Contact About Mitra Change Language to മലയാളം

ഹംപിയിലെ ‘ഗുളഗഞ്ചി മാധവൻ’!!!

 

“വിരൂപാക്ഷ  ക്ഷേത്രത്തിൽ പോകുമ്പോൾ ഗുളഗഞ്ചി മാധവനെ കാണാൻ മറക്കല്ലേ ” രാവിലെ ഗൈഡിന്റെ വിവരങ്ങൾ തരാൻ വിളിച്ചപ്പോൾ ഹംപിയിലെ സുഹൃത്തായ സന്ദീപ് ഓർമ്മിപ്പിച്ചു.

 

ഹംപിയിലേക്കു പോരുന്നതിനു മുന്നേ വിരൂപാക്ഷ ക്ഷേത്രത്തിനെ കുറിച്ച് ധാരാളം വായിച്ചിരുന്നുവെങ്കിലും  ‘ഗുളഗഞ്ചി മാധവൻ’ എന്ന പേരു കേട്ട ഓർമ്മയില്ല. കൗതുകമുള്ള പേരായതു കൊണ്ട് കൂടുതൽ അറിയാൻ ആഗ്രഹം തോന്നി. അപ്പോൾ തന്നേ ഗൂഗിൾ അമ്മച്ചിയോടു അന്വേഷിച്ചു. അമ്മച്ചിക്ക് പോലും ഒന്നും പറഞ്ഞു തരാൻ പറ്റിയില്ല.

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹംപിയെ കുറിച്ച് സംശയങ്ങൾ ചോദിച്ചു സന്ദീപിനെ വലച്ചിരുന്നു. അതു കൊണ്ട് എന്നേ വട്ടിളക്കാൻ പറഞ്ഞതാവും എന്ന് വിചാരിച്ചു കളയാൻ ശ്രമിച്ചെങ്കിലും , ആ പേര് മനസ്സിൽ ഒരു ചോദ്യ ചിഹ്നമായി തങ്ങി.

 

രാവിലെ ആറു മണിയോടെ സനാപ്പൂർ ഗ്രാമത്തിലെ താമസസ്ഥലത്തു നിന്നിറങ്ങി ഹംപിയിലേക്കു തിരിച്ചു. വണ്ടിയോടിച്ചു പോകുമ്പോൾ ഒരു നിമിഷം കുട്ടനാടാണോ എന്ന് തോന്നിപോയി. നീണ്ടു നിവർന്നു കിടന്ന റോഡിനു ഇരുവശങ്ങളിലും ആയി പച്ച പുതച്ച നെൽപ്പാടങ്ങൾ. അതിനു കാവലെന്ന പോലെ നിന്ന കല്ലുമലകൾ ആണ് ഹംപിയെന്ന യാഥാർഥ്യം ഓർമിപ്പിച്ചത്.

 

വണ്ടിയോടിക്കുമ്പോൾ വിരൂപാക്ഷ ക്ഷേത്രത്തിനെ പറ്റിയായിരുന്നു ചിന്തകൾ. ഹംപിയിലെ ഏറ്റവും വലിയ ക്ഷേത്രമാണ് വിരൂപാക്ഷ ക്ഷേത്രം. വലിപ്പത്തിനെക്കാട്ടിലും ആ ക്ഷേത്രത്തിന്റെയ് പ്രത്യേകതയാണ് ഹംപി കാഴ്ചകൾ അവിടന്ന് തുടങ്ങാൻ എന്നേ പ്രേരിപ്പിച്ചത്. ഏഴാം നൂറ്റാണ്ടു മുതൽ നിലവിലുള്ള ക്ഷേത്രത്തിൽ ഇതു വരെ നിത്യ പൂജ മുടങ്ങിയിട്ടില്ല പോലും. 1565 ഇൽ സുൽത്താന്മാരുടെ ആക്രമണത്തിൽ ഹംപി തച്ചുടക്കപ്പെട്ടപ്പോൾ കേടുപാടുകൾ ഇല്ലാതെ രക്ഷപെട്ട ഒരേയൊരു വലിയ ക്ഷേത്രമാണ് ഇത്. എന്ത് കൊണ്ട് ഈ ക്ഷേത്രം മാത്രം സുൽത്താന്റെയ് ഭടന്മാർ വെറുതെ വിട്ടു എന്നുള്ളത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമാണ്!

പോകുന്ന വഴിക്ക് കമലാപുർ എത്തിയപ്പോൾ വണ്ടി നിർത്തി , ചെറിയൊരു ചായക്കടയിൽ നിന്നും ഉപ്പുമാവ് വാങ്ങി കഴിച്ചു. പണ്ട് ഹോസ്റ്റലിൽ തന്നിരുന്ന മണല് പോലത്തെ ഉപ്പുമാവിനു പകരം കിട്ടിയത്  നല്ല നെയ്യൊക്കെ ഇട്ടു വരട്ടിയ വളരെ രുചികരമായ ഒറിജിനൽ ഉപ്പുമാവ്. കൂടെ രണ്ടു നിറത്തിലുള്ള ചമ്മന്തിയും,  രണ്ടു കുഞ്ഞൻ പരിപ്പുവടയും ,ഒരു വലിയ കിണ്ണം  റവ കേസരിയും.എല്ലാം കൂടി ആകെ അറുപത്തിയാറു രൂപയെ ആയുള്ളൂ എന്ന് കണ്ടപ്പോൾ ഞാൻ ഞെട്ടി.   ഹംപിയിലെ  തുടക്കം ഗംഭീരമായതു കൊണ്ട് സന്തോഷമായി.

 

മാപ്പിൽ ഹംപി ബസ് സ്റ്റാൻഡ് സെറ്റ് ചെയ്ത് വണ്ടി എടുത്തു. പത്തു മിനിറ്റ് കൊണ്ടു ഹംപി ബസ് സ്റ്റാൻഡിൽ എത്തി. കൊറോണ കാലം ആയതു കൊണ്ട് സാധാരണ തിരക്കേറിയ സ്ഥലങ്ങൾ എല്ലാം വിജനമായിരുന്നു. പാർക്കിങ് ഗ്രൗണ്ടിൽ വണ്ടി നിർത്തി ഇറങ്ങിയപ്പോൾ തന്നേ വിരൂപാക്ഷ ക്ഷേത്രത്തിന്റെയ് ഗോപുരം കാണാമായിരുന്നു.

 

ഞാൻ ഗോപുരം ലക്ഷ്യമാക്കി നടന്നു. അവിടെ പഴം വിൽക്കാനിരുന്ന ഒരു ചേച്ചി ക്ഷേത്രത്തിലെ ആനക്ക് കൊടുക്കാൻ  നിർബന്ധിച്ചു കുറേ പഴം എന്നേ കൊണ്ട് വാങ്ങിപ്പിച്ചു. അതു കണ്ട മാത്രയിൽ അവിടെയുണ്ടായിരുന്ന ഒരു വാനര സംഘം ഓടി എത്തി. ചേച്ചി പറഞ്ഞത് പോലെ ഞാൻ വേഗം പഴം ബാഗിനുള്ളിൽ ആക്കി.

 

ക്ഷേത്രത്തിനു മുന്നിൽ എന്നേ കാത്തു സന്ദീപ് ഏർപ്പെടുത്തിയ ഗൈഡ് ശിവ നിൽപ്പുണ്ടായിരുന്നു. പുരാവസ്തു വകുപ്പിന്റെയ് അംഗീകൃത ഗൈഡ് ആയിരുന്ന ശിവ , യൂണിഫോം ആയ ഇളം നീല ഷർട്ട് ആയിരുന്നു ധരിച്ചിരുന്നത്. ശിവക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയാമെങ്കിലും ഹിന്ദിയിൽ പറഞ്ഞു തരാനായിരുന്നു കൂടുതൽ താല്പര്യം.

വിരൂപാക്ഷ ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ വളരെ പണ്ട് മുതലേ നിലവിലുണ്ടായിരുന്നു . ശ്രീരാമൻ ചതുർമാസ വ്രതം നോറ്റപ്പോൾ ഇവിടെയുള്ള സ്വയംഭൂലിംഗത്തിനെയാണ് പോലും പൂജിച്ചിരുന്നത്. ബദാമി ചാലൂക്യരുടെ കുലദേവതയായിരുന്നു വിരൂപാക്ഷൻ. അത് കൊണ്ട് ഏഴാം നൂറ്റാണ്ടിൽ ബദാമി രാജാക്കന്മാർ ഇവിടെ വന്നു തൊഴുതിരുന്നതായി രേഖപ്പെടുത്തിയിട്ടണ്ട്.

 

ഞാൻ കണ്ട ഗോപുരത്തെ ബിസ്‌ടപ്പയ്യ ഗോപുരം എന്നാണ് വിളിക്കുന്നത്. കിഴക്കോട്ടു ദര്ശനമുള്ള ഗോപുരം വഴി വേണം ആദ്യത്തെ അങ്കണത്തിൽ പ്രവേശിക്കാൻ. ഒമ്പതു നിലകളുള്ള  ഗോപുരത്തിന് ഏകദേശം നൂറ്റിഅറുപത്തടി നീളമുണ്ട്. മുകളിലോട്ടു വീതി കുറഞ്ഞതാണ് പണിതിരിക്കുന്നത്.ഏറ്റവും മുകളിൽ ചെമ്പിന്റെയ് ഒരു കലശം സ്ഥാപിച്ചിട്ടുണ്ട് കുമ്മായചാന്തിൽ ചെയ്ത അലങ്കാര പണികൾ  ‌ഈ ഗോപുരത്തിൽ കാണാം. ഇതിന്റെയ് തെക്കെ ഭാഗത്തു രതിജന്യമായ ചില ശില്പങ്ങളും കാണാം.

ഗോപുരത്തിൽ കൂടി പ്രവേശിക്കുമ്പോൾ ചെറിയ ഇരുമ്പു കമ്പികൾ കൊണ്ട് ഉൾവശം താങ്ങിയിരിക്കുന്നത് കാണാം. ബ്രിട്ടീഷുകാർ ഗോപുരത്തെ സംരക്ഷിക്കാൻ  ചെയ്ത നവീകരണം ആയിരുന്നു ഇത് . ഇപ്പോഴും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേര്  അതിൽ കൊത്തിവെച്ചിട്ടുണ്ട്. അങ്കണത്തിൽ പ്രവേശിക്കുന്ന ഭാഗത്തു ഇടതു വശത്തായി ഒരു നന്ദിയുടെ ശിൽപം ഉണ്ട്. മൂന്നു തലയുള്ള നന്ദി ശിൽപം വേറെ എവിടെയും കാണാൻ കഴിയില്ല. ഇതിനെ ത്രികാലജ്ഞാന നന്ദി എന്നാണ് പറയുന്നത്. പ്രധാന ക്ഷേത്രത്തിനു മുന്നിലിരുന്ന ഈ നന്ദിശില്പത്തിന് കേടു വന്നപ്പോൾ അത് ഇങ്ങോട്ടു മാറ്റി   സ്ഥാപിച്ചതാണ്.

 

വിശാലമായ അങ്കണത്തിന്റെയ് നടുക്കായി കുറുകെ ഒരു വെള്ളത്തിന്റെയ് ഓവ് പോകുന്നുണ്ട്. പണ്ട് ഈ വെള്ളത്തിൽ കാലു കഴുകിയയാണ് ആളുകൾ അമ്പലത്തിൽ പ്രവേശിച്ചിരുന്നത്. ഇടതു വശത്തു പടിഞ്ഞാറേ  മൂലക്കായി ഒരു ചെറിയ മണ്ഡപം ഉണ്ട്. അതിനു പിന്നിലാണ് ക്ഷേത്രത്തിന്റെയ് അടുക്കള. വലത്തു വശത്തായി ചെറിയ കെട്ടിടങ്ങളിൽ ചില ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. വടക്കു പടിഞ്ഞാറേ മൂലയിലുള്ള മണ്ഡപം പൂജക്കും മറ്റുമായിരുന്നു ഉപയോഗിച്ചിരുന്നത്.

 

രണ്ടാമത്തെ അങ്കണത്തിൽ എത്താൻ കിഴക്കോട്ടു ദര്ശനമുള്ള ചെറിയ ഗോപുരം വഴിയാണ് പ്രവേശിക്കേണ്ടത്.ഇളം മഞ്ഞ നിറവും   മൂന്നു നിലകളും , ഇരുപത്തിരണ്ടടി നീളവുമുള്ള   ഈ രായര ഗോപുരം, 1510 ഇൽ  കൃഷ്ണദേവരായർ ആണ് പണിതത്.

രണ്ടാമത്തെ അങ്കണത്തിൽ പടിഞ്ഞാറേ അറ്റത്താണ് വിരൂപാക്ഷ വിഗ്രഹം വെച്ചിട്ടുള്ള ഗർഭഗൃഹം. അതിനുമുന്നിൽ രംഗമണ്ഡപം, അതിനും മുന്നിൽ നന്ദിമണ്ഡപവും, ബലിക്കല്ലും, ധ്വജസ്തംഭവും, ദീപസ്തംഭവും സ്ഥിതി ചെയ്യുന്നുണ്ട്. ഇരുവശങ്ങളിലെയും മതിലിനോട് ചേർന്ന് തൂണുകളുള്ള മണ്ഡപം കാണാമായിരുന്നു. വിശ്വാസികൾ ധ്യാനത്തിനും മറ്റുമായിരുന്നു അത് ഉപയോഗിച്ചത്. ഇടതു വശത്തെ മണ്ഡപത്തിൽ ആണ് ക്ഷേത്രത്തിലെ ആന ലക്ഷ്മിയെ തളക്കാറുള്ളത്.

 

ലക്ഷ്മിയെ പറ്റി ശിവ  പറഞ്ഞതും ലക്ഷ്മി കുണുങ്ങി കുണുങ്ങി വരുന്നത് കണ്ടു . അപ്പോഴാണ് ബാഗിലുള്ള പഴത്തിന്റെയ് കാര്യം ഓർമ്മ വന്നത്.പാപ്പാന്മാർ  ലക്ഷ്മിയെ കെട്ടിയ ശേഷം, ഞാൻ പഴത്തിന്റെയ് കവറും പിടിച്ചു അങ്ങോട്ട് ചെന്നു . പെട്ടന്നു പഴത്തിന്റെയ് കവറിന് പിന്നോട്ടു ഒരു വലിവ്. നോക്കുമ്പോൾ ഒരു വാനരൻ രണ്ടും കൈയും വെച്ച് കവറിൽ പിടിച്ചു വലിക്കുന്നതാണ്. ഞാനും അവനും കൂടി ഒരു പിടിവലിയായി അവിടെ. അവൻ വിജയത്തിന്റെയ് വക്കിൽ എത്തിയപ്പോൾ ഭാഗ്യത്തിന് ആനയുടെ പാപ്പാന്മാർ വന്നു എന്നെയും എന്റെയ കൈയിലിരുന്ന കവറിനെയും രക്ഷിച്ചു. പിടിവലിക്കിടയിൽ കവറിനു കിഴുത്ത ഇട്ടു ആ വിരുതൻ രണ്ടുമൂന്നു പഴം അടിച്ചുമാറ്റിയിരുന്നു.

പിന്നീട് ഞാൻ കവർ ഇത്തിരി ഉയർത്തി പിടിച്ചാണ് ലക്ഷ്മിക്ക് പഴം കൊടുത്തത്. വീണ്ടും ഒരു വലിവ് അനുഭവപ്പെട്ടു. ഇത്തവണ എന്റെയ ഉടുപ്പായിരുന്നു വലിഞ്ഞത്.നോക്കിയപ്പോൾ എന്റെയ കാൽക്കൽ  ഒരു കുരങ്ങൻ അവന്റെയ് പങ്കും ചോദിച്ചു ഒരു  കൈ നീട്ടി, മറ്റെ കൈ കൊണ്ട് എന്റെയ ഉടുപ്പും വലിച്ചു  നിൽക്കുന്നു. കഷ്ടം തോന്നി ഞാൻ ഒരു പഴം അവനും കൊടുത്തു . അപ്പോഴാണ് രസം മനസ്സിലായത്. അവൻ വാനര സംഘത്തിന്റെയ് പൈലറ്റ് ആയിരുന്നു. അവനു പഴം കിട്ടി എന്ന് മനസ്സിലായപ്പോൾ എന്നേ ഒരു കൂട്ടം കുരങ്ങന്മാർ പൊതിഞ്ഞു. വല്ല വിധേനയും കടി കൊള്ളാതെ , കവർ ഉപേക്ഷിച്ചു ഞാൻ ഓടി ദീപസ്തംഭത്തിനടുത്തെത്തി .

 

പഞ്ചലോഹം കൊണ്ട് പൊതിഞ്ഞതായിരുന്നു  ദീപസ്തംഭം. പണ്ട് രാത്രികാലങ്ങളിൽ ഇവിടെ കത്തിച്ചിരുന്ന വിളക്കുകൾ ആയിരുന്നു വെളിച്ചത്തിനുള്ള ഏക ഉപാധി. ഇതിന്റെയ് അടുത്ത ഒരു വലിയ കല്ലിൽ ഒരു പൂവ് കൊത്തി വെച്ചിട്ടുണ്ട്. ഈ പൂവിന്റെയ് അകത്തുള്ള ഉയർന്നു നിൽക്കുന്ന ഒരു ഭാഗം ഉണ്ട്. നമ്മൾ എന്തെങ്കിലും ആഗ്രഹിച്ചിട്ട് ഇതിനു വശങ്ങളിൽ കൈപ്പത്തി കമഴ്ത്തി വെച്ച് തള്ളവിരലുകളും, ചൂണ്ടു വിരലുകളും കൂട്ടി മുട്ടിക്കാൻ നോക്കണം. കൂട്ടി മുട്ടിയാൽ നമ്മൾ ആഗ്രഹിക്കുന്നത് നടക്കും എന്നാണ് വിശ്വാസം. പരീക്ഷണത്തിൽ പൊട്ടും എന്നുറപ്പുള്ളതു കൊണ്ട് ഞാൻ ഒന്നും ആഗ്രഹിക്കാതെയാണ് പരീക്ഷണത്തിന് മുതിർന്നത്. വിചാരിച്ച പോലെ തന്നേ, മൂക്ക് കൊണ്ട് ക്ഷ ള്ള വരച്ചിട്ടിട്ടും വിരലുകൾ കൂട്ടി മുട്ടിക്കാൻ പറ്റിയില്ല!!!

അതിന്റെയ് അടുത്തുള്ള ധ്വജസ്തംഭം വളരെ പഴയതും, തെങ്ങിൻ തടി കൊണ്ടുണ്ടാക്കിയതും ആണെന്ന് ശിവ പറഞ്ഞു.ഏറ്റവും  മുന്നിലുള്ള നന്ദി മണ്ഡപത്തിൽ മൂന്നു നന്ദി ശില്പങ്ങൾ ഉണ്ടായിരുന്നു. നേരത്തെ കണ്ട മൂന്നു തലയുള്ള നന്ദി പണ്ട്  ഇവിടെയാണ്  ഇരുന്നിരുന്നത്.  കാഴ്ചകൾ കണ്ടു നിന്നപ്പോൾ  അമ്പലത്തിനുള്ളിൽ നിന്നും നാദസ്വരത്തിന്റെയ് അകമ്പടിയോടെ പൂജാരികൾ   ഇറങ്ങി വരുന്നത് കണ്ടു. മൂന്നു നേരവും നിത്യപൂജ നടക്കുന്ന ചുരുക്കം അമ്പലങ്ങളിൽ ഒന്നാണിതെന്നു ഞാൻ ഓർത്തു. വിജയനഗര സാമ്രാജ്യത്തിന്റെയ് രാജഗുരുവായ വിദ്യാരണ്യ സ്വാമി നിഷ്കര്ഷിച്ച രീതിയിൽ ആണ് പോലും ഇന്നും ഇവിടത്തെ പൂജകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

രംഗമണ്ഡപത്തിലെ ശില്പചാരുത എന്നേ  അദ്‌ഭുതപ്പെടുത്തി. കരിങ്കല്ലിൽ കൊത്തി വെച്ച ശില്പവിസ്മയങ്ങൾ ആയിരുന്നു എന്റെയ മുന്നിൽ. ഒരോ തൂണിലും ഓരോ കൊത്തുപണികൾ. ചില തൂണുകളോട് ചേർന്ന് സിംഹത്തിറെയ് തലയിൽ വേറൊരു ചെറിയ തൂണ്. ഈ സങ്കീർണ്ണ തൂണ് ഒറ്റക്കല്ലിൽ ആണ് പണിതത് പോലും. ചില തൂണുകളിൽ മകരത്തിന്റെയ് പുറത്തിരിക്കുന്ന  യാളിയുടെ ശിൽപം. മണ്ഡപത്തിന്റെയ് അകത്തെ പതിനാറു  തൂണുകളിൽ യാളിയുടെ  മുകളിൽ സവാരിക്കാരനുമുണ്ടായിരുന്നു.

തൂണുകൾ മച്ചുമായി ചേരുന്ന ഭാഗത്തു കുമ്മായചാന്തിൽ തീർത്ത ദശാവതാരവും, അനന്തശയനവും ഒക്കെ വെച്ചലങ്കരിച്ചിരിക്കുന്നു.  മേൽക്കൂരയിൽ ഭംഗിയുള്ള ചുമർചിത്രങ്ങൾ. ഇതു പ്രകൃതിദത്തമായ ഛായങ്ങൾ കൊണ്ടാണ് നിർമ്മിച്ചത്.വിരൂപാക്ഷ പാമ്പാദേവി കല്യാണവും, മഹാഭാരത കഥയിലെ സ്വയംവരവും എല്ലാം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടായിരുന്നു . രാജഗുരുവായ വിദ്യാരണ്യനെ പല്ലക്കിൽ കൊണ്ട് പോകുന്നതും ഈ കൂട്ടത്തിൽ ഇടം പിടിച്ചിട്ടുണ്ട് .രംഗമണ്ഡപം, 1510 ഇൽ തന്റെയ കിരീടധാരണത്തോടു അനുബന്ധിച്ചു കൃഷ്ണദേവരായർ പണിയിപ്പിച്ചതാണെങ്കിലും  ഈ ചുമർ ചിത്രങ്ങൾ ഇരുന്നൂറു വർഷത്തിൽ കൂടുതൽ പഴക്കം ഇല്ല എന്നൊരു അഭിപ്രായം  നിലനിക്കുന്നുണ്ട്.

രംഗമണ്ഡപത്തിൽ നിന്നാൽ ഗർഭഗൃഹത്തിൽ ഇരിക്കുന്ന വിരൂപാക്ഷ വിഗ്രഹം ദർശിക്കാമെങ്കിലും , കുറച്ചു കൂടി അടുത്ത് നിന്ന് തൊഴണമെങ്കിൽ, രംഗമണ്ഡപത്തിൽ നിന്നിറങ്ങി,  തെക്കു വശത്തുകൂടിയുള്ള വാതിലിൽ കൂടി പ്രവേശിക്കണം. ഗർഭഗൃഹം പുതുക്കി പണിതതിനാൽ ഒട്ടും പഴമ തോന്നില്ല. ഇവിടെ ശിവലിംഗത്തിനൊപ്പം ബ്രഹ്‌മാവിനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. വിരൂപാക്ഷനെ വണങ്ങി വടക്കു വശത്തു കൂടി ഇറങ്ങിയാൽ പാമ്പാദേവിയുടെയും ഭുവനേശ്വരി ദേവിയുടെ ചെറിയ ക്ഷേത്രങ്ങൾ കാണാം.ഇതു പോലുള്ള മുപ്പത്തിമൂന്നു ഉപക്ഷേത്രങ്ങൾ വിരൂപാക്ഷ ക്ഷേത്രമതിൽക്കെട്ടിനകത്തുണ്ട് .

 

ശിവ എന്നെയും കൂട്ടി അമ്പലത്തിന്റെയ് പിറകു വശത്തേക്ക് പോയി. അവിടെ പുറത്തേക്കു ഇറങ്ങാനുള്ള പടിക്കെട്ടിന്റെയ് വലതു വശത്തുള്ള ഇരുട്ടു മുറി കാണിച്ചു തന്നു. അവിടെ കിഴക്കെ ഭിത്തിയിലെ ചെറിയ ഒരു ദ്വാരത്തിൽ കൂടി കിഴക്കെ ഗോപുരം കാണാം . ശിവ എന്നോട് വടക്കെ ഭിത്തിയിൽ നോക്കാൻ പറഞ്ഞു. നോക്കുമ്പോൾ അവിടെ കിഴക്കെ ഗോപുരത്തിന്റെയ് പ്രതിബിംബം തലകീഴായി കാണാം.ഇരുന്നൂറു മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗോപുരത്തിന്റെയ് നിഴൽ മുറിക്കുള്ളിൽ കണ്ടപ്പോൾ  ശെരിക്കും ആശ്ചര്യം തോന്നി . ശിവ പറഞ്ഞത് ഈ പ്രതിബിംബത്തിന്റെയ് നിറം ഉച്ചയാകുമ്പോൾ ഓറഞ്ചും , വൈകിട്ട് മഞ്ഞയും, സന്ധ്യക്ക്‌ സ്വർണ നിറവും ആകും എന്നാണ്. ഏതായാലും ഇതു പണിത ശില്പിയെ മനസ്സാ സ്മരിച്ചു.

പുറകിൽ കൂടി അമ്പലത്തിനു പുറത്തു കടന്നാൽ ഇടതു വശത്തു  വാഴത്തോട്ടങ്ങൾ കാണാം. വലതു വശത്തു പൂജാരിയുടെ വസതിയും.  തിരിച്ചു അമ്പലത്തിൽ കയറിയപ്പോൾ ഇരുട്ടുള്ള ഒരു ഭാഗത്തു രണ്ടു കൊമ്പുള്ള  വലിയ നന്ദി വിഗ്രഹം.  കൊമ്പുള്ള നന്ദിയോ എന്നാലോചിച്ചു അടുത്തോട്ടു ചെന്നപ്പോൾ നന്ദിയുടെ ചെവി  അനങ്ങുന്നു. ഒരു നിമിഷം എന്റെയ കിളി പറന്നു പോയി. പിന്നെയാണ് ബോധം വന്നത് അത് ഒരു കാള അമ്പലത്തിനകത്തു വിശ്രമിക്കുന്നതായിരുന്നു!!

അമ്പലത്തിന്റെയ് വടക്കെ ഗോപുരം വഴി പുറത്തോട്ടിറങ്ങി.എഴുപത്തിയഞ്ചടി നീളമുള്ള  ഈ കനകഗിരി ഗോപുരം വഴിയായിരുന്നു രാജാവും, രാജകുടുംബാങ്ങങ്ങളും തുങ്കഭദ്ര നദിക്കരയിൽ പോയിരുന്നത്. ഗോപുരത്തിൽ നിന്നിറങ്ങിയാൽ ഉടനെ മന്മഥകുണ്ഡ് എന്ന ക്ഷേത്രക്കുളം കാണാം. അവിടെ അടുത്തുള്ള ഹേമകൂട കുന്നിൽ തപസ്സു ചെയ്തിരുന്ന ശിവഭഗവാനെ , കാമദേവൻ ശല്യപ്പെടുത്തി.ഭഗവാൻ  തൃക്കണ്ണ് തുറന്നതും കാമദേവൻ ഭസ്മം ആയി പോയി. അവിടെയുള്ള കല്ലുകൾ ഉരുകി താഴേക്കൊലിച്ചു ഒരു കുളം രുപം കൊണ്ടു. അങ്ങിനെയാണ് പോലും ഇതിനു മന്മഥകുണ്ഡ് എന്ന പേര് ലഭിച്ചത്.

ക്ഷേത്രകുളത്തിനരികിൽ ധാരാളം ശില്പങ്ങൾ കാണാം. പുരാവസ്തു ഗവേഷകർക്ക് ഇവിടെ നിന്നും ലഭിച്ചതാണ് പോലും ഇതെല്ലാം. അവിടെ അടുത്ത് ഒരു ദുർഗാ ദേവി ക്ഷേത്രം ഉണ്ട്. ഇതു ഒമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് എന്നാണ് പറയപ്പെടുന്നത്. അവിടെ തൊഴുത്തിട്ട് നദിക്കരയിലേക്ക് നടന്നു. തുങ്കഭദ്ര  നദിയുടെ   മനോഹരമായ കാഴ്ച ഇവിടെ നിന്നാൽ കാണാം. കാഴ്ചകൾ ആസ്വദിച്ചു നിന്നപ്പോൾ ആണ് പെട്ടെന്ന് ‘ഗുളഗഞ്ചി മാധവൻ’ ഓർമ്മ വന്നത്. സന്ദീപ് എന്നേ കളിയാക്കിയതാണോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ശിവയോടു ഞാൻ ഇതിനെ പറ്റി അന്വേഷിച്ചു. ശിവ എന്നോട് മാപ്പു ചോദിച്ചു. പുള്ളി അത് കാണിച്ചു തരാൻ മറന്നുപോയിരുന്നു. വീണ്ടും എന്നെയും കൂട്ടി ക്ഷേത്രത്തിലേക്ക് പോയി.

 

ഗുളഗഞ്ചി മാധവൻ യാഥാർഥ്യം ആണെന്ന് മനസിലായപ്പോൾ എനിക്ക് ആകാംക്ഷ ആയി. എന്താകും സംഭവം.  ഭുവനേശ്വരി ദേവി മന്ദിരത്തിനടുത്തു ഒരു ചെറിയ വാതിൽ കൂടി താഴോട്ട് പടിയിറങ്ങി ഒരു ഭൂഗർഭ അറയിൽ എത്തി.

 

നോക്കിയപ്പോൾ അവിടെ അറ്റത്തു ഒരു ചെറിയ മുറിയിൽ  ഒരു മനോഹരമായ കറുത്ത ശിൽപം. സന്ന്യാസിയെ പോലെ വസ്ത്രം ധരിപ്പിച്ചിരിക്കുന്നു . തൊട്ടു മുന്നിൽ ശിവലിംഗവും. വിഷ്ണുഭഗവാനും ശിവഭഗവാനും ഒന്നിച്ചിരിക്കുന്ന അപൂർവ്വ അമ്പലങ്ങളിൽ ഒന്നായിരുന്നു പോലും ഇത് .

അലങ്കാരങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും വല്ലാത്ത ഒരാകർഷണം തോന്നി അവിടെ നിന്നപ്പോൾ.  ഗുളഗഞ്ചി മാധവനെ കണ്ടെത്തിയതിൽ ഒരു പ്രത്ത്യേക സന്തോഷവും അനുഭവപ്പെട്ടു. ശിവ   പറഞ്ഞതനുസരിച്ചു പണ്ട് മന്മഥകുണ്ടിൽ കൂടിയായിരുന്നു ഈ ക്ഷേത്രത്തിൽ പ്രവേശിക്കുക.വിരൂപാക്ഷ ക്ഷേത്രം വികസിപ്പിച്ചപ്പോൾ ആ  പ്രവേശന മാർഗ്ഗം അടക്കപെട്ടു . അങ്ങനെയാണ് ഗുളഗഞ്ചി മാധവൻ വിരൂപാക്ഷ ക്ഷേത്രത്തിന്റെ  ഭാഗമായത്.

ഞങ്ങൾ കിഴക്കെ ഗോപുരം വഴി തിരികെ ഇറങ്ങി. അമ്പലത്തിനു നേരെ കാണുന്നതായിരുന്നു ഹംപി ബസാർ. 732 മീറ്റർ നീളവും, 35 മീറ്റർ വീതിയും ഉള്ള വീഥിയുടെ ഇരുവശങ്ങളിലും പണ്ടത്തെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കാണാം. ഇവിടെയായിരുന്നു പോലും വിജയനഗര സാമ്രാജ്യത്തിന്റെയ് ഏറ്റവും വലിയ ചന്ത നടന്നു വന്നിരുന്നത്. പവിഴവും, വജ്രവും , രത്‌നങ്ങളും എല്ലാം പറ കൊണ്ടളന്നു ആയിരുന്നു പോലും ഇവിടെ  കച്ചവടം ചെയ്തിരുന്നത്. ഇന്ന് സമൃദ്ധിയുടെ അടയാളങ്ങൾ ഒന്നും തന്നേ അവശേഷിക്കുന്നില്ല . ആകെ നീളത്തിൽ സ്ഥിതി ചെയ്യുന്നത്  തൂണുകളുള്ള കുറേ  കല്മണ്ഡപങ്ങൾ. ചിലതൊക്കെ ഇരുനിലകൾ ഉള്ളതായിരുന്നു. ചില ഭാഗങ്ങൾ പുരാവസ്തു ഡിപ്പാർട്മെന്റ് നേതൃത്വത്തിൽ പുതുക്കി പണിയുന്നത് കാണാം.

1950 ഇൽ ഈ കെട്ടിടങ്ങളിൽ ചില കടകൾ പ്രവർത്തനം ആരംഭിച്ചു. കൃമേണേ ചിലരൊക്കെ ഇവിടെ  താമസവും ആരംഭിച്ചു. കുറച്ചു വർഷങ്ങൾക്കു മുന്നെയാണ് വലിയ പ്രക്ഷോഭത്തിന്‌ ശേഷം ഇവരെ എല്ലാം ഒഴിപ്പിക്കാൻ പറ്റിയത് .

 

ബസാറിന്റെയ് കിഴക്കെ അറ്റത്തു ഒരു വലിയ നന്ദിപ്രതിമയുണ്ട്. യെദുരു ബാസവണ്ണ എന്ന് വിളിപേരുള്ള ഈ നന്ദിക്കു അഞ്ഞൂറ് വർഷത്തിലേറെ പഴക്കം ഉണ്ട് പോലും. ഇതിന്റെയ് വലതു വശത്തു മാതംഗ  കുന്ന് കാണാം. സൂര്യാസ്തമയ ദൃശ്യങ്ങൾ പകർത്താൻ ധാരാളം ആളുകൾ സന്ധ്യ സമയത്തു ഇവിടെ എത്താറുണ്ട്.  ഇത്രയും കാഴ്ചകൾ ഒക്കെ കണ്ടപോഴേക്കും ക്ഷീണിച്ചു. കുറച്ചു നേരം വിശ്രമിച്ച ശേഷം നദിക്കരയിലുള്ള കമ്പ ഭൂപ  പാതയിലെ കാഴ്ചകൾ കാണാമെന്നു തീരുമാനിച്ചു, ബസാറിന്റെയ് അടുത്ത്  വണ്ടി നിർത്തിയ സ്ഥലത്തേക്ക് പോയി.

 

തിരിച്ചു നടക്കുമ്പോഴും മനസ്സ് മൊത്തം  ഗുളഗഞ്ചി മാധവൻ ആയിരുന്നു . അത്രയധികം ആകർഷിച്ചു എന്നേ ആ പേരും, കണ്ട കാഴ്ചകളും …..

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *