Contact About Mitra Change Language to മലയാളം

പപ്പടം ചവിട്ടി പൊട്ടിക്കലും, ചൂല് വഴിപാടും ഗുഹാ ക്ഷേത്രവും !!!

പപ്പടം ചവിട്ടി പൊട്ടിക്കലും, ചൂല് വഴിപാടും ഗുഹാ ക്ഷേത്രവും !!!

…………………………..

 

വളരെ യാദൃശ്ചികമായാണ് ഇരുനിലംക്കോട് ക്ഷേത്രത്തിൽ എത്തിയത്. ഷൊർണ്ണൂർ അടുത്തുള്ള ചെറുതുരുത്തിയിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് പോയതായിരുന്നു. അവിടെയുള്ള സുഹൃത്തുക്കളായ സ്മിതയും , അനൂജയും വൈകീട്ട് എങ്ങോട്ടെങ്കിലും ഇറങ്ങിയാലോ എന്ന് ചോദിച്ചപ്പോൾ രണ്ടാമതാലോചിക്കാതെ, റോസ് മോളുമായി  ഇറങ്ങി.

 

ഷൊർണ്ണൂർ ഉണ്ടെന്നറിഞ്ഞപ്പോൾ  പല സുഹൃത്തുക്കളും,  പോകാൻ പറ്റിയ ഒരുപാട് സ്ഥലങ്ങൾ നിർദ്ദേശിച്ചിരുന്നു. എങ്ങോട്ടു പോകും എന്ന ആശയക്കുഴപ്പത്തിൽ , ഗൂഗിൾ എടുത്ത് പരതി. അങ്ങനെയാണ്  ഇരുനിലംക്കോട് ക്ഷേത്രം  കണ്ണിൽ പെട്ടത്.

 

ഗുഹാ ക്ഷേത്രം എന്ന് വായിച്ചപ്പോൾ കൗതുകം തോന്നി. അങ്ങിനെ   ‘റോസ് മോളെ ‘ ഗൂഗിൾ പറഞ്ഞ വഴിക്കു വിട്ടു. പത്തു മിനുട്ട് കൊണ്ട് ഞങ്ങൾ മുള്ളൂർക്കരയുള്ള ക്ഷേത്രത്തിലെത്തി .

ഒറ്റ നോട്ടത്തിൽ , അസാധാരണമായി ഒന്നും തോന്നിയില്ല. വലിയൊരു പാറയുടെ മുന്നിൽ ചെറിയൊരു ക്ഷേത്രം. ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു. അവിടെ ഉണ്ടായിരുന്ന  ഒരു ചേട്ടൻ പറഞ്ഞു ‘ക്ഷേത്രം തുറക്കാൻ അഞ്ചു മണിയാകും , നിങ്ങൾ വേണമെങ്കിൽ പാറയുടെ മുകളിൽ പോയി കാഴ്ചകൾ കണ്ടു  തിരിച്ചു വരൂ’.

 

മണി നാലര ആകുന്നതേയുള്ളു. വെറുതെ അവിടെ നിൽക്കുന്നതിലും നല്ലതല്ലേ പാറ കയറ്റം!

അങ്ങിനെ ക്ഷേത്രത്തിന്റെ വശത്തുള്ള പടിക്കെട്ടുകൾ കയറി വിജനമായ  പാറയിലെത്തി. പാറപ്പുറത്ത് കാലാന്തരത്തിൽ  രൂപാന്തരപ്പെട്ട ചെറിയ വഴികളിലൂടെ മുകളിലേക്ക് നടന്നു . അവിടവിടെയായി, ചോക്ക് കൊണ്ടുള്ള അടയാളങ്ങൾ ഉള്ളതുകൊണ്ട് വഴി തെറ്റിയില്ല. ചുട്ടുപൊള്ളി കിടക്കുകയായിരുന്നു പാറ.

നടന്നു കയറുമ്പോൾ  ,നാലു ഭാഗവും  കല്ലുകൾ അടുക്കി വെച്ചുണ്ടാക്കിയ   ചെറിയൊരു തറയും , അതിന്റെ മധ്യത്തിലായി ശിലകൊണ്ടുള്ള ഒരു  പ്രതിഷ്ഠയും  കാണാം . തറയിൽ കിടന്നിരുന്ന പൂവുകൾക്ക് അധികം പഴക്കമുണ്ടായിരുന്നില്ല. നിത്യ പൂജ നടക്കുന്നുണ്ടെന്ന് മനസ്സിലായി.

പാറപ്പുറത്തു കൂടി അൽപം കൂടി നടന്നപ്പോൾ   നേരത്തെ കണ്ടതുപോലുള്ള രണ്ട് പ്രതീഷ്ഠകൾ കൂടി കണ്ടു.  പ്രതിഷ്ഠകൾക്കൊന്നും ചുവരുകളും  മേല്കൂരയുമുണ്ടായിരുന്നില്ലെങ്കിലും

ചെറിയ ഇരുമ്പ്  ഗേറ്റ് കൊണ്ട് പ്രതിഷ്ഠയെ സംരക്ഷിക്കാൻ  ശ്രമിച്ചിരുന്നു.

കുറച്ചകലെ    മേൽക്കൂരയോട് കൂടി ചെറിയ ഒരു കെട്ടിടം കണ്ടു. ഞങ്ങൾ അങ്ങോട്ട് നടന്നു.

അടുത്തെത്തിയപ്പോൾ കണ്ടത്, കല്ലുകൾ അടുക്കി വെച്ചുണ്ടാക്കിയ, സാമാന്യം വലിപ്പമുള്ള ഒരു മുറിയാണ്. ഭക്തജനങ്ങളുടെ ശ്രദ്ധക്ക് എന്നെഴുതിയ ബോർഡിൽ ആയിരം കൊല്ലങ്ങൾക്ക് മുൻപ് ഈ പാറപ്പുറത്തു മഹാമുനികൾ തപസ്സു ചെയ്തിരുന്നു എന്നും, മുനികൾ താമസിച്ചിരുന്ന ഗുഹകളിൽ ശേഷിച്ച ഒന്നാണ് ഇത് എന്നും രേഖപ്പെടുത്തിയിരുന്നു. ഞാൻ അതിന്റെ നീല ഗേറ്റ് തുറന്ന് ഉള്ളിൽ പ്രവേശിച്ചു. മുറിയിലെ ചെറിയ ഗുഹയിൽ ഒരു ശിവലിംഗം പ്രതിഷ്ഠിച്ചിരുന്നു. ശിവലിംഗത്തിനു മുകളിൽ ഒരു ദീപം പ്രഭ ചൊരിഞ്ഞു കൊണ്ടിരുന്നു. പൂജാ പുഷ്പങ്ങൾ ശിവലിംഗത്തിനു ചുറ്റും ചിതറി കിടക്കുന്നുണ്ട്. കുറച്ചു നേരം മൗനം ഭജിച്ച് തിരികെ നടന്നു.

 

അവിടെ താമസിച്ചിരുന്നതായി പറയപ്പെട്ട മുനിമാരെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സിൽ. എങ്ങനെയാകും അവർ അവിടെ കഴിഞ്ഞിരുന്നത്? അടുത്തെങ്ങും ഒരു ജല സ്രോതസ്സ് പോലും കാണാനില്ല. ഈ വരണ്ട സ്ഥലത്ത് എത്ര നാൾ ജീവിക്കാൻ പറ്റും ? അതോ ഈ സ്ഥലം കാലക്രമേണ വരണ്ടതായി മാറിയതാണോ?

താഴെ എത്തിയപ്പോൾ ക്ഷേത്രം തുറന്നിരുന്നു.

വിശാലമായ ഹാളിൽക്കൂടി വേണം പ്രാധാന പ്രതിഷ്ഠയുടെ അടുത്തെത്താൻ .

ഇടതു വശത്ത്  ഉപദൈവങ്ങളുടെ പ്രതിഷ്ഠകളാണ്. ആദ്യം കണ്ട ചേട്ടൻ ഞങ്ങളെ,  പ്രധാന പ്രതിഷ്ഠയുള്ള  ഭാഗത്തേക്ക് കൊണ്ടുപോയി. അതൊരു ഗുഹയായിരുന്നു. ഏകദേശം മൂന്നു മീറ്റർ നീളവും, രണ്ടു മീറ്റർ വീതിയും, രണ്ടര മീറ്റർ ഉയരവുമുള്ള ഒരു ഗുഹ.ഞങ്ങൾ നേരത്തെ കയറിയ പാറയുടെ അടിവാരത്തുള്ള ആ  ഗുഹയുടെ ഭിത്തിയിൽ   ഭഗവദ് രൂപം കൊത്തിവെച്ചിട്ടുണ്ട്  . ഒരു കാലിന്മേൽ കാലു കയറ്റിവെച്ചിരിക്കുന്ന രീതിയിലുള്ള പ്രതിഷ്ഠ കാണാൻ  വളരെ ആകർഷകമായിരുന്നു. വലതു കയ്യിൽ ജപമാലയും, ഗ്രന്ഥവും, ഇടതു കയ്യിൽ അമൃത കലശവും ജ്ഞാന മുദ്രയും ആയി കാണപ്പെട്ട പ്രതിഷ്ഠ സ്വയംഭൂ ആയിരുന്നു. ശ്രീകോവിലിനുള്ളിൽ വിഷ്ണു , ദേവി, ശിവലിംഗം എന്നീ രൂപങ്ങളുമുണ്ടായിരുന്നു.

ഞങ്ങൾ പ്രാർത്ഥിച്ചിറങ്ങിയപ്പോൾ ,വഴികാട്ടി കണക്കെ ഞങ്ങളെ ശ്രദ്ധിക്കുന്ന ചേട്ടൻ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നു. ഏകദേശം മൂന്നൂറു വര്ഷങ്ങൾക്കു മുൻമ്പാണ് ഈ ക്ഷേത്രം പരിസരവാസികളുടെ ശ്രദ്ധയിൽ പെട്ടത്. കാട് പിടിച്ചു കിടന്ന ക്ഷേത്രപരിസരത്തു  വിറകു ശേഖരിക്കാൻ എത്തിയ ഒരു സ്ത്രീ , മഴയിൽ നിന്ന് രക്ഷ തേടി ഗുഹയിൽ എത്തുകയും,പാറപുറത്തു  അരിവാളിനു മൂർച്ചയിടാൻ ശ്രമിച്ചപ്പോൾ രക്തം വാർന്നൊഴുകുകയും ചെയ്തു എന്നുമാണ് ഐതിഹ്യം. സ്ത്രീ പരിഭ്രാന്തയായി , ആളുകളെ കൂട്ടി അവിടെ തിരിച്ചെത്തി. കാട് വൃത്തിയാക്കിയപ്പോൾ ഭഗവദ് രൂപം കണ്ടെത്തുകയും ചെയ്തു. അന്ന് മുതലാണ് ഇവിടെ നിത്യ പൂജ ആരംഭിച്ചത്.  കുറച്ചു നാൾ മുൻപ് വരെ കൊച്ചിയിലെ പാലിയം കുടുംബക്കാരായിരുന്നു ക്ഷേത്ര ഭാരവാഹികളത്രെ.

 

ക്ഷേത്ര പരിസരത്തു വെച്ചാണ് ഞങ്ങൾ  പദ്മിനിയമ്മയെ കണ്ടത്. ക്ഷേത്രത്തോട് ചേർന്നുള്ള അഗതി മന്ദിരത്തിലാണ് അവർ കഴിഞ്ഞിരുന്നത്. പത്തോളം വരുന്ന വൃദ്ധർ ഈ അഗതിമന്ദിരത്തിൽ കഴിയുന്നു.

അതിൽ ഒരാളായ പദ്മിനിയമ്മയോട് ക്ഷേത്ര വിശേഷങ്ങൾ ആരാഞ്ഞപ്പോഴാണ് ഇവിടത്തെ പ്രത്യേക വഴിപാടായ പപ്പടം ചവിട്ടി പൊട്ടിക്കലും ,ചൂൽ വഴിപാടും അറിയുന്നത്. കാലു വെച്ച് ആഹാര സാധനം തൊടുന്ന കാര്യം പോലും ആലോചിക്കാൻ വയ്യാത്തതിനാൽ , പപ്പടം ചവിട്ടിപ്പൊട്ടിക്കാൻ മനസ്സനുവദിച്ചില്ല. മറ്റൊരിക്കൽ വരാം എന്ന് പറഞ്ഞ് ഞങ്ങൾ തിരിച്ചിറങ്ങി.

 

വൈകിട്ട്  താമസ സ്ഥലത്തെത്തിയപ്പോഴും ചിന്തകൾ പപ്പടം ചവിട്ടുന്നതിൽ ഉടക്കി. സുഹൃത്തായ ശ്യാം ചേട്ടനോട് ഇതെ പറ്റി സംസാരിച്ചപ്പോൾ ചേട്ടൻ, ഗുരുദേവന്റെ  കഥ ഓർമ്മിപ്പിച്ചു.

ഗുരുദേവനെ കാണാനെത്തിയ , ഉയർന്ന ജാതിയിൽ പെട്ട അതിഥി , ഗുരുദേവനൊപ്പം ഭക്ഷണം കഴിക്കാനിരുന്നപ്പോൾ കൂടെ ഇരുന്ന താഴ്ന്ന ജാതിക്കാരെ കണ്ട് അസ്വസ്ഥാനായി .

ഇതു മനസിലാക്കിയ ഗുരുദേവൻ അതിഥിയുടെ കൈയ്യിൽ പപ്പടം നൽകി , അത് പൊടിക്കാൻ പറഞ്ഞു .

ഉള്ളിലുള്ള ഗർവ്വായിരുന്നത്രേ ആ പപ്പടം പ്രതിനിധാനം ചെയ്തത്. മനസ്സിലെ അഹന്ത പപ്പടം പോലെ പൊടിച്ചു കളയാനുള്ളതാണെന്നായിരുന്നു ഗുരുദേവന്റെ സന്ദേശം.

 

ആ വഴിപാടിന്റെ ഐതിഹ്യവും , സദുദ്ദേശവും മനസ്സിലാക്കിയപ്പോൾ,

എനിക്കും ആ നിമിഷം ക്ഷേത്രത്തിൽ പോയി പപ്പടം ചവിട്ടി പൊട്ടിക്കുന്ന ആചാരത്തിന്റെ ഭാഗമാകണം എന്ന് തോന്നി.

 

പിറ്റേന്ന് പുലർച്ചെ തന്നെ  ക്ഷേത്രത്തിലെത്തി. അഗതി മന്ദിരത്തിൽ താമസിച്ചിരുന്ന തങ്കി അമ്മൂമ്മയെ വഴിയിൽ വെച്ച് കണ്ടു . കുറച്ചു നേരം അവരുടെ വിശേഷങ്ങൾ കേട്ട് നിന്നു.

പിന്നീട് പപ്പടം ചവിട്ടി പൊട്ടിക്കാനും, ചൂല് നിവേദിക്കാനും രസീത് എടുത്ത് ക്ഷേത്രത്തിൽ പോയി. അവിടെ ഉണ്ടായിരുന്ന ദേവകി ചേച്ചിക്കായിരുന്നു ഇതിന്റെ നടത്തിപ്പ് ചുമതല. മുടി നീണ്ടു വളരാനാണ് ചൂല് വഴിപാട് അർപ്പിക്കുന്നത്.  അങ്ങിനെ ചേച്ചി കൈയ്യിൽ വെച്ച് തന്ന ഈർക്കിലി ചൂല് കൊണ്ട് മുടി ഉഴിഞ്ഞ് അവിടെ സമർപ്പിച്ചു.

ശേഷം ചേച്ചി ഒരു വാഴയിൽ നിലത്തു വെച്ച്   , അതിൽ പത്തോളം പൊരിച്ച പപ്പടവും വെച്ചു . എന്നോട് ഇടതു കാൽപ്പാദം പപ്പടത്തിന്റെ മുകളിൽ വെക്കാൻ പറഞ്ഞു. ഞാൻ കാൽ  വെച്ചപ്പോൾ , ഭക്ഷണ സാധനത്തിൽ ചവിട്ടുകയാണെന്ന സത്യവും ,  പപ്പടം – ഉള്ളിലുള്ള അഹന്തയെ പ്രതിനിധാനം ചെയ്യുന്നെന്ന ഗുരുദേവ സങ്കൽപ്പവും കൂടി എന്റെ മനസിൽ തളം കെട്ടി നിന്നു.

ഇടതു കാലിനു ശേഷം  വലതു കാലും പപ്പടത്തിന്റെ മുകളിൽ വെച്ചു . ചേച്ചിയുടെ നിർദ്ദേശപ്രകാരം ഇരുകാലുകൾ കൊണ്ടും   പപ്പടം നല്ലതുപോലെ ചവിട്ടി പൊടിച്ചു. മനസിന്റെ അടിത്തട്ടിൽ ഉറങ്ങിക്കിടക്കുന്ന അഹന്തയും ഗർവ്വും നശിക്കട്ടേ എന്ന ചിന്തയോടെ  ഞാൻ പപ്പടം തവിടു പൊടിയാക്കി….

 

ശേഷം പുറത്തിറങ്ങി കാലു കഴുകി , അടുത്തുള്ള കാവുകളും സന്ദർശിച്ചു മടങ്ങി…

 

അങ്ങിനെ നിനച്ചിരിക്കാതെ – അധികമാരും ശ്രദ്ധിക്കപ്പെടാത്ത , നമ്മുടെ നാട്ടിൽ തന്നെയുള്ള  പുരാതന ഗുഹാ ക്ഷേത്രം സന്ദശിക്കാനും വിചിത്രമായ ആചാരങ്ങളിൽ പങ്കു ചേരാനും സാധിച്ചു. അതോടൊപ്പം  മനസ്സിലെ സ്ഥായിയായ ചില കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തി ചിന്തിക്കാൻ കൂടി ഈ ഇരുനിലംക്കോട് ക്ഷേത്ര സന്ദർശനത്തിലൂടെ കഴിഞ്ഞു .

All Comments

Leave a Reply

Your email address will not be published. Required fields are marked *

 1. Rachana says:

  Ma’am super
  I wish I could visit the place too

 2. Foulad says:

  നിങ്ങൾക്ക് എന്ത് അഹന്തയും ഗർവ്വ് മാണ് ഉള്ളത്.😁
  ചേച്ചി സൂപ്പർ അേല്ലേ !! 😍

 3. Sandeep ps says:

  മിത്രാജി എപ്പോഴുമെന്നതുപോലെ വളരെ ഭംഗിയായി വിവരിച്ചു.ഇങ്ങനാവണം യാത്രകളും യാത്രാവിവരണങ്ങളും.ഫെയ്സ്ബുക്കില്‍ ഫോട്ടോ ഇട്ട് ലെെക്ക് വാങ്ങാന്‍വേണ്ടി മാത്രമുള്ളതാവരുത് യാത്രകള്‍.നമ്മള്‍ എത്തിപ്പെടുന്ന നാടിന്റെ സംസ്കാരവും പാരമ്പരൃവും നമ്മളിലൂടെ ലോകത്തിന്റെ പല കോണുകളിലേയ്ക്ക് എത്തുമ്പോള്‍ ആണ് യാത്രകള്‍ പൂര്‍ണ്ണമാകുന്നത്.