തുടരുന്നു ആനച്ചതികൾ…..
രാവിലെതുടരുന്നു ആനച്ചതികൾ….. പത്രത്താളുകൾ മറിച്ചപ്പോഴാണ് ആ നൊമ്പരക്കാഴ്ച കണ്ടത്. മനുഷ്യന്റെ ക്രൂരതയുടെ സാക്ഷ്യ പത്രമായി ചെരിഞ്ഞ പാവം പിടിയാന…
അറിഞ്ഞോ അറിയാതെയോ നമ്മൾ യാത്രികരും ചില ചതികളിൽ ചെന്ന് പെടാറുണ്ട്. അത്തരത്തിൽ ഉണ്ടായ ഒരു തിക്താനുഭവം ആണ് ഇന്ന് പങ്കുവെക്കുന്നത്.
ശ്രീലങ്കൻ സന്ദർശന വേളയിൽ കാൻഡി ക്ഷേത്രം കണ്ട് മടങ്ങവേ ടാക്സിക്കാരനാണ് ‘pinneywaala elephant orphanage ‘ നെ പറ്റി പറഞ്ഞത്. ആനകൾക്ക് വേണ്ടി ഒരു അനാഥാലയം. വളരെ കൗതുകം തോന്നി.
അമ്മയിൽ നിന്ന് വേർപിരിഞ്ഞ ആനക്കുട്ടികളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കേന്ദ്രം.
അവിടെ ആനക്കുട്ടിക്ക് കുപ്പിപ്പാല് കൊടുക്കാം എന്നൊക്കെ വിവരിച്ചപ്പോൾ അത് കാണാൻ ഒരാഗ്രഹം.
പഠനകാലത്ത് ആനക്കുട്ടി എന്ന ചെല്ലപ്പേരുള്ളതു കൊണ്ട് കുട്ടിയാനകളോട് ഒരു വല്ലാത്ത കമ്പമായിരുന്നു…
ഏതായാലും ഞാനും സുഹൃത്തായ ബിന്ദുവും അവിടെ പോകാൻ തീരുമാനിച്ചു. എത്തിയപ്പോൾ തന്നെ കാണുന്നത് വികലാംഗനായ ഒരു ആന മൂന്ന് കാലിൽ കഷ്ടപ്പെട്ട് നടന്നു പോകുന്നതാണ് .
‘ആന’നാഥാലയത്തെപ്പറ്റി മതിപ്പ് തോന്നി.
പ്രവേശന ഫീസായ മുന്നൂറ് രൂപ അൽപ്പം അധികമായി തോന്നിയെങ്കിലും ഒരു നല്ല കാര്യത്തിനല്ലെ എന്ന് കരുതി ടിക്കറ്റെടുത്തു.
പൈൻ മരങ്ങൾക്കിടയിലൂടെ
കല്ല്പാകിയ മനോഹരമായപാത എത്തി നിൽക്കുന്നത്,
25 ഏക്കർ വിസ്തൃതിയുള്ള ഈ അനാഥാലയത്തിന്റെ
സന്ദർശന ഏരിയയിലാണ്.. ഇവിടെ നിരാലംബരായ ആനകളെയും, കൂട്ടം തെറ്റിയ ആനകുട്ടികളെയും പരിപാലിക്കുന്നു. ആനകുട്ടികൾ വലുതായാലും ഇവിടെ തന്നെ തുടരുന്നു. അങ്ങനെ നാൽപതിൽ പരം വർഷങ്ങൾ ആയി പ്രവർത്തിച്ചു വരുന്ന സ്ഥാപനം ആണ് ഇത്.
അവിടെ പല പ്രായത്തിലുള്ള പത്തറുപത് ആനകൾ മേയുന്നുണ്ട്. കുറച്ചകലെ മഹാ ഓയാ നദിയും ഒഴുകുന്നത് കാണാം. ഇത്രയധികം ആനകളെ ഒന്നിച്ച് കാണുന്നത് ആദ്യമായാണ്.
അടുത്ത് തന്നെ ഒരു പിടിയാന കുഞ്ഞിനെ മുലയൂട്ടുന്ന കാഴ്ച ഞങ്ങൾ അദ്ഭുതത്തോടെ കണ്ട് നിന്നു.
അവിടന്ന് കുറച്ചകലെ ഒരു ഷെഡിൽ കുഞ്ഞൻ ആനകൾ ഉണ്ടായിരുന്നു. വലിയ പാൽകുപ്പികളിൽ അവർക്ക് കുപ്പി പാല് വെച്ച് കൊടുക്കുന്നു. സന്ദർശകർക്കും, ആനക്കുട്ടികളുടെ വായിൽ കുപ്പി പാൽ കൊടുക്കാനുള്ള അവസരമുണ്ട്..
പക്ഷെ, അതിന് 100 രൂപ പാപ്പാന് കൈക്കൂലി കൊടുക്കണം…
വീണ്ടും കുറച്ചു നേരം അവിടെ കറങ്ങി. ഇതിനിടയിൽ ഒരു
കുട്ടിക്കൊമ്പൻ കുറുമ്പും കാണിച്ച് അവിടെ നിലത്ത് വെച്ചിരുന്ന കുടയും എടുത്ത് ഓടി.
അവന്റെ പിറകെയുള്ള ഓട്ടവും, കുട തിരികെ വാങ്ങലും ഒക്കെ ഒരു
സർക്കസ് കൂടാരത്തിലെ കാഴ്ചപോലെ കൗതുകവും അത്ഭുതവുമുളവാക്കി.
തിരിച്ച് നാട്ടിലെത്തി ഒരു മൃഗ സ്നേഹിയായ സുഹൃത്തിനോട് ഈ അനുഭവം പങ്കു വെച്ചപ്പോഴാണ് പുള്ളിക്കാരി പറയുന്നത് – ഇതിനെ പറ്റി പല വിവാദങ്ങളും ഉണ്ട്. ഒന്ന് ഗൂഗിളിൽ പരതിനോക്കൂ എന്ന്.
അങ്ങിനെ പരതിയപ്പോഴാണ് പല ദുഃഖസത്യങ്ങളും അറിയാൻ കഴിഞ്ഞത്.
പല ആനകളും ഇവിടെ
പരിശീലനത്തിന്റെ പേരിലും അല്ലാതെയും കൊടും പീഡനത്തിന് ഇരയാകുന്നുണ്ട്. അങ്ങിനെ മെരുക്കി എടുക്കുന്നത് കൊണ്ടാണ് വിദേശികൾക്ക് ഇവർ ഇണങ്ങിയ ആനകളായി അനുഭവപ്പെടുന്നത്.
മെരുക്കിയ ആനകളെ ഇവിടെ നിന്നും മറിച്ച് വിൽക്കാറുണ്ടത്രെ. പലപ്പോഴും അവിടെ കാണുന്ന കുട്ടി ആനകൾ അനാഥരല്ല. മറിച്ച് ബോട്ടിൽ ഫീഡിങ് ചെയ്ത് വളർത്തിയെടുക്കാം എന്നുള്ള സൗകര്യം ‘ഉപയോഗപ്പെത്തി’
കുട്ടികളെ അമ്മയിൽ നിന്നും വേർപിരിച്ച് ,
‘അനാഥർ ‘ എന്ന മുദ്ര കുത്തി അനധികൃതമായി പണം ഉണ്ടാക്കാനുള്ള ശ്രമമാണത്രെ.
വായിച്ചപ്പോൾ വല്ലാതെ ഞെട്ടലുണ്ടായി. അറിയാതെ അങ്ങനെ ഒരു പീഡന കേന്ദ്രം സന്ദർശിച്ചത് വളരെ വിഷമം തോന്നി.
ഇത് പോലെ ആന പരിപാലന കേന്ദ്രത്തിന്റെ മറവിൽ പല തെക്ക് കിഴക്കൻ രാജ്യങ്ങളിലും ആന പീഡനങ്ങൾ നടന്നു വരുന്നു.
അന്ന് മുതൽ ഇങ്ങോട്ട് ഒരു സ്ഥലത്തെപ്പറ്റി നല്ലത് പോലെ മനസിലാക്കാതെ സന്ദർശിക്കാറില്ല.
ഒരു യാത്രക്ക് മുമ്പുള്ള മുന്നൊരുക്കം കണ്ട് പലരും കളിയാക്കറുണ്ട്. എന്തിനാണ് ഇത്രയുമൊക്കെ ഗവേഷണം ചെയ്യുന്നത് എന്ന്.
ഒന്നും മനസ്സിലാക്കാതെ യാത്രക്ക് ഇറങ്ങിയാൽ ഇത് പോലത്തെ ‘ആനച്ചതികളിൽ ‘ ചെന്ന് പെടും എന്നുള്ളത് കൊണ്ടാണ്..