ഇൗ യാത്രക്ക് മുമ്പ് മീൻ എന്ന് കേൾക്കുമ്പോൾ അത് വറുത്ത് തിന്നണോ, പൊരിച്ച് എടുക്കണോ, കുടം പുളി ഇട്ട് വെക്കണോ എന്നതിൽ കൂടുതൽ ഒന്നും ചിന്തിക്കാറില്ലായിരുന്നു.
പക്ഷേ മീനുലകത്തിൽ ചെന്ന് മീനുകളുടെ ലോകത്ത് അവർക്കൊപ്പം നീന്തി നടന്നപ്പോൾ മനസ്സിലായി കരയിൽ കാണുന്ന ദൃശ്യങ്ങളെ വെല്ലുന്ന ഒരു ലോകം വെള്ളത്തിനടിയിൽ ഉണ്ടെന്നും, മീനുകൾ വെറുമൊരു ഭക്ഷ്യ വസ്തു മാത്രമല്ല മറിച്ച് കണ്ട് ആസ്വദിക്കേണ്ട ഒന്ന് കൂടിയാണെന്നും.
കുട്ടിയായിരുന്നപ്പോൾ രണ്ടു തവണ വെള്ളത്തിൽ മുങ്ങിയ അനുഭവം ഉള്ളത് കൊണ്ട് , വെള്ളത്തിനെ എന്നും ഭയ ഭക്തി ബഹുമാനത്തോടെ മാറി നിന്നു വീക്ഷിച്ചിട്ടെയുള്ളു. പക്ഷേ ഡിസ്കവറി ചാനലിൽ സംപ്രേഷണം ചെയ്യുന്ന കടൽ കാഴ്ചകൾ അഎന്നും എന്നെ ആകർഷിച്ചിട്ടുണ്ട്.
എന്നെങ്കിലും വെള്ളത്തിന്റെ അടിയിലെ മായാലോകം കാണണം എന്ന് മനസ്സിൽ കുറിച്ചിട്ടു. ഭയം എന്ന വികാരത്തെ കീഴ്പ്പെടുത്തി മാത്രമേ സോളോ യാത്രകൾ ചെയ്യാൻ പറ്റൂ. അങ്ങനെ സ്വയം വളരുന്നതോടൊപ്പം വെള്ളത്തോടുള്ള ഭയത്തെ(Aquaphobia) ഇല്ലാതാക്കാൻ കൂടിയാണ് ഞാൻ സ്ക്യൂബാ ഡൈവിങ് എന്ന സാഹസത്തിനു മുതിർന്നത്.
അന്വേഷിച്ചപ്പോൾ ലക്ഷ്വദ്വീപ്, ആൻഡമാൻ മുതലായ സ്ഥലങ്ങളിലാണ് ഡൈവിങ് ഏറ്റവും നന്നായിട്ട് ചെയ്യാൻ സൗകര്യമുള്ളതെന്ന് മനസ്സിലായി. അതിനു പക്ഷേ ചിലവേറും. തല പുകഞ്ഞ് ഇരുന്നപ്പൊഴാണ് ഒരു സുഹൃത്ത് കോവളത്ത് സ്ക്യൂബ ഡൈവിങ് ഉണ്ടെന്ന് പറഞ്ഞത്.
പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. ഗൂഗിൾ അമ്മച്ചിയോട് ചോദിച്ചപ്പോൾ ബോണ്ട് സഫാരി യുടെ ‘sea life safari’ കണ്ടെത്തി. ഒഴിവ് കിട്ടിയ ഒരു ഞായറാഴ്ച അങ്ങനെ കോവളത്ത് എത്തി.
എത്തിയപ്പോൾ കടലിൽ visibility കുറവ് ആണെന്ന് അറിഞ്ഞു.വേണമെങ്കിൽ വേറൊരു ദിവസത്തേക്ക് മാറ്റാം ഡൈവിങ്. മനസ്സിൽ അപ്പോ ഒരാഗ്രഹം, visibility കുറവുള്ളപ്പോൾ കടലിന്റെ അവസ്ഥ എന്താണെന്ന് അറിയാമല്ലോ. പിന്നെ ഒന്നും കാണാൻ പറ്റിയില്ല എങ്കിലും കടലിന്റെ അടിയിൽ പോകുന്നത് അനുഭവിച്ച് അറിയാമല്ലോ. അങ്ങനെ രണ്ടും കല്പിച്ച് ഞാൻ ഡൈവ് ചെയ്യാൻ തന്നെ തീരുമാനിച്ചു.
🏖️സ്ക്യൂബ ഡൈവിങ്🏖️
…………………………
കടലിന്റെ അടിയിൽ അനായാസം സഞ്ചരിച്ചു കാഴ്ചകൾ കാണാൻ സഹായിക്കുന്ന ഒരു സാഹസിക പ്രവർത്തിയാണ് സ്ക്യൂബ ഡൈവിങ്. സ്ക്യൂബ (scuba) എന്നാൽ self contained underwater breathing apparatus എന്നാണ്. scubaയാണ് നമ്മളെ വെള്ളത്തിൽ ശ്വാസം എടുക്കാൻ സഹായിക്കുന്നത്. ഒരു സുരക്ഷാ ജാക്കറ്റ്, എയർ സിലിണ്ടർ എന്നിവ ധരിച്ചാണ് വെള്ളത്തിൽ ഇറങ്ങുന്നത്. ഈ എയർ സിലിണ്ടറിൽ 20 ശതമാനം മാത്രമേ ഓക്സിജനുള്ളു.ബാക്കി നൈട്രജനാണ്.
10-17 kg ഭാരം ഉണ്ടെങ്കിലും വെള്ളത്തിൽ ഇറങ്ങി കഴിയുമ്പോൾ ഭാരം നമ്മൾ അറിയില്ല. സിലിണ്ടറിൽനിന്നും ഒരു കുഴലിന്റെ അറ്റത്ത് ഘടിപ്പിച്ച മൗത്ത് പീസ് പല്ല് കൊണ്ട് കടിച്ചു പിടിച്ച്, അതിൽ കൂടി വേണം ശ്വാസം എടുക്കാനും വിടാനും.
ഡൈവിങ് ചെയ്യുമ്പോൾ കൂടേ ഒരു ഡൈവർ ഉണ്ടാകും. ഈ ബഡ്ഢി ആണ് നമ്മളെ നയിക്കുന്നത്. അത് കൊണ്ട് തന്നെ നീന്തൽ അറിയേണ്ട ആവശ്യവുമില്ല. നമ്മൾ വെറുതേ കിടന്നു കൊടുത്താൽ മതി. മാസ്ക് ധരിക്കുനതിനാൽ മൂക്കിലൂടെ ശ്വാസം വലിക്കാൻ പറ്റില്ല. വായിൽ കൂടി ഒരു ഉപകരണത്തിന്റെ സഹായത്തോടെയാണ് ശ്വസിക്കേണ്ടത്. ആദ്യം ശ്വസിക്കാൻ പരിശീലനം ലഭിക്കും. പിന്നീട് വെള്ളത്തിനടിയിൽ ആശയവിനിമയ ആവശ്യങ്ങൾക്കായി ചില hand signals പഠിപ്പിക്കും.
അത് കഴിഞ്ഞ് മൂന്നു സ്കിൽ പഠിപ്പിക്കും ..
വായിൽ വെള്ളം കയറിയാൽ ചെയ്യേണ്ടത്, മാസ്കിനുള്ളിൽ വെള്ളം കയറിയാൽ ചെയ്യേണ്ടത്, പിന്നെ വെള്ളത്തിന് അടിയിൽ പോകുമ്പോൾ ഉണ്ടാകാവുന്ന ചെവി വേദന പരിഹരിക്കനുള്ള ടെക്നിക്ക്. ഇതും കഴിഞ്ഞ് അധികം ആഴം ഇല്ലാത്തിടത്ത് പഠിപ്പിച്ച കാര്യങ്ങൾ ചെയ്തു നോക്കിക്കും എന്നിട്ടാണ് അങ്കത്തട്ടിൽ ഇറക്കുന്നത്.
കടലിന്റെ 3-5 മീറ്റർ വരെ ആഴത്തിൽ നമ്മൾ സഞ്ചരിക്കും. 20 – 30 മിനിറ്റ് സമയമാണ് സാധാരണ ഡൈവിങ് ചെയ്യുന്നത്. ക്ലാസ്സും പരിശീലനവും എല്ലാം കൂടി 2-3 മണിക്കൂർ സമയം വേണ്ടി വരും.
😍അനുഭവം😍
11 മണിയോടെ ബോണ്ട് സഫാരി ഓഫീസിലെത്തി സമ്മതപത്രം ഒപ്പിട്ടു നൽകി. എന്നിട്ട് അവിടെ നിന്നും എനിക്ക് പറ്റിയ അളവുള്ള wet suit തിരഞ്ഞെടുത്ത് അണിഞ്ഞു. അവരുടെ വണ്ടിയിൽ ബീച്ചിൽ എത്തിച്ചു. ബീച്ചിലെ മണൽ ചുട്ടു പഴുത്തു കിടക്കുകയായിരുന്നു. വല്ല വിധേനയും ഡൈവിങ് സാമഗ്രികൾ വെച്ചിരുന്ന സ്ഥലത്ത് നടന്നും ഓടിയും ഒക്കെ എത്തി പറ്റി.
എന്നെ കാത്തു ജിബിൻ (ഡൈവിങ് മാസ്റ്റർ) , ലിജോ (ക്യാമറാ മാൻ) അവിടെ നിൽപ്പുണ്ടായിരുന്നു. ചെന്ന പാടെ 6 കിലോ തൂക്കം വരുന്ന ബെൽറ്റ് ധരിപ്പിച്ചു. എന്നിട്ടു എയർ സിലിണ്ടർ ഘടിപ്പിച്ച ജാക്കറ്റ് കൂടി ധരിപ്പിച്ചു. നോക്കുമ്പോ വലിയ ഭാരമൊന്നുമില്ല. അപ്പോഴാണ് ലിജോ ഒകെ അല്ലേ കൈ എടുക്കട്ടേ എന്ന് ചോദിച്ചു. ഞാൻ ഓകെ പറഞ്ഞതും, ലിജോ കൈയെടുതത്തും, ഭാരം കാരണം പുറകോട്ട് ആഞ്ഞതും എല്ലാം ഒന്നിച്ചായിരുന്നു. ലിജോ വേഗം എന്റെ പുറകിൽ കെട്ടി തന്ന സിലിണ്ടർ പിടിച്ചു എന്നിട്ട് മുന്നോട്ട് കൂനി നിന്നാൽ ശരിയാകുമെന്നുപറഞ്ഞു.അങ്ങനെ കിളവിയെ പോലെ കൂനിയാണ് പിന്നീട് നടന്നത്.
ജിബിൻ വളരെ ക്ഷമയോടെ വെള്ളത്തിന്റെ അടിയിൽ ഉപയോഗിക്കേണ്ട ആംഗ്യം, സ്കിൽ മുതലായവ പറഞ്ഞു തന്നു. പിന്നീട് ഞങ്ങൾ വെള്ളത്തിലേക്ക് നടന്നു. ആഴം കുറഞ്ഞ സ്ഥലത്ത് പഠിപ്പിച്ച കാര്യങ്ങൾ എല്ലാം ചെയ്യിപ്പിച്ചു. 10/10 മാർക്കും കിട്ടിയ ഞാൻ അങ്ങനെ സ്ക്യൂബ ഡൈവിങ് എന്ന അവസാന കടമ്പയിൽ എത്തി. ഡൈവിങ് തുടങ്ങുന്നതിന് മുന്നേ വെള്ളത്തിൽ മലർന്നു കിടക്കണം. എന്നിട്ടു കാലിൽ പ്രത്യേക ഉറകൾ ധരിപ്പിക്കും. അല്പം കഴിഞ്ഞ് നോക്കുമ്പോൾ വെള്ളത്തിൽ കൂടി ഞാൻ സഞ്ചരിക്കുന്നു. പിന്നീടാണ് മനസ്സിലായത് എന്റെ സിലിണ്ടറിലുള്ള ഒരു ഗ്രിപ്പിൽ പിടിച്ച് ജിബിൻ എന്നേ വലിച്ചൊണ്ട് പോയത് കൊണ്ടാണ് ഞാൻ നീങ്ങിയത് .
കുറച്ചു ദൂരം ചെന്നതിന് ശേഷം എന്നോട് മുങ്ങാൻ തുടങ്ങുകയാണ് എന്ന് പറഞ്ഞു. ഞങ്ങൾ കടലിന്റെ അടിയിലോട്ട് നീങ്ങി തുടങ്ങി. എന്നോട് താഴെ എത്തിയപ്പോൾ ഓകെ അല്ലേ എന്ന് ആംഗ്യത്തിൽ ചോദിച്ചു. കടൽക്കാഴ്ച കണ്ട് മയങ്ങി പ്പോയ ഞാൻ ഓകെ പകരം thumbs up കാണിച്ചു. കണ്ണ് ചിമ്മി തുറക്കുന്നതിന് മുന്നേ ഞാൻ ദാ വീണ്ടും വെള്ളത്തിന് മുകളിൽ എത്തി. അപ്പോഴാണ് അമളി മനസ്സിലായത്. thumps up ചിഹ്നം മുകളിലേക്ക് പോകാൻ ഉള്ളതാണെന്ന്. കരയിൽ 10/10 കിട്ടിയിട്ട് കടലിൽ കാര്യമില്ല എന്ന് മനസ്സിലായി.
വീണ്ടും ഞങ്ങൾ താഴോട്ട് പോയി. ലിജോ ക്യാമറാ കൊണ്ട് മുന്നിൽ വന്നു. ക്യാമറ മുന്നിൽ കണ്ടാൽ 32 പല്ലും പുറത്ത് കാണിച്ചു ശീലമുള്ള ഞാൻ 70mm ചിരി പുറത്തെടുത്തു. അതോടെ വായിലും, മാസ്കിലും, മൂക്കിലും എല്ലാം ഉപ്പ് വെള്ളം കയറി. വീണ്ടും എന്നെയും വലിച്ചു ജിബിൻ വെള്ളത്തിന് മുകളിൽ എത്തി. 10/10 വാങ്ങിയ എന്റെ കടലിലെ ദുരന്ത പെർഫോർമൻസ് കണ്ടിട്ടും ഞെട്ടാതെ പിന്നെയും എന്നേ കൂട്ടി ജിബിൻ താഴേക്ക് പോയി. ഇത്തവണ ഞാൻ വാശിക്കയിരുന്നു.
സർവ്വ ശക്തിയും എടുത്ത് മൗത്ത് പീസ് ഞാൻ കടിച്ചു പിടിച്ച് ഞങ്ങൾ ഡൈവിങ് തുടർന്നു.
ആദ്യത്തെ മനോഹര കാഴ്ച സീബ്രയെ പോലെ വരകൾ ഉള്ള ഒരു മത്സ്യം. എന്റെ അടുത്ത് വരെ എത്തിയിട്ട് , u turn എടുത്ത് സ്ഥലം വിട്ടു. എന്റെ മനസ്സ് അതിന്റെ പിന്നാലെ പാഞ്ഞെങ്കിലും ശരീരത്തിന് എത്തി പിടിക്കാൻ പറ്റാത്ത ദൂരത്തേക്ക് അത് മറഞ്ഞു. പിന്നെ നോക്കുമ്പോ ഒരു കൊട്ട തേങ്ങ പോലിരിക്കുന്ന മത്സ്യം ഉണ്ടകണ്ണ് വെച്ച് എന്നെ കണ്ണുരുട്ടി പെടിപ്പിച്ചിട്ട് പോയി. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ നിറയെ കറുപ്പും ബ്രൗണും നിറത്തിലുള്ള പൊട്ടു പിടിപ്പിച്ച പോലൊരു മീൻ.
പിന്നങ്ങോട്ടു ഒരു ചാകര ആയിരുന്നു.കൂടുതൽ ആഴത്തിൽ പോകുന്തോറും മനോഹാരിതയും , മത്സ്യ വൈവിധ്യവും കൂടി കൂടി വരുന്നു. ഇടക്ക് റിലാക്സ് ചെയ്യാൻ ഞങ്ങൾ വെള്ളത്തിന് പുറത്ത് വന്നു തിരികെ പോയി.
ഇടക്ക് ഒന്ന് രണ്ടു മത്സ്യ ക്കൂട്ടങ്ങൾ എന്നെവന്നു പൊതിയും വിധം ചുറ്റിപ്പോയി.പല നിറങ്ങൾ കൊണ്ട് അലങ്കരിച്ച ആ മത്സ്യങ്ങളുടെ അച്ചടക്കത്തോടെയുള്ള യാത്ര ശെരിക്കും അമ്പരപ്പിക്കും.വരിയും , അകലവും ഒന്നും തെറ്റാതെയാണ് ആശാന്മാരുടെ സഞ്ചാരം.
ചിലയിടത്ത് വലിയ കല്ലുകൾ കാണാം, നിറയെ പായലും ചിപ്പിയും ഒക്കെ പിടിച്ചത്. കല്ലിന്റെ ഇടക്ക് ഒരു ബോളിൽ മുള്ള് വെച്ച് അലങ്കരിച്ച പോലെയുള്ള ജീവികൾ. ചില കല്ലിന്റെ പുറത്ത് ഇളം നീല നിറത്തിലുള്ള സ്പോഞ്ച് എന്ന് വിളിപ്പേരുള്ള ഒരു സാധനവും പറ്റിപ്പിടിച്ചിരിക്കുന്ന കാഴ്ച കാണാം. ആരോ ഉപേക്ഷിച്ച് പോയ ഒരു വലിയ ഗണപതിയുടെ പായൽ പിടിച്ച വിഗ്രഹവും എനിക്ക് കാണിച്ചു തന്നു..
ഏകദേശം 30-35 മിനിറ്റ് സ്ക്യൂബ ഡൈവിങ് ചെയ്ത ശേഷം ഞങ്ങൾ തിരികെ കരയിലെത്തി. ശെരിക്കും പറഞ്ഞാൽ കടൽ കാഴ്ചകൾ കണ്ട് മതിയായില്ലായിരുന്നൂ. അത്രക്ക് മനോഹരമായിരുന്നു അവിടത്തെ കാഴ്ചകൾ.
പക്ഷേ ആദ്യമായിട്ട് ഡൈവ് ചെയ്യുന്ന കൊണ്ട് അധികം ചെയ്യാൻ നിർവാഹമില്ല. വെള്ളത്തിൽ നിന്ന് പുറത്ത് എത്തിയപ്പോൾ ശെരിക്കും കിളി പറന്ന അവസ്ഥയായിരുന്നു. മൗത്ത് പീസ് കടിച്ചു പിടിച്ചിരുന്നതുകൊണ്ട് താടിയെല്ല് അല്പം വേദന ഉണ്ടായിരുന്നു.കടലിന്റെ അടിയിലെ അദ്ഭുത ലോകം കാണിച്ചു തന്ന ജിബിൻ, ലിജോ എന്നിവരും ഒന്നിച്ച് ഫോട്ടോയോക്കെ എടുത്ത്, തിരിച്ച് ഞങ്ങൾ ബോണ്ട് ഓഷ്യൻ സഫാരി ഓഫീസ്സിൽ ഒരു മണിക്ക് എത്തി. അവിടെ കുളിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. ടവൽ, ഷാംപൂ എല്ലാം തന്നു എന്നെ അവർ ശെരിക്കും ഞെട്ടിച്ചു. കുളിച്ച് എത്തിയപ്പോഴേക്കും , വെള്ളത്തിൽ വെച്ച് എടുത്ത വീഡിയോസ് എല്ലാം ഒരു ഡിവിഡി ആക്കി വെച്ചിരുന്നു. അതും വാങ്ങി ബോണ്ട് സഫാരിക്ക് ഒരു വലിയ നന്ദിയും പറഞ്ഞ് ഞാൻ പടിയിറങ്ങി.
ഓരോ യാത്രയും ജീവിതത്തിനെ കുറിച്ചുള്ള ഓരോ പുതിയ പാഠമാണ് എന്നെ പഠിപ്പിക്കുന്നത്. പുറമേ നിന്ന് കടല് നോക്കിയപ്പോൾ പ്രക്ഷുബ്ധമായി തോന്നിയെങ്കിലും ആഴത്തിൽ ഊഴ്ന്നിറങ്ങിയപ്പോൾ വളരെ ശാന്തവും സുന്ദരവും ആണെന്ന് മനസ്സിലായി.
നമ്മുടെ മനസ്സിനെയും…
ബാഹ്യമായ ഏതു പ്രതികൂലാവസ്ഥയിലും ഇത് പോലെ ശാന്തമാക്കി വെക്കാൻ പറ്റിയാൽ നമ്മുടെ ജീവിതവും എന്ത് സുന്ദരമാക്കാം അല്ലേ….
🐠അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ🐠
1. കാട് കാണാൻ പോകുന്ന പോലെയുള്ള അനുഭവമാണ് സ്ക്യൂബ ഡൈവിങ്. കാട്ടിൽ എപ്പോഴും വന്യ മൃഗങ്ങളെ കണ്ടൂ എന്ന് വരില്ല. അത് പോലെ തന്നെ സ്ക്യൂബ ഡൈവിങ് പോകുമ്പോഴും ഒത്തിരി ജീവികളെ കാണാൻ കിട്ടണം എന്നില്ല. പക്ഷേ ഡൈവു ചെയ്ത് കടലിന്റെ അടിയിൽ പോയി , മീനുകളുടെ ലോകം കണ്ട് അറിയാൻ പറ്റുന്നത് ഒരു നല്ല അനുഭവമാണ്.
2. ചില അപൂർവ ദിവസങ്ങളിൽ വെള്ളം കലങ്ങി കിടക്കുകയും, കാഴ്ചകൾ അതിന്റെ പൂർണ്ണ മനോഹാരിതയിൽ കാണാൻ പറ്റണം എന്നില്ല. ഞാൻ സ്ക്യൂബ ഡൈവിങ് ചെയ്തത് ഇങ്ങനെ visibility കുറവുള്ള ഒരു ദിവസമായിരുന്നു.
ഞാൻ പക്ഷേ ഡൈവിങ് വളരെ അധികം ആസ്വദിച്ചു.
3. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും, മൂക്ക്, ചെവി അസുഖമുള്ളവർക്കും ഡൈവിങ് ചെയ്യാൻ പ്രയാസമാകും.
അത് പോലെ തന്നെ 10 വയസ്സിനു താഴെ പ്രായമുള്ളവർക്ക് സ്ക്യൂബ ഡൈവിങ് ചെയ്യാൻ പറ്റില്ല. ഇവരുടെ ശ്വാസ കോശം പൂർണ്ണ വളർച്ച എത്താത്തതിനാലാണ് ഇൗ മുൻകരുതൽ.
4. നീന്തൽ അറിയേണ്ട ഒരു ആവശ്യവുമില്ല. നമ്മുടെ കുടെ വരുന്ന ഡൈവർ നമ്മളെ വെള്ളത്തിലൂടെ നയിക്കും. ഒന്നും പേടിക്കാനില്ല.
5. 99.9 ശതമാനം സുരക്ഷിതമായ ഒരു സാഹസിക പ്രവർത്തിയാണ് ഇത്. എങ്കിലും എതൊരു സാഹസിക പ്രവർത്തിയിലും ഉള്ള പോലെ ചെറിയ റിസ്ക് ഇതിലും ഉണ്ട്. അത് കൊണ്ട് തന്നെ ഏറ്റവും മികച്ച ഡൈവിങ് സ്കൂൾ തന്നെ തിരഞ്ഞെടുക്കണം.
6. ബോണ്ട് സഫാരിയാണ് ആദ്യമായിട്ട് കോവളത്ത് സ്ക്യൂബ ഡൈവിങ് പരിചയപ്പെടുത്തിയത്.
അവർക്ക് 5 വർഷത്തെ പരിചയ സമ്പന്നതയുള്ളത് കൊണ്ട് എനിക്ക് ഡൈവിങ് സമയത്ത് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല.
7. ഞാൻ ഡൈവിങ് ചെയ്തത് ബോണ്ട് സഫാരി (
+918448448846) . ചാർജ് – 4500 ₹
For more photos related to my trip please visit https://www.facebook.com/Wind-in-my-hair-308490250040609/
Please follow me in instagram for more information and photos :
windin_my_hair
Subscribe channel for vlogs : https://www.youtube.com/channel/UCRX80bDsbIW6mm8m4xdUwCw