Contact About Mitra Change Language to മലയാളം

☠️ഇരുളടഞ്ഞ രഹസ്യങ്ങൾ ഉറങ്ങുന്ന ചിന്താമണി കോട്ട ☠️

‘ഇന്ത്യയിലെ ഏറ്റവും മഹത്തായ കാഴ്ചകളിലൊന്നാണ് ചിന്താമണി കോട്ട, മാലാഖമാരുടേയും യക്ഷികളുടേയും രാക്ഷസൻമാരുടെയും പ്രവർത്തിയുടെ ഫലം’

ചിന്താമണി കോട്ടയെ കുറിച്ച് പ്രശസ്ത എഴുത്തുകാരനായ Rudyard Kipling കുറിച്ച ഈ വാചകത്തിൽ ഒരു അസ്വാഭാവികത തോന്നുന്നുണ്ടോ.

ഈ അസ്വാഭാവികമായ
യാഥാർത്ഥ്യം നേരിൽ കണ്ടറിയാനുള്ള ഒരു യാത്രയായിരുന്നു ഞങ്ങളുടേത്….

1459 ൽ മാണ്ടോറിൽ നിന്നും തലസ്ഥാനം ജോധ്പൂരിലേക്ക് മാറ്റപ്പെട്ടപ്പോൾ രജപുത്ര രാജാവായ റാവോ ജോധയാണ് ഈ കോട്ട പണികഴിപ്പിച്ചത്. ചിന്താമണി എന്ന രത്നം കൈവശമുള്ളയാൾ എന്തു കാര്യം മനസിൽ വിചാരിച്ചാലും അതു സാധിക്കുമെന്നുള്ള ഒരു വിശ്വാസത്തിൽ നിന്നുമാണ് ചിന്താമണി എന്ന പേര് കോട്ടക്ക് നൽകാൻ കാരണമെന്ന ഒരു കഥ നിലവിലുണ്ട്.

പക്ഷെ, വിശ്വാസത്തിന് വിപരീതമായി മരണം മണക്കുന്ന
ഇരുണ്ട ചരിത്രങ്ങൾ ഉറങ്ങുന്ന ഒരു കോട്ടയാണിതെന്നതാണ് സത്യം…

Cheera Nathji എന്ന മുനിയുടെ ആശ്രമം പൊളിച്ചുനീക്കി, മുനിയുടെ ശാപമേറ്റുവാങ്ങുകയും ,ശാപം നിർവീര്യമാക്കാൻ
നരബലി നടത്തുകയും ചെയ്താണ് കോട്ടയുടെ നിർമ്മാണം തുടങ്ങിയതെന്നുമാണ് ചരിത്രം. അതിനു ശേഷം അധികാരഭ്രാന്തു മൂത്തു നടത്തിയ ചില കൊലകൾക്കും പ്രണയച്ചതികൾക്കുമൊക്കെയായിരുന്നു ആ കോട്ട മൂകസാക്ഷിയായത്. കാലക്രമേണെ ചിന്താമണി എന്ന പേരും, വിശ്വാസവുമായി ഒരു ബന്ധവുമില്ലെന്ന് കാലം തെളിയിക്കുകയും, രജപുത്ര രാജാക്കൻമാരുടെ ആരാധനാമൂർത്തിയായ സൂര്യ ഭവാന്റെ കോട്ട എന്ന അർത്ഥത്തിൽ, മെഹ്റാൻഗാർഹ് കോട്ട എന്ന പേരിൽ ഈ കോട്ട അറിയപ്പെടാനും തുടങ്ങി.

കേട്ടറിഞ്ഞ ചരിത്രങ്ങളുടെ ബാക്കിപത്രങ്ങൾ നേരിൽ കാണാൻ മെഹ്റാൻ കോട്ടക്ക് സമീപം ഞങ്ങൾ ഓട്ടോ ഇറങ്ങിയപ്പോൾ സൂര്യൻ കത്തിജ്വലിച്ച് ഉച്ചിയിൽ നിൽക്കുകയായിരുന്നു.

കോട്ടയിലേക്ക് സ്വാഗതമരുളി ഫുൾ വോൾട്ടേജിൽ ജ്വലിക്കുന്ന സൂര്യൻ ഞങ്ങളെ തളർത്തി കളഞ്ഞു.ഈ പൊരിവെയിലത്ത് ഊണും ഉറക്കവുമില്ലാതെ അടിമകളെപ്പോലെ, 460 മീറ്റർ നീളവും 230 മീറ്റർ വീതിയുമുള്ള ഈ കോട്ട പണിത തൊഴിലാളികളെ മനസാ സ്മരിച്ചു.

മാനം മുട്ടേ നിൽക്കുന്ന കോട്ട യന്ത്രസഹായമില്ലാതെ, മനുഷ്യ നിർമ്മിതമാണെന്നു വിശ്വസിക്കാൻ പ്രയാസം തോന്നി.കോട്ടയിൽ പ്രവേശിക്കാൻ ഏഴു കവാടങ്ങൾ ഉണ്ടെങ്കിലും സന്ദർശകർ Jai Pol കവാടം വഴിയാണ് അകത്ത് പ്രവേശിക്കേണ്ടത് .അതി പുരാതനമായ മ്യൂറൽ പെയിന്റിംഗ് ചെയ്ത് ഭിത്തി അലങ്കരിച്ചിരുന്നു. അകത്തു കടന്നപ്പോൾ പീരങ്കി ഉണ്ടകൾ പതിച്ചതിന്റെ ശേഷിപ്പുകൾ അടയാളങ്ങളായി കാണാം.

പിന്നെ കണ്ട Rajaram Meghwal നെ സംബന്ധിച്ച ശിലാലിഖിതം മനസ്സിനെ നൊമ്പരപ്പെടുത്തി. മുനിയുടെ ശാപത്തിൽ നിന്നും രക്ഷ നേടാൻ Rajaram Meghwal എന്ന പ്രജയെയായിരുന്നു ബലി നൽകപ്പെട്ടത്.

ഈ ക്രൂരത ഒരു തുടക്കമായിരുന്നു എന്നു പറയാം. ജസ്വന്ത് സിംഗ് തന്റെ കൂടെ കിടന്ന വെപ്പാട്ടിയെ , അച്ഛൻ വരുന്നു എന്നറിഞ്ഞപ്പോൾ ജനാലയിലൂടെ തള്ളി പുറത്തേക്കിട്ടു കൊന്നതും. മാൻ സിംഗ് തന്റെ പ്രധാന മന്ത്രിയെ 400 അടി ഉയരത്തിൽ നിന്നും താഴേക്കിട്ടു കൊന്നതും. അജിത് സിങിനെ അധികാര മോഹത്തിൽ സ്വന്തം മകൻ കൊലപ്പെടുത്തിയതും. അദ്ദേഹത്തിന്റെ 6 ഭാര്യമാരെയും 25 വെപ്പാട്ടികളെയും സതിയുടെ പേരിൽ കൊന്നതും. ലഹരിയിൽ ഉന്മത്തനായിരുന്ന റാവോ ഗംഗയെ , മകനായ മൽദേവ് മുകളിലെ നിലയിൽ നിന്നും തള്ളി താഴേക്കിട്ട് കൊന്നതുമെല്ലാം പിന്നീട് അധികാരത്തിൽ വന്ന രാജാക്കൻമാരുടെ ചില അറിയപ്പെട്ട തുടർ കൊലപാതങ്ങളാണ്.

കോട്ട മതിലിൽ പതിച്ച കൈപ്പാടുകൾ ഉള്ള Sathi മെമ്മോറിയൽ മറ്റൊരു നൊമ്പര കാഴ്ചയായിരുന്നു . ഭർത്താവ് മരിച്ചാൽ ‘സതി ‘ അനുഷ്ടിക്കേണ്ടി വരുന്ന റാണിമാർ , ചായില്യത്തിൽ കൈ മുക്കി കോട്ട മതിലിൽ പതിപ്പിക്കുന്ന കൈപ്പാടുകളായിരുന്നു അവ. ആചാരത്തിന്റെ പേരിൽ സ്ത്രീകളോട് ചെയ്തിരുന്ന ഏറ്റവും വലിയ ക്രൂരതയുടെ സാക്ഷ്യപത്രം.

ടിക്കറ്റ് കൗണ്ടറിൽ ചെന്നപ്പോൾ, ലിഫ്റ്റിൽ പോകാൻ ടിക്കറ്റ് വേണോ എന്ന് ചോദിച്ചു.
‘തരുണീ മണികളായ ഞങ്ങളോടോ ബാലാ ഈ ചോദ്യം ‘
എന്ന് മനസ്സിൽ വിചാരിച്ച് നെറ്റി ചുളിച്ച എന്നോട് അയാൾ വീണ്ടും പറഞ്ഞു 13 നിലകളുണ്ട് വേണമെങ്കിൽ ലിഫ്റ്റിൽ പോകാം.
നിലയുടെ എണ്ണം കേട്ടപ്പോൾ കൂടുതലൊന്നും ചിന്തിച്ചില്ല.100 രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങി ലിഫ്റ്റിനടുത്തേക്ക് നടന്നു.

അവിടെയുള്ള ഭിത്തിക്ക് രണ്ടു നിറമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ബോർഡ് വായ്ച്ചു. താഴത്തെ ഇരുണ്ട നിറുള്ള കല്ലുകൾ 745 മില്യൺ വർഷങ്ങൾക്ക് മുമ്പ് അഗ്നിപർവതം പൊട്ടി ഉണ്ടായതാണ്. മുകളിലത്തേ മണൽകല്ലുകൾ 630 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഉണ്ടായതാണ്. ഈ അസാധാരണമായ ഭൂവിജ്ഞാന പ്രത്യേകത കൊണ്ട് ഇതിനെ ഒരു ദേശിയ ഭൂമിശാസ്ത്ര സ്മാരകമായി geological society അംഗീകരിച്ചിട്ടുണ്ട്.

ലിഫ്റ്റിൽ ഏറ്റവും മുകളിലുളള്ള ടെറസ്സിൽ എത്തിയപ്പോൾ 65 -70 വയസ്സുള്ള വൃദ്ധൻ സ്റ്റെപ് കയറി വരുന്നത് കണ്ടപ്പോൾ, ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ഊർജ്ജസ്വലത കണ്ട് അൽപം അത്ഭുതം തോന്നാതിരുന്നില്ല.

ടെറസ്സിൽ നിന്നാൽ, മരുഭൂമിയിലെ നീല നഗരമായി ജോധ്പൂരിനെ വിശേഷിപ്പിക്കുന്നത് എന്തു കൊണ്ടാണെന്നു മനസ്സിലാകും. നഗരത്തിലെ ഭൂരിഭാഗം വീടുകൾക്കും നീല നിറമായിരുന്നു. അവിടെ നിന്നും താഴോട്ട് നോക്കിയാൽ കോട്ട മതിൽ തലയെടുപ്പോടെ നിൽക്കുന്നത് കാണാം. ഒരു മീറ്റർ വീതിയുള്ള മതിലിൽ ഇടവിട്ടു പീരങ്കികൾ സ്ഥാപിച്ചിട്ടുണ്ട്. ടെറസ്സിൽ ഉണ്ടായിരുന്ന വീൽ ഘടിപ്പിച്ച കുഞ്ഞൻ പീരങ്കികൾ കൗതുകമുണർത്തുന്ന കാഴ്ചയാണ്.

താഴെ നിലയിൽ എത്തിയപ്പോൾ 100 രുപ കൊടുത്താൽ പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ചുറ്റുന്ന രീതി പഠിപ്പിച്ചു തരുമെന്ന് എഴുതി വെച്ചിരിക്കുന്നു. കാണാൻ ആഗ്രഹിച്ചിരുന്ന കാര്യം ആയതിനാൽ 100 രുപ അടച്ച് 5 മീറ്റർ നീളം വരുന്ന തുണി തലപ്പാവായി ചുറ്റുന്നത് കണ്ടു നിന്നു. 100 രൂപ മുതലാക്കാൻ തന്നെ തീരുമാനിച്ച ഞാൻ പുള്ളിയെ തലപ്പാവിനെ കുറിച്ചുള്ള ചോദ്യങ്ങൾ കൊണ്ട് പൊറുതി മുട്ടിച്ചു. അവസാനം ഞാൻ പോയി തരാൻ അയാൾ, എനിക്ക് പണം തരാം എന്ന അവസ്ഥയായപ്പോൾ ഞാൻ അവിടുന്ന് വലിഞ്ഞു .

തലപ്പാവ് ബഹുമാനത്തിന്റെ ചിഹ്നമാണ്. ഇതിന്റെ രൂപവും ഭാവവും സ്ഥലത്തിന് അനുസരിച്ചു വ്യത്യാസപ്പെടും . മരുഭൂമിയിൽ തലപ്പാവ് അയഞ്ഞാണ് ചുറ്റുന്നത്. ഓരോ ജാതിക്കാർക്കും ഓരോ തലപ്പാവാണ്. ബിഷ്‌ണോയി ജാതിക്കാർക്ക് വെള്ള, രാജപുത്രന്മാർക് 5 നിറങ്ങളുള്ള തലപ്പാവ് അങ്ങനെ അങ്ങനെ … തലപ്പാവ് തട്ടിക്കളയുന്നത് വലിയ അപമാനമായിട്ടാണ് കണക്കാക്കുന്നത് . യുദ്ധത്തിൽ കീഴടങ്ങുമ്പോൾ തലപ്പാവ് ഊരി ശത്രു രാജാവിന്റെ കാൽക്കൽ വെക്കും. കുടുംബത്തിലെ മുതിർന്ന ആളുടെ മരണ ശേഷം പഗഡി രസം എന്ന ചടങ്ങിൽ മൂത്ത മകൻ അച്ഛന്റെ തലപ്പാവ് സ്വീകരിച്ച് , കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കും !

അവിടുന്ന് ഞങ്ങൾ ശൃംഗർ ചൗക്കിലെത്തി. ഒരു അങ്കണത്തിൽ മാർബിൾ കൊണ്ടുണ്ടാക്കിയ നീണ്ട വേദിയും , അതിലൊരു ഇരിപ്പിടവുമുണ്ട്. ഇവിടെയാണ് രാജാവായി സ്ഥാനാരോഹണം ചെയ്യുന്ന ചടങ്ങുകൾ നടക്കുക. 1953 ൽ രാജ്യഭരണമേൽക്കുമ്പോൾ നാല് വയസ്സ് മാത്രം പ്രായമുള്ള ഗജ്‌ സിങ്ങിന്റെ ചടങ്ങുകൾ നടന്നതും ഇവിടെയാണ്.

അവിടെ നിന്നാൽ മുകളിലത്തെ കെട്ടിടങ്ങൾ ചുവപ്പു നിറവും , താഴത്തെ കെട്ടിടങ്ങൾ വെള്ള നിറവുമായി കാണാം.
ചുവന്ന കെട്ടിടങ്ങളിലാണ് സ്ത്രീകൾ താമസിക്കുക. അവരുടെ മുഖം ഭർത്താവിനും, മകനും മാത്രമേ കാണാൻ അനുവാദമുള്ളു. ബാക്കി സമയം അവർ മുഖം മറക്കും. സ്ത്രീകൾക്ക് ശൃംഗർ ചൗക്കിലെ ചടങ്ങുകൾ അവരുടെ കെട്ടിടങ്ങളിൽ ഉണ്ടാക്കിയിരിക്കുന്ന കിളിവാതിലിലൂടെ കാണാം. ഈ കിളിവാതിൽ കല്ലിൽ കൊത്തിയുണ്ടാക്കിയിരിക്കുന്നത് കണ്ടാൽ ആശ്ചര്യം തോന്നും. കൂട്ടിൽ അടച്ച കിളികളെ പോലുള്ള അന്നത്തെ സ്ത്രീകളുടെ ജീവിതമോർക്കുമ്പോൾ ഒരു നൊമ്പരം അനുഭവപ്പെടും.

കോട്ടയിലെ ചില മുറികൾ പഴയ പ്രൗഢിയിയോടെ ഇന്നും സൂക്ഷിച്ചിരിക്കുന്നത് കാണാം. അതിൽ പ്രധാനം Moti mahal , Sheesh Mahal , Phool mahal , Takhath vilas എന്നിവയായിയായിരുന്നു. വെള്ള ഭിത്തിയും , സ്വർണ്ണ മച്ചുമായുള്ള ഒരു മുറിയായിരുന്നു Moti Mahal . ഭിത്തിയിൽ മുത്തുചിപ്പിയും കുമ്മായവും മറ്റും ചേർത്താണ് ചാന്തു പൂശിയിട്ടുള്ളത്. ജനാലകൾ പല നിറങ്ങളിലുള്ള കണ്ണാടികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതുകൊണ്ട് സൂര്യ പ്രകാശം ജനാല വഴി മഴവിൽ വർണ്ണങ്ങളിലാണ് ഭിത്തിയിൽ പതിക്കുന്നത്. ഇവിടെ വെച്ചാണ് രാജാവ് പ്രജകളെ കാണുന്നത്.

Sheesh മഹലിൽ വിവിധ നിറത്തിലും, രൂപത്തിലും, അളവിലുമുള്ള ആയിര കണക്കിന് അകംവളഞ്ഞ കണ്ണാടികളെ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇതു കൂടാതെ ചുവരിൽ ദുർഗ്ഗ , ശിവൻ, കൃഷ്ണൻ , ഗണപതി മുതലായ ദൈവങ്ങളുടെ മനോഹരമായ ചിത്രങ്ങളുണ്ട് . പൂജാകർമ്മങ്ങൾക്കായിട്ടാണ് ഈ മുറി ഉപയോഗിച്ചിരുന്നത്. അഭയ് സിംഗ് രാജാവ് നിർമ്മിച്ച ഫൂൽ മഹൽ, നൃത്തവും സംഗീതവും ആസ്വദിക്കാനായി രാജാവ് ഒരുക്കിയിരുന്ന സദസ്സുകൾക്കുള്ള വേദിയായിരുന്നു. 80 കിലോ സ്വർണ്ണമാണ് ഇത് അലങ്കരിക്കാൻ ഉപയോഗപ്പെടുത്തിയത് .

തഖത് വിലാസ് ,
തഖത് സിംഗ് രാജാവിന്റെ അന്തഃപുരം ആയിരുന്നു. സ്ത്രീകളുടെ മുറികളായി ഉപയോഗിച്ചിരുന്ന ഭാഗങ്ങൾ ഒന്നും സന്ദർശകർക്ക് കാണാൻ അനുവാദമില്ല. സ്ത്രീകൾ പുറം കാഴ്ച കാണാൻ വന്നു നിൽക്കുന്ന ചെറിയൊരു മുറിയിൽ തൊട്ടിലുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടെയുണ്ടായിരുന്ന കാവൽക്കാരനോട്, അദ്ദേഹത്തിന്റെ പടം പിടിക്കട്ടേ എന്ന് ചോദിച്ചപ്പോൾ , ഒരു രാജാവിന്റെ പ്രൗഢിയോടെ മീശയൊക്കെ പിരിച്ച് എനിക്ക് പോസ് ചെയ്തു തന്നു!

എടുത്തു പറയേണ്ട മറ്റൊന്നാണ് Daukhath khana എന്ന യുദ്ധ ഉപകരണങ്ങളുടെ മ്യൂസിയം . രാജ ഭരണ കാലത്തു ഉപയോഗിച്ചിരുന്ന അനവധി ആയുധങ്ങൾ ഇവിടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്. സ്വർണം പൂശിയ ലോഹത്തിന്റെ തലപ്പാവും, സ്വർണവും വെള്ളിയും പൂശിയ തോക്കും, മുത്തുകളും കല്ലുകളും പതിപ്പിച്ച പരിചയും എല്ലാം രജപുത്ര രാജാക്കന്മാരുടെ ആയുധങ്ങളോടുള്ള അഭിനിവേശം സൂചിപ്പിക്കുന്നതാണ്. വെള്ളി കൊണ്ടുണ്ടാക്കിയ വെറ്റില ചെല്ലങ്ങളും, ഹുക്കയും , ചുസ്കിയും (കറുപ്പ് ചേർന്ന ലഹരി പദാർത്ഥം ഒഴിച്ച് കുടിക്കാൻ ഉപയോഗിച്ചിരുന്ന പാത്രം ) എല്ലാം ആ കാലത്തുണ്ടായിരുന്നവരുടെ കരവിരുതിന്റെ ഉദാത്തമായ ഉദാഹരണമായിരുന്നു.

അതിൽ തന്നെ തലപ്പാവ് ധരിച്ചു നൃത്തം ചെയ്യുന്ന ഒരു സ്ത്രീയുടെ രുപത്തിൽ ഉണ്ടാക്കിയ ചുസ്കി ശരിക്കും അമ്പരപ്പിക്കും. അവളുടെ നീട്ടി പിടിച്ച കൈയിൽ നിന്നാണ് ലഹരി പദാർത്ഥം ഒഴിച്ചെടുക്കുക. ഹുക്ക നിർമ്മാണത്തിലുമുണ്ടായിരുന്നു പ്രത്യേകതകൾ. ഒരു അറയിൽ കനലിൽ ലഹരി പദാർത്ഥം വെക്കും. ഈ പുക വേറൊരു അറയിൽ നിറച്ചിരിക്കുന്നു വെള്ളത്തിൽ കൂടിയാണ് പുറത്തു വരിക. അങ്ങിനെ ചെയ്യുന്നത് കൊണ്ട് ശ്വാസകോശത്തിൽ ലഹരിയുടെ ചെറിയ അംശം പോലും അടിയില്ലത്രെ.

പല്ലക്കുകളുടെയും , ഹൗദയുടെയും (ആനപ്പുറത്തു വെക്കുന്ന ഇരിപ്പിടം) ഒരു വലിയ ശേഖരം തന്നെയുണ്ട് അവിടെ. പല്ലക്കുകളിൽ പേർഷ്യൻ , ചൈനീസ് കലയുടെയും കരവിരുതിന്റെയും സ്വാധീനം പ്രകടമായിരുന്നു. സ്ത്രീകളെ കൊണ്ടുപോകുന്ന പല്ലക്കിനെ ഡോളി എന്നാണ് വിളിച്ചിരുന്നത്. ജസ്വന്ത് സിങ്ങിന് ഷാജഹാൻ ചക്രവർത്തി സമ്മാനിച്ച വെള്ളി ഹൗടയും അവിടെ പ്രദർശിപ്പിച്ചിരുന്നു.

‘Chitara ‘ എന്ന ലഘുചിത്രം വരയ്ക്കുന്ന രീതി പണ്ട് മുതൽ നിലവിലുണ്ടായിരുന്നു. ഇതിനു വാസ്‌ലി എന്ന് വിളിക്കുന്ന കൈകൊണ്ടുണ്ടാക്കിയ പ്രത്യേക പേപ്പറായിരുന്നു ഉപയോഗിച്ചിരുന്നത്. ബ്രഷ് ആകട്ടേ അണ്ണാന്റെ വാലിലെ രോമത്തിൽ നിന്നും ! പ്രകൃതിദത്തമായ ചായങ്ങൾ ഉപയോഗിച്ചായിരുന്നു നിറങ്ങൾ കൊടുത്തിരുന്നത്.

ഇത്രയുമൊക്കെ കണ്ടും മനസ്സിലാക്കിയും വന്നപ്പോൾ മൂന്നു മണിക്കൂറിൽ ഏറെ ആയി. അവിടെ വെച്ചിരുന്ന രാജാവിന്റെ ചിത്രത്തിനു വീഞ്ഞും പകർന്നു നൽകി പുറത്തോട്ടിറങ്ങി.
അവിടെ നാടൻ കലാകാരന്മാർ പാട്ടുകൾ പാടി സന്ദർശകരെ ആനന്ദിപ്പിക്കുന്നുണ്ടായിരുന്നു. അതിലൊരാൾ ഞങ്ങളോട് എവിടെ നിന്നാണ് എന്ന് ചോദിച്ചപ്പോൾ, കേരളം എന്ന് കേട്ടതും പുള്ളി ‘കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ …’ എന്ന പാട്ട് നല്ല സ്റ്റൈലായി പാടുകയും കൂടെയുള്ളവർ തകർത്താടുകയും ചെയ്തു. ആലപ്പുഴക്കാരിയയായ എനിക്ക് സന്തോഷിക്കാൻ ഇതിൽപ്പരം എന്തു വേണം.

മെഹ്റാൻഗാർഹ് കോട്ടയിൽ ചെന്നാൽ രജപുത്ര രാജാക്കന്മാരുടെ ജീവിതത്തെ കുറിച്ച് നല്ലൊരു അവബോധം നമുക്കുണ്ടാവുകയും , സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അന്നത്തെ സ്ത്രീകൾ എത്രമാത്രം അടിച്ചമർത്തപ്പെട്ടവരായിരുന്നെന്നും നമുക്ക് മനസിലാക്കുവാനും സാധിക്കും.ചരിത്രത്തിലേക്ക് ഒന്നിറങ്ങി ചെന്നാൽ ഇവിടെ നടന്ന പല അനിഷ്ട സംഭവങ്ങളിലേക്ക് വെളിച്ചം വീശുകയും ചെയ്യും…. സംശയമില്ല !

Leave a Reply

Your email address will not be published. Required fields are marked *