക ഭൂട്ടാനിലെ മലമുകളിൽ സ്ഥിതി ചെയ്യുന്ന പുരാതനവും പരിപാവനവുമായ ബുദ്ധമഠം “തക്ഷങ്” ആണ്.

സഞ്ചാരികളെ ഭൂട്ടാനിലേക്ക് ഏറ്റവും കൂടുതൽ ആകർഷിക്കുന്നതും ഭൂട്ടാന്റെ മുഖമുദ്രയായ തക്ഷങ് തന്നെ. തക്ഷങ് അഥവാ ടൈഗേഴ്സ് നെസ്റ്റ് മോണാസ്റ്റ്റി സ്ഥിതി ചെയ്യുന്നത് പാരോ നഗരത്തിൽ ആണ്.

അതി രാവിലെ ഇറങ്ങിയാൽ അധികം വെയിൽ കൊള്ളേണ്ടി വരില്ല എന്ന് വായിച്ചത് പ്രകാരം കൊച്ചു വെളുപ്പാൻ കാലത്ത് ഞാൻ ഹോം സ്റ്റേ നിന്നും ഇറങ്ങി ഷെയർ ടാക്സി പിടിച്ച് പന്ത്രണ്ടു കിലോമീറ്റർ അകലെയുള്ള ബേസ് ക്യാമ്പിൽ ഏഴ് മണിക്ക് എത്തി. ടിക്കറ്റ് കൗണ്ടർ 7.45 നെ തുറക്കൂ. അവിടെ ചുറ്റി നടന്നപ്പോൾ വടി വിൽക്കുന്ന കുട്ടിയെ പരിചയപെട്ടു. ഞാൻ ഒറ്റക്കാണ് എന്നറിഞ്ഞപ്പോൾ എന്നോട് ഭയങ്കര സ്നേഹവും കരുതലും പ്രകടിപ്പിച്ചു. ഒരു വടി വാങ്ങാൻ പോയ എന്നേ കൊണ്ട് സ്നേഹപൂർവം നിർബന്ധിച്ച് രണ്ട് വടി വാങ്ങിപ്പിച്ചു.7.30 ആയപ്പോൾ കൗണ്ടർ തുറന്നു. 500 രൂപയുടെ ടിക്കറ്റും എടുത്ത് വടി കുട്ടിയോട് യാത്രയും പറഞ്ഞു ഞാൻ എന്റെ പര്യടനം തുടങ്ങി.

ഒരു ചെറിയ നടപ്പാതയിലൂടെ, പൈൻ മരങ്ങൾക്കിടയിലൂടെയായിരുന്നു നടക്കേണ്ടത്. ഇരുന്നൂറ് മീറ്റർ മുന്നോട്ട് പോയപ്പോൾ തുറസ്സായ ഒരു സ്ഥലത്ത് കുറേ ഏറെ കുതിരകളെ മേയ്ക്കുന്നു. നടന്നു കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് കുതിര പുറത്ത് കയറി പകുതി ദൂരം വരെ സഞ്ചരിക്കാം.

കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോൾ ഒരു വലിയ മല. ഏറ്റവും മുകളിൽ പൊട്ട് പോലെ തക്ഷങ്. ഈശ്വരാ” എന്നുള്ള നിലവിളിയാണ്‌ ആദ്യം വന്നത്. ഒരു കിലോമീറ്റർ പൊക്കത്തിൽ സ്ഥിതി ചെയ്യുന്ന തക്ഷങ് കാഴ്ച്ച ഞെട്ടൽ ഉളവാക്കി. ഏതായാലും മുന്നോട്ട് വെച്ച കാൽ പിന്നോട്ട് ഇല്ലാ എന്ന് തീരുമാനിച്ചു . ഒറ്റയ്ക്കായതു കൊണ്ട് തീരെ പറ്റുന്നില്ലെങ്കിൽ തിരിച്ച് വരാമല്ലോ എന്നും ആശ്വസിച്ചു നടപ്പ് തുടർന്നു.

കുറച്ചു നടന്നപ്പോൾ ഒരു ഉണങ്ങി വരണ്ട അരുവി കണ്ടൂ. അരുവിയിൽ മൂന്ന് വലിയ പ്രയർ വീൽ ഘടിപ്പിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഗതിക്കൊപ്പം കറങ്ങാൻ. അവിടെ നിന്നങ്ങോട്ട്‌ കയറ്റം തുടങ്ങുകയായി. നാലടി വീതിയുള്ള ഒരു ചെറിയ മലമ്പാത. രാവിലെ ആയതു കൊണ്ട് ഒറ്റ മനുഷ്യർ ഇല്ല. ഒരു സൈഡിൽ കുത്തനെയുള്ള മലഞ്ചെരിവ്. മറുഭാഗത്ത് നിബിഡമായ വനം. പ്രകൃതിയെ അടുത്തറിഞ്ഞ യാത്ര ചെയ്യാൻ പറ്റിയ ഒരു മനോഹര അനുഭവം.

ഒന്നര മണിക്കൂറോളം ഈ നടപ്പ് തുടർന്നു. അവസാനം ആദ്യത്തെ വ്യൂ പോയിന്റ് എത്തി.

ഒരു വലിയ പ്രയർ വീൽ അവിടെയും സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്ത് ഒരു മര തൂണിൽ ഒരു നിരയിൽ ചെറിയ പ്രയർ വീലും, വർണാഭമായ പ്രയർ ഫ്ളാഗ് കാറ്റത്ത് പാറി കളിച്ചു. അവിടെ നിന്ന് തക്ഷങ്ങിന്റെ ആദ്യത്തെ വ്യക്തമായ ദൃശ്യം കാണാം. അവിടെ ഒരു ക്യാന്റീൻ പ്രവർത്തിക്കുന്നുണ്ട്. സാധങ്ങൾക്ക് തീ വിലായാണേന്ന് മനസ്സിലാക്കിയതു കൊണ്ട് ആ വഴിക്ക് നോക്കുക പോലും ചെയ്യാതെ മുന്നോട്ട് നടന്നു.

അവിടെ നിന്ന് കയറ്റം കുറവായിരുന്നു. കൂടുതലും നിരപ്പായ സ്ഥലങ്ങൾ. ഒരു മണിക്കൂറോളം നടന്നു രണ്ടാമത്തേ വ്യൂ പോയിന്റ് എത്തി. തക്ഷങ്ങിന്റെ മൊത്തത്തിലുള്ള ഏറ്റവും മനോഹരമായ ചിത്രം എടുക്കുവാൻ പറ്റിയ സ്ഥലം ഇതാണ്. രാവിലെ ആയതു കൊണ്ട് സഞ്ചാരികൾ ആരുമില്ല. ഭാഗ്യവശാൽ അവിടെ എത്തിയ ബ്രസീൽ സ്വദേശിയെ കൊണ്ട് ഞാൻ എന്റെ ഫോട്ടോ എടുപ്പിച്ചു.സാധാരണ ഇവിടെ ഫോട്ടോ എടുക്കാൻ നീണ്ട ക്യൂ നിൽക്കേണ്ടി വരും. ഞങ്ങൾ ഇറങ്ങാൻ നേരത്ത് കുറച്ചു ബുദ്ധ കുട്ടി സന്ന്യാസികൾ അവിടെ എത്തി ചേർന്നു.

പിന്നീട് അങ്ങോട്ട് 300 പടികൾ ഇറങ്ങി. ഒരു ചെറിയ പാലത്തിൽ എത്തി. ഇവിടെ 200 അടിയോളം മുകളിൽ നിന്നും ഒരു വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നു. വേനൽ കാലം ആയതിനാൽ ഒരു ചെറിയ നീരൊഴുക്ക് മാത്രമേ ഒണ്ടായിരുന്നുള്ളൂ. അവിടെ നിന്നും നൂറു പടികൾ മുകളിലോട്ട് കയറിയാൽ തക്ഷങ് ആയി. മനസ്സിൽ വിചാരിച്ചതിലും വളരെ അധികം വലിപ്പം ഉണ്ടായിരുന്നു ആ ബുദ്ധമഠത്തിന്. അവിടെ വെച്ച് ജീവിതത്തിൽ ആദ്യമായി ഒരു ബുദ്ധ സന്ന്യാസ്സിനിയെ കാണാൻ പറ്റി.

ടിക്കറ്റ് പരിശോധിച്ച ഭൂട്ടാൻ പോലീസുകാരൻ വേണ്ട നിർദേശങ്ങൾ തന്നു. കൈയിലുള്ള എല്ലാ സാധനങ്ങളും അവിടത്തെ ലോക്കർ റൂമിൽ വെക്കണം.നമ്മുടെ കൂടെ ഒരു ഗൈഡിനെ വിട്ടു തരും. എന്റെ കൂടെ പൂനയിൽ നിന്നുള്ള ശാന്തനുവും, സുമേദും ആയിരുന്നു. ഞങ്ങൾക്ക് മൂന്നു പേർക്കും കൂടി ഒരു സുന്ദരി ഭൂട്ടാൻ ചേച്ചി ആയിരുന്നു ഗൈഡ്.

പ്രധാന ബിൽഡിംഗിൽ കയറുന്നതിനു മുമ്പ് ഒരു കല്ലിന്റെ മുമ്പിൽ നിർത്തി. എന്നിട്ടു ഒരു ചെറിയ കുഴിവുള്ള പൊട്ട് നോക്കി പ്രാർത്ഥിക്കാൻ പറഞ്ഞു. കണ്ണടച്ച് ചൂണ്ടു വിരൽ കൊണ്ട് ഈ സ്ഥലത്ത് തൊടണം. തൊട്ടാൽ പ്രാർത്ഥിച്ച ആഗ്രഹം നടക്കും. സുന്ദരിക്ക് പോട്ട് കുത്തി പ്രൈസ് വാങ്ങിയ ഓർമ്മയിൽ സധൈര്യം കുത്തി എങ്കിലുംഎട്ടു നിലക്ക് പൊട്ടി. സുന്ദരി ചേച്ചിക്ക് സന്തോഷമായി.

ചേച്ചി ഞങ്ങളെ അകത്തേക്ക് കൂടി കൊണ്ടു പോയി. ഉള്ളിൽ കടന്നതും വല്ലാത്തൊരു അനുഭവം ആയിരുന്നു . ശീതികരിച്ച പോലത്തെ തണുപ്പായിരുന്നു ഉള്ളിൽ, ഭയങ്കര ശാന്തതയും. പെട്ടെന്ന് പേശികളെല്ലാം അയയുന്ന പോലെ തോന്നി. മുട്ട് കുത്തി അവിടെ മറ്റുള്ളവരെ അനുകരിച്ച് ഞാനും പ്രാർത്ഥിച്ചു. മനസ്സിന് ഭാരമെല്ലാം കുറഞ്ഞു ഒഴുക്കുന്ന പോലെയാണ് അവിടുന്ന് എഴുന്നേറ്റപ്പോൾ തോന്നിയത്.

ചേച്ചി ഒത്തിരി കാര്യങ്ങൾ കുറച്ചു നേരം കൊണ്ട് പറഞ്ഞു തന്നു. ആകെ മനസ്സിലായത് ബുദ്ധ ഗുരുവായ ഗുരു പദ്മസംഭവ ദുഷ്ട ശക്തികളിൽ നിന്നും രക്ഷ നേടാൻ തക്ഷങ് എത്തി ചേർന്നു. എത്തിയതോ, ഒരു കടുവയുടെ പുറത്തും. യോഗിനിയായ ഒരു പെൺകുട്ടി തന്ത്ര ശക്തിയാൽ കടുവയായി മാറി എന്നാണ് വിശ്വാസം. അദ്ദേഹം ഇവിടെ 3 വർഷം, 3 മാസം, 3 ആഴ്‍ച്ച, 3 ദിവസം, 3 മണിക്കൂർ ധ്യാനനിരതനായി. അദ്ദേഹം ധ്യാനിക്കാൻ ഉപയോഗിച്ച ഗുഹ ഇന്നും തക്ഷങ്ങിൽ കാണാം.

ഏതായാലും ബുദ്ധമതക്കാരുടെ വിശ്വാസ പ്രകാരം ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ 90 ശതമാനം പാപങ്ങളും തീരുമെന്നാണ് വിശ്വാസം അത് കൊണ്ട് തന്നെ സഞ്ചാരികളെ പോലെ തന്നെ തദ്ദേശ വാദികളും ധാരാളമായി തക്ഷങ് സന്ദർശിക്കാറുണ്ട്. ഏകദേശം ഒരു മണിക്കൂർ കൊണ്ട് തക്ഷങ് മൊത്തം ചുറ്റി കണ്ടൂ. പുറത്തിറങ്ങി താഴോട്ട് നോക്കിയാൽ കണ്ണെത്താ ദൂരത്തോളം നിബിഡ വനവും, പൊട്ട് പോലെ ബേസ് ക്യാമ്പും എല്ലാം കാണാം.

11.30 ന് ഞാനും പൂനക്കാരായ എന്റെ പുതിയ കൂട്ടുകാരോടൊപ്പം തിരികെ ഇറക്കം തുടങ്ങി. നല്ല വെയിലുണ്ടായിരുന്നു വഴിയിൽ .മലകയറുന്ന സഞ്ചാരികളുടെ തിരക്ക് കൂടി വരുന്നു.. ഇറങ്ങാനായിരുന്നു കയറുന്നതിനേൽ ബുദ്ധിമുട്ട്. രണ്ട് വടിനിർബന്ധിച്ച് തന്ന ആ സുന്ദരിക്കുട്ടിയോട് മനസ്സാ നന്ദി പറഞ്ഞു. പരസഹായം കൂടെ താഴെ എത്താൻ കുറഞ്ഞത് രണ്ട് വടി തന്നെ വേണം.

ഒന്നേ മുപ്പതോടെ ഞങ്ങൾ താഴെയെത്തി.എന്നെ കണ്ടതും സന്തോഷത്തോൽ അവൾ ഓടി വന്നു കെട്ടിപ്പിടിച്ചു. ഇതാണ് കരുന്നുകളുടെ സ്നേഹം.. അല്ലെങ്കിലും അവളുടെ സംസ്കാരം തന്നെ അവളെ പഠിപ്പിക്കുന്നത് അതു തന്നെയല്ലേ. സ്നേഹം, ആഥിത്യ മര്യാദ … ലോകത്തെ ഏറ്റവും സന്തോഷവാൻമാരായ ജനങ്ങൾ ഭൂട്ടാക്കാരാണെന്ന് പറഞ്ഞ് കേട്ടിട്ടുള്ളത് വെറുതെയല്ല. അവൾക്ക് മിഠായിയും പൈസയും വാങ്ങാൻ പൈസ കൊടുത്തപ്പോൾ അവൾ സന്തോഷത്തോടെ കൈപറ്റി. തിരിച്ച് ഞാൻ പുനേ സുഹൃത്തുക്കൾക്ക് വേണ്ടി കാത്തുകിടന്ന ടാക്ലിയിൽ പാരോയിലേക്ക് പോയി.

ദുർഘടമായ കാനന പാതയിലൂടെ തക്ഷങ് എത്തി പെടുക അത്ര നിസ്സാര കാര്യമല്ല. പക്ഷേ തക്ഷങ് എത്തി കഴിയുമ്പോൾ ഈ കഷ്ടപ്പാട് വെറുതേ ആയില്ല എന്ന് ബോധ്യം വരും. മനസ്സിനെ നിർമലീകരിച്ച്, നമ്മളിൽ ഒരു പ്രത്യേക ശക്തിയും ശാന്തതയും തക്ഷങ് പ്രധാനം ചെയ്യും.

യാത്രാ ടിപ്സ്

1. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് തക്ഷങ് തുറന്നിരിക്കുന്നത്. ഉച്ചക്ക് 1-2 വരെ അടക്കും.

2. മോണസ്റെറിക്ക് ഉള്ളിൽ കയറാനാണ് 500 രൂപ അടക്കേണ്ടത്. 7.45 നു ടിക്കറ്റ് കൗണ്ടർ തുറക്കും. ചിലർ ടിക്കറ്റ് എടുക്കാതെ നേരത്തേ തന്നെ പുറപ്പെടും. അവർക്ക് മുകളിൽ നിന്നും ടിക്കറ്റ് എടുക്കാൻ അന്ന് സൗകര്യം കണ്ടിരുന്നു.

3. കഴിവതും നേരത്തേ യാത്ര ആരംഭിക്കുക. വെയില് ഇല്ലാത്തപ്പോൾ മുകളിൽ എത്തിയാൽ ക്ഷീണവും ആയാസവും കുറയും.

4. ഒറ്റക്കാണ് യാത്ര ചെയ്യുന്നത് എങ്കിൽ താഴെ നിന്ന് തന്നെ രണ്ടു വടി വാങ്ങുക. ഒരു വടിക്ക്‌ 50 രൂപയാണ് നിരക്ക്.

5. വെള്ളവും ലഘു ഭക്ഷണവും കരുതണം.

6. ഷെയർ ടാക്സി വെയിറ്റ് ചെയ്യാൻ ഏർപ്പാടാക്കിയില്ലെങ്കിൽ തിരികെ പാരോക്ക്‌ വണ്ടി കിട്ടാൻ പാടാണ്.

7. വഴിയിൽ വിരളമായി ചില ഇടങ്ങളിൽ കുടിവെള്ളത്തിന് പൈപ്പ് ഉണ്ടായിരുന്നു.

8. തക്ഷങ്‌ കാണാനുള്ള ഇപ്പോഴത്തെ ( jan 2020) നിരക്ക് 1000 രൂപയാണ്. മോണാസ്റ്റ്ററി കാണാൻ മാത്രം ആണ് ടിക്കറ്റ് വേണ്ടത്. മോനസ്റ്റ്ററി വെരെ ട്രെക്ക് ചെയ്യാൻ, ഫോട്ടോ എടുക്കാൻ ടിക്കറ്റ് വേണ്ട.

 

Normal 0 false false false EN-US X-NONE X-NONE MicrosoftInternetExplorer4

 

For more photos related to my trip please visit https://www.facebook.com/Wind-in-my-hair-308490250040609/

Please follow me in instagram for more information and photos :
windin_my_hair

 

Subscribe channel for vlogs : https://www.youtube.com/channel/UCRX80bDsbIW6mm8m4xdUwCw

Leave a Reply

Your email address will not be published. Required fields are marked *