Contact About Mitra Change Language to മലയാളം

ഹംപിയിലെ ‘ആട് ജീവിതം’ !!!  

ഹംപിയിലേക്കുള്ള യാത്രക്കിടയിലാണ്  ,
ഹൈവേയുടെ വശത്തുകൂടി ആടുകളെ കൂട്ടത്തോടെ കൊണ്ട്  പോകുന്ന ഇടയന്മാർ ശ്രദ്ധയിൽപ്പെട്ടത്.

വണ്ടി ഒതുക്കി നിർത്തി ഒരു പടം പിടിക്കാൻ സെറ്റപ്പായി ഇറങ്ങി നിന്നപ്പോഴേക്കും അവർ ഒരു ഇടവഴിയിലൂടെ മറഞ്ഞു . ആ കാഴ്ച്ച പകർത്താൻ പറ്റാത്ത നിരാശയിലായിരുന്നു പിന്നീടുള്ള ഡ്രൈവ് . Hospet കഴിഞ്ഞതും നിരാശ മാറി, കാരണം പിന്നങ്ങോട്ട് ആട്ടിൻ കൂട്ടങ്ങളുടെ ഒരു ചാകര തന്നെയായിരുന്നു.

ആദ്യത്തെ കൗതുകവും ഫോട്ടോ എടുപ്പും കഴിഞ്ഞപ്പോൾ മനസ്സ് നിറയെ  അവരുടെ ജീവിത സാഹചര്യത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു ….

വൈകിട്ട് താമസസ്ഥലത്തു ചെന്ന ശേഷം ഗൂഗിൾ പരതിയപ്പോൾ കുറച്ചു വിവരങ്ങൾ ലഭിച്ചു. കർണാടകത്തിലെ ഇടയന്മാർ , കുറുബ സമുദായത്തിൽ പെട്ടവരായിരുന്നു. കന്നടയിൽ ‘കുരി’ എന്ന് വെച്ചാൽ ആട് എന്നാണർത്ഥം . അങ്ങിനെ ആടിനെ മേയ്ക്കുന്നവർ കുറുബർ ആയി . മാത്രമല്ല  പോരാളി എന്ന മറ്റൊരർത്ഥം കൂടിയുണ്ട്.

രാമചന്ദ്ര ചിന്താമണി ധേരെ എന്ന പ്രശസ്ത മറാത്തി എഴുത്തുകാരന്റെ പുസ്തകത്തിൽ സംഗമ രാജവംശം തന്നെ കുറുബരിൽ നിന്നാണ് തുടങ്ങിയത് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സംഗമ രാജവംശം ആണ് വിജയനഗര സാമ്രാജ്യത്തിനു അടിത്തറയിട്ടത്. കർണാടകത്തിലെ സംഖ്യ കൊണ്ട് മൂന്നാമത്തെ വലിയ സമുദായമായ കുറുബകൾ , കർണാടക രാഷ്ട്രീയത്തിൽ നിർണായകമായ പങ്കു വഹിക്കുന്നു. കഴിഞ്ഞ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ ഇവരുടെ സമുദായത്തിൽ നിന്നുള്ള ആളാണ് .

പരമ്പരാഗതമായി ആടിനെ മേക്കലാണ് ഇവരുടെ തൊഴിൽ . പാലിനും രോമത്തിനും വേണ്ടിയായിരുന്നു ആദ്യ കാലങ്ങളിൽ ഇവർ ആടിനെ വളർത്തിയിരുന്നത്. പ്രത്യേകതരം ഡെക്കാൻ ആടുകളെയാണ് കൂടുതലും വളർത്തിയിരുന്നത്. ഡെക്കാൻ ആടുകളുടെ രോമത്തിൽ നിന്നുണ്ടാകുന്ന കമ്പിളി പുതപ്പ് പണ്ടുകാലങ്ങളിൽ പട്ടാളത്തിലൊക്കെ ഉപയോഗിച്ചിരുന്നു. സ്ലീപ്പിങ് ബാഗ് , വിലകുറഞ്ഞ സിന്തറ്റിക് പുതപ്പുകളുമൊക്കെ വിപണിയിൽ എത്തിയതോടെ ഇവരുടെ പുതപ്പിന് ആവശ്യക്കാർ കുറഞ്ഞു. പാലിൽ നിന്ന് മാത്രമുള്ള  വരുമാനം തികയാതെ വന്നപ്പോൾ , ഇറച്ചിക്കായി പുതിയ ഇനം ആടുകളെ കൂടി വളർത്തി തുടങ്ങി.

ഇവർ എന്നും ആട്ടിൻകൂട്ടവുമായി യാത്രയിലാണ്. സ്വദേശത്തു നിന്നും അഞ്ഞൂറു  കിലോമീറ്റർ വരെ ആടുകളോടൊത്ത് കാൽനടയായി  സഞ്ചരിക്കാറുണ്ട്. ഏതെങ്കിലും ജന്മിയുടെ പറമ്പിൽ കുറച്ചു കാലം ആടുകളുമായി  താമസിക്കും. അവ പുല്ലും ഇലകളും തിന്ന് മേയുന്നതോടൊപ്പം കാഷ്ഠവും മൂത്രവുമൊക്കെ മണ്ണിൽ കലർന്ന് പറമ്പിലെ മണ്ണ് വളക്കൂറുള്ളതാകുന്നു. പകരം ജന്മി ഇവർക്ക് പൈസ, അരി ,വസ്ത്രങ്ങൾ തുടങ്ങിയവ കൊടുത്തിരുന്നു. രാസ വളങ്ങൾ കൂടുതൽ പ്രയോഗത്തിൽ വന്നതോടെ ഇങ്ങനെയുള്ള പറമ്പുകൾ ഇപ്പോൾ ലഭിക്കാതെയായി .

പക്ഷേ കുലത്തൊഴിൽ ഉപേക്ഷിക്കുന്നത് വലിയ അപരാധമായി കാണുന്നതു കൊണ്ട്  പാറപുറത്തൊക്കെ താമസിച്ചാണെങ്കിലും അവർ ആടുവളർത്തൽ ഇപ്പോഴും  തുടരുന്നുണ്ട്  .

രണ്ടുമൂന്നു മാസം ഒരു സ്ഥലത്തു താമസിക്കും . ചുറ്റുമുള്ള സ്ഥലങ്ങളിൽ ആടിനെ മേയ്ക്കും . പിന്നീട് അവർ സ്ഥലം മാറും. പലപ്പോഴും ഒന്നിലധികം കുടുംബങ്ങൾ ഒന്നിച്ചാണ് താമസിക്കുന്നത്. ഇവരുടെ ജീവിത കാഴ്ചകൾ നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു .

ഞാൻ താമസിച്ച സനാപൂർ ഗ്രാമത്തിൽ നിന്നും ഇരുപത്തിയേഴു കിലോമീറ്റർ മാറിയാണ് ഹംപി.
രാവിലെ ഹംപിയിലേക്ക് വണ്ടി ഓടിച്ചു പോകുമ്പോൾ വഴിയരികിലെ പാറയുടെ മുകളിൽ ഇടയന്മാരുടെ ടെന്റ് ശ്രദ്ധയിൽ പെട്ടിരുന്നു.

രണ്ടാം ദിവസം വൈകിട്ട് അതിലെ തിരിച്ചു പോരുമ്പോൾ പതിനഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി ടെന്റിനു മുന്നിൽ നിൽക്കുന്നതു കണ്ട് ഞാൻ വണ്ടി ഒതുക്കി, അങ്ങോട്ട് കയറി ചെന്നു . ഭാഷ അറിയാത്തതു കൊണ്ട് ഫോൺ കാണിച്ചു ഫോട്ടോ എന്നു പറഞ്ഞതും രണ്ടു കൈയും വീശി പറ്റില്ല എന്ന് പറഞ്ഞ് അകത്തേക്ക് പോയി. അടി കിട്ടാനുള്ള സാധ്യത കണക്കിലെടുത്ത് ഞാൻ വേഗം സ്ഥലം കാലിയാക്കി!

മൂന്നാം ദിവസം വൈകിട്ട് , ഞാൻ ഋഷിമുഖ് കാണാൻ ഇറങ്ങി. വഴി മോശമായതിനാൽ കാറിൽ പോകാൻ കഴിയില്ല. ഹംപിയിൽ ഹോം സ്റ്റേയും , ഗൈഡിനേയുമൊക്കെ  അറേഞ്ച് ചെയ്തു തന്ന മലയാളി വേരുള്ള സന്ദീപിനെ കൂട്ട് പിടിച്ച് ആക്ടിവയിലായിരുന്നു യാത്ര.

പോകുന്ന വഴിക്ക്‌ വീണ്ടും ആട്ടിൻ കൂട്ടത്തെ കണ്ടു. ഇത്തവണ സന്ദീപിന്റെ സഹായത്തോടെ ശങ്കരി എന്ന ഇടയനോട് സംസാരിച്ചു. ശങ്കരിയും വേറെ മൂന്നു ബന്ധുക്കളുമാണ് ആടുകളെ മേയ്ക്കാൻ നാട്ടിൽ നിന്നും പുറപ്പെട്ടത്. സ്കൂൾ അവധിയായതിനാൽ മകൻ വെങ്കിയും കൂടെയുണ്ടായിരുന്നു. രാവിലെ പ്രാതലിനു ശേഷം ഉച്ചക്കുള്ള ഭക്ഷണവും കൈയ്യിലെടുത്താണ് ആടുകളുമായി ഇറങ്ങിയിട്ടുള്ളത്. സന്ധ്യയാകുമ്പോൾ തിരിച്ചു കയറും.

ആടുകളുടെ കൂടെ ഉണ്ടായിരുന്ന രണ്ടു കാവൽ പട്ടികളുടെ കഴുത്തിലെ ബെൽറ്റ് സന്ദീപാണ് ശ്രദ്ധയിൽ പെടുത്തിയത്. ഒരു പട്ടിയുടെ കഴുത്തിൽ ലോഹം കൊണ്ടുണ്ടാക്കിയ ബെൽറ്റാണുള്ളത് . ബെൽറ്റിന്റെ അരികുകൾ ദന്തുരമായിരുന്നു . വേറൊരു പട്ടിയുടെ കഴുത്തിലുള്ള തുകൽ ബെൽറ്റ് നിറയെ വലിയ ആണികൾ കുത്തി വെച്ചിട്ടുണ്ട്.

രാത്രിയിൽ പുലിയോ മറ്റോ ആക്രമിക്കാൻ വന്നാൽ പട്ടിയുടെ കഴുത്തിലാണ് കടി വീഴുക. അത് തടുക്കാനാണ് ഈ ബെൽറ്റ് ! ആദ്യത്തെ പട്ടി പടം പിടിക്കാൻ നിന്ന് തന്നെങ്കിലും രണ്ടാമത്തെ പട്ടി മൊബൈൽ കണ്ടതും വാലും ചുരുട്ടി ഓടി … ഇത്രയും ‘ധൈര്യമുള്ള ‘ ഇവൻ ആടുകളെ എങ്ങനെ സംരക്ഷിക്കും എന്നും, കാര്യത്തോടടുക്കുമ്പോൾ ഇവൻ ചിലപ്പോൾ പുലിയായിരിക്കാമെന്നും ചിന്തിക്കാതിരുന്നില്ല …

ഋഷിമുഖ് കണ്ട് തിരിച്ചിറങ്ങിയപ്പോൾ ഞാൻ സന്ദീപിനോട് വഴിയരികിലെ ഇടയന്മാരുടെ ടെന്റ് വരെ പോകുന്നതിനെ പറ്റി  പറഞ്ഞു. ആദ്യം നിരുത്സാഹപ്പെടുത്തിയെങ്കിലും അവസാനം വഴങ്ങി. അങ്ങിനെ ഞങ്ങൾ രണ്ടാളും കൂടി അവിടെ എത്തി. എന്നെ റോഡിൽ നിർത്തി സന്ദീപ് മലമുകളിൽ പോയി അവരോടു കാര്യം അവതരിപ്പിച്ചു . അവർ സമ്മതിച്ചപ്പോൾ ഞാനും അങ്ങോട്ട് പോയി. രണ്ടു സ്ത്രീകളും ആറു കുട്ടികളുമായിരുന്നു അവിടെയുണ്ടായിരുന്നത്.

ഏറ്റവും മുതിർന്ന സ്ത്രീയുടെ പേര് സാലക്ക എന്നായിരുന്നു. ഞാൻ കയറി ചെന്നപ്പോഴെ  അവർ സാരിയൊക്കെ നേരെയാക്കി ഫോട്ടോയ്ക്കായി പോസ് ചെയ്തു..കുട്ടികൾ അരികിൽ വന്നപ്പോൾ അവരെയൊക്കെ ആട്ടിയോടിച്ചു. പുള്ളിക്കാരിയുടെ പടം പിടിച്ചു കാണിച്ചു കൊടുത്തപ്പോൾ മുഖമൊക്കെ നാണം കൊണ്ട് ചുമന്നു  .


പരമ്പരാഗത രീതിയിൽ  സാലക്ക സാരി ഉടുത്തിരുന്നിത് . കൈയിലെ വെള്ളി വളയും , കഴുത്തിലെ തങ്കത്തിന്റെയ് മാലയും ഒക്കെ വളരെ ഉത്സാഹത്തോടെ എനിക്ക് കാണിച്ചു തന്നു. സാലക്കയുടെ ചെവിയിൽ ഒരു കമ്മൽ ഉള്ളായിരുന്നു എങ്കിലും , മൂന്നു കമ്മൽ കുത്തിയ പാടുണ്ടായിരുന്നു . പരമ്പരാഗതമായി നിറയെ കമ്മൽ ഇടും പോലും. ഞാൻ വിശ്വസിച്ചില്ലെങ്കിലോ എന്നോർത്തിട്ടാകും അനിയത്തിയുടെ ചെവിയിലെ കമ്മലുകൾ കാണിച്ചു തന്നു.

പിന്നെ കുട്ടിപ്പടയുടെ ഊഴമായിരുന്നു.സാവിത്രിയും പൂജയും കാവേരിയും ശിവയും ഷാനയും കാർത്തിക്കും ഒക്കെ പോസ് ചെയ്യാൻ മത്സരിച്ചു. പടം പിടിച്ചു കഴിഞ്ഞപ്പോൾ സന്ദീപിന്റെ സഹായത്തോടെ സാലക്കയോട്  വിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കി.

സാലക്കയുടെ സ്വന്തം സ്ഥലം ഇരുന്നൂറ്റി അമ്പതു കിലോമീറ്റര് ദൂരെയുള്ള ബെല്ഗാമിലാണ്‌.ഈ പാറപുറത്തു കൂടാരം വെച്ചിട്ടു മൂന്നാഴ്ചയായി പോലും. രണ്ടു മൂന്നു മാസത്തിനു ശേഷം അടുത്ത സ്ഥലത്തേക്ക് മാറും. സ്ത്രീകളും കുട്ടികളും വണ്ടിയിൽ കയറി പോകും. ഇവർക്ക് മൂന്നു കുതിരയുണ്ട്. അതിന്റെ പുറത്തു സാധനങ്ങൾ കയറ്റും. എന്നിട്ട് ആണുങ്ങൾ ആടിനെ കാൽനടയായിട്ട് പുതിയ സ്ഥലത്തേക്ക് പോകും.

നാട്ടിൽ  അവരുടെ ഭർത്താവിന്റെ അമ്മയും അച്ഛനുമാണുള്ളത്. എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇവർ വീട്ടിൽ പോകാറുള്ളൂ.വീട്ടിലേക്ക് വിളിക്കാൻ  ഒരു മൊബൈൽ ഫോണുണ്ട് . ആടുകളെ മേയ്ക്കാൻ പോകുമ്പോൾ ഏതെങ്കിലും കടയിൽ കയറിയാണ് മൊബൈൽ ചാർജ് ചെയ്യുക.

ഇവരുടെ കൂടെ  ഭർത്താവും ,  അനിയനും ഭാര്യയുമുണ്ട്. കല്യാണം കഴിഞ്ഞപ്പോൾ മുതൽ  ഇവർ നാടോടികളായാണ് ജീവിക്കുന്നത്. പ്രസവ സമയത്തു മൂന്നു നാലു മാസം നാട്ടിൽ പോയി താമസിക്കും. പിന്നെ കൈക്കുഞ്ഞുമായി തിരികെ വരും.

സാലക്കക്കു ആറു മക്കളും , അനിയന് നാലു മക്കളുമാണുള്ളത്. സാലക്കയുടെ മൂത്ത അഞ്ചു മക്കളും പെൺകുട്ടികളാണ്. ആൺകുട്ടി ആകുന്ന വരെ പ്രസവിക്കണമെന്നാണ് പോലും. സാലക്കയുടെ മൂത്ത കുട്ടികൾ നാട്ടിലാണ്. അവർ അവിടെ പഠിക്കുന്നുണ്ട്. പഠിപ്പിന്  താല്പര്യം ഇല്ലെങ്കിൽ ആട് മേയ്ക്കാൻ അവരെയും കൂട്ടും. ചിലരൊക്കെ പഠിത്തം കഴിഞ്ഞും ഈ തൊഴിൽ തന്നെയാണ് സ്വീകരിക്കുന്നത്.

ഇവർക്ക് നാന്നൂറ് ആടുകളുണ്ട് . മുതിർന്നവർ രാവിലെ ആടുകളെ മേയ്ക്കാൻ പോകും. കുട്ടികൾ വീട്ടിലും. കുഞ്ഞാടുകളെ പകൽ സമയം കുട്ടികളാണ് പാലിക്കുന്നത്. ആട്ടിൻ പാൽ ആട്ടിൻ കുട്ടികൾക്കു തന്നെയാണ് കൊടുക്കുക. ഇടക്ക് മാത്രം സ്വന്തം കുട്ടികൾക്ക് കൊടുക്കും. പൈസക്ക് ആവശ്യം വന്നാൽ ആടിനെ വിൽക്കും. കുഞ്ഞാടുകൾക്ക് ആറായിരം വരെ ലഭിക്കും. വലിയ ആടാണേൽ മുപ്പതിനായിരമൊക്കെ കിട്ടും.

ഇവരുടെ ഭക്ഷണം കൂടുതലും കഞ്ഞിയാണ്. രാവിലെയും ഉച്ചക്കും കഞ്ഞി കുടിക്കും. വൈകിട്ട് ജോവർ കൊണ്ടുണ്ടാക്കിയ റൊട്ടിയാണ് കഴിക്കുക.പച്ചക്കറി വിരളമായിട്ടാണ് വാങ്ങുക. ചായ കാപ്പി ഒന്നും പതിവില്ല. കുട്ടികൾക്ക് വേറെ ഭക്ഷണം ഒന്നും പുറത്തു നിന്ന് വാങ്ങി കൊടുക്കാറില്ല.

കൂടാരം കണ്ടോട്ടെ എന്ന് ചോദിച്ചപ്പോൾ സന്തോഷത്തോടെ കാണിച്ചു തന്നു. സാധാരണ ഗതിയിൽ രണ്ടു പേർക്ക് താമസിക്കാവുന്ന ടെന്റ് . അതിലാണ് നാല് മുതിർന്നവരും ആറു കുട്ടികളും താമസിക്കുന്നത് എന്ന് കാണുമ്പോൾ വിഷമം തോന്നും .

കയറി ചെല്ലുന്ന അവിടെ തന്നെ അടുപ്പിൽ എന്തോ വേകുന്നു. പാചകത്തിനു ആവശ്യമുള്ള വെള്ളം അവിടെ അടുത്ത് പാറക്കെട്ടിൽ നിന്നാണ് എടുക്കുന്നത്.

ഒരു മൂലയ്ക്ക് കുറേ കട്ടി പുതപ്പുകൾ കൂട്ടി വെച്ചിരിക്കുന്നു. രാത്രിയിൽ നിലത്തു വിരിക്കാനാണ് പോലും. മഴയത്തും മഞ്ഞതും എല്ലാം ഈ ടെന്റിൽ ജീവിക്കുന്നത് ആലോചിക്കാൻ പോലും പറ്റില്ല. പ്രാഥമിക കാര്യങ്ങൾ കൂടാരത്തിൽ നിന്നും മാറി പുറംപ്രദേശത്താണ് നിർവഹിക്കുക.

കൂടാരത്തിന്റെ അടുത്ത് കമ്പും നെറ്റും വെച്ച് ഒരു വേലിക്കെട്ടു പോലുണ്ടാക്കിയിട്ടുണ്ട്. അതിനകത്തു മുപ്പതോളം  കുഞ്ഞാടുകളായിരുന്നു. സന്ധ്യയായപ്പോൾ മേയ്ക്കാൻ കൊണ്ടുപോയ ആടുകളൊക്കെ തിരികെ എത്തി. അമ്മമാരെ കണ്ടതും കുഞ്ഞാടുകൾ ഭയങ്കര ബഹളയിരുന്നു. സാലക്ക അവരെ തുറന്നു വിട്ടതും കുഞ്ഞന്മാർ എല്ലാരും കൂടി അമ്മമാരെ കണ്ടുപിടിക്കാനുള്ള ഓട്ടമായിരുന്നു. അതൊരു കാണേണ്ട കാഴ്ച തന്നെ. എല്ലാ ആടുകളും നമുക്ക് ഒരുപോലെ തോന്നുമെങ്കിലും കുഞ്ഞാടുകൾ കൃത്യം അവരുടെ അമ്മമാരെ തേടി പിടിച്ചു  പാല് കുടിക്കാൻ ആരംഭിച്ചു. രാത്രിയായി തുടങ്ങിയത് കൊണ്ട് സാലക്കയോട് നന്ദി പറഞ്ഞ്  ഞങ്ങളിറങ്ങി.

തിരിച്ചെത്തിയിട്ടും സാലക്കയുടെയും  വീട്ടുകാരുടെയുമൊക്കെ മുഖങ്ങളും അവരുടെ ജീവിതവുമായിരുന്നു ചിന്തകളിൽ. രാവിലെ എഴുന്നേറ്റപ്പോൾ ഒന്നുകൂടി അവരെ കാണണം എന്ന് തോന്നി. ആഞ്ജനേയ ഹിൽസ് പോയി സൂര്യോദയമൊക്കെ കണ്ടു , ഹോം സ്റ്റേ വെക്കേറ്റ്  ചെയ്ത ശേഷം സന്ദീപിനെ കൂട്ടി വീണ്ടും അവരെ കാണാൻ പോയി. ഇത്തവണ അവർക്കു വേണ്ടി കുറച്ചു സാധനങ്ങളും കരുതാൻ മറന്നില്ല.

റോഡിൽ നിന്നും പൊതിയുമായി  കയറി വരുന്നത് കണ്ടപ്പോഴേ കുട്ടികൾ എന്റെയ അടുത്തേക്ക്  ഓടിയെത്തി. പാറ പുറത്തു നിന്നു തന്നേ രണ്ടു കൈയ്യിലും പലഹാരം എടുത്ത് കഴിക്കാൻ തുടങ്ങി. ഇടക്ക് അവർ എന്നേ നോക്കി നിഷ്കളങ്കമായി ചിരിച്ചു. ഞാനും സന്തോഷത്തിലായിരുന്നു . ആത്മാർഥത ഉള്ള ഇങ്ങനെ ഒരു ചിരി കണ്ടിട്ട് നാളേറെയായി .

കുഞങ്ങളുടെ അതിഭാവുകത്വം ഇല്ലാത്ത പെരുമാറ്റം കണ്ടു  സാലക്കയോടു ബഹുമാനം തോന്നി.  കാരണം കെട്ടിയിട്ടോ കൂട്ടിലോ അല്ല സാലക്ക ആട്ടിന്കുട്ടികളെയും സ്വന്തം കുട്ടികളെയും വളർത്തിയത്.

ഇന്ന്, ജനിച്ച് വീണതു മുതൽ പെരുമാറ്റ മര്യാദകൾ പഠിപ്പിക്കനാണ് മിക്കവരും ശ്രമിക്കുക. അതു കൊണ്ട് തന്നെ കുട്ടികൾ  അതിഥികളെ കാണുമ്പോൾ തനിമ നഷ്ടപ്പെട്ട, കൃത്രിമ പെരുമാറ്റമാണ് പ്രകടിപ്പിക്കുക .
അതിൽ നിന്നും വ്യത്യസ്താമായി ഈ കുട്ടികൾ പെരുമാറിയപ്പോൾ നമ്മുടെ കുട്ടികളുടെ ബാല്യം രക്ഷിതാക്കളും സമൂഹവും ,ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും കൂടി തകർക്കുന്നുണ്ടോ എന്നൊരു സംശയം തോന്നാതിരുന്നില്ല.

കുറച്ചു നേരം കൂടി അവിടെയൊക്കെ ചുറ്റിക്കറങ്ങി. ആടുകളെല്ലാം അലസമായി പാറപ്പുത്തു വിശ്രമിക്കുകയായിരുന്നു.

സാലക്കയുടെ അനിയൻ കിത്തപ്പ ആടിന്റെ കാലിൽ പിടിച്ച് എന്തോ ചെയ്യുന്നത് കണ്ടു അങ്ങോട്ട് പോയി. നോക്കുമ്പോൾ ഒരു മൂർച്ചയുള്ള കുഞ്ഞു കത്തി വെച്ച് കുളമ്പിൽ തങ്ങി നിൽക്കുന്ന അഴുക്ക് വൃത്തിയാകുകയായിരുന്നു. അതിനു ശേഷം പുള്ളി കൂളായി ഒരു സിറിഞ്ചിൽ എന്തോ മരുന്ന് ആടിന് കുത്തി വെച്ചു. ആടിന്റെ കാലു വേദനക്കുള്ള മരുന്നാണ് പോലും ! ആടിന്റെ മരുന്നെല്ലാം കിത്തപ്പയുടെ കൈയിൽ സ്റ്റോക്കുണ്ട്. പുള്ളി തന്നെയാണ് ചികിത്സിക്കുന്നത്.

ഞാൻ കിത്തപ്പയോടു സംസാരിക്കുമ്പോഴെല്ലാം കുട്ടിപ്പട്ടാളം എന്നെ ചുറ്റി പറ്റി നടന്നു. ഞാൻ കാമറ എങ്ങോട്ടു തിരിച്ചാലും അവര് ഓടി വന്നു ഫ്രേയിമിൽ ഹാജരാകും. അവരുടെ കുറേ ഫോട്ടോ എടുത്ത് , കാണാൻ കൊടുത്തപ്പോഴുള്ള അവരുടെ ചിരി ഇപ്പോഴും കണ്മുന്നിൽ മായാതെ നിൽക്കുന്നു.

തിരിച്ചു പോരാൻ നേരത്തു ഞാൻ സാലക്കയോട് ചോദിച്ചു ഈ കഷ്ടപ്പാടുകൾ വിട്ടിട്ടു എവിടെയെങ്കിലും സ്ഥിരം താമസമായിക്കൂടേ എന്ന് . സാലക്ക തന്ന മറുപടി ‘ ഇതു ഞങ്ങളുടെ കുലത്തൊഴിലാണ്. അതു നിലനിന്നു പോകാൻ എന്ത് കഷ്ടപ്പാടും ഞങ്ങൾ സഹിക്കും.’ എനിക്ക് അദ്‌ഭുതം തോന്നി . കാരണം, നമ്മളിൽ പലരും ഒരു രൂപ കൂടുതൽ കിട്ടും എന്ന് കണ്ടാൽ മറുകണ്ടം ചാടുന്നവരാണ്. അവരുടെ ആത്മാർത്ഥത പ്രശംസനീയം തന്നേ!

വിട പറഞ്ഞിറങ്ങുമ്പോൾ ഇനി , സാലക്കയെയും ഈ കുരുന്നുകളെയുമെല്ലാം എന്റെ കാമറയിൽ ഒളിഞ്ഞിരിക്കുന്ന ചിത്രങ്ങളിലൂടെയല്ലാതെ കാണാൻ പറ്റില്ലല്ലോ എന്നൊരു നൊമ്പരം അവശേഷിച്ചു.

തിരിച്ചെത്തി സുഹൃത്തായ അപർണ ചേച്ചിയോടു ഈ വിവരം പങ്കു വെച്ചപ്പോൾ, ചേച്ചി ചൂണ്ടിക്കാട്ടിയത് അവരുടെ സഞ്ചാരപ്രിയം കൊണ്ടായിരിക്കും ഒരു പക്ഷേ ഇങ്ങനെയുള്ള  ജീവിതം നയിക്കുന്നത് എന്നാണ്. എനിക്കും അത് ശെരിയായി തോന്നി. കെട്ടുപാടുകൾ ഒന്നുമില്ലാതെ സ്വതന്ത്രമായി ജീവിക്കുമ്പോൾ കിട്ടുന്ന സന്തോഷങ്ങൾ പല ചങ്ങലകളിലും ബന്ധിക്കപ്പെട്ടു കഴിയുന്ന നമ്മളെ പോലുള്ളവർക്ക് മനസിലാക്കാൻ പ്രയാസമായിരിക്കും. നമുക്ക് അവരുടെ ജീവിത കാഴ്ചകൾ നൊമ്പരമായി അനുഭവപ്പെടാം. പക്ഷേ അവർ പൂർണ്ണ സംതൃപ്തരാണ്.

ഹംപി യാത്രയിലെ ഒരു നല്ല ഏടായിരുന്നു ഇടയന്മാരുടെ ജീവിതത്തിലെ നേർക്കാഴ്ചകൾ. ഒട്ടും പ്രതീക്ഷിക്കാതെ കണ്ടു മുട്ടിയ ചില ആളുകൾ. പക്ഷേ അവരിൽ നിന്ന് ജീവനത്തിന്റെയ് ചില വലിയ പാഠങ്ങൾ പഠിക്കാൻ സാധിച്ചു.ഹംപിയുടെ ചരിത്ര സ്മാരകങ്ങൾക്കൊപ്പം എന്നെന്നേക്കുമായി എന്റെ മനസ്സിൽ ഈ ആട് ജീവിതവും ഇടം പിടിച്ചു   !

 

Leave a Reply

Your email address will not be published. Required fields are marked *