Exploring the world with a compass and fork 🤠
ജൂലിയും ഞാനും #കാക്കത്തുരുത്തിലെ സന്ധ്യയും
ജൂലിയും ഞാനും #കാക്കത്തുരുത്തിലെ സന്ധ്യയും

ജൂലിയും ഞാനും #കാക്കത്തുരുത്തിലെ സന്ധ്യയും

ശനിയാഴ്ച മൂന്ന് മണിക്ക് പതിവുള്ള ഉച്ചയുറക്കത്തിലേക്ക്‌ വഴുതി വീണുകൊണ്ടിരുന്നപ്പോളാണ് ജർമൻക്കാരി ജൂലിയുടെ ഫോൺ – ‘ മിത്ര ഞാൻ നാല് മണിക്ക് വൈറ്റില എത്തും. നമുക്ക് ഏതേലും ഒരു ഗ്രാമം സന്ദർശിക്കാം’.

ഞാൻ ഞെട്ടി എഴുന്നേറ്റിരുന്നു. കൊച്ചിയിലെ എന്റെ വീടിന് ചുറ്റും അംബരചുംബികളായ കെട്ടിടങ്ങൾ മാത്രമാണുള്ളത് .
ഈശ്വരാ ഞാൻ പെട്ടല്ലോ എന്ന് കരുതിയപ്പോഴാണ് 🤔കാക്കത്തുരുത്ത് ഓർമ വന്നത്.

ലാപ്ടോപ്പിൽ കൂടി ശ്വാസം എടുക്കുന്ന ഭർത്താവിനെ കുറച്ചു ശുദ്ധവായു ശ്വസിപ്പിക്കാൻ ഞാൻ വല്ല വിധേനയും റെഡിയാക്കി കാറിൽ കയറ്റി, നാല് മണിക്ക് വൈറ്റില നിന്നും ജൂലിയെയും പൊക്കി ഗൂഗിൾ അമ്മച്ചി നിർദ്ദേശിച്ച പോലെ എരമല്ലൂർ എത്തുകയും, അവിടെ നിന്ന് ഇടത്തോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ച് അഞ്ച് മണി ആയപ്പോഴേക്കും പഞ്ചായത്ത് കടവിലെത്തി.

ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിലാണ് കാക്കത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. വൈറ്റില നിന്നും പത്തൊമ്പത് കിലോമീറ്ററും, ചേർത്തല നിന്നും പതിനെട്ട് കിലോമീറ്ററും ആണ് ദൂരം.

നാല് വശത്തും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതുകൊണ്ട് കടവിൽ നിന്നും വള്ളത്തിൽ മാത്രമേ നമുക്ക് കാക്കത്തുരുത്ത് എന്ന ദ്വീപിൽ എത്താൻ സാധിക്കൂ.

വള്ളം കാത്തു നിന്നപ്പോൾ നാട്ടുകാരോട് കുശലം പറഞ്ഞു നിൽക്കുന്നതിനിടയിൽ , കക്ക ഇറച്ചി വിൽക്കാൻ വന്ന ചേച്ചിയിൽ നിന്നും അവരുടെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി അൽപം കക്കയിറച്ചി വാങ്ങി. ഉണ്ടാക്കാൻ പിടിയില്ലെങ്കിലും അവരുടെ സന്തോഷത്തിന് വേണ്ടിയാണ് വാങ്ങിയത്.

അപ്പോഴേക്കും വള്ളം വരികയും വള്ളത്തിന്റെ ഡാൻസ്കളിയെ പ്രതിരോധിച്ച് ഞങ്ങൾ മൂന്നാളും അതിൽ കയറി. വെള്ളം കണ്ടപ്പോൾ ജൂലിടെ നിറം മാറി.
ഷൂ ഊരി യാതൊരു കൂസലുമില്ലാതെ വള്ളത്തിലിരുന്ന് കാലു വെള്ളത്തിലേക്കിട്ടു.

വള്ളം ചെരിയുമെന്ന് വള്ളക്കാരൻ
കണ്ണരുട്ടി👀പേടിപ്പിച്ചപ്പോൾ ഞാൻ ജൂലിയുടെ കാലു പിടിച്ചു നേരെ ഇരുത്തി. കഷ്ടിച്ച് 200 മീറ്റർ എതിർവശത്തുള്ള കടവിൽ അഞ്ച് മിനുട്ട് കൊണ്ട് ഞങ്ങളെത്തി..

കടത്തുകാരനു പൈസയും കൊടുത്ത് , മുന്നിലൂടെയുള്ള ടൈൽ പാകിയ വഴിയിലൂടെ നടന്നു. നാട്ടിൻപ്പുറത്തെ ഓർമ്മിപ്പിക്കുന്ന ഒരു ചായപ്പീടികയും ,ചെറിയ പലചരക്ക് കടയും കടവിൽ ഉണ്ടായിരുന്നു.

നടപ്പാതക്ക് ചുറ്റുമുള്ള ചെമ്മീൻ കെട്ടുകളും, കണ്ടൽക്കാടുകളും, കുറ്റിച്ചെടികളും, മരങ്ങളുമടങ്ങിയ പ്രകൃതിയുടെ ദൃശ്യവിരുന്ന്
ആസ്വദിച്ച് മുന്നോട്ട് നടന്നപ്പോൾ … ഗ്രാമത്തിന്റെ പ്രതീകമായിക്കണ്ട ചെറിയ വീട്ടിൽ പശുവും , ആടും, രണ്ടു ആട്ടിൻ കുട്ടികളും …. എല്ലാം ഗ്രാമീണ ഭംഗിയുടെ മാറ്റ് കൂട്ടി.

യാത്രക്കിടയിൽ പരിചയപ്പെട്ട പ്രായം ചെന്ന നാട്ടുകാർ അവരുടെ നാടിനെപ്പറ്റി വിവരിച്ചു തന്നു…..

ഏകദേശം മൂന്നു കിലോമീറ്റർ നീളവും , ഒരു കിലോമീറ്റർ വീതിയും മാത്രമേ ദ്വീപിനൊള്ളു.
ഇരുന്നൂറ്റി പതിനാറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ജനവാസം വളരെ കുറവുണ്ടായിരുന്ന പഴയകാലത്ത് ധാരാളം കാക്കകൾകൂടി ഇവിടത്തെ ‘അന്തേവാസികളായിരുന്നു’ അങ്ങനെയാണ് ഇൗ ദ്വീപിന് കാക്കത്തുരുത്ത് എന്ന പേര് ലഭിച്ചത്.

വഴിയിൽ വെച്ച് കണ്ട കൈലിയും ബ്ലൗസും തോർത്തും ഇട്ട പല്ലില്ലാത്ത തങ്കിയമ്മൂമ്മയും, MGR സ്റ്റൈലിൽ കറുത്ത കണ്ണട വെച്ച പദ്മിനി ചേച്ചിയും ….
എല്ലാം ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് ഞങ്ങളുടെ ഹൃദയത്തിൽ കയറിപ്പറ്റി.

ഞങ്ങൾ നാട്ട് വഴികളിലൂടെയും , മൺ പ്പാതയിലുടെയും കുറച്ചു നേരം നടന്നു. അവിടെ കണ്ട ചെറു കുളങ്ങളും, പത്തൽ കൊണ്ടുണ്ടാക്കിയ വേലിയുമെല്ലാം കുട്ടികാലത്ത് ഞാൻ താമസിച്ച ഗ്രാമത്തെ ഓർമ്മപ്പെടുത്തി.

ചില വീടുകൾ തടിപ്പലക വെച്ചായിരുന്നു ഉണ്ടാക്കിയത്. വീടുകൾ തമ്മിൽ നല്ല അകലമുണ്ടായിരുന്നെങ്കിലും നല്ല സ്നേഹത്തോടും സഹകരണത്തോടെയും ജീവിക്കുന്ന നാട്ടുകാരായിരുന്നു.

പലപ്പോഴും ഒരു വീട്ടിലെ പറമ്പിൽ കൂടി വേണം അടുത്ത പറമ്പിൽ പോകാൻ. ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് നാട്ടിലെ നാലഞ്ചു കിണറിലെ വെള്ളം ആയിരുന്നു ഇവർ കുടിക്കാൻ ഉപയോഗിച്ചിരുന്നത്. പശുവും ആടും താറാവും എല്ലാം ഗ്രാമീണത വിളിച്ചോതി. ആകെയുള്ള ഒരേയൊരു വാഹനം അവിടെ കണ്ടത് സൈക്കിളായിരുന്നു.

ജൂലിയുടെ ഹൃദ്യമായ പെരുമാറ്റം കൊണ്ട് നാട്ടുകാരെ കൈയ്യിലെടുത്തു. ഒരു വീട്ടിൽ എത്തിയപ്പോൾ അവിടത്തെ ചേച്ചി കക്ക ഇറച്ചി ബക്കറ്റിൽ എടുത്ത് വിൽക്കാൻ കൊണ്ട് പോകുന്നു…. അപ്പോ ജൂലിക്ക്‌ ഒരാഗ്രഹം ഇവരു ഞങ്ങൾ വാങ്ങിയ കക്ക ഇറച്ചി വെച്ച് തരുമോ എന്ന്…..

ചേച്ചിക്ക് സമയമില്ലാത്തതു കൊണ്ട് അടുത്ത വീട്ടിലെ സന്ധ്യ ചേച്ചിയോട് ഞങ്ങളുടെ ആഗ്രഹം പറഞ്ഞതും… സന്ധ്യ ചേച്ചി രണ്ടു കൈയ്യും നീട്ടി ഞങ്ങളെ സ്വീകരിച്ചതും ഒപ്പമായിരുന്നു. കക്ക ഇറച്ചി, ചേച്ചിയെ ഏല്പിച്ചു ഞങ്ങൾ അവിടെ അടുത്ത് കിടന്ന ഒരു വള്ളത്തിൽ സൂര്യാസ്തമയം കാണാൻ പുറപ്പെട്ടു.

നോക്കെത്താദൂരത്തോളം നീണ്ടു നിവർന്നു കിടന്ന വേമ്പനാട് കായലിലുടെ ഔസേപ്പച്ചന്റെ വള്ളം മെല്ലേ മുന്നോട്ട് നീങ്ങി. കായലിന്റെ ഇരുകരകളിലും പച്ചപ്പും… തലയെടുപ്പോടെ നിന്ന തെങ്ങുകളും നമ്മുടെ മനം കവരും. ചെമ്മീൻ കെട്ടിന്റെ പ്രവർത്തനം അറിയണം എന്ന് പറഞ്ഞപ്പോൾ, ചേട്ടൻ ഞങ്ങളെ ഒരു കെട്ടിൽ കൊണ്ട് പോയി.

കായലിലെ വെള്ളവും കെട്ടിലെ വെള്ളവും കലരാതെ ഇരിക്കാൻ ചീപ്പ് എന്ന് വിളിപ്പേരുള്ള താൽകാലിക ഷട്ടർ ഉപയോഗിക്കും.

വേലിയേറ്റ സമയമായതിനാൽ, ഷട്ടർ പൊക്കി ഏറ്റുവല ഉപയോഗിച്ച് കായലിലെ വെള്ളം കെട്ടിലേക്ക്‌ പോകുന്നത് കാണിച്ചു തന്നു. ഇൗ സമയത്ത് ധാരാളം മീനും ചെമ്മീനും വളയിലൂടെ കെട്ടിൽ പ്രവേശിക്കും.

വേലിയിറക്ക സമയത്ത് പറ്റൂവലയാണ് ഉപയോഗിക്കുന്നത്.ഇതിലൂടെ കെട്ടിലെ വെള്ളം കായലിൽ ഒഴുക്കും.
മീനും മറ്റും വലയിൽ കുടുങ്ങും. ആദ്യമായിട്ടാണ് ചെമ്മീൻ കെട്ടിന്റെ പ്രവർത്തനം ഞാൻ മനസ്സിലാക്കുന്നത്.

സൂര്യൻ പതുക്കെ വിടപറയാൻ തയ്യാറെടുക്കുകയായിരുന്നു.
ഔസേപ്പച്ചൻ വള്ളം #ഒളയപ്പ്‌ എന്ന സ്ഥലത്ത് അടുപ്പിച്ചു. അവിടെ നിന്നാൽ നേരെ എതിരെ സൂര്യൻ ചക്രവാളത്തിലേക്ക് മറയുന്നത് കാണാം. വള്ളം കരക്കടുപ്പിച്ചതും ഷൂ ഊരി ആകുവോളം കാലു വെള്ളത്തിൽ ഇട്ടിരുന്ന് ജൂലി ആത്മനിർവൃതി നേടി.
കുറച്ചു നേരം അങ്ങനെ അടങ്ങി ഇരുന്ന ജൂലി ചാടി കരയിലേക്കിറങ്ങി. മനുഷ്യൻ കുരങ്ങന്മാരിൽ നിന്നാണ് ഉദ്ഭവിച്ചത് എന്ന കാര്യം ഓർമ്മപ്പെടുത്തും വിധം ജൂലി അടുത്ത് കണ്ട തെങ്ങിൽ വലിഞ്ഞു കയറി. അര വട്ടായ ഭാര്യയുടെ മുഴു വട്ടായ സുഹൃത്തിനെ കണ്ട് എന്റെ പാവം ഭർത്താവ് അന്തം വിട്ടിരുന്നു.

അടുത്ത കലാപരിപാടി സൂര്യനെ കൈയിലെടുക്കുക എന്നുള്ള നമ്മുടെ സ്ഥിരം നമ്പർ ആയിരുന്നു. അടങ്ങി നിന്ന് ശീലമില്ലാത്ത ജൂലിയെ കൊണ്ട് അത്തരം ഒരു ഫോട്ടോ എടുക്കാൻ ശ്രമിച്ച ഞാൻ ശെരിക്കും വെള്ളം കുടിച്ചു.എന്നിട്ടും കിട്ടിയ പടത്തിലെ ജൂലിടെ മുഖഭാവം കണ്ടാൽ സൂര്യനെ പിടിച്ച് കൈ പൊള്ളിയ പോലെ തോന്നിചു. കുറേ രസകരമായ നിമിഷങ്ങൾ അവിടെ ചിലവഴിച്ചു …ഞങ്ങൾ സന്ധ്യ ചേച്ചിയുടെ വീട് ലക്ഷ്യമാക്കി തിരികെ പോയി.

തിരികെ പോകുമ്പോഴാണ് സൂര്യാസ്തമയം അതിന്റെ മുഴുവൻ പ്രൗഢിയോടെ കാണാൻ പറ്റിയത്. വേമ്പനാട് കായലിൽ നിന്നും വീശുന്ന കാറ്റ് ആ വേളയിൽ ഒരു പ്രത്യേക അനുഭൂതി തന്നെ നൽകി. വെറുതെയല്ല Nat Geo ലോകത്തിലെ ഏറ്റവും മനോഹരമായ സൂര്യാസ്തമയം കാക്കത്തുരുത്തിൽ ആണെന്ന് 2016 ഇല്‍‌ പ്രഖ്യാപിച്ചത്.

സന്ധ്യ ചേച്ചിയുടെ വീടിന്റെ അടുത്ത് ഔസേപ്പച്ചൻ വള്ളം അടുപ്പിച്ചു. വിശപ്പിന്റെ വിളി തീക്ഷ്ണമായത് കൊണ്ട് ഞാനും ജുലിയും നേരെ അടുക്കളയിലേക്ക് ഓടിക്കയറി. നോക്കുമ്പോ ചേച്ചി സാധനം തായ്യറാക്കുന്നെ ഒള്ളു. ഞങ്ങൾ രണ്ടാളും അടുത്തുള്ള പാതകത്തിൽ ഇരിപ്പുറപ്പിച്ചു. ചേച്ചിയുമായി നാട്ടു വിശേഷങ്ങൾ സംസാരിച്ചു.

ചേച്ചി കല്ല്യാണം കഴിച്ച് തുരുത്തിൽ വന്നിട്ട് ഇരുപത്തി ഒന്ന് വർഷമായി. ചേച്ചിയുടെ ഭർത്താവിന്റെ വീട്ടുകാർ അറുപത് വർഷമായി ഇവിടെ താമസിക്കുന്നു. ചേച്ചി വന്നപ്പോൾ 50 വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.നാട്ടുകാർ അക്കരെ എരമല്ലൂർ ആണ് ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നത്. സ്ത്രീകളുടെ പ്രധാന തൊഴിൽ അക്കരെ ചെമ്മീൻ ഫാക്ടറിയിൽ ചെമ്മീൻ കിള്ളൽ ആയിരുന്നു. ഒരു പാത്രം കിള്ളിയാൽ 85 രൂപ കിട്ടും. ദിവസം മൂന്ന് പാത്രം വരെയോക്കെ കിള്ളാൻ പറ്റാറുള്ളൂ. ചേച്ചിയുടെ മകൾ എന്നും കടത്ത് കടന്നു 10 കിലോമീറ്റർ ദൂരെയുള്ള തുറവൂർ സ്കൂളിലാണ് പഠിക്കുന്നത്. കനത്ത മഴയത്തും കുട്ടികൾ വളരെ കഷ്ടപ്പെട്ടാണ് സ്കൂളുകളിൽ പോകുന്നത്. സർക്കാർ വക ഒരു ആയൂർവേദ ഡിസ്പെൻസറി മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. എന്ത് അത്യാഹിതം സംഭവിച്ചാലും ഇൗ കടത്ത് കടന്ന് അക്കരെ എത്തണം സഹായം ലഭിക്കാൻ. വോട്ട് ചെയ്യാനും, റേഷൻ വാങ്ങാനും എല്ലാം അക്കരെ പോകണം.

കഥ പറയുന്നതിനിടക്ക് കക്ക ഇറച്ചി തയ്യാറായി. ചേച്ചി ഒരു വാഴയില എടുത്തുകൊണ്ട് വന്ന് വിളമ്പി. ജൂലി സന്തോഷം കൊണ്ട് തുള്ളിച്ചാടി. കാരണം ആദ്യമായിട്ടാണ് ഇലയിൽ ഭക്ഷണം കഴിക്കുന്നത്. വളരെ രുചികരമായിരുന്നു സന്ധ്യ ചേച്ചി കക്ക ഇറച്ചി വെച്ചത്.
കണ്ണടച്ച് തുറക്കുന്നതിന് മുന്നേ ഞാനും ജൂലിയും കൂടി സംഭവം കാലിയാക്കി. ജൂലിക്ക്‌ അവിടെ താമസമാക്കിയാൽ കൊള്ളാമെന്ന് ഉണ്ടായിരുന്നു.സ്ഥലവും ആൾക്കരെയും അത്രക്ക് ഇഷ്ടപ്പെട്ടു. ഞാൻ വേഗം തന്നെ ആശാത്തിയെ കൂട്ടി അവിടുന്ന് ഇറങ്ങി. സന്ധ്യ ചേച്ചിയോട് വീണ്ടും വരും എന്ന് വാക്ക് കൊടുത്ത്, കുറച്ചു പൈസയും നിർബന്ധിച്ച് ഏൽപിച്ചാണ് ഞങ്ങൾ പിരിഞ്ഞത്.

പുറത്തിറങ്ങിയപ്പോൾ മണി 7.45 ആയി. എങ്ങും കൂറ്റാക്കൂരിരുട്ട്. മൊബൈൽ ടോർച്ചിന്റെ മങ്ങിയ വെട്ടത്തിൽ ഞങ്ങൾ കടത്ത് ലക്ഷ്യമാക്കി നടന്നു. എതിരേ ജോലി കഴിഞ്ഞ് , വീട്ടിലേക്ക് മടങ്ങുന്ന നാട്ടുകാരെ കാണാമായിരുന്നു….

ഏതായാലും ഭാഗ്യത്തിന് കടവിൽ വള്ളം കിടപ്പുണ്ടായിരുന്നു. 8 മണിയോടെ അക്കരെ എത്തുകയും അവിടെ നിന്ന് തിരിച്ച് കൊച്ചിക്ക് പുറപ്പെടുകയും ചെയ്തു.

കൊച്ചി പോലെയുള്ള മെട്രോ നഗരത്തിനടുത്ത് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു പിടി ആൾക്കാർ ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ വളരെ അധികം സന്തോഷം തോന്നി.

കാക്കത്തുരുതും, അവിടത്തെ പ്രകൃതി ഭംഗിയും, സൂര്യാസ്തമയവും, നിഷ്കളങ്കരായ മനുഷ്യരും എല്ലാം എന്നെന്നേക്കുമായി ഹൃദയത്തിലറ്റിയാണ് ഞങ്ങൾ തിരികെ എത്തിയത്.

( ഞങ്ങൾക്ക് പാകം ചെയ്തു തന്ന ചേച്ചിയുടെ പേര് വെളിപ്പെടുത്താൻ അവർക്ക് താല്പര്യമില്ലാത്തത് കൊണ്ട് പേര് മാറ്റിയാണ് കൊടുത്തിരിക്കുന്നത്)

*…യാത്ര ടിപ്സ്…*

1. പഞ്ചായത്ത് വക സൗജന്യ കടത്ത് രാവിലെ ആറു മണി മുതൽ രാത്രി ഒൻപതു മണി വരെ ലഭ്യമാണ്. സേവനം സൗജന്യം ആണെങ്കിലും അവർക്ക് എന്തേലും കൊടുത്താൽ വളരെ സന്തോഷമാകും.

2. കായലിന്റെ നടുവിൽ പോയി സൂര്യാസ്തമയം ആസ്വദിക്കണമെങ്കിൽ പ്രൈവറ്റ് വള്ളം കിട്ടും. ഞങ്ങൾ മുക്കാൽ മണിക്കൂർ വള്ളത്തിൽ യാത്ര ചെയ്തിരുന്നു. 300₹ ആയി.

3. അക്കരെ കടവിൽ കുടുംബമായി പോയി ഇരുന്നു കഴിക്കാവുന്ന കള്ള് ഷാപ്പ് കണ്ടിരുന്നു.

4. ഇക്കരെ കടവിൽ ചായ കുടിക്കാൻ ചെറിയ ചായ പീടിക ഉണ്ട്.

5. കാറിൽ നമുക്ക് അക്കരെ കടവ് വരെ പോകാം. പാർക്കിങ് പറ്റിയ സ്ഥലം അടുത്ത് തന്നെ ഉണ്ട്. ബസിൽ വരുന്നെങ്കിൽ എരമല്ലൂർ ഇറങ്ങി, ഓട്ടോയിൽ/ നടന്നു വരണം. എരമല്ലൂർ നിന്നും ഒരു കിലോമീറ്ററിൽ കൂടുതൽ നടക്കാനുണ്ട്.

Normal 0 false false false EN-US X-NONE X-NONE MicrosoftInternetExplorer4

 


For more photos related to my trip please visit https://www.facebook.com/Wind-in-my-hair-308490250040609/

Please follow me in instagram for more information and photos :
windin_my_hair

 

Subscribe channel for vlogs : https://www.youtube.com/channel/UCRX80bDsbIW6mm8m4xdUwCw

Leave a Reply

Your email address will not be published. Required fields are marked *