Change Language to മലയാളം

About Mitra Malayalam

യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന ഒരു ആയുർവ്വേദ ഡോക്ടർ / അധ്യാപിക – ഇതാണ് ഒറ്റ വാക്യത്തിൽ മിത്ര സതീഷ് എന്ന ഞാൻ . ഭർത്താവും , പതിനഞ്ചും പത്തും വയസ്സുള്ള രണ്ടു കുട്ടികൾക്കൊപ്പം കൊച്ചിയിൽ ആണ് സ്ഥിര താമസം.

കുട്ടിക്കാലം മുതലേ തെക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളും സന്ദർശിക്കാൻ അവസരം ലഭിച്ചെങ്കിലും യാത്രയോടു അമിതമായ ഇഷ്ടം ഒന്നുമില്ലായിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കും പല സ്ഥലങ്ങളിലും പോകേണ്ടി വന്നിട്ടുണ്ടെങ്കിലും , സ്ഥലത്തെ പറ്റി കൂടുതലൊന്നും അറിയാൻ ശ്രമിച്ചിരുന്നില്ല. ഒരു സാധാരണ ടൂറിസ്റ്റിനെ പോലെ , കാഴ്ചകൾ കണ്ട് , കുറച്ചു പടങ്ങളും പിടിച്ചു തിരികെ പോരുന്നതായിരുന്നു പതിവ്.

അങ്ങിനെയിരിക്കെ 2019 മെയ് മാസം ആണ് വെറുതെ ഒരു യാത്ര പോകാൻ തോന്നിയത്. പ്രത്ത്യേകിച്ചു ഒരു സ്ഥലവും മനസ്സിൽ ഇല്ലായിരുന്നു. സുഹൃത്തായ അഞ്ജലി ആണ് ഭൂട്ടാൻ പറ്റി പറഞ്ഞത്. രാജ്യത്തെ കുറിച്ച് വായിച്ചപ്പോൾ ഇഷ്ടം തോന്നി. ആദ്യത്തെ സോളോ യാത്രക്കു അങ്ങിനെ തുടക്കം കുറിച്ചു .

ആ യാത്ര എന്റെ കാഴ്ച്ചപ്പാടുകൾ മാറ്റി, യാത്രകൾ ഒരു ഹരമാക്കി….

വ്യത്യസ്ത ജനപഥങ്ങളും സംസ്കാരങ്ങളും തേടി പോകാൻ ഊർജ്ജം പകർന്നു…..

പിന്നീടുള്ള എട്ട് മാസ കാലം കൊണ്ട് രാജസ്ഥാൻ, നാഗാലാൻഡ്, മണിപ്പൂർ , അമൃതസർ, ഡൽഹി എല്ലാം സഞ്ചരിച്ചു. കൊറോണ, യാത്രകൾക്ക് അർദ്ധവിരാമം ഇട്ടപ്പോൾ യാത്രകളെ പറ്റി കൂടുതൽ വായിച്ചും, പോയ യാത്രകളുടെ അനുഭവങ്ങൾ എഴുതിയും സമയം തള്ളി നീക്കി. ടൂറിസം വീണ്ടും ആരംഭിച്ചപ്പോൾ എന്റെ യാത്രകളുടെ രീതി മാറ്റേണ്ടി വന്നു.

പണ്ട് ട്രെയിനിലും ബസ്സിലും ഒക്കെയായിരുന്നു യാത്ര. കൊറോണക്ക് ശേഷം ‘റോസ്സ് ‘ എന്ന് ചെല്ലപ്പേരുള്ള എന്റെ കാർ ആയിരുന്നു ആശ്രയം .സെപ്റ്റംബറിൽ ഹംപിയും, നവംബറിൽ നീലഗിരിയും , ഡിസംബറിൽ കുർഗ്ഗും ഡ്രൈവ് ചെയ്തു കണ്ടു.

ഓരോ സ്ഥലത്തെയും ചരിത്രവും, സംസ്കാരവും , ആളുകളുടെ ജീവിത രീതിയും , ഭക്ഷണ സവിശേഷതകളെയും ഒക്കെ പറ്റി ആഴത്തിൽ മനസിലാക്കിയിട്ടാണ് യാത്രകൾ ചെയ്യാൻ ശ്രമിക്കാറുള്ളത് . ഈ ബ്ലോഗിലെ എഴുത്തുകളിലും ഈ വിഷയങ്ങളാണ് കൂടുതൽ പ്രതിപാദിച്ചിരിക്കുന്നത്.

വായിച്ചിട്ടു അഭിപ്രായം അറിയിക്കുമല്ലോ…..

സസ്നേഹം
മിത്ര