കുറച്ചു നാളായി ഒരാഗ്രഹം – മരുഭൂമിയിൽ ഒരു രാത്രി ചിലവിടണം. അങ്ങിനെ കോളേജിൽ എന്റെ സീനിയർ ആയി പഠിച്ച ആശേച്ചിയെ കൂട്ടി ജൈസൽമേർ കാണാൻ പുറപെട്ടു ( രാജസ്ഥാനിൽ ശരിക്കുമുള്ള മരുഭൂമി കാണണം എങ്കിൽ ജൈസൽമേർ അല്ലെങ്കിൽ ബിക്കാനീർ പോകണം) . ഫ്ലൈറ്റിൽ ഉദയ്പുർ എത്തി അവിടെ നിന്നും 12 മണിക്കൂർ ബസിൽ യാത്ര ചെയ്തത് രാവിലെ 7.30 ന് ജൈസൽമേർ എത്തി.
മരുഭൂമിയിലെ താമസ സ്ഥലത്ത് പോകാൻ ഉച്ചക്കേ വണ്ടി വരൂ. അത് കൊണ്ട് റൂമിൽ പോയി ഫ്രഷ് ആയി ജൈസൽമേർ കോട്ട കാണാൻ പുറപെട്ടു. Home stay നടത്തിപ്പുകാരൻ ഗൈഡിനെ അറേഞ്ച് ചെയ്തു തരാമെന്ന് പറഞ്ഞപ്പോൾ അയാളുടെ ഉദ്ദേശ ശുദ്ധിയെ മനസ്സിൽ ചോദ്യം ചെയ്ത്, ഇവിടെ വരെ എത്താമെങ്കിൽ ഒരു ഗൈഡിനെ കണ്ടെത്താനാണോ ബുദ്ധിമുട്ടെന്ന ഭാവത്തിൽ ഞങ്ങൾ കോട്ടയിലേക്കു തിരിച്ചു. കോട്ടയിൽ എത്തിയപ്പോ ഒരന്തവും കുന്തവും പിടികിട്ടുന്നില്ല. പിന്നെ ഗൈഡിനെ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങി.
അപ്പോഴാണ് ദൈവദൂതനെപോലെ പ്രായം ചെന്ന ഒരു മനുഷ്യൻ ഞങ്ങളുടെ അടുത്തുവന്ന് ഗൈഡ് വേണോ എന്ന് ചോദിക്കുന്നത്. തേടിയ വള്ളി കാലിൽ ചുറ്റി. സന്തോഷത്തോടെ സമ്മതം മൂളി. അപ്പോ പുള്ളി ഒരു ഫോട്ടോ എടുത്തു കാണിച്ചു ”എന്നെ മനസിലായോ ഞാനാണ് ദേവ ആനന്ദ് (പ്രശസ്ത ഹിന്ദി നടൻ) കോട്ട കാണാൻ വന്നപ്പോൾ കാണിച്ചു കൊടുത്തത്” . പടത്തിന്റെ പഴക്കം കാരണം ദേവ് ആനന്ദ് പോയിട്ട് മനുഷ്യനാണെന്ന് പോലും തിരിച്ചറിയാൻ പറ്റുന്നില്ല. മുഖത്ത് ആശ്ചര്യ ഭാവം വരുത്തി പുള്ളിയെ സന്തോഷിപ്പിച്ചു.
ഞങ്ങൾ മെല്ലേ പുള്ളിക്കൊപ്പം നടന്നു. നോക്കുമ്പോ അവിടെയുള്ള എല്ലാവരും ഞങ്ങളെ നോക്കി ചിരിക്കുന്നു. സൗന്ദര്യം ഒരു ശാപം ആണല്ലോ ഈശ്വരാ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അടുത്ത കടയിൽ വെള്ളം കുടിക്കാൻ കയറിയപ്പോഴാണ് കടക്കാരൻ പറയുന്നത് ഞങ്ങൾ ഗൈഡ് എന്ന് പറഞ്ഞു കൂടെ കൂട്ടിയിരിക്കുന്നത് ഒരു ഭ്രാന്തനെ ആണെന്ന്. അപ്പോഴാണ് ആളുകളുടെ ചിരിയുടെ പിന്നിലെ സത്യം ഞങ്ങൾ മനസ്സിലാക്കിയത്. പകച്ചു പോയി ഞങ്ങടെ ബാല്യം. പിന്നീട് അവിടെ നിന്ന് ‘ദേവ് ആനന്ദ് ഗൈഡിന്റെ’ ന്റെ കണ്ണ് വെട്ടിച്ച് ഒറ്റ മുങ്ങൽ…… പിന്നെ പൊങ്ങിയത് ഒരു കിലോമീറ്റർ അകലെ…..
അപ്പോളേക്കും വെള്ള ഷർട്ടും പാന്റ്സും ഇട്ട യഥാർത്ഥ ഗൈഡിനെ കിട്ടി. മണിക്കൂറിന് 100 രൂപ. പുള്ളി ഒരറ്റം മുതൽ കാണിച്ചു തുടങ്ങി. പതിനൊന്നാം നൂറ്റാണ്ടിൽ രാവൾ ജയ്സ്വാൾ ആണ് ഈ കോട്ട പണികഴിപ്പിച്ചത്. ജൈസൽമേർ കോട്ട ലോകത്തിലെ ചുരുക്കം ചില ‘living forts’ ൽ ഒന്നാണ്. അതായത് കൊട്ടക്കുള്ളിൽ ആയിരകണക്കിന് മനുഷ്യർ ഇപ്പോഴും താമസിക്കുന്നു. പണ്ടത്തെ കോട്ട വാസികളായ ഭടന്മാരുടെയും മറ്റും പിന്തുടർച്ച അവകാശികൾ ഇന്നും ഇവിടെ താമസിക്കുന്നു. ചില വീടുകൾ home stay ആയും, കഫെ ആയും പ്രവർത്തിക്കുന്നു.
ഇത് ലോക പൈതൃക കോട്ടയായി സംരക്ഷിക്കപ്പെടുന്നൂ. കോട്ടയെ ഗോൾഡൺ ഫോർട്ട് എന്നും വിശേഷിപ്പിക്കും. സൂര്യരശ്മികൾ ഏൽക്കുമ്പോൾ ഈ കോട്ട നിർമ്മിച്ചിരിക്കുന്ന യെല്ലോ സാന്റ്സ്റ്റോൺ സ്വർണ്ണ നിറത്തിൽ തിളങ്ങുന്നതാണ് ഈ വിശേഷണത്തിനു കാരണം. മറ്റൊരു പ്രത്യേകത ഈ കോട്ട പണിതിരിക്കുന്നത് വലിയ കല്ലുകൾ ഒന്നിനു മേലേ ഒന്നായി അടുക്കി വെച്ചാണ്. ഈ കാലുകൾക്കിടയിൽ സിമിന്റ് പോലുള്ള മിശ്രിതങ്ങളോ പശയൊ ഒന്നും ഇല്ല എന്നത് ഏറെ കൗതുകമായി.
കുറച്ചകലെ നിന്നും മനോഹരമായ ഒരു സംഗീതം കേട്ടു. പ്രായം ചെന്ന ഒരു മനുഷ്യൻ ‘രാവണ് ഹത്ത’ എന്ന വാദ്യോപകരണം വായിക്കുന്നു. നോക്കുമ്പോ സംഭവം വെരി സിംപിൾ. എങ്കിൽ ഒരു കൈ നോക്കാം എന്ന് വിചാരിച്ച് ഞാനും ചേട്ടന്റെ കൂടേ കൂടി. പുള്ളി ‘രാവണ് ഹത്ത’ എന്റെ കൈയ്യിൽ പിടിപ്പിച്ചു തന്നു. ഞാൻ വായന തുടങ്ങി, ‘പാറ പുറത്ത് ചിരട്ട ഉരക്കുന്ന’ ശബ്ദം കേട്ട് ആളുകൾ ചുറ്റും കൂടി തുടങ്ങി. ഞാൻ എന്റെ അഭ്യാസ പ്രകടനം അവസാനിപ്പിച്ച് ചുറ്റും കൂടിയ ഫാൻസിനെ തള്ളി മാറ്റി കേട്ടയിൽ നിന്നും ഒരുതരത്തിൽ രക്ഷപെട്ടു.
കോട്ടയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന, 500 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ജെയിൻ ക്ഷേത്രം ഒരു ശില്പ വിസ്മയം തന്നെ …… പല ചെറു ക്ഷേത്രങ്ങൾ ചേരുന്നതാണ് ഈ ജെയിൻ ക്ഷേത്രം. ഇതിന്റെ മേൽത്തട്ടിൽ ചെയ്തു വെച്ചിരിക്കുന്ന കൊത്തുപണികൾ വിസ്മയിപ്പിക്കുന്നത്. കഴുത്ത് വളച്ച് മേൽപ്പോട്ട് നോക്കി നിൽക്കാൻ നന്നേ കഷ്ടപ്പെടുന്നതിനിടയിലും ഇത് കൊത്തിവച്ചവരെ ശരിക്കും നമിച്ചു പോയി. ജൈന ക്ഷേത്രം മാത്രം മൊത്തം ഒന്ന് ഓടി കണ്ട് ഇറങ്ങാൻ ഒരു മണിക്കൂറോളം എടുത്തു.
പിന്നെ അതിനടുത്തുള്ള ഒരു ഹവേലി സന്ദർശിച്ചു. അവിടെ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റും പ്രദർശിപ്പിച്ചിരുന്നു. പഴയകാലത്ത് ഉണ്ടായിരുന്ന ഒരു ‘ice cream maker’ അവിടെ കണ്ടപ്പോൾ ശെരിക്കും അദ്ഭുതം തോന്നി. അന്നേ മനുഷ്യർ ഇതൊക്കെ ഉപയോഗിക്കും ആയിരുന്നോ എന്ന്.
തലപ്പാവ് വെച്ച് ഫോട്ടോ എടുക്കാനും മറ്റും അവസരം ഒരുക്കിയിട്ടുണ്ട്. ഹവേലി യിൽ ഏറ്റവും രസം അവരുടെ ലിവിംഗ് റൂം ആയിരുന്നു. അവിടെ നമ്മുടെ അഭിനയ കലയെ വളർത്താൻ ഉതകുന്ന രീതിയിൽ കുറെ സാധനങ്ങൾ വെച്ചിരുന്നു. ഞാനും ആശേച്ചിയും അങ്ങോട്ടും ഇങ്ങോട്ടും വീഞ്ഞ് പകർന്നു കളിച്ചു. പിന്നെ ദിവാൻ എന്ന മട്ടിൽ അല്പം ജാടയോക്കെ ഇട്ട് ഇരുന്ന് കുത്തികുറിക്കുന്ന ഫോട്ടൊയൊക്കെ എടുത്ത് ഞങ്ങൾ ഇറങ്ങി.
കോട്ടയുടെ മതിലിന്റെ മുകളിൽ പല സ്ഥലങ്ങളിൽ ആയി ചെറുതും വലുതുമായ ധാരാളം പീരങ്കികൾ കണം. ഈ പീരങ്കിയുടെ അടുത്ത് നിന്നാൽ ചുറ്റും പടുത്തുയർത്തിയ ഗൃഹ സമുശ്ചയങ്ങളുടെ മനോഹരമായ ദൃശ്യം കാണാം. ഇടുങ്ങിയ ഇടനാഴികളുടെ ഇരു വശത്തും ചെറിയ ചെറിയ കടകളാണ്. തുണി , ഒട്ടകത്തിന്റെ തോൽ കൊണ്ടുണ്ടാക്കിയ ബാഗ്, ഷൂ വിൽക്കുന്ന കടകൾ, ഫാൻസി ആഭരണ കടകൾ , കരകൗശല സാധനങ്ങൾ വിൽക്കുന്ന കടകൾ അങ്ങിനെ അങ്ങിനെ ഒരു സഞ്ചാരിയുടെ കീശ കാലിയാക്കാൻ പറ്റിയ അവസരം ഇവിടെ ഒരുക്കിയിരിക്കുന്നു.
രസകരമായി തോന്നിയ വേറൊരു കാര്യം , ഈ കോട്ടക്കകത്ത് താമസിക്കുന്ന ആളുകളുടെ വീട്ടിൽ എന്തേലും വിവാഹമോ, പൂണൂൽ കല്യാണമോ മറ്റെന്തെങ്കിലും വിശേഷമോ നടക്കുന്നെങ്കിൽ വീടിന്റെ മുന്നിലെ ഭിത്തിയിൽ പൈന്റ് ഉപയോഗിച്ച് ഗണപതിയുടെ ഒരു ചിത്രം വരച്ച് ഒരു ക്ഷണപത്രം പോലെ അടയാളപ്പെടുത്തി വേക്കും. അടുത്ത ഒരു പരിപാടി വരുന്നത് വരെ ഇത് ആ ഭിത്തിയിൽ ഉണ്ടാകും.
എടുത്ത് പറയേണ്ട വേറൊരു കാര്യം ‘ദാൽ പക്വൻ’ എന്ന ഒരു വിഭവമാണ്. കോട്ട വാതിലിനടുത്ത് വഴിവക്കിലെ മിക്കവാറും എല്ലാ കടകളിലും ഇത് ലഭിക്കും. ഗോതമ്പ് കൊണ്ടുണ്ടാക്കിയ ഒരു വലിയ പപ്പടം, അതിന്റെ നടുവിൽ പരിപ്പ് ഒഴിച്ച്, ഉള്ളിയും തക്കളിയുമൊക്കെ ഇട്ട് അലങ്കരിച്ചു കൈയ്യിൽ വെച്ച് തരും. ഇത് കഴിക്കാൻ ക്യൂ നിൽക്കേണ്ടി വരും അത്രക്ക് തിരക്കാണ്.
കോട്ടക്കുള്ളീൽ രാജാ കാ മഹൽ, റാണി കാ മഹൽ തുടങ്ങിയ മ്യൂസിയങ്ങളും ഉണ്ട്. അതൊന്നും സമയ കുറവ് കാരണം സന്ദർശിക്കാൻ പറ്റിയില്ല. പിന്നെ കോട്ടക്ക് പുറത്തായി പാറ്റ്വോം കി ഹവേലി, നത്മാൽ കി ഹവേലി, സലിം സിംഗ് കി ഹവേലി മുതലായ പഴയ കാലത്തെ ദിവാൻമരുടെ വീടും കാണുവാൻ കഴിയും. കോട്ടയ്ക്ക് അടുത്ത് തന്നെയാണ് ഗഢിസർ തടാകം. ജൈസൽമേർ മൊത്തം ചുറ്റി കാണാൻ ഒരു രണ്ടു ദിവസം എങ്കിലും ചുരുങ്ങിയത് വേണം.
രാജസ്ഥാൻ യാത്രയിൽ പല കോട്ടകൾ സന്ദർശിക്കാൻ അവസരം ലഭിച്ചെങ്കിലും ഏറ്റവും ഹൃദ്യമായ അനുഭവം ജൈസൽമേർ കോട്ട സന്ദർശനം തന്നെ….. അപ്പോ നിങ്ങളും പോകില്ലേ ഈ സ്വർണ കോട്ടയിലെ വിസ്മയങ്ങൾ കാണാൻ ?