Contact About Mitra Change Language to മലയാളം

🌷പുനാഖയിൽ പൂവിട്ട സൗഹൃദം !!!🌷

🌷പുനാഖയിൽ പൂവിട്ട സൗഹൃദം !!!🌷

ചില യാത്രകൾ, പൂർണ്ണതയിലെത്തുന്നതും അവിസ്മരണീയമാക്കുന്നതും ,അവിചാരിതമായി ലഭിക്കുന്ന ചില സ്നേഹ ബന്ധങ്ങളിലൂടെയായിരിക്കും..

നാം യാത്ര തുടങ്ങുന്നതിന് മുന്നെ വായ്ച്ചറിഞ്ഞ് മനസിൽ കൂട്ടിയോചിപ്പിച്ചുണ്ടാക്കുന്ന മന:ചിത്രങ്ങളേക്കാളും മിഴിവേകുന്ന ദൃശ്യ വിരുന്ന്
നൽകുന്നത് ഈ അവിചാരിത സൗഹൃതത്തിന്റെ കൂടി ആകെ തുകയാണ്…

അങ്ങനെ ,ഓർക്കുമ്പോൾ മനസിൽ പച്ചപ്പ് നിലനിൽക്കുന്ന ഒരു സൗഹൃദ അനുഭവമാണ് ഞാൻ ഇന്ന് പങ്കുവെക്കുന്നത്.

തിമ്പുവിലെ താമസ സ്ഥലത്ത് നിന്നും രാവിലെ 6 മണിക്ക് ഇറങ്ങി ഒന്നര കിലോമീറ്റർ അകലെയുള്ള ടാക്സി സ്റ്റാൻഡിലേക്ക് നടന്നു. പോകുന്ന വഴിക്ക് നഗര ഹൃദയത്തിലൂടെ പാഞ്ഞൊഴുകുന്ന വാങ് ചൂ നദി കാണാം. ഭൂട്ടാനിലെ മിക്ക നഗരങ്ങളും നദിക്കരയിലാണ് പടുത്തുയർത്തിയിരിക്കുന്നത്.

6.45 ആയപ്പോൾ ടാക്സി സ്റ്റാൻഡ്‌ എത്തി. Share taxi ആയതു കൊണ്ട് മൂന്ന് പേര് കൂടി വന്നെങ്കിലെ വണ്ടി എടുക്കു. കുറേ നേരം അവിടെ നിന്നിട്ടും ആരും വന്നില്ല.

അടുത്തുള്ള കടയിൽ നിന്ന് ചൂട് മോമോസ് മാടി മാടി വിളിക്കുന്നു. നേരേ പോയി ഒരു പ്ലേറ്റ് വാങ്ങി കഴിച്ചു. അപ്പോഴാണ് അവിടെ തൂക്കിയിട്ടിരുന്ന യാക് മൃഗത്തിന്റെ പാലിൽ നിന്നുണ്ടാക്കിയ പാൽ കട്ടിയിൽ കണ്ണുടക്കിയത്. അതൊരെണ്ണം വാങ്ങി കടിച്ചത് മാത്രം ഓർമ്മയുണ്ട്,നക്ഷത്രമെണ്ണിപ്പോയി. കരിങ്കല്ല് പോലും തോറ്റു പോകും

 പല്ലും തടവി തിരിച്ചെത്തിയപ്പോഴും ടാക്സിയിൽ പോകാൻ ആളെ കിട്ടിയില്ല.
അപ്പോഴേക്കും സമയം 7.45 ആയി.

നോക്കുമ്പോൾ ദൂരെ ഒരു ബസിൽ ആളുകൾ കയറുന്നു. പോയി അന്വേഷിച്ചപ്പോൾ കുൽതാങ്ങ് പോകുന്ന ബസ്സാണ്. അവിടെ നിന്നും പുനാഖ വളരെ അടുത്താണ്. വേഗം കൗണ്ടറിൽ പോയി ടിക്കറ്റ് എടുത്ത് ബസിൽ കയറി. ഒരു വരിയിൽ നാല് സീറ്റാണുള്ളത്. ഭൂട്ടാനിലെ കുഞ്ഞൻ റോഡുകൾക്ക് പറ്റിയ കുഞ്ഞൻ ബസ്സായിരുന്നു അത്.

എന്റെ വരിയിൽ അറ്റത്തുള്ള സീറ്റിൽ ഒരു പയ്യനായിരുന്നു. എന്റെ ബാഗ് കണ്ടപ്പോൾ സഞ്ചാരിയാണെന്ന് മനസ്സിലാക്കി അവൻ ജനലരികിലുള്ള സീറ്റിൽ ഇരുന്നോളാൻ പറഞ്ഞു. ഞാൻ കൈയ്യിൽ ഉണ്ടായിരുന്ന മഞ്ച് എടുത്ത് അവന് നീട്ടി. അത് ഒരു നല്ല സൗഹൃദത്തിന്റെ തുടക്കമായിരുന്നു.

ജിഗ്മെ ലെന്ധുപ് എന്നായിരുന്നു അവന്റെ പേര്. സ്കൂളിനെ പ്രതിനിധാനം ചെയ്ത് തിമ്പുവിൽ ഫുട്ബോൾ കളിക്കാൻ പോയതാണ്. പതിനേഴു വയസ്സേ ഉള്ളെങ്കിലും നല്ല കാര്യപ്രാപ്തിയുള്ള കുട്ടിയായിരുന്നു അവൻ .

അവന്റെ നാട്ടിലെ രീതികളെ കുറിച്ചെല്ലാം വിശദമായി പറഞ്ഞു തന്നു. എനിക്ക് എന്റെ aa പ്രായത്തിൽ നമ്മുടെ സംസ്കാരത്തെ പറ്റി ഒന്നും ഇത്രെയും പറയാൻ അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ വളരെ ആരാധന പൂർവ്വം ഞാൻ അവൻ പറയുന്നത് ശ്രവിച്ചു. അവൻ എന്നെയ് നും (ചേച്ചി) എന്നാണ് വിളിച്ചത്. അവന്റെ ആ സ്നേഹം കണ്ടപ്പോൾ ഒരു കുഞ്ഞനിയനെയ് പോലെ തോന്നിച്ചു. അത് കൊണ്ട് ഞാൻ അവനെയ് ആചോ (അനിയൻ) എന്നും വിളിച്ചു.

പോകുന്ന വഴിക്ക് എതിർ വശത്ത് നല്ല വ്യൂ വരുന്ന സ്ഥലം എത്തുന്നതിനു കുറച്ചു മുന്നേ തന്നെ അവൻ എന്നോട് പറയും. അത് കണക്ക് കൂട്ടി എനിക്ക് ഫോട്ടോ എടുക്കാൻ പറ്റി. നല്ല പടം കിട്ടുമ്പോൾ എന്നെക്കാൾ സന്തോഷം അവനായിരുന്നു. അവൻ സഹായിച്ചതു കൊണ്ട് ബസ്സിൽ ഇരുന്നു തന്നേ 108 ചോർട്ടെന് ഫോട്ടോ ഒക്കെ എടുക്കാൻ പറ്റി.

ഭൂട്ടാന്റെ പച്ചപ്പ് അടുത്തറിയാൻ പറ്റിയ ഒരു യാത്രയാണ് തിമ്പൂ മുതൽ പുനാഖ വരെയുള്ളത്. പൈൻ മരങ്ങൾ തിങ്ങി നിൽക്കുന്ന മലഞ്ചരിവുകളും, കോടമഞ്ഞ് മൂടിയ മലകളുമെല്ലാം മനസ്സിന് സുഖം പകരുന്ന കാഴ്ചകളായിരുന്നു. ഇടയ്ക്ക് വെള്ള പൊട്ട് കുത്തിയ പോലെ വീടുകൾ പ്രത്യക്ഷമാകും. തട്ട് തട്ടായി കൃഷി ചെയ്യുന്ന നെൽപ്പാടങ്ങൾ , കൊയ്ത്ത് കഴിഞ്ഞ് ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയും കാണാം. ഞാൻ കാഴ്ചകൾ ആസ്വദിച്ച് ഇരിക്കുമ്പോൾ അവൻ ഒരക്ഷരം പോലും ഉരിയാടാതെ ഇരിക്കും.

ഇടയ്ക്ക് ചായ കുടിക്കാൻ നിർത്തി.അവിടെ പ്രാതൽ ബീഫ് ചേർത്ത ഒരു അട പോളത്തെയ് soup ആയിരുന്നു. എനിക്ക് അതിന്റെ ഫോട്ടോ എടുക്കണം എന്ന് പറഞ്ഞപ്പോൾ , നമ്മുടെ ആചോ കടയുടമയോട് പറഞ്ഞു ഒരു ചെറിയ പാത്രത്തിൽ സാധനം എടുപിച്ച് തന്നു. അവന്റെ ഓരോ കുഞ്ഞു പ്രവർത്തിയും എന്നെയ് വല്ലാതെ സ്പർശിച്ചു.

ആ സമയം അവിടത്തെ പട്ടിക്കുട്ടികൾ ഇണക്കത്തോടെ തൊട്ടുരുമ്മി ചങ്ങാത്തം കൂടാൻ വരുന്നുണ്ടായിരുന്നു. ചുരം ഇറങ്ങിയുള്ള മനോഹരമായ യാത്ര അവസാനിച്ചത് കുൽതങ്ങിൽ ആയിരുന്നു.

കുൽതങ് എത്തിയപ്പോൾ ആചോ പറഞ്ഞു ‘ നും, നിങ്ങള് ഒറ്റക്കല്ലേ ഒള്ളു ഞാനും കൂടെ വന്നു സ്ഥലം കാണിച്ചു തരാം. അങ്ങനെ നും ( ചേച്ചി) ആചോയും (അനിയനും) കൂടി കുൽതങ് നിന്നും അടുത്ത ബസ്സിൽ പുനാഖ dzong എത്തി.

പുനാഖ dzong ഭൂട്ടാനിലെ ഏറ്റവും വലിയ രണ്ടാമത്തെ dzong ആയിരുന്നു. പാ ചൂ എന്നും മാ ചൂ എന്നും വിളി പേരുള്ള രണ്ടു നദികളുടെ സംഗമത്തിലാണ് ഇത് പണിതു യർത്തിയിരിക്കുന്നത്.

ഒരു തടിപ്പാലം കടന്നു വേണം ഉള്ളിൽ പ്രവേശിക്കാൻ. ഇവിടെ ഒരു ഭാഗത്ത് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നു. വേറൊരു ഭാഗത്ത് ബുദ്ധ സന്ന്യാസികൾ താമസിക്കുന്നു. ബാക്കി ഭാഗം മൊത്തം നമുക്ക് നടന്നു കാണാം. നിർഭാഗ്യവശാൽ ആചോക്ക്‌ പരമ്പരാഗത ബെൽറ്റ് ഇല്ലാഞ്ഞ കൊണ്ട് ഉള്ളിലേക്ക് പ്രവേശിക്കാൻ പറ്റില്ലായിരുന്നു. എന്റെ backpack അവൻ കൈയിൽ വാങ്ങി സൂക്ഷിച്ചു.

വലിയ നടുത്തളവും, പടുകൂറ്റൻ ആൽമരവും, ആറ് നിലയുള്ള കെട്ടിടവും, ഭിത്തിയിലുള്ള ചുവർ ചിത്രങ്ങളുമെല്ലാം നല്ല കാഴ്ചകളായിരുന്നു. തടിയിൽ ചെയ്തു വെച്ചിരിക്കുന്ന കൊത്തുപണികൾ കണ്ടാൽ അന്തം വിട്ടു ആരും നിന്ന് പോകും. ഗൈഡ് ഇല്ലാതെ ഉള്ളിൽ പോയത് കൊണ്ട് പട്ടി ചന്തക്ക് പോയ അവസ്ഥ ആയിരുന്നു എന്റെ. കാര്യമായി ഒന്നും മനസ്സിലാക്കാൻ സാധിച്ചില്ല. അത് കൊണ്ട് തന്നെ പെട്ടെന്ന് ചാടി പുറത്ത് എത്തി.

ഡോങ്ങിൽ എന്നെ ഏറ്റവും ആകർഷിച്ചത് വയലറ്റ് നിറമുള്ള പൂക്കൾ വിടർന്നു നിൽക്കുന്ന മരങ്ങളായിരുന്നു. മരത്തിനു താഴെ പരവതാനി പോലെ അടർന്നു വീണ പൂക്കൾ കിടക്കുന്നുഡായിരുന്നൂ.

അവിടന്നു ഇറങ്ങി ഞങ്ങൾ സസ്പെൻഷൻ ബ്രിഡ്ജ് കാണാൻ പോയി. ഏകദേശം ഒന്നൊന്നര കിലോമീറ്റർ നടക്കണം. ആചോ അടുത്തുള്ള പെട്ടി ക്കടയിൽ അനുവാദം ചോദിച്ച് ബാഗ് അവിടെ വെപ്പിച്ചു.

ചുമലിൽ നിന്ന് ഭാരം ഒഴിഞ്ഞപ്പോ നടക്കാൻ നല്ല സുഖം. വഴിയിൽ ഒരു ചെറിയ വീട് കണ്ടൂ. നോക്കുമ്പോൾ ഒന്ന് രണ്ടു ബുദ്ധ സന്ന്യാസിമാർ അതിനുള്ളിൽ നിന്നും ഇറങ്ങി വരുന്നു. അപ്പോഴാണ് ആചോ പറയുന്നത് അവിടെ അനധികൃത മദ്യ വിൽപന ഉണ്ടെന്ന്. ചില സന്ന്യാസിമാർ ഇടക്ക്‌ ഇവിടെ മദ്യം സേവിക്കാൻ എത്താറുണ്ടത്രെ !

നടന്നു നടന്ന് ഞങ്ങൾ അവസാനം പാലത്തിൽ എത്തി. ഇരുനൂറ് മീറ്റർ നീളമുള്ള പാലം അങ്ങനെ നീളത്തിൽ പാ ചൂ നദിയുടെ കുറുകേ കിടക്കുന്ന കാണാൻ നല്ല രസമായിരുന്നു. അതിന്റെ മുകളിൽ നിന്നും തെളിഞ്ഞ വെള്ളം ഒഴുകുന്ന നദി കണ്ടപ്പോൾ അതിലിറങ്ങാൻ പറ്റിയെങ്കിൽ എന്ന് ആശിച്ചു.

എന്റെ മനസ്സ് വായിച്ച പോലെ ആചോ പറഞ്ഞു ‘ ഞങ്ങൾ നദിക്കരയിൽ പോകുന്ന ഒരു ചെറിയ വഴിയുണ്ട്. ചേച്ചിക്ക് വേണേൽ അവിടെ വരെ പോയി വരാം. അങ്ങനെ ഞങ്ങൾ രാണ്ടാളും കൂടി പാലത്തിന്റെ വശത്തുള്ള ഒരു കുഞ്ഞു വഴിയിൽ കൂടി താഴോട്ട് നടന്ന് നദിക്കരയിൽ എത്തി. എനിക്ക് നടക്കാൻ സൗകര്യത്തിന് എന്റെ കുഞ്ഞൻ ബാഗ് അവൻ അവന്റെ കഴുത്തിൽ ഇട്ടു.

വെള്ളത്തിൽ തൊട്ടപ്പോൾ ഐസ് പോലെ തണുത്തിരിക്കുന്നൂ. കുറച്ച് നേരം വെള്ളത്തിൽ കാലിട്ട്‌ അങ്ങനെ ഇരുന്നു.


പെട്ടെന്നാണ് ഫോബ്ജിഖയിൽ പോകണമല്ലോ എന്ന് ബോധോദയം ഉണ്ടായത്. മനസ്സില്ലാമനസ്സോടെ അവിടന്ന് ഇറങ്ങി. തിരിച്ചു മുകളിൽ കയറാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ എല്ലാം ആചോ കൈ തന്നു സഹായിച്ചു.

തിരികെ നടന്നു മുകളിൽ എത്തിയപ്പോ ഒരു അമ്മച്ചി നെല്ലിക്ക വിൽക്കുന്നു. അമ്മച്ചിയോട് കുറച്ചു നേരം കുശലം പറഞ്ഞു നെല്ലിക്കയും വാങ്ങി തിരിച്ച് കുൽതങ് എത്തി.

അവിടന്ന് ഒന്നിച്ചു ഭക്ഷണം കഴിച്ചു. എന്നെ ഫോബ്ജിഖയിലോട്ടുള്ള വണ്ടി സുരക്ഷിതമായി കയറ്റി വിട്ടിട്ടാണ് അവൻ മടങ്ങിയത്.

ഒരു പക്ഷെ ആചോയെ പരിചയപ്പെട്ടില്ലായിരുന്നൂ എങ്കിൽ പുനഖ മോണസ്റെറി മാത്രം കണ്ട് ഞാൻ തിരിച്ച് വന്നേനെ. ആചോ മുൻകൈ എടുത്തത് കൊണ്ടാണ് ഞാൻ ബ്രിഡ്ജ് കാണാൻ പോയതും , നദിയിൽ ഇറങ്ങാൻ പറ്റിയതൂം എല്ലാം. ഭൂട്ടാൻ സംസ്കാരത്തെ പറ്റി കുറേ കാര്യം ആചോ പറഞ്ഞു തന്നത് കൊണ്ട് വിശദമായി മനസ്സിലാക്കാൻ പറ്റി. അതിലേറെ കാര്യങ്ങൽ ആചോയുടെയ് പെരുമാറ്റത്തിൽ നിന്നും ഗ്രഹിക്കാൻ പറ്റി.

ഇന്നും പുനാഖ എന്ന് കേൾക്കുമ്പോൾ വയലറ്റ് നിറമുള്ള പൂക്കളും, എന്റെ സൗഹൃദവും ആണ് മനസ്സിൽ ഓടി എത്തുക.


അങ്ങനെ പുനാഖയിൽ പൂവണിഞ്ഞ സൗഹൃദ പൂവിന്റെ നറുമണം ചോരാതെ ഇന്നും ഞാൻ കൊണ്ട് നടക്കുന്നു.

 

 

Likes:
0 0
Views:
233
Article Categories:
BhutanPeopleTravelogues

Leave a Reply

Your email address will not be published. Required fields are marked *