Exploring the world with a compass and fork 🤠
Beating Retreat Ceremony , Delhi 2020
Beating Retreat Ceremony , Delhi 2020

Beating Retreat Ceremony , Delhi 2020

💂💂💂ഇന്ത്യൻ പ്രതിരോധ സേനയുടെ സൗമ്യ മുഖം !!! 💂💂💂

( vlog link : https://youtu.be/yZ40xDOsRRk)

യുദ്ധത്തില്‍ വാദ്യോപകരണങ്ങള്‍ക്കും സംഗീതത്തിനും ഇടമുണ്ടോ എന്ന് ചിന്തിക്കുന്നുണ്ടോ? എന്നാല്‍ അധികം തല പുകയ്‌ക്കേണ്ട, ഇടമുണ്ട് എന്ന് തന്നെയാണ് ഉത്തരം (ചരിത്രം ഒക്കെ താഴെ പറയുന്നുണ്ട് കെട്ടോ..).

ഇന്ത്യക്കുമുണ്ട് സംഗീതജ്ഞരായ സൈനിക സംഘം. അവരുടെ ആയുധങ്ങള്‍ വാദ്യോപകരണങ്ങളാണെന്ന് മാത്രം.. ഈ ഇന്ത്യന്‍ സംഗീതജ്ഞ സൈനികര്‍ നയിക്കുന്ന ഒരു ചടങ്ങ്, എല്ലാ കൊല്ലവും തലസ്ഥാന നഗരിയായ ദില്ലിയില്‍ അരങ്ങേറുന്നുമുണ്ട്. എല്ലാ വര്‍ഷവും റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന ഈ ചടങ്ങ് ബീറ്റിങ് റിട്രീറ്റ് എന്നാണ് അറിയപ്പെടുന്നത്. ജനുവരി 29-ന് വിജയ് ചൗക്കില്‍ വച്ചാണിത് സംഘടിപ്പിക്കുന്നത്.

അട്ടാരി അതിർത്തിയിൽ കണ്ട ബീറ്റിങ് റിട്രീറ്റ് കാഴ്ചകളെ പറ്റി നിർത്താതെ തള്ളുന്നത് കേട്ട് സഹികെട്ട നേവിക്കാരൻ സുഹൃത്ത് ആണ് ദില്ലിയിലെ ബീറ്റിങ് റിട്രീറ്റ് ന് പാസ്സ് സംഘടിപ്പിച്ച് കൂടെ കൊണ്ട് പോയത്. പോകുന്ന വഴിക്ക് നേവിക്കാരന്റെ വക ഒരു താക്കീതും ഇനി അട്ടാരിയെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്. 🙆‍♀️

5 മണിക്കുള്ള ചടങ്ങിന് 2.30 ക്ക്‌ പൊരി വെയിലത്ത് പോകുന്നതിനോടു അഭിപ്രായവ്യത്യാസം തോന്നിയെങ്കിലും ഉച്ചക്ക് നേവി ക്യാന്റീൻ നിന്നും വാങ്ങി തന്ന ഊണിന്റെ പേരിൽ ക്ഷമിച്ചു. 🤷2.30 ക്ക്‌ വിജയ് ചൌക്കിൽ എത്തിയപ്പോൾ കണ്ടത് ജന സമുദ്രമായിരുന്നൂ. അപ്പോഴാണ് അറിയുന്നത് രാഷ്ട്രപതിയും പ്രധാന മന്ത്രിയും എല്ലാം ചടങ്ങിനുണ്ടാകും എന്ന്. അത് കൊണ്ട് കർശനമായ സുരക്ഷ പരിശോധന കഴിഞ്ഞെ ഗ്യാലറിയിൽ എത്താൻ പറ്റൂ. അഞ്ച് ഇടങ്ങളിൽ സുരക്ഷ ‘ തപ്പൽ ‘ കഴിഞ്ഞു ഗ്യാലറി എത്തിയപ്പോൾ അന്തം വിട്ടു. ഗ്യാലറി ജനങ്ങളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. നേവിക്കാരന്റെ നുഴഞ്ഞു കയറാൻ ഉള്ള മിടുക്ക് കൊണ്ട് രണ്ടു തറ സീറ്റ്‌ ഒപ്പിച്ചെടുത്തൂ. 🦹

സീറ്റ് തറ ആയിരുന്നെങ്കിലും വ്യൂ അടിപൊളി ആയിരുന്നു. ഞങ്ങളുടെ നേരെ മുന്നിൽ ഉള്ള വീഥിയിൽ കൂടിയാണ് വിശിഷ്ട വ്യക്തികളും, ബാൻഡ് മേളക്കരും കടന്നു പോകുക.വേദിയുടെ ഒരു അറ്റത്ത് രാഷ്ട്രപതി ഭവൻ. ഇങ്ങേ അറ്റത്ത് ചടങ്ങ് നടക്കുന്ന വേദി. റോഡിന്റെ ഇരുവശത്തും ഗ്യാലറിയിൽ പൊതുജനങ്ങളും. ഞാൻ ഇരിക്കുന്ന സ്ഥലത്ത് നിന്ന് പ്രധാന വേദി പൊട്ട് പോലെ കാണാൻ കഴിയൂ. പക്ഷെ എന്റെ മുന്നിലും പിന്നിലും വെച്ചിരുന്ന പടു കൂറ്റൻ സ്ക്രീനിൽ ചടങ്ങുകളുടെ ക്ലോസപ്പ് കാണാം. 🖥️

മുന്നിൽ പല കാറുകളിൽ ആയി കേന്ദ്ര മന്ത്രിമാർ ചീറി പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. എന്റെ ഇടതു വശത്ത് രാഷ്ട്രപതി ഭവന്റെ ഭാഗമായ നോർത്ത് ബ്ലോക് , സൗത്ത് ബ്ലോക്കും . അതിന്റെ മുകളിൽ മനോഹരമായി അലങ്കരിച്ച് ഒട്ടകങ്ങൾ🐫. കാഴ്ച കണ്ട് ആസ്വദിച്ച് ഇരുന്നപ്പോഴാണ് കറുത്ത റേഞ്ച് റോവര്‍ കാറുകളുടെ പട പോകുന്നു. ഇംഗ്ലീഷ് സിനിമയില്‍ കാണുന്ന പോലെ ചറ പറ ലക്ഷ്യമില്ലാതെ സഞ്ചരിക്കുന്നു. അതില്‍ നിന്ന് ഒരു കാര്‍ പൊടുന്നന്നേ പ്രധാന വേദിയ്ക്ക് അരികില്‍ നിര്‍ത്തുന്നു.🙄 നോക്കുമ്പോള്‍ കഥാനായകന്‍ പ്രധാനമന്ത്രി തൊഴു കൈയ്യോടെ ഇറങ്ങി വരുന്നു. സുരക്ഷ കാരണങ്ങളെ മുന്‍ നിര്‍ത്തിയാണ് കാറുകളുടെ അഭ്യാസം അരങ്ങേറിയത്. ഏതു കാറില്‍ ആണ് പ്രധാന മന്ത്രി സഞ്ചരിക്കുന്നത് എന്ന് പുറത്തു നിന്ന് നോക്കിയാല്‍ പറയാന്‍ കഴിയില്ല. അത് തന്നെയാണ് അതിന്റെ ഉദ്ദേശവും..😬

അടുത്ത ഊഴം രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനായ രാഷ്ട്രപതിയുടെ ആയിരുന്നു. കറുത്ത ബെന്‍സ് കാറില്‍ വളരെ മെല്ലേ ആയിരുന്നു അദ്ദേഹം കടന്നു വന്നത്. അകമ്പടിക്ക് തിരഞ്ഞെടുക്കപ്പെട്ട പിബിജി അംഗരക്ഷകര്‍ ( PBG – President’s body guard) കുതിരപ്പുറത്തു മുന്നിലും പിന്നിലും അനുഗമിച്ചു. ഇവർ നിസ്സാരക്കാരല്ല. ആർമി യിലെ ഏറ്റവും പഴയ റജിമെന്റ് ആണ് ഇവരുടേത്. 6 അടി പൊക്കം എങ്കിലും ഉണ്ടെങ്കിലേ PBG ആകാൻ പറ്റൂ. പശ്ചാത്തലത്തില്‍ ഗംഭീരമായ കാഹളം (Trumpet fanfare) മുഴങ്ങി.🎺🎼🎺

പ്രധാന വേദിക്കരികിൽ സ്ഥാപിച്ച രാഷ്ട്ര പതാക ഉയർത്തുകയും, PBG യുടെ നേതൃത്വത്തിൽ നാഷണൽ സല്യൂറ്റ് നൽകുകയും ചെയ്തു. പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടത്തിൽ രാഷ്ട്രപതി ഉപവിഷ്ഠനായി. അദ്ദേഹത്തിന് ഒപ്പം ഇരിക്കാൻ അന്ന് അവകാശം സേന തലവന്മാർക് മാത്രമായിരുന്നു. പ്രധാനമന്ത്രി ഉൾപടെ ഉള്ളവർ തൊട്ടു പുറകിൽ ഉള്ള vip gaലറിയിൽ വേണം ഇരിക്കാൻ. 💂💂💂

താമസിയാതെ എണ്ണൂ റിൽ അധികം ബാൻഡുകാർ ഘോഷയാത്ര പോലെ വാദ്യോപകരണങ്ങൾ മുഴക്കി രംഗപ്രവേശം ചെയ്തു. ആർമി, നേവി, എയർഫോഴ്സ്, CAPF ( സെൻട്രൽ armed police force) എന്നിവരുടെ സംഗീതജ്ഞർ ആണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്. 🎼💂🎼

ആദ്യം തന്നെ ആർമിയുടെ pipes and drums ടീമിന്റെ വക ഒരു മനോഹര ബാൻഡ് മേള നടന്നു🎷🥁🎷. സ്കോട്‌ലൻഡ് ബാഗ്‌പിപേഴ്സ് പോലെയായിരുന്നു വേഷ വിധാനം. അവരുടെ പ്രത്യേക രീതിയിൽ ഉള്ള ചെരിഞ്ഞുള്ള നടത്തം കാണാൻ രസമായിരുന്നു. അവര് മടങ്ങിയപ്പോൾ capf ടീം അവരുടെ പരിപാടി അവതരിപ്പിച്ചു. ചെറിയ ഗ്രൂപ്പ് ആയിരുന്നെങ്കിലും നല്ല ആസ്വാദ്യകരമായി ബാൻഡ് മേള അവതരിപ്പിച്ചു.

പിന്നീട് എയർഫോഴ്സ് ഗ്രൂപ്പിന്റെ പരിപാടി ആയിരുന്നു. വരിയായി വന്നവർ കണ്ണടച്ച് തുറക്കുന്നതിന് മുന്നെ ഒരു plane ന്റെയ് ആകൃതിയിൽ നിരന്നു നിന്നു വാദ്യോപകരണങ്ങൾ വായിച്ചു. പിന്നീട് IAF എന്നും ഫോമേഷൻ ആയി. എല്ലാ ബാൻഡ് കാരും വരുമ്പോഴും പോകുമ്പോഴും ക്വിക്ക് മാർച്ച് നടത്തും.. വേദിക്കരികിൽ സ്ലോ മാർച്ചും. കാണികള്‍ ഓരോ പ്രകടനത്തിനും മികച്ച പിന്തുണ നല്‍കി.🎶🎶

ഞാൻ കാണാൻ ഏറ്റവും ആഗ്രഹിച്ചത് നേവിയുടെ പരിപാടി കാണാനായിരുന്നു. കാരണം നേവിയുടെ ബാൻഡ് നയിക്കുന്നത് മലയാളിയായ വിൻസെന്റ് ജോൺസൺ ആയിരുന്നു.മലയാളി ഇല്ലാത്ത എന്ത് ആഘോഷം അല്ലേ? 😈

പ്രതീക്ഷകൾക്കും മേലേ ആയിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നേവിക്കാരുടെ പ്രകടനം. ആദ്യം വന്നപാടെ മൂന്ന് വട്ടം ( ഒന്നിനുള്ളിൽ ഒന്നായി) ആയിട്ട് നിന്ന്. കോമ്പസ് ഉപയോഗിച്ച് പോലും ഇപ്പോഴും നേരെ ചൊവ്വേ വൃത്തം വരക്കാൻ അറിയാത്ത ഞാൻ ഇവരുടെ വൃത്തം കണ്ട് അന്തം വിട്ടിരുന്നു. ⭕

കഴിഞ്ഞില്ല.. മൂന്ന് വട്ടം പിന്നെയ് ഒരു വലിയ വട്ടമയി. വലിയവട്ടം പിന്നെയ് കാറ്റാടി ( സ്പിൻ വീൽ) ആയി.. എന്നിട്ടും കഴിഞ്ഞില്ല.. കാറ്റാടി പിന്നീട് പായിവഞ്ഞി ആയി. പായി വഞ്ചി മെല്ലേ താളത്തിനൊത്ത് ഇടത്തോട്ടും വലത്തോട്ടും നീങ്ങി. അവരുടെ പരിശീലന മികവ് പ്രകടമായിരുന്നു. ഇന്ത്യൻ നേവിയുടെ ബാൻഡ് ലോകത്തിലെ തന്നെ മികച്ച നേവി ബാൻഡ് ആണ്. 🥇

അവരു മടങ്ങിയപ്പോൾ ആർമി ക്കാർ വന്നു തകർത്തു. അവരും ഞെട്ടിക്കുന്ന കുറേ ഫോമേഷൻസ് ഒക്കെ കാണിച്ചു തിരികെ പോയി. എന്നിട്ട് എല്ലാ ബാൻഡ് ക്കാരും ചേർന്ന് ഒന്നിച്ചു വാദ്യോപകരണങ്ങൾ വായിച്ചു. ഇന്ത്യയുടെ നാനത്വതിൽ ഏകത്വം എന്ന വാക്യം അക്ഷരാർഥ്തിൽ അവിടെ പ്രദർശിപ്പിച്ചു. ഏറ്റവും അവസാനം ഡ്രമ്മേഴ്‌സ്‌ കാൾ എന്ന ആട്ടകലാശമായിരുന്നൂ. എല്ലാ ടീമിനെയും ഡ്രമ്മേഴ്സ് മാത്രം കാഴ്ചവെക്കുന്ന കൊട്ട് പരിപാടി. അതിൽ എടുത്തു പറയേണ്ട ഒരു drummer ഉണ്ടായിരുന്നു. കഴുത്തിൽ രാവണന്റെ തല പോലെ ചേർന്നിരിക്കുന്ന ഒരു 5-6 ഡ്രം കഴുത്തിൽ തൂക്കി ഒരു മാരക പെർഫോർമൻസ്. പഴയ തമിഴ് പാട്ട് ഒട്ടകത്തെ കെട്ടിക്കോ.. എന്ന ട്യൂനിലും ഇവർ ഡ്രം കൊട്ടി തകർത്തു🥁🥁🥁🥁.

അത് കഴിഞ്ഞപ്പോൾ പതാക താഴ്ത്തി. ബാൻഡ് മാസ്റ്റർ രാഷ്ട്രപതിയുടെ അനുവാദത്തോടെ കൂടി ബാൻഡ് സംഘവും ആയി തിരികെ മടങ്ങി.ബാന്‍ഡ് ‘സാരെ ജഹാ സെ അച്ഛാ’ ആലപിച്ചു കൊണ്ടാണ് പിന്‍വാങ്ങിയത്. ഒരു ഇന്ത്യൻ പൗര എന്നതിൽ വളരെ അധികം അഭിമാനം തോന്നിയ നിമിഷം.. നമ്മുടെ സേനയെ പറ്റിയും സൈനികരെ പറ്റിയും എന്ന് അഭിമാനത്തോടെ സംസാരിക്കുന്ന എനിക്ക് അവരോട് കൂടുതൽ ബഹുമാനം തോന്നി … അവർ തൊടുന്ന മേഖലകളിൽ എല്ലാം അവരുടെ പ്രയത്നം കൊണ്ട് അവർ അഗ്രഗന്യരാകുന്നു എന്നതിൽ. 🥇🎼💂🎼🥇

നേരം ഇരുട്ടി തുടങ്ങിയിരുന്നു അപ്പോഴേക്കും. അപ്പോഴാണ് അടുത്ത വിസ്മയ കാഴ്ച. രാഷ്ട്രപതി ഭവനും അനുബന്ധ കെട്ടിടങ്ങളും ത്രിവർന്ന പതാകയുടെ നിറത്തിൽ അലങ്കാര ദീപങ്ങളുടെ ശോഭയിൽ തിളങ്ങുന്നു. അവിടന്ന് പുറത്തിറങ്ങിയപ്പോൾ വെള്ളത്തിന്റെ ഫൗണ്ടൈനും ഇതുപോലെ ത്രിവർണ ത്തിൽ അലങ്കരിച്ചിരിക്കുന്നു. ⛲

അവിടന്ന് ഇറങ്ങിയപ്പോൾ അട്ടാരി മനസ്സിൽ നിന്നും മാഞ്ഞ് പോയിരുന്നു. പകരം പ്രതിരോധ സേനയുടെ ഈ ഗംഭീര ദൃശ്യ സംഗീത വിരുന്ന് മനസ്സിൽ കയറി പറ്റി. പ്രതിരോധ സേനയുടെ കഠിന പരിശീലനവും, അർപ്പണ മനോഭാവും സംഗീത സായാഹ്നത്തിൽ പോലും വ്യക്തമായിരുന്നു. അതോടൊപ്പം സേനയുടെ സൗമ്യ ഭാവവും അന്ന് കൂടിയ കാണികളുടെ ഹൃദയത്തെ സ്പർശിച്ചു എന്ന് കാര്യത്തിൽ സംശയമില്ല. 🥇💂🥇

പ്രതിരോധ സേനയുടെ അതുല്യ പ്രതിഭകളുടെ ദൃശ്യ സംഗീത വിരുന്നിന് സാക്ഷ്യം വഹിക്കാന്‍ പറ്റിയത് ഒരു മഹാ ഭാഗ്യമായി കരുതുന്നു. രാഷ്ടപതിയെയും, പ്രധാനമന്ത്രിയെയും ഒക്കെ നേരില്‍ കാണാന്‍ പറ്റിയതില്‍ അതിലേറെ സന്തോഷം.ഇൗ ഒരു മറക്കാനാവാത്ത അനുഭവത്തിന് സഹപാഠിയും ചങ്കു മായ Commander Aris kunjumnon പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. ( ഇല്ലേൽ അടുത്ത തവണ ദില്ലിയിൽ ചെല്ലുമ്പോ കറക്കാൻ കൊണ്ട് പോയില്ലെങ്കിലോ എന്ന് പേടിച്ചിട്ട്‌ മാത്രം)😈😈😈

💂അനുബന്ധം💂

  1. റിപ്പബ്ലിക് ഡേ പരേഡ് ടിക്കറ്റ് വില്‍കുന്ന കൗണ്ടറില്‍ നിന്നും ജനുവരി ആദ്യ വാരം മുതല്‍ പാസ് ലഭിക്കും.
  2. വില 50 രൂപ.
  3. പേഴ്‌സ്, മൊബൈല്‍ മാത്രമേ അനുവദിക്കു.
  4. റിമോട്ട് കീ സൂക്ഷിക്കാന്‍ കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

💂മിലിട്ടറി ബാന്‍ഡുകളുടെ ചരിത്രം💂

മിലിട്ടറി ബാന്‍ഡുകളുടെ ചരിത്രം 13-ാം നൂറ്റാണ്ടിലെ ഓട്ടോമാന്‍ സാമ്രാജ്യത്തോളം പഴക്കമുള്ളതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യൂറോപ്യന്‍ രാജ്യങ്ങളിലുടനീളം സായുധ സേനയില്‍ സംഗീത ബാന്‍ഡുകള്‍ രൂപീകരിക്കപ്പെട്ടു. സൈനികരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പരമ്പരാഗതമായി സൈനിക സംഘങ്ങള്‍ യുദ്ധക്കളത്തില്‍ സംഗീതാലാപനം നടത്തും. യുദ്ധസമയത്ത് സൈനികര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്ന തന്ത്രപരമായ പങ്ക് വഹിക്കാനും ഈ സംഗീതാലാപനത്തിന് കഴിഞ്ഞിരുന്നു.

16-ാം നൂറ്റാണ്ടില്‍ യുദ്ധം സമയങ്ങളില്‍ ഓരോ ദിവസവും സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഇരുപക്ഷവും ഏറ്റുമുട്ടല്‍ നിര്‍ത്തി വയ്ക്കും. അത് പൊതു ജനങ്ങളെ അറിയിക്കാനും, സേനാംഗങ്ങളെ തിരിച്ചു വിളിക്കാനും, ഡ്രമ്മര്‍മാര്‍ വീഥികളിലൂടെ കൊട്ടിക്കൊണ്ട് പോകും. അതില്‍ നിന്നാണ് ബീറ്റിങ് (ഡ്രം കൊട്ടുന്ന പ്രക്രിയ) റിട്രീറ്റ് എന്ന പദം നിലവില്‍ വന്നത്.

ആദ്യകാലത്ത് റെജിമെന്റിന്റെ കേണല്‍മാര്‍ സംഗീത അവതരണത്തിനായി തദ്ദേശീയരായ സംഗീതജ്ഞരെ നിയോഗിക്കുകയായിരുന്നു ചെയ്തിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് തിരഞ്ഞെടുക്കപ്പെടുന്ന സൈനികര്‍ തന്നെ ബാന്‍ഡ് അംഗങ്ങളാകുന്ന രീതി നിലവില്‍ വന്നത്.

ആധുനിക കാലത്തെ മിലിട്ടറി ബാന്‍ഡുകള്‍

ആധുനിക കാലത്ത് മിലിട്ടറി ബാന്‍ഡുകള്‍ക്ക് യുദ്ധക്കളത്തില്‍ വലിയ പ്രധാന്യമൊന്നുമില്ല. എന്നിരുന്നാലും, ഓരോ രാജ്യത്തിന്റെയും സേനയില്‍ ബാന്‍ഡുകള്‍ക്ക് അതിന്റെ പ്രാധാന്യം ഉണ്ട് താനും. ലോകമെമ്പാടുമുള്ള സായുധ സേനയിലെ സംഗീതജ്ഞര്‍ സംസ്ഥാന, ദേശീയ ചടങ്ങുകള്‍ മുതല്‍ ഒരു വിദേശ രാഷ്ട്രത്തലവന്റെ സന്ദര്‍ശനം വരെ നിരവധി പ്രത്യേക പരിപാടികളില്‍ പങ്കെടുക്കുന്നു. സൈനിക അവലോകനങ്ങള്‍, പൊതുജന അവബോധന പരിപാടികള്‍, വിനോദ പരിപാടികള്‍ എന്നിവയിലും മിലിട്ടറി ബാന്‍ഡുകള്‍ പങ്കെടുക്കാറുണ്ട്.

സന്ദര്‍ശക രാഷ്ട്രത്തലവന് വേണ്ടി ദേശീയഗാനം ആലപിക്കുക എന്നത് അതാത് രാജ്യത്തിന്റെ സായുധ സേന മിലിട്ടറി ബാന്‍ഡിന്റെ ജോലിയുടെ ഒരു പ്രധാന ഭാഗമാണ്. ആ ദേശീയ ഗാനാലാപനം കണ്ടും കേട്ടും അനുഭവിച്ചും സന്ദര്‍ശകനില്‍ രാഷ്ട്രത്തോട് മതിപ്പുണ്ടാകുന്ന തരത്തിലാണ് സൈന്യം അവരുടെ ദേശീയഗാനം ആലപിക്കുന്നത്. സന്ദര്‍ശകന് രാജ്യം നല്‍കുന്ന ബഹുമാനം കൂടി അതിലൂടെ പ്രതിഫലിക്കപ്പെടുന്നു.

ഒരു രാജ്യത്തിന്റെ മഹത്വം വിളിച്ചോതുന്ന അവസരങ്ങളില്‍ സംഗീതം ആലപിക്കപ്പെടുമ്പോള്‍ അതിന് മറ്റൊരു മാനം കൈവരികയാണ്. അത് കൊണ്ട് തന്നെയാണ്, സൈനിക സംഗീതജ്ഞര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നതും. പല രാജ്യങ്ങളും (അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്) തങ്ങളുടെ പ്രതിരോധ സേനയുടെ ബാന്‍ഡ് പരിപാടി വര്‍ഷത്തില്‍ ഒരിക്കല്‍ ബീറ്റിങ് റിട്രീറ്റ് എന്ന പേരില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കുന്നു.

ഇന്ത്യയുടെ കാര്യം എടുത്താല്‍ 1950-ല്‍ എലിസബത്ത് രാജ്ഞിയുടെ സന്ദര്‍ശനവേളയില്‍ രാജ്ഞിയില്‍ മതിപ്പുണ്ടാക്കാന്‍ അന്നത്തെ പ്രധാന മന്ത്രിയുടെ നിര്‍ദേശ പ്രകാരം ജനറല്‍ റോബെര്‍ട്‌സ് സായിപ്പിന്റെ തലയില്‍ ഉദിച്ച ആശയം ആയിരുന്നു ബീറ്റിങ് റിട്രീറ്റ്. അന്നത്തേത്തില്‍ നിന്നും വ്യത്യാസം വരുത്തിയാണെങ്കിലും അന്ന് മുതല്‍ എല്ലാ കൊല്ലവും ബീറ്റിങ് റിട്രീറ്റ് സംഘടിപ്പിക്കപ്പെടുന്നുണ്ട്.

You tube channel : ( wind in my hair) https://www.youtube.com/channel/UCRX80bDsbIW6mm8m4xdUwCw

Blog : windinmyhair.me

Insta : windin_my_hair

https://www.instagram.com/invites/contact/?i=79injmcmu79x&utm_content=6upvc86

facebook page : wind in my hair

https://m.facebook.com/Wind-in-my-hair-308490250040609/?ref=bookmarks

Leave a Reply

Your email address will not be published. Required fields are marked *