Exploring the world with a compass and fork 🤠
കുമ്പളങ്ങി ഡേസ് 🏡
കുമ്പളങ്ങി ഡേസ് 🏡

കുമ്പളങ്ങി ഡേസ് 🏡

🏡

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ കണ്ടപ്പോ മുതൽ തോന്നിയ ആഗ്രഹമാണ് പുഴയും, കായലും , പച്ചപ്പും, ചീനവലകളും ഒക്കെ ചാരുത കൂട്ടുന്ന കുമ്പളങ്ങി എന്ന ഗ്രാമം ഒന്ന് സന്ദർശിക്കണം എന്ന്😍. അങ്ങനെ സിനിമ ഇറങ്ങിയ ഇടക്ക് തന്നെ സുഹൃത്തുക്കൾക്കൊപ്പം കുമ്പളങ്ങി അന്വേഷിച്ച് പോയി….പക്ഷേ സിനിമയിൽ കാണിച്ച സ്ഥലങ്ങൾ ഒന്നും കണ്ട്പിടിക്കാൻ പറ്റാതെ നിരാശരായി മടങ്ങേണ്ടി വന്നു😟.

ഇൗ ഇടക്ക് വീണ്ടും സിനിമ കണ്ടപ്പോൾ പഴയ ആവേശം തിരികെ എത്തി. ഇത്തവണ ഗൂഗിൾ സെർച്ച് ചെയ്ത് ഹോം സ്റ്റേ ബുക്ക് ചെയ്തു. ബുക്ക് ചെയ്ത കൂട്ടത്തിൽ ഉടമയായ ലാലേട്ടനോട് എന്റെ ആഗമനോദ്ദേശം പറഞ്ഞു… എനിക്ക് കുമ്പളങ്ങി ഗ്രാമത്തെ കുറിച്ച് വിശദമായി അറിയണം. പത്ത് നാല്പതു കൊല്ലമായി കുമ്പളങ്ങിയിൽ താമസിക്കുന്ന ലാലേട്ടൻ വാ തോരാതെ കുംബളങ്ങിയെ പറ്റി സംസാരിച്ചപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റിയതിൽ ഏറെ സന്തോഷിച്ചു🤩.

ഒരു ഒഴിവ് ദിവസം രാവിലെ വണ്ടിയുമായി പശ്ചിമ കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന കുമ്പളങ്ങിക്ക് പുറപ്പെട്ടു.കുണ്ടന്നൂർ, ഇടകൊച്ചി വഴി സഞ്ചരിച്ച് ഇടകൊച്ചി കുമ്പളങ്ങി പാലം കയറി ഇറങ്ങിയപ്പോൾ കുമ്പളങ്ങി മോഡൽ ടൂറിസം വില്ലേജ് ബോർഡ് കണ്ടൂ. 2007ലാണ് കുമ്പലങ്ങിക്ക് സംസ്ഥാന സർക്കാർ ഇൗ ബഹുമതി നൽകിയത്. അന്ന് ഗ്രാമത്തെ പ്രൊമോട്ട് ചെയ്യാൻ തുടങ്ങിയ പല പദ്ധതികളും ഇന്ന് പാതി വഴിയിൽ മുടങ്ങി കിടക്കുകയാണ്.

നോക്കുമ്പോൾ സമയം 7.30 ആകുന്നെ ഒള്ളു. അവിടെ നിന്ന ഒരാളോട് ചോദിച്ചപ്പോൾ അഞ്ഞിലിത്തറ പോയാൽ ചെമ്മീൻ കെട്ട്‌ കാണാമെന്ന് പറഞ്ഞു. ആഞ്ഞിലിതറയിൽ എത്തി വലത്തോട്ട് പോയപ്പോൾ റോഡിന്റെ വീതി കുറഞ്ഞ് കുറഞ്ഞ് വന്നു. വണ്ടി സൈഡിൽ ഒതുക്കിയിട്ട് നടക്കാൻ തുടങ്ങി.

കാലചക്രം നിന്ന്പോയ ഒരനുഭവമാണ് തോന്നിയത്⌛. ചെറിയ നടപ്പാതയും, ധാരാളം തെങ്ങും, പച്ചപ്പും ഒക്കെ🏞️…നടപ്പാതയുടെ ഒരു സൈഡിൽ ചെമ്മീൻ കേട്ടും മറുപുറത്ത് കായലും. കായലിൽ ചെറിയ വള്ളം തുഴഞ്ഞ് ആളുകൾ സഞ്ചരിക്കുന്നു.കായൽ തീരത്ത് രാത്രിയിൽ മത്സ്യ ബന്ധനം കഴിഞ്ഞ് വന്നവർ വല നേരെയാക്കുന്നു…

ഇടക്ക് റോഡിലൂടെ ആളുകൾ സൈക്കിൾ ഓടിച്ച് ജോലിക്ക് പോകുന്നത് കാണാം. ഒരു ചേട്ടൻ ചെത്ത് കത്തി അരയിൽ തൂക്കി സൈക്കിളിൽ പാഞ്ഞു പോയി🚲. പണ്ടത്തെ കള്ള്ചെത്ത് കുടത്തിന് പകരം ഒരു നീല കന്നാസ് പുറകിൽ കെട്ടി വെച്ചിരുന്നു….സ്കൂളുകളിൽ പോകുന്ന മുതിർന്ന കുട്ടികൾ സുഹൃത്തുക്കളെ സൈക്കിൾ പുറകിൽ ഇരുത്തി പോകുന്നത് കണ്ടപ്പോൾ പഴയ സ്കൂൾ കാലഘട്ടം ഓർമവന്നു🚲…

വരമ്പിലൂടെ മുന്നോട്ട് പോയപ്പോൾ സിനിമയിലെ ചില രംഗങ്ങൾ ഷൂട്ട് ചെയ്ത സ്ഥലത്തെത്തി. അതിന്റെ അടുത്ത് കൊച്ചു വീടുകളും ഒരു മനോഹരമായ കുഞ്ഞു പള്ളിയുമുണ്ടായിരുന്നു⛪. വീടുകളുടെ മുറ്റത്തും വഴിയിലുമെല്ലാം താറാവുകൾ ‘തത്തോ പോത്തോ’ എന്ന് നടക്കുന്നുണ്ടായിരുന്നു🦆. ലാലേട്ടന്റെ വിളി വന്നു അങ്ങോട്ട് വരുന്നില്ലേ ചോദിച്ചു. …

വണ്ടിയെടുത്തു ലാലേട്ടൻ താമസിക്കുന്ന കല്ലഞ്ചേരിയിൽ എത്തി. കുമ്പളങ്ങി യുടെ ഒരു ഉപദ്വീപാണ് കല്ലഞ്ചേരി. 100 – 110 വീടുകൾ മാത്രമേ ഇവിടെയുള്ളു. ലാലേട്ടന്റെ വീട്ടിലെത്തിയ പ്പോൾ അവിടത്തെ പ്രായമായ അമ്മച്ചിയാണ് ഇറങ്ങി വന്നത്. ചട്ടയും മുണ്ടുമുടുത്ത്, വെളുക്കെ ചിരിച്ച്, രണ്ടു കൈയ്യും നീട്ടി അമ്മച്ചി എന്നെ സ്വീകരിച്ചു.
അന്നേ ദിവസം പല തവണ അമ്മച്ചിയുടെ സ്നേഹവാത്സല്യം ആവോളം ആസ്വദിക്കാൻ പറ്റി. മുറ്റത്ത് നിൽക്കുന്ന മൂവാണ്ടൻ മാമ്പഴം പറിച്ച് എന്നെ തീറ്റിക്കുന്നതിൽ അമ്മച്ചി പ്രത്യേക സന്തോഷം കണ്ടെത്തി.

ലാലേട്ടനുമായി കല്ലഞ്ചേരി ചുറ്റി കാണാൻ ഇറങ്ങി. തൊട്ടടുത്ത കല്ലഞ്ചെറി റിട്രീറ്റ് എന്ന റിസോർട്ടിന്റെ സ്ഥലത്താണ് കുമ്പളങ്ങി നൈട്സ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. കുറച്ച് മുന്നോട്ട് നടന്നപ്പോൾ ഇരു വശത്തും വീടുകളുടെ മുറ്റം നിറയെ കക്കയുടെ തോട് കൂട്ടിയിട്ടിരിക്കുന്നു…ഇൗ വീടുകളിൽ എല്ലാം കക്ക നീറ്റുന്ന
പണിയുണ്ടായിരുന്നു.

വീടുകളുടെ ഇടയിലൂടെയുള്ള ചെറിയ വഴിയിലൂടെ പോയപ്പോൾ കായൽ കരയിൽ എത്തി. അവിടെ നിന്നാൽ ആളുകൾ വഞ്ചിയിൽ കക്ക വാരുന്നത് കാണാം. ചെമ്മീൻ കെട്ട്‌ വറ്റിക്കുമ്പോൾ
കക്കക്കുഞ്ഞുങ്ങളെ അവിടെ നിന്നും കൊണ്ടുവന്നു കായലിലിടും. ആറു മാസം കഴിയുമ്പോൾ വിളവെടുക്കാൻ തുടങ്ങും. കായലിൽ ഒരു’ സാങ്കൽപ്പിക അതിര് ‘ വരച്ചിട്ടുണ്ട്. ഓരോ വീട്ടുകാരും അവരവരുടെ സ്ഥലത്ത് കക്കകൃഷി ചെയ്യുന്നു.

തിരികെ നടന്നപ്പോൾ ചില ‘പ്രേത ഭവനങ്ങളും’, കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കാണാൻ പറ്റി👻. ആളുകളിൽ പലരും സൗകര്യം കൂടുതലുള്ള പട്ടണങ്ങളിലേക്ക്‌ ചേക്കേറി കഴിഞ്ഞു. ഒരു വീടിന്റെ മുറ്റത്ത് പായൽ നിറഞ്ഞ പൊട്ടക്കിണർ കണ്ടു… കൗതുകത്തോടെ അൽപസമയം അതിലേക്ക് നോക്കി നിന്നു….

റോഡിലെത്തി കടവിലേക്ക് നടന്നു. നോക്കുമ്പോൾ ജെയിൽ മതിലു പോലെ കൂറ്റൻ മതിൽ കാണാം. പല വ്യവസായികളും ഏക്കർ കണക്കിന് സ്ഥലം വാങ്ങി , പടുകൂറ്റൻ മതിലും കെട്ടി അടച്ചിട്ടിരിക്കുകയാണത്രെ.
അവസാനം മനുഷ്യന് ആറടി മണ്ണിന്റെ ആവശ്യമേയുള്ളു എന്ന് മനസ്സിലാക്കാതെ, ജീവിക്കുന്ന കാലം അത്രയും നാട് നീളെ സ്ഥലം വാങ്ങി കൂട്ടാൻ പരക്കം പായുന്ന ആളുകളോട് സഹതാപം തോന്നി🥴.
റോഡ്‌ സൈഡിൽ ഒരു അമ്മച്ചി പൈപ്പിൽ നിന്നും വെള്ളം പിടിക്കുന്നത് കണ്ടൂ. കുട്ടികാലത്ത് ഇത് പോലെ പലതവണ റോഡിൽ പോയി ക്യൂ നിന്ന് വെള്ളം കോരിയ യത് അയവിറക്കി☺️.

വീണ്ടും നടന്ന് കടവിൽ എത്തി. കടവിൽ നിന്നാൽ കായലിന്റെ പരപ്പ് ശെരിക്കും മനസ്സിലാകും. നോക്കെത്താ ദൂരത്തോളം കായലായിരുന്നു. ദൂരേ ഇടകൊച്ചി പാലം കാണാം. കായലിൽ നിറയെ ചീന വലകൾ ഉറപ്പിച്ചിരുന്നു. 11 മണി നേരത്ത് പോലും നല്ല കുളിർകാറ്റ് വീശുന്നുണ്ടായിരുന്നു. എന്നേലും അവിടെ പോയി ഒരു സൂര്യാസ്തമയം കാണണം എന്ന് മനസ്സിൽ കുറിച്ചിട്ടു തിരിച്ച് നടന്നു…

വള്ളക്കാരൻ ജോഷി ചേട്ടനും ഒന്നിച്ച് കണ്ടൽ കാടുകൾ കാണാൻ പോകുക എന്നതായിരുന്നു ലക്ഷ്യം. പറഞ്ഞു വെച്ച സ്ഥലത്ത് എത്തിയപ്പോൾ ജോഷിച്ചേട്ടന് തിരക്ക് കാരണം മത്തായിച്ചേട്ടനെ കൂടേ വിട്ടു. ജോഷി ചേട്ടൻ കുമ്പളങ്ങിയിലെ ഒരു ഘലാസി ആയിരുന്നു. പുള്ളിയാണ് ഇൗ ചീനവല കായലിൽ ഉറപ്പിക്കുന്നതും, അതിന്റെ അറ്റകുറ്റ പണികളുമെല്ലാം ചെയ്യുന്നത്.

ജോഷിച്ചെട്ടന്റെ, ആഞ്ഞിലിയുടേയും പുന്നയുടെയും തടി കൊണ്ട് പണിത വലിയ വള്ളത്തിലായിരുന്നൂ കണ്ടൽ കാട് കാണാൻ പോയത്. ഇൗ കാടുകളുടെ വേരിന്റെ ഇടക്കാണ് മത്സ്യങ്ങൾ മുട്ടയിടുന്നത്. അതുകൊണ്ട് തന്നെ കണ്ടൽ കാടുകളാൽ ചുറ്റപ്പെട്ട കല്ലഞ്ചെറി കായലിൽ നിറയെ മത്സ്യങ്ങളും ചെമ്മീനും ആയിരുന്നു. ഇവിടുത്തെ ആളുകളുടെ ജീവിത മാർഗ്ഗം കക്ക കൃഷിയും, മത്സ്യ ബന്ധനവുമായിരുന്നു… കണ്ടൽ കാടുകളുടെ മാഹാത്മ്യം മനസ്സിലാക്കുന്നത് കൊണ്ട് ഇതിനെ സംരക്ഷിക്കാൻ ഗ്രാമീണ സദാ ജാഗരൂകരായി നില കൊള്ളുന്നു.

വള്ളത്തിലെ യാത്രയുടെ ഇടക്ക് മത്തായിച്ചേട്ടൻ പലതരം വലകളെ കുറിച്ച് പറഞ്ഞു തന്നു. രണ്ടു പേര് കായലിൽ ഇറങ്ങി മീൻ പിടിക്കുന്ന ഡബ്ബ വലയും, വളരെ അധികം നീളമുള്ള നീട്ട വലയും, ഞണ്ടിനെ പിടിക്കുന്ന ഞണ്ട് വലയും, ചീന വലയിൽ നിന്നും ചെമ്മീൻ കൊരുന്ന വട്ട വലയും , പിടിച്ച ചെമ്മീൻ കേടാകാതെ സൂക്ഷിക്കുന്ന കൊല്ലി വലയും ഒക്കെ എനിക്ക് പുതിയ അറിവായിരുന്നു. പപ്പ് എന്ന മത്സ്യകൃഷി രീതിയും കാണാൻ പറ്റി. കുറച്ചു കമ്പ് കഷ്ണം വട്ടത്തിൽ കായലിൽ നാട്ടി വെക്കും. അതിനുള്ളിൽ ഇലയോട് കൂടി കമ്പുകൾ ഏറ്റു വെക്കും. തള്ള മീൻ ഇൗ കമ്പുകൾക്കിടയിൽ മുട്ട ഇടും. മത്സ്യം വലുതാകുമ്പോൾ ഇതിൽ വലയിട്ടു മീൻ പിടിക്കും.

ചുട്ടു പൊള്ളുന്ന വെയിലിൽ ഞാൻ വിയർക്കുന്നതുകണ്ട് മത്തായി ചേട്ടൻ വള്ളം കണ്ടൽകാടുകളുടെ ഇടയിലേക്ക് കയറ്റി നിർത്തി. ഒരു ശീതീകരിച്ച മുറിയിൽ കയറിയ പോലെ തോന്നി. നല്ല തണുപ്പ്. അവിടെ പല തരം കിളികളുടെ ശബ്ദം ശ്രവിച്ചിരുന്നപ്പോൾ ശെരിക്കും വേറേ ഏതോ ലോകത്ത് എത്തിയ പോലെ തോന്നി. കുറച്ചു നേരം അവിടെ ചിലവിട്ട് ഞങ്ങൾ തിരികെ കരയിലെത്തി. അവിടെ നിന്ന ഒരു ചേട്ടൻവല വീശി കരിമീൻ പിടിക്കുന്നത് കണ്ടു🐟.

പിന്നീട് നടന്നു ഒരു ഒഴിഞ്ഞ പറമ്പിൽ കായലിനോട് ചേർന്ന് കക്ക നീറ്റുന്ന സ്ഥലത്ത് പോയി. വള്ളത്തിൽ കൊണ്ട് വരുന്ന കക്ക ആദ്യം കഴുകി വൃത്തിയാക്കും. എന്നിട്ട് വലിയ പാത്രത്തിൽ ഇട്ട് പുഴുങ്ങും. അപ്പോള് തോടും ഇറച്ചിയും വേർപ്പെടും. പിന്നീട് ഒരു പ്രത്യേക കൊട്ടയിൽ ഇട്ട് അരിച്ച് എടുക്കും. കൊട്ടയുടെ ദ്വാരങ്ങളിൽ കൂടി ഇറച്ചി താഴെ വെച്ചിരിക്കുന്ന പത്രത്തിൽ വീഴും. ഇറച്ചി വീണ്ടും കഴുകി വൃത്തിയാക്കി വിൽപനക്ക് കൊണ്ട് പോകും. തോട് മാസത്തിൽ ഒരിക്കൽ കുമ്മായ കമ്പനിക്കാരുടെ വണ്ടി വന്നു കൊണ്ടുപോകും.

അവിടന്ന് കുമ്പളങ്ങി നൈറ്റ്സ് ബേബി മോളുടെ ഹോം സ്റ്റേ കാണാൻ പോയി. സിനിമക്ക് വേണ്ടി സെറ്റ് ഇട്ടതെല്ലാം ഇപ്പോഴും അതുപോലെ അവർ നില നിർത്തിയിരുന്നു. അതിന്റെ അടുത്ത് കുട്ടികൾ കളിച്ച മൈദാനവും ഒക്കെ കണ്ടൂ.
തൊട്ടടുത്ത് കായൽ തീരത്ത് പണിത സെമിത്തേരി കണ്ടപ്പോൾ, മരിച്ചു കഴിഞ്ഞാൽ പോലും കായൽ കാറ്റ് ഏൽക്കനുള്ള ഭാഗ്യം കല്ലഞ്ചേരി ക്കാർക്ക് ഒണ്ടല്ലോ എന്നോർത്ത് പോയി.

നേരേ ലാലേട്ടന്റെ വീട്ടിൽ ചെന്ന് ഊണും കഴിച്ച്, മുറ്റത്ത് കായൽ കാഴ്ച കാണാൻ കെട്ടി തൂക്കിയ ഹമ്മോക്കിൽ ഇരുന്നു….
ക്ഷീണം കാരണം ഉറങ്ങി പോയി.
ഉറക്കമുണർന്നപ്പോൾ അമ്മച്ചി അടിപൊളി കാപ്പി ഇട്ടു തന്നു. അതും കുടിച്ച് അവിടിരുന്ന് സൂര്യാസ്തമയത്തിന് കാത്തിരുന്നു. തണുത്തകാറ്റ് മുഖത്തേക്ക് വീശിയടിച്ചപ്പോൾ ശെരിക്കും റിലാക്സഡ് ആയി തോന്നി. അവിടെയിരുന്നാൽ കായലിൽ ഉള്ള ചീനവലകൾ കാണാം. കായലിലെ ഓളങ്ങൾക്കൊപ്പം തെന്നി മാറുന്ന ചെറു ചുണ്ടൻ വള്ളങ്ങളും നോക്കി അങ്ങനെ ഇരുന്നു. ചീനവലകൾക്ക്‌ ഇടയിലൂടെ സൂര്യൻ അസ്തമിക്കുന്ന കാണാൻ ഒരു പ്രത്യേക സൗന്ദര്യം തന്നെ ആയിരുന്നു.

സൂര്യൻ അസ്തമിച്ചു കഴിഞ്ഞപ്പോൾ ചീന വലയിലെല്ലാം ലൈറ്റ് തെളിഞ്ഞു. എല്ലാ ചീനവലയിലും പ്രവർത്തിപ്പിക്കാൻ ആളുകൾ എത്തി.ഗ്രാമത്തിലെ മിക്ക വീട്ടുകാർക്കും സ്വന്തമായി ചീനവല ഉണ്ടായിരുന്നു. ചീനവലയിലെ വെളിച്ചം ചെമ്മീനിനെ ആകർഷിക്കും🦐. വല താഴ്ത്തി കുറച്ചു നേരം കഴിഞ്ഞ് പൊക്കും. കിട്ടുന്ന ചെമ്മീൻ വട്ട വല ഉപയോഗിച്ച് കോരി മാറ്റും. എന്നിട്ട് വെള്ളത്തിൽ മുക്കി ഇട്ടിരിക്കുന്ന കൊല്ലി വലയിൽ ഇടും. രാത്രി മൊത്തം ഇങ്ങനെ ഇത് പ്രവർത്തിക്കും. രാവിലെ ആകുമ്പോഴേക്കും 5-6 kg ചെമ്മീൻ ലഭിക്കും🦐. ഇത് പിന്നീട് ചന്തയിൽ വിൽക്കും.

രാത്രിയിൽ കാറ്റ് തീരെ കുറവാണ്. അതുകൊണ്ട് ഭയങ്കര കൊതുക് ശല്യം ഉണ്ടാകും. അതിൽ നിന്ന് രക്ഷപ്പെടാൻ ചീനവലയോടു ചേർന്നുണ്ടാക്കിയ ചെറിയ മാടത്തിലാണ് ഇരിക്കുന്നത്. ചീന വല രാത്രിയിൽ പ്രവർത്തിപ്പിക്കുന്നത് കാണാൻ വല്ലാത്തൊരു ഭംഗിയാണ്🌉. ഇൗ കാഴ്ച അസ്വദിച്ചിരിക്കുമ്പോഴാണ് വീട്ടിൽ തിരികെ എത്തേണ്ട ഒരു അത്യാവശ്യം വന്നത്. മനസ്സില്ലാമനസ്സോടെ ലാലേട്ടനോടും അമ്മച്ചിയോടും വിട പറഞ്ഞ് ഇറങ്ങി. 😔..

ജലാശയ കൃഷിയേയും,കക്ക കൃഷിയേയും , കണ്ടൽ കാടിനേയുമൊക്കെ പറ്റി ധാരാളം കാര്യങ്ങൽ മനസ്സിലാക്കാൻ കഴിഞ്ഞ
ഈ യാത്രയിലൂടെ …,ഒരു ഗ്രാമത്തിന്റെ ചൂടും ചൂരും അനുഭവിച്ചറിഞ്ഞ് , കുമ്പളങ്ങിയുടെ സ്പന്ദനം തൊട്ടറിയാൻ എനിക്ക് കഴിഞ്ഞെന്നും…ചെറിയ ഫ്രയ്മകളിൽ ഒതുക്കി ഒരുക്കിയ സിനിമയേക്കാൾ അതി മനോഹര കാഴ്ചയായിരുന്നു കുമ്പളങ്ങി എനിക്ക് നൽകിയതെന്നും
ഓർക്കുമ്പോൾ ഇന്നും ഒരു കൃതാർത്ഥത തോന്നാറുണ്ട്😊.

:അനുബന്ധം:

  1. കൊച്ചിയിൽ നിന്നും 15 km ദൂരത്താണ് കുമ്പളങ്ങി.
    പോകേണ്ട റൂട്ട് കടവന്ത്ര/ M G റോഡ് കണ്ണങ്ങട്ട് പാലം – ഇടക്കൊച്ചി – കുമ്പളങ്ങി.
  2. ചെമ്മീൻ കെട്ട്‌ കാണാൻ അഞ്ഞിലിത്തറ പോകണം. കുമ്പളങ്ങി നൈറ്റ്സ് സിനിമയിൽ കണ്ട ഗ്രാമം കാണാൻ കല്ലഞ്ചേരി പോകണം.
  3. സൂര്യാസ്തമയം കാണാൻ കല്ലഞ്ചേരി കടവിൽ പോകാം. അതല്ലെങ്കിൽ lake view ഉള്ള ഹോം സ്റ്റേ/ റിസോർട്ട് താമസിക്കാം.
  4. Lal’s backwater homestay ഒരു ബഡ്ജറ്റ് സ്റ്റേ ആണ്. കല്ലഞ്ചേരി റിസോർട്ട് വില്ല ലഭ്യമാണ്. ഇത് രണ്ടും നല്ല പ്രോപ്പർട്ടി ആണ്. ഇവിടെ നിന്നും മനോഹരമായ കായൽ ക്കാഴ്ച കാണാൻ സാധിക്കും
  5. വില്ലേജ് visit package ലഭ്യമാണ്. foreigners ഉദ്ദേശിച്ചാണ് ഇത്. അതുകൊണ്ട് ചാർജ്ജ് 3000 രൂപയാണ്.
  6. വള്ളത്തിൽ യാത്ര ചെയ്യണമെങ്കിൽ ( കണ്ടൽ കാട് കാണാൻ) – Joshy – 9388607285

For more photos : https://www.facebook.com/pages/category/Local—Travel-Website/Wind-in-my-hair-308490250040609/photos/

Insta : windin_my_hair

YouTube : wind in my hair

Leave a Reply

Your email address will not be published. Required fields are marked *