Contact About Mitra Change Language to മലയാളം

ഹാലേരിയിലെ ‘കൊമ്പുള്ള ‘ ഭഗവതി !!!

 

 

കുന്നിന്റെയ് മുകളിലേക്ക്  കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പടികൾ ധൃതിയിൽ ചവിട്ടി കയറുമ്പോൾ മനസ്സിൽ ആകാംക്ഷ മാത്രം…. ഞാൻ തേടിയെത്തിയ ക്ഷേത്രം ഇതു തന്നെയാകുമോ…. ഇടക്ക് ശ്വാസം കിട്ടാതെ ആകുമ്പോൾ നടപ്പു നിർത്തി , വീണ്ടും മുകളിലേക്കുള്ള പ്രയാണം തുടർന്നു …

o k ജോണി എഴുതിയ കാവേരിയോടൊപ്പം എന്റെയ യാത്രകൾ എന്ന പുസ്തകത്തിൽ നിന്നാണ് ഈ ക്ഷേത്രത്തെ പറ്റി അറിയുന്നത്.ഒരു കാലത്തു നരബലി പോലും നടന്നിരുന്നു എന്ന് കരുതപ്പെടുന്ന ക്ഷേത്രത്തിന്റെയ് മച്ചിൽ നിറയെ മാൻകൊമ്പുകൾ ആയിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെയ് ഒരു മങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് പടവും ബുക്കിൽ കൊടുത്തിരുന്നു. മച്ചിൽ തൂക്കിയ മാൻകൊമ്പുകൾ ആയിരുന്നു ഞാൻ അന്വേഷിച്ചിറങ്ങിയത് …..

 

കൂർഗിലെ പരിചയക്കാരനായിരുന്ന സച്ചിനെയും കൂട്ടിയാണ് ഞാൻ ഹാലേരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന  ക്ഷേത്രം തേടി പുറപ്പെട്ടത് . ഇരുന്നൂറു വർഷത്തോളം കൊടഗ് ഭരിച്ചിരുന്ന ലിംഗായത് രാജാക്കന്മാർ ഭരണം ആരംഭിച്ചത് ഈ ഗ്രാമത്തിൽ നിന്നായിരുന്നു. അങ്ങിനെയാണ് ഇവരുടെ രാജപരമ്പര ഹാലേരി രാജവംശം എന്നറിയപ്പെട്ടത്. ഹാലേരി രാജവംശത്തിലെ മൂന്നാമത്തെ രാജാവായ മുധു രാജ,തന്റെയ ആസ്ഥാനം മടിക്കേരിയിലേക്ക് മാറ്റി. മടിക്കേരിയിൽ പണിത കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും അവിടെ കാണാം.

മടിക്കേരി നിന്നും കുശാൽനഗർ പോകുന്ന വഴിക്ക് എട്ടു കിലോമീറ്റർ സഞ്ചരിച്ചപ്പോൾ റോഡിന്റെയ് ഇടതു ഭാഗത്തു പൊന്തക്കാടിൽ മറഞ്ഞിരിക്കുന്ന ഹാലേരി ഗ്രാമത്തിന്റെയ് ബോർഡ് കണ്ടു.ചരിത്രപ്രാധാന്യമുള്ള ഗ്രാമത്തിന്റെയ് ശോചനീയാവസ്ഥ വിളിച്ചോതുന്ന പോലെയാണ് അത് കണ്ടപ്പോൾ തോന്നിയത്.  അവിടന്നു വീതി കുറഞ്ഞ ടാർ റോഡിലൂടെയായി സഞ്ചാരം. ഇരുവശങ്ങളിലും കാടും , കാട്ടിൽ  ഇടതൂർന്നു നിൽക്കുന്ന വൃക്ഷങ്ങളും ആയിരുന്നു.

വർഷങ്ങളായി അവിടെ അടുത്ത് താമസിച്ചിരുന്ന , എന്റെയ കൂടെ വന്ന സച്ചിൻ പോലും ഈ ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടില്ലായിരുന്നു . മങ്ങിയ പ്രതീക്ഷകളുമായാണ് ഞങ്ങൾ മുന്നോട്ട് പോയത്.  കാപ്പി തോട്ടങ്ങളും, നെൽപ്പാടങ്ങളും താണ്ടി വിജനമായ വഴിയിലൂടെ ഞങ്ങൾ ഏറെ ദൂരം പോയി. റോഡരികിൽ രണ്ടു എസ്റ്റേറ്റ് തൊഴിലാളികളെ കണ്ടപ്പോൾ ഭഗവതി ക്ഷേത്രത്തെ പറ്റി ചോദിച്ചു. കുന്നിന്റെയ് മുകളിൽ ഒരു ക്ഷേത്രം ഉണ്ട്, ഭഗവതി ആണോ എന്നറിയില്ല എന്ന് അവർ പറഞ്ഞപ്പോൾ , പോയി നോക്കാൻ തീരുമാനിച്ചു.

 

അവർ പറഞ്ഞ സ്ഥലത്തു ,ചെറിയ കമാനവും,  കുന്നിന്റെയ് മുകളിലേക്ക് കയറുന്ന പടികളും കണ്ടു. ഞാൻ സച്ചിനെ പുറകിലാക്കി ആവേശത്തിൽ പടികൾ കയറി. നൂറോളം പടികൾ കയറി മുകളിൽ എത്തിയപ്പോൾ ചെറിയ തുറസ്സിൽ ചുറ്റമ്പലം കണ്ടു. ഞാൻ ഓടി ചെന്ന് ചുറ്റമ്പലത്തിന്റെയ് മച്ചിൽ നോക്കി.കൊമ്പു പോയിട്ട് പൂട പോലുമില്!  ആകെ നിരാശ തോന്നി. ഗ്രാമവാസികൾ പറഞ്ഞതനുസരിച്ചു വേറെ ക്ഷേത്രം ഒന്നും ഇവിടെ അടുത്തെങ്ങും ഇല്ല . ഞാൻ അന്വേഷിച്ചെത്തിയ ക്ഷേത്രം ഇതാകാനെ വഴിയുള്ളു . അപ്പോൾ മച്ചിലെ മാൻകൊമ്പ് എവിടേ പോയി? ഉത്തരം കിട്ടാതെ ആകെ അസ്വസ്ഥ ആയി.

പുസ്തകത്തിൽ, ക്ഷേത്രത്തിന്റെയ് അടുത്ത് ചെറ്റപ്പുരയിൽ പൂജാരി താമസിച്ചിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കണ്ടു കാര്യങ്ങൾ ചോദിക്കാമെന്ന് കരുതി ഞങ്ങൾ അടഞ്ഞു കിടന്ന ക്ഷേത്രത്തെ വലം വെച്ചു . ചുറ്റും കാടായിരുന്നു.  ക്ഷേത്രത്തിന്റെയ് വലതു വശത്തു കാട്ടിൽ ഒരു ചെറിയ കെട്ടിടം കണ്ടു. ഇതാകണം പൂജാരിയുടെ വീട്. ഞങ്ങൾ അങ്ങോട്ട് നടന്നപ്പോൾ ,അവിടെ നിന്ന  ഒരു ചെറുപ്പക്കാരൻ ഞങ്ങളോട് ക്ഷേത്രത്തിൽ ചെന്നിരിക്കാൻ നിർദ്ദേശിച്ചു. അവന്റെയ് അച്ഛൻ പൂജക്കായി ക്ഷേത്രത്തിൽ ഉടനെ എത്തും എന്നും പറഞ്ഞു.

പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു വൃദ്ധൻ അവിടെയെത്തി. ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച്, ക്ഷേത്രം തുറന്നു. ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ വീണ്ടും എന്റെയ കണ്ണ് തട്ടിൻപുറമാണ് പരതിയത് .. ഇടത്തോട്ടു നോക്കിയപ്പോൾ മച്ചിൽ ഒന്നുമില്ല. മിനക്കെട് വന്നിട്ട് പ്രയോജനമില്ലാതെ പോയല്ലോ എന്ന് സങ്കടം തോന്നി. വെറുതെ വലത്തേക്ക് നോക്കിയപ്പോൾ , അഴികൾ പാകിയ തട്ടിൻപുറം നിറയെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജീർണിച്ച മാൻകൊമ്പുകൾ . സ്വർഗ്ഗം കിട്ടിയ പോലെ ആയി എനിക്ക്. പൂജാരി ശ്രീകോവിൽ തുറക്കുന്ന സമയം കൊണ്ട് ഞാൻ ചുറ്റും ഒന്ന് വലം വെച്ചു . ഞാൻ ആദ്യം മാൻകൊമ്പ് കാണാതിരുന്ന ഇടതു ഭാഗം ഒഴിച്ച്, എല്ലാ ഭാഗത്തും മാൻകൊമ്പ് തൂക്കിയിരുന്നു. ഇതിനെ കുറിച്ചറിയാൻ കൂടുതൽ കൗതുകം ആയി.

ശ്രീകോവിൽ തുറന്ന ശേഷം, പൂജാരി  നൈവേദ്യത്തിനുള്ള അരി അടുപ്പിൽ ഇട്ടു ഞങ്ങളോട് വന്നു സംസാരിച്ചു. ഉഡുപ്പിയിൽ നിന്നും കുടിയേറിയതാണ് അദ്ദേഹം. നാട്ടിൽ നില്ക്കാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടായപ്പോൾ ഇരുപത്തിയൊമ്പത് വർഷം മുമ്പ്  നാട് വിട്ടു മടിക്കേരിയിൽ എത്തി. മടിക്കേരിയിലെ ഒരു ബ്രാഹ്മണനാണ് ഇവിടെ കൊണ്ടാക്കിയത്. അദ്ദേഹം വന്നതിനു ശേഷമാണ് ഇവിടെ നിത്യ പൂജ ആരംഭിക്കുന്നത്. അദ്ദേഹം ആദ്യം എത്തിയപ്പോൾ ചിതലരിച്ചു , കാലു വെക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു  ക്ഷേത്രം. അത് പിന്നീട് അവിടെ അടുത്തുള്ള തോട്ടം മുതലാളിയുടെ സംഭാവനകൾ കൊണ്ട് പുനരുദ്ധാരണം ചെയ്തു.

ഈ പ്രദേശത്തു എവിടെയോ ആയിരുന്നു ഹാലേരി രാജാക്കന്മാരുടെ മണ്ണ് കൊണ്ടുണ്ടാക്കിയ  കോട്ടയും അരമനയും . ഇന്ന് അതിന്റെയ് അവശേഷിപ്പുകൾ ഒന്നും തന്നെയില്ല. ഇരുന്നൂറു വർഷം മുമ്പ് മുധു രാജ ആയിരുന്നു ഇവിടെ ക്ഷേത്രം പണിയിച്ചത്. പണ്ട് ക്ഷേത്രത്തിനു ചുറ്റും ഇരുന്നൂറു ഏക്കർ സ്ഥലം ക്ഷേത്ര വക ആയിരുന്നു. ഇപ്പോൾ അത് പതിനൊന്നായി കുറഞ്ഞു.

ഞാൻ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഈ ക്ഷേത്രത്തിനു കേരളവുമായി ബന്ധം ഉണ്ടെന്നു പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോൾ , അതിശയിപ്പിക്കുന്ന കാര്യമാണ് അറിയാൻ കഴിഞ്ഞത്. ഈ ക്ഷേത്രം ആദ്യം ഒരു ശിവ ക്ഷേത്രം ആയിരുന്നു. പിന്നീട് കേരളത്തിൽ നിന്നാരോ വന്നു അഷ്ടമംഗല പ്രശനം നടത്തിയപ്പോ ഇതു ദേവി ക്ഷേത്രം ആക്കണം എന്ന് പറഞ്ഞതു പ്രകാരം , അവിടെ ഉണ്ടായിരുന്ന ശിവലിംഗത്തിനു മുകളിൽ ദേവിയുടെ മുഖപ്പ് വെച്ചു ദേവി ക്ഷേത്രം ആക്കി. ദേവിയുടെ മുഖപ്പ് മാറ്റിയാൽ ശിവലിംഗം ഇപ്പോഴും കാണാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ പുള്ളി പറഞ്ഞത് വിശ്വസിക്കുന്നില്ല എന്ന് തോന്നിയത് കൊണ്ടാകും എന്നെയും കൂട്ടി ക്ഷേത്ര നടയിൽ പ്രതിഷ്ഠിച്ച നന്ദി വിഗ്രഹം കാണിച്ചു തന്നത്. പണ്ട് ശിവന്റെയ് മുമ്പിൽ വെച്ചിരുന്ന നന്ദിയായിരുന്നു പോലും അത് !

വീണ്ടും ഞങ്ങൾ സംസാരം തുടർന്നു. ഇത്തവണ ഞാൻ കൊമ്പിന്റെയ് കാര്യം എടുത്തിട്ടു . അതോടെ എഴുപത്തഞ്ചുകാരന്റെയ് സൗമ്യ ഭാവം മാറി. ‘കടിപ്പ്‌ , കുടിപ്പു, കുണിയോ ‘ (വെട്ടുക , കുടിക്കുക,നൃത്തം ചെയ്യുക ) മാത്രം അറിയുന്ന കൊടവരാണ് ഈ ദൈവീകമായ സ്ഥലം മാൻകൊമ്പ് കൊണ്ട് വെച്ച് നശിപ്പിച്ചത് എന്നായിരുന്നു അദ്ദേത്തിന്റെയ് ഭാഷ്യം.  കുടകിലെ തദ്ദേശവാസികളായ കുടവർ പേരെടുത്ത വേട്ടക്കാരായിരുന്നു. അവരുടെ എല്ലാ ആചാരങ്ങൾക്കും മദ്യം വിളമ്പുകയും , നൃത്തം വെക്കുകയും ചെയ്യുമെന്ന് ഞാനും കേട്ടിട്ടുണ്ടായിരുന്നു. ഇവർ വേട്ടക്ക് പോകുമ്പോൾ ദേവി പ്രസാദത്തിനു മാൻകൊമ്പ് സമർപ്പിച്ചിരുന്നു എന്നാണ് ജോണിയുടെ പുസ്തകത്തിൽ. പൂജാരി വീണ്ടും തുടർന്നു . കുടവർ മാംസം ഭക്ഷിച്ചിട്ട് , അവർക്കു തിന്നാൻ പറ്റാത്ത കൊമ്പു എന്റെ ഈശ്വരന് നൽകുന്നു. ഹാലേരി ഗ്രാമവും, ഗ്രാമസഭയും , ക്ഷേത്രവും എല്ലാം കൊടവർ ഭരിക്കുന്നത് കൊണ്ട് അത് അവിടന്ന് മാറ്റാൻ കഴിയുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെയ് സങ്കടം. ഉത്സവ സമയത്തു , ഈ മാൻകൊമ്പുകൾ എടുത്തു തലയിൽ വെച്ച് കൊടവർ കൊമ്പാട്ടം എന്ന നൃത്തം ആടും. ഇന്ന് വേട്ട നിരോധിച്ചത് കൊണ്ട് ആരും കൊമ്പു സമർപ്പിക്കുന്നില്ല. പക്ഷേ കൊമ്പാട്ടം ഇന്നും തുടരുന്നു.

സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ഉച്ചപൂജക്കു സമയമായി എന്ന് പറഞ്ഞു അദ്ദേഹം ശ്രീകോവിലിലേക്ക് പോയി. ഞാൻ മാൻകൊമ്പുകളുടെ പടം പകർത്തി നിന്നപ്പോൾ, വലിയ ശബ്ദം ചെവിയിൽ പതിഞ്ഞു. നോക്കുമ്പോൾ പ്രാകൃതമട്ടിലുള്ള ഒരു സംഗീതോപകരണം പ്രവർത്തിപ്പിച്ചതാണ്. വൈദ്യുതമോട്ടോറിൽ ഘടിപ്പിച്ച പലതരം വാദ്യോപകരണങ്ങൾ ഒരേ സമയത്തു വായിക്കുന്ന രീതിയിലായിരുന്നു അത് .

അത് വരെ അവിടെ ഉണ്ടായിരുന്ന ശാന്തതക്ക് ഭംഗം വരുന്ന രീതിയിലുള്ള അതിന്റെയ് പ്രവർത്തനം എനിക്ക് അരോചകമായി അനുഭവപെട്ടു.  പൂജാരിയുടെ ആദ്യം ഉണ്ടായ സൗമ്യ ഭാവവും, പിന്നീടുള്ള വികാരവിക്ഷോപവുമായി എന്ത് കൊണ്ടോ എനിക്ക് താരതമ്യ പെടുത്താനാണ് തോന്നിയത്.

 

പൂജ കഴിഞ്ഞു പ്രസാദവും വാങ്ങി ഞങ്ങൾ സദാനന്ദ ഭട്ട് എന്ന് പേരുള്ള പൂജാരിയോട് യാത്ര പറഞ്ഞിറങ്ങി. കാണാൻ ആഗ്രഹിച്ച മാൻകൊമ്പ് കണ്ടെത്തിയെങ്കിലും, ക്ഷേത്രത്തിൽ നിന്നറിങ്ങിയപ്പോൾ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. ശിവ ക്ഷേത്രം എങ്ങനെ ദേവി ക്ഷേത്രം ആയി?

 

Likes:
0 0
Views:
101
Article Categories:
IndiaKarnatakaTravelogues

Leave a Reply

Your email address will not be published. Required fields are marked *